Current Date

Search
Close this search box.
Search
Close this search box.

ആര്‍ത്തവകാരിക്ക് മയ്യിത്ത് കുളിപ്പിക്കാമോ?

mayyith.jpg

ശുദ്ധിയില്ലാത്തവര്‍ മയ്യിത്തിനെ സമീപിക്കുകയോ കുളിപ്പിക്കുകയോ ചെയ്യാന്‍ പാടില്ലെന്നുണ്ടോ? മയ്യിത്തിന് വുദു എടുപ്പിക്കാറുണ്ടെന്ന് കേള്‍ക്കുകയുണ്ടായി, അതിന്റെ വിധിയെന്താണ്? മയ്യിത്ത് നമസ്‌ക്കാരശേഷം സലാം വീട്ടല്‍ ഒരു വശത്തേക്ക് മാത്രമാണോ? -അന്‍സ സബിനി-

മറുപടി: ശുദ്ധിയില്ലാത്തവര്‍ മയ്യിത്തിനെ സമീപിക്കുകയോ കുളിപ്പിക്കുകയോ ചെയ്യാന്‍ പാടില്ലെന്നുണ്ടോ? മയ്യിത്തിന് വുദു എടുപ്പിക്കാറുണ്ടെന്ന് കേള്‍ക്കുകയുണ്ടായി, അതിന്റെ വിധിയെന്താണ്? മയ്യിത്ത് നമസ്‌ക്കാരശേഷം സലാം വീട്ടല്‍ ഒരു വശത്തേക്ക് മാത്രമാണോ? അന്‍സ സബിനി

മരണപ്പെട്ടയാളെ കുളിപ്പിച്ച് കഫന്‍ ചെയ്യുകയെന്നത് ഇസ്‌ലാം നിര്‍ബന്ധമായി കണക്കാക്കുന്ന കാര്യമാണ്. പ്രവാചകന്‍ (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു ‘നിങ്ങളതിനെ വെള്ളവും താളിയുമുപയോഗിച്ച് കുളിപ്പിക്കുക’ (ബുഖാരി, മുസ്‌ലിം). സ്ത്രീയെന്നോ പുരുഷനെന്നോ, ചെറിയവനെന്നോ വലിയവനെന്നോ, ബുദ്ധിമാനെന്നോ ഭ്രാന്തനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബാധകമായ വിധിയാണ് ഇത്. ദൈവികമാര്‍ഗത്തില്‍ പോരാടി മരിച്ച രക്തസാക്ഷിക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്. അദ്ദേഹത്തിന് സവിശേഷമായി നല്‍കപ്പെട്ട മഹത്വവും, ഔന്നത്യവുമാണ് അത്. ഇതുമായി ബന്ധപ്പെട്ട പ്രവാചകന്‍ (സ)യുടെ നിര്‍ദേശം ഇപ്രകാരമാണ്. ‘രക്തത്തോട് കൂടി നിങ്ങളവരെ മറവ് ചെയ്യുക’ (ബുഖാരി). നാല് മാസം പ്രായമാവുന്നത് മുമ്പ് മരണപ്പെട്ട ഗര്‍ഭസ്ഥ ശിശുവിനെ കുളിപ്പിക്കേണ്ടതില്ല എന്നതാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. ഇക്കാര്യം ഇമാം നവവി തന്റെ മജ്മൂഇല്‍ വ്യക്തമാക്കിയിരിക്കുന്നു (അല്‍മജ്മൂഅ് 5/258).  കുളിപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ ചുട്ടുകരിക്കപ്പെട്ട, ശരീരത്തിലാകെ വ്രണം നിറഞ്ഞ അവസ്ഥയിലാണ് മൃതദേഹമെങ്കില്‍ അതിനെ തയ്യമ്മും ചെയ്യിക്കേണ്ടതുണ്ടെന്നും പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

മയ്യിത്തിനോട് അടുപ്പവും, ഇസ്‌ലാമിക ശരീഅത്ത് വിധികളെക്കുറിച്ച് അറിവുമുള്ള ആളുകള്‍ അതിന് നേതൃത്വം നല്‍കലാണ് ഉത്തമം. പുരുഷന്റെ മയ്യിത്ത് പുരുഷനും, സ്ത്രീയുടേത് സ്ത്രീയുമാണ് കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. അബൂബക്ര്‍ (റ) ന്റെ മൃതദേഹം ഭാര്യ അസ്മാഅ് ബിന്‍ത് ഉവൈസ്(റ) കുളിപ്പിച്ചതായും, താന്‍ മരിച്ചാല്‍ അലി(റ) തന്നെ കുളിപ്പിക്കണമെന്ന് ഫാത്വിമ(റ) വസിയ്യത്ത് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഇജ്മാഅ് അഥവാ പണ്ഡിതന്മാരുടെ ഏകാഭിപ്രായമുണ്ടെന്ന് ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ തന്റെ അല്‍ഇജ്മാഅ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കുളിപ്പിക്കുന്നവന് ശുദ്ധിയുണ്ടായിരിക്കണമെന്നത് മയ്യിത്തിന്റെ കുളി ശരിയാവാനുള്ള നിബന്ധനയല്ല. പ്രമുഖ ഹമ്പലി പണ്ഡിതനായ ഇബ്‌നു ഖുദാമ പറയുന്നു ‘ആര്‍ത്തവക്കാരിക്കോ, ജനാബത്തുകാരിക്കോ മയ്യിത്ത് കുളിപ്പിക്കാമെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതായി നമുക്കറിയില്ല. എന്നാല്‍ അതിന് നേതൃത്വം നല്‍കുന്നയാള്‍ ശുദ്ധിയുള്ളവനായിരിക്കുന്നതാണ് അഭികാമ്യം.’ (മുഗ്‌നി 2/ 162) പ്രമുഖ ശാഫിഈ പണ്ഡിതനായ ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നത് ഇപ്രകാരമാണ് ‘ജനാബത്തുകാരനും, ആര്‍ത്തവക്കാരിക്കും മയ്യിത്ത് കുളിപ്പിക്കാവുന്നതാണ്. എന്നാല്‍ ഹസന്‍, ഇബ്‌നു സീരീന്‍ തുടങ്ങിവയവര്‍ അതിനെ കറാഹത്തായി കണക്കാക്കുന്നു’ (ശറഹുല്‍ മുഹദ്ദബ്). ചുരുക്കത്തില്‍ ആര്‍ത്തവക്കാരിക്കും, ജനാബത്തുകാരിക്കും മയ്യിത്ത് കുളിപ്പിക്കാം എന്നതില്‍ കാര്യമമായ അഭിപ്രായ വ്യത്യാസമൊന്നുമില്ല.

എന്നാല്‍ കുളിപ്പിക്കുന്നതിന് മുമ്പ് മയ്യിത്തിന് വുദു ചെയ്ത് കൊടുക്കുന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. അപ്രകാരം ചെയ്യുന്നത് സുന്നത്താണെന്നും, അതിന് പ്രാമാണികമായ അടിത്തറയില്ലെന്നുമുള്ള രണ്ട് വിരുദ്ധ അഭിപ്രായങ്ങള്‍ ഇക്കാര്യത്തിലുണ്ട്. ഉമ്മു അത്വിയ്യയില്‍ നിന്നും ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസില്‍ പ്രവാചകന്‍ (സ) തന്റെ മകള്‍ സൈനബിനെ കുളിപ്പിക്കുന്നവരോട് ഇപ്രകാരം പറഞ്ഞുവത്രെ ‘അവളുടെ വലത് ഭാഗത്ത് നിന്നും, വുദു ചെയ്യുന്ന സ്ഥാനത്ത് നിന്നും തുടങ്ങുക.’ പ്രസ്തുത നിര്‍ദേശം വുദു ചെയ്യാനാണെന്നും, അതല്ല വുദുവിന്റെ സ്ഥാനത്ത് നിന്ന് തുടങ്ങാനാണെന്നും മനസ്സിലാക്കിയതിലുള്ള അഭിപ്രായഭിന്നതയാണ് അതിന് കാരണം. മരിക്കുന്നതിന് മുമ്പ് വ്യക്തി ജനാബത്തുകാരനാണെങ്കില്‍ അദ്ദേഹത്തെ കുളിപ്പിക്കുന്നതിന് മുമ്പ് വുദു ചെയ്ത് കൊടുക്കണമെന്നും, അല്ലാത്ത പക്ഷം അതിന്റെ ആവശ്യമില്ലെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.

മയ്യിത്തിനെ കുളിപ്പിച്ചവര്‍ക്ക് ശേഷം കുളി സുന്നത്താണ്. പ്രവാചകന്‍ (സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു. ‘മയ്യിത്തിനെ കുളിപ്പിച്ചവന്‍ കുളിക്കട്ടെ, അതിനെ ചുമന്നവന്‍ വുദു ചെയ്യട്ടെ’ (ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹാണെന്ന് കുറിച്ചിരിക്കുന്നു. പുരുഷന്റെ മൃതദേഹത്തിന്റെ മധ്യത്തിലും, സ്ത്രീയുടെ തല ഭാഗത്തുമാണ് ഇമാം നമസ്‌കാരത്തിനായി നില്‍ക്കേണ്ടത്.

മയ്യിത്ത് നമസ്‌കാരത്തില്‍ ഒരു ഭാഗത്തേക്ക് മാത്രമാണ് സലാം വീട്ടാറുള്ളത്. ഇപ്രകാരമാണ് അലി, ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ്, ജാബിര്‍, അബൂഹുറൈറ തുടങ്ങിയ പ്രമുഖരായ സഹാബാക്കളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രശസ്ത പണ്ഡിതനായ ഇബ്‌നു ഖുദാമ തന്റെ മുഗ്‌നിയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

Related Articles