Current Date

Search
Close this search box.
Search
Close this search box.

ആമിര്‍ ബിന്‍ അബ്ദില്ലാ തമീമി- 2

ആമിര്‍ ബിന്‍ അബ്ദില്ല പറഞ്ഞു ‘താങ്കളത് ചെയ്യരുത്’. എങ്കില്‍ അവ എനിക്ക് പറഞ്ഞ് തരണമെന്ന് ഞാനും.
‘പറഞ്ഞ് തരാം, പക്ഷെ താങ്കളെനിക്ക് വാക്ക് തരണം. ഇക്കാര്യം മറ്റാരെയും അറിയിക്കില്ലെന്ന്.’ ഞാനപ്രകാരം ചെയ്തു.

അദ്ദേഹം താന്‍ അല്ലാഹുവോട് ചോദിച്ച മൂന്ന് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങി ‘ദീനിന്റെ കാര്യത്തില്‍ ഏറ്റവുമധികം ഞാന്‍ ഭയന്നത് സ്ത്രീകളെയായിരുന്നു. അവരോട് പ്രിയം എന്റെ ഹൃദയത്തില്‍ നിന്നും ഊരിയെടുക്കണമെന്ന് ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അവന്‍ എന്റെ പ്രാര്‍ത്ഥ സ്വീകരിച്ചു. ഇപ്പോഴെനിക്ക് ഒരു സ്ത്രീയെ കണ്ടാലും ചുമര് കണ്ടാലും ഒരുപോലെയാണ്. തീര്‍ത്തും നിര്‍വികാരത്തോടെയാണ് ഞാനവരെ സമീപിക്കുന്നത്.’
‘രണ്ടാമത്തെ ആവശ്യമോ?’ ഞാന്‍ ചോദിച്ചു.

അല്ലാഹു അല്ലാത്ത മറ്റാരെയും ഭയപ്പെടാത്ത അവസ്ഥ എനിക്കുണ്ടാക്കണമെന്ന് ഞാന്‍ ചോദിച്ചു. അവനെനിക്ക് അതും പൂര്‍ത്തീകരിച്ച് തന്നു. ഇപ്പോള്‍ ആകാശഭൂമികള്‍ക്കിടയില്‍ എനിക്ക് അവനെ മാത്രമെ ഭയമുള്ളൂ.’
‘അപ്പോള്‍ മൂന്നാമത്തേത്?’
‘എനിക്ക് രാപ്പകല്‍ അല്ലാഹുവിന് ആരാധനകള്‍ അര്‍പ്പിക്കുന്നതിന് എന്നില്‍ നിന്നും ഉറക്കമില്ലാതാക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷെ അതുമാത്രം എനിക്ക് ലഭിച്ചില്ല.’

ഇതുകേട്ട ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘താങ്കളോടുള്ള ദയകൊണ്ട് പറയട്ടെ, താങ്കള്‍ രാത്രി നമസ്‌കരിക്കുകയും, പകല്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുന്നു. സ്വര്‍ഗം ലഭിക്കുവാനുള്ളത് താങ്കള്‍ ചെയ്‌തെന്ന് തോന്നുന്നു.’

അദ്ദേഹം പറഞ്ഞു ‘ഖേദം പ്രയോജനപ്പെടാത്ത ദിവസം ഖേദിക്കേണ്ടി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവാണ, ഞാന്‍ ആരാധനകളര്‍പ്പിക്കാന്‍ കഠിനാധ്വാനം നടത്തുക തന്നെ ചെയ്യും. ഞാന്‍ രക്ഷപ്പെടുന്നുവെങ്കില്‍ അത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. അതല്ല, ഞാന്‍ നരകത്തില്‍ പ്രവേശിക്കുന്നുവെങ്കില്‍ അതെന്റെ വീഴ്ച കൊണ്ടാണ് താനും.’

ആമിര്‍ ബിന്‍ അബ്ദില്ലാഹ്(റ) കേവലം ആരാധനകളര്‍പ്പിക്കുന്ന പുരോഹിതന്‍ മാത്രമായിരുന്നില്ല. മറിച്ച് ദൈവിക മാര്‍ഗത്തിലെ പടയാളി കൂടിയായിരുന്നു. ജിഹാദിന് വേണ്ടി വിളിക്കപ്പെട്ടാല്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. യുദ്ധത്തിന് വേണ്ടി ചീറിപ്പായുമ്പോള്‍ മറ്റുള്ളവരോട് ചേര്‍ന്ന് അദ്ദേഹം നിലയിറുപ്പിച്ച് കൊണ്ട് അവരോട് പറയും. ‘അല്ലയോ ജനങ്ങളേ, ഞാനുമുണ്ട് നിങ്ങളുടെ കൂടെ. പക്ഷെ നിങ്ങളെനിക്ക് മൂന്ന് കാര്യങ്ങള്‍ തരേണ്ടതുണ്ട്’
അവര്‍ ചോദിക്കും ‘മൂന്ന് കാര്യങ്ങളോ?’

‘ഞാന്‍ നിങ്ങളുടെ സേവകനായിരിക്കും. മറ്റൊരാളും അക്കാര്യത്തില്‍ എന്നോട് മത്സരിക്കരുത്. രണ്ടാമതായി നിങ്ങളില്‍ ഞാനായിരിക്കും ബാങ്ക് വിളിക്കുക. അതും മറ്റാരും ചെയ്യരുത്. എന്റെ കഴിവനുസരിച്ച് ഞാന്‍ നിങ്ങളുടെ ചിലവുകള്‍ വഹിക്കുമെന്നതാണ് അവസാനത്തേത്.’
അവര്‍ അവ അംഗീകരിച്ചാല്‍ അദ്ദേഹം കൂടെ ചേരും. ആരെങ്കിലും എതിര്‍ത്താല്‍ അദ്ദേഹം മറ്റേതെങ്കിലും സംഘത്തോട് ചേരും.
യുദ്ധത്തില്‍ സഹായമാവശ്യമുള്ളപ്പോള്‍ ഏറ്റവും മുന്നിലുണ്ടാവുക അബ്ദുല്ലാഹ് ബിന്‍ ആമിര്‍(റ) ആയിരിക്കും. വിജയവും നേട്ടവുമുണ്ടായാല്‍ അദ്ദേഹത്തെ അവിടെയെങ്ങും കാണില്ല. മറ്റാര്‍ക്കുമില്ലാത്ത അതീവ സാമര്‍ത്ഥ്യത്തോടെയായിരിക്കും അദ്ദേഹം യുദ്ധം ചെയ്യുക. യുദ്ധാനന്തര സ്വത്ത് ലഭിച്ചാല്‍ മറ്റാരും ചെയ്യാത്ത വിധത്തില്‍ അവയില്‍ വിരക്തനാവും.

ഖാദിസിയ്യ വിജയത്തിന് ശേഷം സഅ്ദ് ബിന്‍ അബീ വഖാസ്(റ) കിസ്‌റായുടെ കൊട്ടാരത്തിന് അടുത്ത് ഇറങ്ങി. ഗനീമത്ത് ശേഖരിച്ച്  തിട്ടപ്പെടുത്താന്‍ അംറു ബിന്‍ മുഖര്‍റിനെ അദ്ദേഹം ചുമതലപ്പെടുത്തി. അതിന്റെ അഞ്ചിലൊന്ന് ബൈതുല്‍ മാലിലേക്ക് അയക്കാനും ശേഷിക്കുന്നവ പോരാളികള്‍ക്ക് വീതിച്ച് നല്‍കാനും നിര്‍്‌ദ്ദേശിച്ചു. വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ വിലകൂടിയ വസ്തുക്കളും സമ്പത്തും അദ്ദേഹത്തിന് മുന്നില്‍ നിരത്തപ്പെട്ടു.
രാജാക്കന്മാര്‍ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച, രത്‌നം കൊണ്ട് അലങ്കരിച്ച പാത്രങ്ങള്‍ ഒരുവശത്ത്….
കിസ്‌റായുടെ വജ്രം പതിച്ച വസ്ത്രങ്ങളും പടച്ചട്ടകളും നിറച്ച പെട്ടികള്‍ മറുവശത്ത്…..
ആഭരണങ്ങളും അലങ്കാരങ്ങളും നിറച്ച് വെച്ച വൈഢൂര്യ കുടങ്ങള്‍….
രാജാക്കന്മാര്‍ പാരമ്പര്യമായി ഉപയോഗിച്ചിരുന്ന വാളുകള്‍ ഉറയിലിട്ട വിധത്തില്‍….
ചരിത്രത്തില്‍ പേര്‍ഷ്യന്‍ രാജാക്കന്മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയവരുടെ ആയുധങ്ങള്‍….

മുസ്‌ലിംകളുടെ മുന്നില്‍ വെച്ചാണ് ജോലിക്കാര്‍ ഇവ ക്ലിപ്തപ്പെടുത്തുന്നത്. അപ്പോഴുണ്ട് മുടി ജഢ പിടിച്ച്, പൊടിപുരണ്ട ശരീരവുമായി ഒരാള്‍ അവര്‍ക്കിടയിലേക്ക് പ്രവേശിക്കുന്നു. വളരെ വലിപ്പവും കനവുമുള്ള ഒരു പാത്രവുമായാണ് വരവ്. ഇരുകയ്യുകള്‍ കൊണ്ട് അദ്ദേഹമത് ചുമന്നിരിക്കുന്നു. അവര്‍ അത് സൂക്ഷിച്ച് നോക്കി. തങ്ങള്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള പാത്രം. അവരിത്ര നേരം ശേഖരിച്ച ഗനീമത്തുകളോളം വരും അതിന്റെ മൂല്യം! അത് നിറയെ വജ്രവും രത്‌നവുമായിരുന്നു. അവര്‍ ആ മനുഷ്യനോട് ചോദിച്ചു ‘എവിടെ നിന്ന് കിട്ടി ഈ വിലകൂടിയ നിധി?’
‘എനിക്ക് ഇന്ന യുദ്ധത്തില്‍ ഇന്ന സ്ഥലത്ത് വെച്ച് ലഭിച്ചതാണ്.’ അദ്ദേഹം മറുപടി പറഞ്ഞു.
‘താങ്കള്‍ ഇതില്‍ നിന്ന് വല്ലതും എടുത്തോ?’ അവര്‍ ചോദിച്ചു.
‘അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കട്ടെ, അല്ലാഹുവാണ, ഈ വലിയ വൈഢൂര്യ പാത്രവും, പേര്‍ഷ്യന്‍ രാജാക്കന്മാര്‍ ഉടമപ്പെടുത്തിയ എല്ലാ സമ്പത്തും എന്റെയടുത്ത് ഒരു നഖത്തിന്റെ കഷ്ണത്തിന് പോലും തുല്യമാവുകയില്ല’. ഇത് മുസ്‌ലിംകളുടെ അവകാശമായിരുന്നില്ലെങ്കില്‍ ഭൂമിയില്‍ നിന്ന് ഞാനിത് കുഴിച്ചെടുക്കുകയോ, അതുമായി ഇങ്ങോട്ട് വരികയോ ചെയ്യുമായിരുന്നില്ല.’
അവര്‍ ചോദിച്ചു ‘താങ്കളാരാണ്’
‘അല്ലാഹുവാണ, നിങ്ങളെന്നെ പ്രശംസി്ക്കുമെന്നതിനാല്‍ ഞാന്‍ അത് അറിയിക്കുകയില്ല. എനിക്ക് അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാണ് വേണ്ടത്. ഇത്രയും പറഞ്ഞ് അദ്ദേഹം നടന്ന് നീങ്ങി. അദ്ദേഹത്തെ പിന്തുടരാന്‍ അവര്‍ ഒരാളെ ചുമതലപ്പെടുത്തി. അയാള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ സംഘത്തെ കണ്ട് പിടിച്ചു അവരോട് അന്വേഷിച്ചു. അവര്‍ ചോദിച്ചു ‘നിങ്ങള്‍ക്കറിയില്ലേ അദ്ദേഹത്തെ, ബസ്വറയിലെ ഭൗതിക വിരക്തനായ ആമിര്‍ ബിന്‍ അബ്ദില്ലാ തമീമിയാണത്.’

>>> ആമിര്‍ ബിന്‍ അബ്ദില്ലാ തമീമി -1

>>> ആമിര്‍ ബിന്‍ അബ്ദില്ലാ തമീമി -3

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles