Current Date

Search
Close this search box.
Search
Close this search box.

അവയവദാനം അനുവദനീയമോ?

organ.jpg

എന്റെ മകള്‍ക്ക് വൃക്കസംബന്ധിയായ അസുഖം ബാധിച്ച് ഇരുവൃക്കകളും തകരാറിലായിരിക്കുന്നു. ഈ അവസ്ഥയില്‍ അവളുടെ ജീവന്‍ രക്ഷിക്കാന് മറ്റൊരാളുടെ വൃക്ക സ്വീകരിക്കാമോ? അവയവദാനം നടത്തുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്താണ്? -മുഹമ്മദ് പട്ടാമ്പി-

മാനവകുലത്തിന് പ്രപഞ്ചനാഥന്‍ നല്‍കിയ ജീവിതദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യന്റെ ഇഹപരക്ഷേമമാണ് ഇസ്‌ലാമിക നിയമങ്ങള്‍ ആത്യന്തികമായി ലക്ഷ്യമാക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു നിയമങ്ങള്‍ വിശദീകരിച്ചതിന് ശേഷം സവിശേഷമായി ഊന്നിപ്പറയുന്നത് അല്ലാഹു ജനങ്ങള്‍ക്ക് ക്ഷേമവും, സൗഖ്യവും, എളുപ്പവുമാണ് അവ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതാണ്.
മികവാര്‍ന്ന ശാരീരിക ഘടനയോടും, ഉന്നതമായ ആകാര വൈശിഷ്ട്യത്തോടും കൂടി സൃഷ്ടിക്കപ്പെട്ട മനുഷ്യ ശരീരത്തില്‍ ഓരോ അവയവത്തിനും അതിന്റെതായ ഉത്തരവാദിത്തമുണ്ട്. ഒരു അവയവത്തിന്റെ അഭാവം -അത് ആന്തരികമോ ബാഹ്യമോ ആവട്ടെ- സൃഷ്ടിക്കുന്ന പ്രയാസവും വിഷമവും പറഞ്ഞറിയിക്കേണ്ടതില്ലാത്തതാണ്. എന്നല്ല ചില അവയവങ്ങളുടെ തകരാറും, നാശവും ചിലപ്പോള്‍ വ്യക്തിയുടെ ജീവന് തന്നെ ഭീഷണിയാവാറുമുണ്ട്. ഈ സവിശേഷമായ സാഹചര്യങ്ങള്‍ പരിഗണനയിലെടുത്ത് കൊണ്ടുള്ള ചര്‍ച്ചയാണ് അവയവദാനം എന്നത്.

മനുഷ്യശരീരത്തിലെ അവയവങ്ങള്‍ പരസ്പരം ദാനം ചെയ്യുന്നതിനെയോ, ആവശ്യമനുസരിച്ച് ശരീരത്തില്‍ ഘടിപ്പിക്കുന്നതിനെയോ വിലക്കിയോ, അനുവദിച്ചോ ഉള്ള കൃത്യമായ പ്രമാണങ്ങള്‍ ലഭ്യമല്ല. അവയവദാനം നിഷിദ്ധമാണെന്ന അഭിപ്രായമാണ് ഭൂരിപക്ഷം കര്‍മശാസ്ത്ര മദ്ഹബുകള്‍ക്കും, പൗരാണിക പണ്ഡിതന്മാര്‍ക്കുമുള്ളത്.  മനുഷ്യന്‍ സൃഷ്ടിപരമായിത്തന്നെ ആദരിക്കപ്പെട്ടവനാണെന്നും, അവന്റെ ശരീരത്തിനും -ജീവനോടെയും അല്ലാതെയും- ഈ ആദരവുണ്ടെന്നും, ശരീരത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമാണെന്നും അതിനാല്‍ തന്നെ അവ ദാനം ചെയ്യല്‍ അനുവദനീയമല്ല എന്നുമാണ് അവരുടെ ന്യായം. നാശത്തിന് വഴിയൊരുക്കാതിരിക്കുക, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്താതിരിക്കുക തുടങ്ങിയ ആശയത്തിലുള്ള ദൈവിക വചനങ്ങളും അവര്‍ തെളിവായുദ്ധരിക്കുന്നു.

അല്ലാഹു മനുഷ്യനെ ആദരിച്ചിരിക്കുന്നുവെന്നും, ആ ആദരവ് മൃതദേഹത്തിന് പോലും ബാധകമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ സംശയമില്ല. മനുഷ്യ ശരീരത്തില്‍ നിന്ന് ഛേദിക്കപ്പെട്ട അവയവം മൃതദേഹം പോലെ മണ്ണിട്ട് സംസ്‌കരിക്കണമെന്ന അധ്യാപനവും, ‘മൃതദേഹത്തിന്റെ എല്ല് മുറിക്കുന്നത് ജീവനുള്ളവന്റേത് മുറിക്കുന്നത് പോലെ തന്നെയാണ്’ എന്ന പ്രവാചക വചനവും ഇക്കാര്യം വ്യക്തമാക്കാന്‍ പര്യാപ്തമാണ്.

എന്നാല്‍ ഇസ്‌ലാം ഏറ്റവുമധികം മുന്‍ഗണന നല്‍കുന്ന കാര്യം മനുഷ്യജീവന്‍ സംരക്ഷിക്കുകയെന്നതിനാണ്. ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നത് സര്‍വജനങ്ങളെയും ജീവിപ്പിക്കുന്നതിന് തുല്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. മതവും ജീവനും തമ്മില്‍ ഏറ്റുമുട്ടുന്നിടത്ത് ജീവന് മുന്‍ഗണന നല്‍കണമെന്നും വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വ്യക്തമാക്കുന്നു. മരണം മുന്നില്‍ കാണുന്ന നിര്‍ബന്ധിതാവസ്ഥയില്‍ നിഷിദ്ധ മാംസം കഴിക്കാമെന്നതും, നിഷേധത്തിന്റെ വചനങ്ങള്‍ ഉരുവിടാമെന്നതും ഇവ്വിഷയത്തിലെ പ്രസിദ്ധമായ ഇളവുകളത്രെ.

മരണപ്പെട്ട വ്യക്തിയുടെ ഏതെങ്കിലും ഒരു അവയവം നിലവില്‍ മരണത്തോട് മല്ലടിക്കുന്ന, വിഷമം സഹിച്ച് ജീവിക്കുന്ന ആര്‍ക്കെങ്കിലും രക്ഷയാവുമെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് ഈയര്‍ത്ഥത്തിലാണ്. ഇനി ജീവനുള്ള വ്യക്തി തന്നെയാണ് ദാനം ചെയ്യുന്നതെങ്കിലും പ്രാമാണികമായി അതിന് തടസ്സമൊന്നുമില്ല. ദാനം ചെയ്യുന്ന വ്യക്തിയുടെ മരണത്തിനോ, നാശത്തിനോ അത് വഴിവെക്കരുതെന്ന് മാത്രം.

ഇതാവട്ടെ ഒരു നിലക്കും മൃതദേഹത്തെ അപമാനിക്കലോ, നിന്ദിക്കലോ അല്ല. മറിച്ച് ഒരു വ്യക്തിയുടെ ഭൂമിയിലെ ഖിലാഫത്ത് സുഗമമായി പൂര്‍ത്തീകരിക്കാനുള്ള മഹത്തായ ദാനമെന്ന ത്യാഗമാണ് അത് മുഖേനെ സംഭവിക്കുന്നത്. മൃതദേഹത്തിനുള്ള സകല ആദരവും നിലനില്‍ക്കെ തന്നെ, അതിന് പ്രത്യേകമായി ഒരു ഉപകാരവും പ്രയോജനവും ഇല്ലാത്ത അവയവം മറ്റൊരാള്‍ക്ക് ജീവിതം നല്‍കുമെന്ന മഹത്തായ ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ കര്‍മം അനുവദനീയമാവുന്നത്.

ഇവിടെ ജീവിച്ചിരിക്കുന്നവന്റെ താല്‍പര്യം മരണപ്പെട്ടവനേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നതാണ്. ജീവിച്ചിരിക്കുന്നവന്‍ ഭൂമിയില്‍ ഖിലാഫത്ത് നിര്‍വഹിച്ച് കൊണ്ടിരിക്കുന്നവനാണ്. മാതാവിന്റെ ജീവന്‍ അപകടത്തിലാവുമെന്ന് ഭയപ്പെടുന്ന പക്ഷം ഭ്രൂണഹത്യ നടത്താമെന്നത് ഇതേ കര്‍മശാസ്ത്ര നയത്തിന്റെ അടിസ്ഥാനത്തിലുള്ള വിധിയാണ്. കാരണം മാതാവിന്റെ ജീവിതം സാക്ഷാല്‍ക്കരിക്കപ്പെട്ടതും, ഭ്രൂണത്തിന്റേത് കേവലം സംഭവിക്കാനിരിക്കുന്ന സാധ്യതയുമാണ്.

എന്നാല്‍ അവയവക്കച്ചവടം ഇതില്‍ നിന്ന് ഭിന്നമാണ്. ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കാത്ത പ്രവര്‍ത്തനമാണ് അത്. ദൈവം തനിക്കേകിയ ശാരീരിക അവയവങ്ങളെ സാമ്പത്തികനേട്ടങ്ങള്‍ക്ക് വേണ്ടി കച്ചവടം നടത്തുന്നതിനെ ന്യായീകരിക്കുന്ന ഒരു തെളിവും ഇസലാമിക പ്രമാണങ്ങളില്‍ ലഭ്യമല്ല.

ചോദ്യകര്‍ത്താവിന്റെ പരാമര്‍ശത്തില്‍ നിന്നും മനസ്സിലാവുന്നത് മകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് നടന്ന് കൊണ്ടിരിക്കുന്നത് എന്നാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയവം ദാനം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും യാതൊരു തടസ്സവുമില്ല. മനുഷ്യശരീരത്തിലേക്ക് മറ്റൊരു വ്യക്തിയുടെ രക്തം കയറ്റുന്നതിന് സമാനമായ ഒരു സംവിധാനം മാത്രമാണിത്. മാത്രമല്ല, പ്രസ്തുത ദാനത്തിന് തയ്യാറായവരെ കണ്ടെത്തി എത്രയും പെട്ടന്ന് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്.

Related Articles