Current Date

Search
Close this search box.
Search
Close this search box.

അജ്മീറില്‍നിന്ന് വിവേകത്തിന്റെ സ്വരം

Ajmer

അജ്മീര്‍ ദര്‍ഗയിലെ മുഖ്യ ആചാര്യന്‍(സജ്ജാദ നശീന്‍) സൈനുല്‍ ആബിദീന്‍ അലി ഖാന്‍ ഈയിടെ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കുന്ന സിനിമ നിര്‍മാതാക്കളെയും സംവിധായകരെയും നടന്‍മാരെയും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇവരൊക്കെ ദര്‍ഗ സന്ദര്‍ശിക്കുന്നത് തങ്ങളുടെ സിനിമ തിയേറ്ററുകളില്‍ പൊട്ടിപ്പോകാതിരിക്കാന്‍ മാത്രമാണെന്ന് ആചാര്യന്‍ തുറന്നടിച്ചു. കഴിഞ്ഞ ജൂലൈ 22-ന് നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: അശ്ലീലതക്ക് പ്രചാരവും പ്രോല്‍സാഹനവും നല്‍കുന്ന ഇന്നത്തെ സിനിമയും നൃത്തവും ഇസ്ലാം നിരോധിക്കുന്നു. സമൂഹത്തില്‍ വലിയതോതില്‍ ധാര്‍മ്മികാധപതനത്തിന് വഴിവെക്കുന്നുണ്ട് ഇതെല്ലാം. അതിനാല്‍ ഫിലിം സ്റ്റാറുകളുടെ ദര്‍ഗയിലേക്കുള്ള സന്ദര്‍ശനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതിനെ എതിര്‍ക്കുക തന്നെ വേണം. ഉലമാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നാണ് മനസ്സിലാവാത്തത്. മറ്റു തിന്മകളെപ്പോലുള്ള തിന്‍മയായി ഇതിനെയും കണ്ട് ഇസ്ലാമിക വിധി പ്രകാരം ശക്തമായി പ്രതികരിക്കാന്‍ പണ്ഡിതന്‍മാര്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യ പ്രസ്താവന നടത്തുന്നതിന് മുമ്പ് താന്‍ ഉലമക്കളുമായി ബന്ധപ്പെട്ടിരുന്നെന്നും അവര്‍ തന്റെ അഭിപ്രായത്തോട് യോജിപ്പ് രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നും സജ്ജാദ നശീന്‍ പറഞ്ഞു (ഇന്ത്യന്‍ എക്‌സ്പ്രസ്, ജൂലൈ 23).
നേര്‍ വഴിയില്‍ ചിന്തിക്കുന്ന ഓരോ മുസ്ലിമിന്റെയും വികാരമാണ് അജ്മീറിലെ ഈ മുഖ്യകാര്‍മികന്‍ പങ്ക് വെച്ചിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മുസ്ലിം പുണ്യപുരുഷന്‍മാരുടെ പേരില്‍ ഖാന്‍ഖാഹുകളും ദര്‍ഗകളും ധാരാളമായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് ഇടക്കാലങ്ങളില്‍, മറ്റു മതങ്ങളിലൊക്കെ സാധാരണ കണ്ട് വരാറുള്ളത് പോലെ തന്നെ. തങ്ങളുടെ ന്യായമോ അന്യായമോ ആയ, മാന്യമോ അമാന്യമോ ആയ എന്ത് കാര്യ സാധ്യത്തിനും ഇവര്‍ ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നു. മുസ്ലിം സമൂഹത്തിലെ പാമരന്‍മാര്‍ മാത്രമല്ല, ധാരാളം അമുസ്ലിംകളും കാര്യസാധ്യത്തിന്നായി ദര്‍ഗകള്‍ കയറിയിറങ്ങുന്നു. കുട്ടികളുടെ അസുഖം ഭേദപ്പെടാന്‍, നിയമയുദ്ധത്തില്‍ വിജയം നേടാന്‍, ശത്രുവില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ തുടങ്ങിയ ന്യായമായ ആവശ്യങ്ങളോടൊപ്പം ഏത് മാര്‍ഗ്ഗേണയും ഒത്തിരി സമ്പാദിക്കാന്‍, പ്രശസ്തി കൈവരിക്കാന്‍, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍, സിനിമകള്‍ തിയേറ്ററില്‍ നിറഞ്ഞോടാന്‍, നിയമ വിരുദ്ധമായി താന്‍ നടത്തിവരുന്ന ബിസിനസ് പച്ച പിടിക്കാന്‍ തുടങ്ങി പുറത്തുപറയാന്‍ കൊള്ളാത്ത ഒട്ടനവധി ആവശ്യങ്ങളുമുണ്ടാവും. ‘ഖാദിമുകള്‍’ക്ക് കണ്ടമാനം കാണിക്ക നല്‍കിക്കൊണ്ടായിരിക്കും ഇവര്‍ ദര്‍ഗകളില്‍ നിന്ന് മടങ്ങുക. ഈ വരുമാന സ്രോതസ്സ് അടയാതിരിക്കാനാണ് ഖാദിമുകള്‍ ഇതിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നത്. ഇതിനെയവര്‍ പ്രോത്സാഹിപ്പിക്കാനുള്ള കാരണവും മറ്റൊന്നല്ല. അപകടകരമായ ഈ പ്രവണതക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ ദര്‍ഗയിലെ സജ്ജാദ നശീനില്‍ നിന്ന് തന്നെ ഇങ്ങനെയൊരു പ്രതിഷേധസ്വരം ഉയരുന്നത് ഇതാദ്യമായിട്ടായിരിക്കും. ഈ തെറ്റ് തിരുത്താന്‍ ഉലമാക്കള്‍ രംഗത്തിറങ്ങണമെന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചിരിക്കുന്നു.
ഇസ്ലാമിക ചരിത്രം പഠിച്ചവര്‍ക്ക് മുസ്ലിം സമൂഹത്തിന്റെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ച് നല്ല ധാരണയുണ്ടാവും. ഖുലഫാഉറാശിദുകള്‍ക്ക് ശേഷം അധികാരമേറ്റത് രാജവംശങ്ങളാണ്. അവര്‍ക്ക് ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെ ഒടുവില്‍ മുസ്ലിം പുണ്യപുരുഷന്‍മാരെയും അവരുടെ ഖാന്‍ഖാഹുകളെയും മാത്രം ചുറ്റിപ്പറ്റിയായി ഇസ്ലാമിക പ്രചാരണപ്രവര്‍ത്തനങ്ങളത്രയും. സകല മനുഷ്യര്‍ക്കും കയറിച്ചെല്ലാവുന്ന ഇടങ്ങളായിരുന്നു ഈ ഖാന്‍ഖാഹുകള്‍. മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും ഒരുപോലെ ഇവ പ്രയോജനം ചെയ്തു. ഈ പുണ്യപുരുഷന്‍മാരുടെ അധ്യാപനങ്ങളത്രയും ഇസ്‌ലാമിക ചൈതന്യത്തോട് നീതി പുലര്‍ത്തുന്നവയായിരുന്നു. അന്യ സംസ്‌കൃതികളുടെ കലര്‍പ്പ് അവയില്‍ ഉണ്ടായിരുന്നില്ല. അധ്യാപനങ്ങളുടെ ഈ പരിശുദ്ധി നിരവധി സഹോദരസമുദായാംഗങ്ങളെ ഇസ്ലാമിന്റെ ശീതളഛായയിലേക്ക് ആകര്‍ഷിക്കുകയുണ്ടായി. ഹസ്‌റത്ത് ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഹസ്‌റത്ത് ഖാജാ നിസാമുദ്ദീന്‍ തുടങ്ങിയ മഹാന്‍മാരുടെ അധ്യാപനങ്ങളോ പ്രവൃത്തികളോ ഒന്നും തന്നെ ശരീഅത്തിന്നെതിരായിരുന്നില്ല. പക്ഷെ, പില്‍ക്കാലക്കാരുടെ കുത്സിത പ്രവൃത്തികള്‍ ഈ ഖാന്‍ഖാഹുകളെ വളരെ മോശമായ രീതിയില്‍ ബാധിച്ചു. ആ അധപതനത്തിന്റെ ആഴമാണ് ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍ എന്ന മുഖ്യകാര്‍മികനിലൂടെ പുറത്ത് വന്നിരിക്കുന്നത്. പക്ഷെ, ഇത്തരം കാര്‍മികരും ആലോചിക്കണം, തങ്ങളുടെ ചെയ്തികള്‍ ഈ ജീര്‍ണ്ണതക്ക് എത്രത്തോളം കാരണമായിട്ടുണ്ടെന്ന്.
(ദഅ്‌വത്ത് ത്രൈദിനം, 28-07-2012)
വിവ : അശ്‌റഫ് കീഴ്പറമ്പ്

 

Related Articles