Your Voice

ഹജ്ജ് സബ്‌സിഡി: മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു സലാം

ബി ജെ പി സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഇതിന്റെ മൊത്തം ക്രെഡിറ്റ് ബി ജെ പി ക്ക് കൊടുക്കുന്നതില്‍ ഒരു നീതികേടുണ്ട്. പത്തു വര്‍ഷം കൊണ്ട് ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 2012 മുതല്‍ തന്നെ ഹജ്ജ് സ്ബ്‌സിഡി തുകയില്‍ വര്‍ഷം തോറും 10 ശതമാനം വീതം കുറവ് വരുത്തുന്നുണ്ടായിരുന്നു. 2012ല്‍ 836 കോടിയായിരുന്ന ഹജ്ജ് സബ്‌സിഡി 2015ല്‍ 500 കോടിയില്‍ താഴെയായി കുറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ബി ജെ പി നിര്‍ത്തലാക്കിയില്ലെങ്കില്‍ പോലും 2022 ആകുമ്പോഴേക്കും ഹജ്ജ് സബ്‌സിഡി പൂര്‍ണമായും ഇല്ലാതായേനെ!

ഉള്ളതുപറഞ്ഞാല്‍ ഈ നടപടി സംഘപരിവാറിനാണ് വലിയ നഷ്ടം വരുത്തുക. ന്യൂനപക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് കയ്യിട്ടു വാരി തീര്‍ത്ഥാടനം നടത്തുന്നേ എന്ന് പെരുമ്പറ അടിച്ച് ഭൂരിപക്ഷത്തെ കുപ്പിയിലാക്കാനുള്ള ചാന്‍സ് ഇതോടെ ഇല്ലാതായി. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഈ പഴി കേള്‍ക്കുന്നതിനു മാത്രം വല്ല മെച്ചവുമുണ്ടൊ, അതൊട്ടില്ല താനും.

ബ്രിട്ടീഷുകാര്‍ ഉണ്ടാക്കി വെച്ച ഏര്‍പ്പാടാണ് ഹജ്ജ് സബ്‌സിഡി. 1932 ലെ ‘ദ പോര്‍ട്ട് ഹജ്ജ് കമ്മിറ്റി ആക്ട്’ മുഖേന ബ്രിട്ടീഷുകാര്‍ ആണ് ആദ്യമായി മുബൈ, കൊല്‍ക്കത്ത തുറമുഖങ്ങള്‍ വഴി ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് പൊതുഖജനാവില്‍നിന്നുള്ള ഇളവുകള്‍ അനുവദിച്ചത്.സ്വാതന്ത്ര്യാനന്തരം 1959ല്‍ പാസാക്കിയ ‘ഹജ്ജ് കമ്മിറ്റി ആക്ട്’, ബ്രിട്ടീഷ് നിയമത്തിലെ സബ്‌സിഡി വ്യവസ്ഥകള്‍ തുടരുകയായിരുന്നു. ഇതാകട്ടെ, മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം ഒന്നുമായിരുന്നില്ല.

ഇനി ഇതുവരെ നിലനിന്ന സബ്‌സിഡി ഒന്നാന്തരം ഉഡായിപ്പ് ആയിരുന്നു എന്ന വാസ്തവവും കൂടി നമ്മള്‍ അറിയണം. ഹജ്ജ് കാലത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തീതീര്‍ത്ഥാടകരെ ശരിക്കും പിഴിയുകയായിരുന്നു. ഫലത്തില്‍ സര്‍ക്കാര്‍ സബ്‌സിഡി ഈ വിമാന കമ്പനികള്‍ക്ക് മാത്രമാണ് ഉപകരിച്ചത്. പഴി സൗജന്യമായി ന്യൂനപക്ഷങ്ങള്‍ക്കും!.

അതുകൊണ്ട്, ഈ ആനുകൂല്യം ഒഴിവാക്കി തന്ന് അനുഗ്രഹിച്ച ബി ജെ പി സര്‍ക്കാറിനെ അഭനന്ദിക്കാന്‍ ഹാജിമാര്‍ തയാറാകും എന്ന് കരുതട്ടെ. ഇന്ത്യന്‍ മുസ്ലിംകള്‍, ഈ ഉപകാരം ചെയ്ത മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് ഒരു സലാം കൊടുക്കുക!

പണം ഉള്ളവനു മാത്രം നിര്‍ബന്ധമുള്ള കര്‍മമാണ് ഹജ്ജ്. അത് ആരുടേയും ഓശാരത്തില്‍ ചെയ്യേണ്ട കാര്യമില്ല.  സബ്‌സിഡി എടുത്തുകളഞ്ഞു എന്ന് കരുതി അത് വിശ്വാസത്തെ ബാധിക്കാന്‍ പോകുന്നില്ല.

 

Facebook Comments
Related Articles
Show More

മുജീബുറഹ്മാന്‍ കിനാലൂര്‍

ശബാബ് വാരികയുടെ എഡിറ്റര്‍ . 2007 ജനുവരി മുതല്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്.  കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂരില്‍ 1972 മെയ് 1ന് ജനനം. കിനാലൂര്‍ ജി യു പിസ്‌കൂള്‍, പൂവമ്പായി എ എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1993ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമയും 1995ല്‍ കോഴിക്കോട് ടി ടി ഐയില്‍ നിന്ന് അധ്യാപക പരിശീലനവും 1999ല്‍ അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും നേടി. 1991 മുതല്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതുന്നു. പഠനപ്രബന്ധങ്ങളും വിവര്‍ത്തനങ്ങളുമായി നൂറിലേറെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലകൗതുകം ബാലമാസിക, സര്‍ഗവിചാരം മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരായി. വര്‍ത്തമാനം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു.അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് കണ്‍വീനര്‍ പദവി വഹിച്ചുവരുന്നു. കെ സലീനയാണ് ഭാര്യ. ഹിബ, ഹദിയ, ഹാദി മക്കള്‍പ്രസിദ്ധീകരിച്ച കൃതികള്‍ :മതമൈത്രിയും കേരള മുസ്‌ലിംകളും  (2002), ചേകനൂര്‍ അകവും പുറവും  (2003),അമേരിക്കന്‍ സാമ്രജ്യത്തം അനീതിയുടെ ലോകവാഴ്ച, പ്രവര്‍ത്തകന്റെ ആത്മ വിചാരങ്ങള്‍ (2008), ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്  (2010)
Close
Close