ഉം.. ഏത് നേരവും ഈ കളി തന്നെയാണല്ലോ…!
കളി…കളി…എന്ന ചിന്തയല്ലാതെ മറ്റൊന്നും അവനില്ല!
എന്നിങ്ങിനെ ശകാരിക്കുകയല്ലാതെ നമ്മളില്‍ എത്ര പേര്‍ കുട്ടികള്‍ക്കൊപ്പം കളിക്കാനും ചിരിക്കാനുമെല്ലാം സമയം കണ്ടെത്താറുണ്ട്?
കുട്ടികളുടെ വളര്‍ച്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണ് നാലു വയസ്സുമുതല്‍ ഏഴ് വരെയുള്ള കാലം. ധാരാളം രക്ഷിതാക്കള്‍ ഈ സമയത്ത് കുട്ടികളെ അഭിമുഖീകരിക്കാന്‍ പ്രയാസപ്പെടുന്നു. എല്ലാ കാര്യത്തിലും പൊതുവെ വ്യത്യസ്ഥത പുലര്‍ത്തുന്നവരായിരിക്കും ഇവര്‍. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമുള്ള ഈ കാലത്തെ
കുട്ടികള്‍ രക്ഷിതാക്കളെയും വീട്ടില്‍ വിരുന്നെത്തുന്നവരെയും ശല്യപ്പെടുത്തുന്ന കാര്യങ്ങളേ ചെയ്യൂ.
കുട്ടികളെ പരിഗണിക്കാതിരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ അച്ചടക്കമില്ലാത്തവരായിത്തീരുകയും. മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ യാതൊരു മേന്‍മയും പുലര്‍ത്താതിരിക്കുകയും ചെയ്യും. ഉത്തരവാദിത്വങ്ങളെകുറിച്ചുള്ള ഉദ്‌ബോധനം ഇല്ലാതിരിക്കുകയും പരിധികളെകുറിച്ച് മനസ്സിലാക്കിക്കൊടുക്കാതിരിക്കുയും ചെയ്യാതെ അവര്‍ ചെയ്യുന്ന കാര്യങ്ങളെ വിലക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ അവര്‍ക്ക് ജനങ്ങളോട് അടുക്കുന്നതില്‍ പ്രയാസമുണ്ടാവുകയും ലജ്ജാരോഗം പിടിപെടുകയും ചെയ്യും. തല്‍ഫലമായി അവരുടെ പ്രവര്‍ത്തനം തന്നെ വിപരീതദിശയിലായിത്തീരും. ഒടുവില്‍ ആളൊരു പോക്കിരിയായിത്തീരുന്ന ഘട്ടം വരെയെത്തുന്നു.
കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്ന രീതിയില്‍ പരിഗണനയും അംഗീകാരവും നല്‍കേണ്ടതുണ്ട്. കുട്ടികളുടെ മനസ്സ് അറിയാതെയുള്ള പെരുമാറ്റം കൂടുതല്‍ സങ്കീര്‍ണമായ മാനസികാവസ്ഥയിലേക്കെത്തിക്കുന്നു.
കുട്ടികളുടെ ചെറുപ്രായം എന്നത് കളികളുടേതാണ്. കുട്ടികള്‍ക്ക് നിര്‍ബന്ധമായും ചില കളികള്‍ നിര്‍ണ്ണയിച്ചു കൊടുക്കേണ്ടതുണ്ട്. പിതാവിന്റെ കുട്ടികളുമായൊത്തുള്ള ഇടപഴകലുകളും കുട്ടിക്കളികളുമെല്ലാം അവരും പകര്‍ത്തിക്കൊണ്ടിരിക്കും. യാതൊരു കല്‍പനയും ആജ്ഞയും പിന്നെ ആവശ്യമുണ്ടാവില്ല. ഏറ്റവും നല്ലത് കുട്ടികളെ നാം നിര്‍ബന്ധിപ്പിക്കാതെ സ്വതന്ത്രമായി വിട്ടുകൊണ്ട് അവര്‍ തെരഞ്ഞെടുക്കുന്ന കളികള്‍ക്കൊപ്പം ചേരുകയാണ് വേണ്ടത്. അപ്രകാരം കുട്ടി സ്വയം തെരഞ്ഞെടുത്ത കളികള്‍ നമ്മുടെ മുമ്പിലുള്ള വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. അല്‍പം പരുക്കസ്വഭാവത്തോടെയുള്ള കളികള്‍ തെരഞ്ഞെടുക്കുന്ന കുട്ടികളുണ്ടാവാം. മറ്റു ചിലരാവട്ടെ ബുദ്ധിപരമായ കളികളാവാം തെരഞ്ഞെടുക്കുന്നത്. ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ കളികളും ചില പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കളികളും തെരഞ്ഞെടുക്കാറുണ്ട്.
കളിയുടെ തെരഞ്ഞെടുപ്പ് കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന്റെ പ്രാരംഭഘട്ടത്തെ മനസ്സിലാക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. അതിലൂടെ അവര്‍ ഏതിലായിരിക്കും വ്യാപരിക്കുക എന്ന് മുന്‍കൂട്ടി തിരിച്ചറിയാനുമാവും. തീര്‍ച്ചയായും അത് അവരുടെ ബുദ്ധികൂര്‍മ്മതയുടെയും മാനസികനിലയുടെയും ലക്ഷണങ്ങളാണ്. കുട്ടികളുടെ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കൈകടത്തേണ്ടതില്ല. അതിന്റെ പേരില്‍ അവരെ ശകാരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ ബുദ്ധിപൂര്‍വ്വം അതിലിടപെട്ടാല്‍ അതവര്‍ക്ക് മാര്‍ഗരേഖയും അവരുടെ വളര്‍ച്ചയില്‍ പ്രധാനഘടകവുമായിരിക്കും.
കുട്ടികളോട് എന്തെങ്കിലും ആവശ്യമുന്നയിക്കുമ്പോള്‍ കര്‍ക്കശമായ ശൈലി സ്വീകരിക്കുന്നത് ഒരു നല്ല അധ്യയനരീതിയല്ല. ഈ അവസ്ഥയില്‍ ശിക്ഷയെകുറിച്ചുള്ള ഭീതിമാത്രമായിരിക്കും അവരുടെ മനസ്സിലുണ്ടാവുക. അതിന് ശേഷം നിങ്ങളെന്ത് പഠിപ്പിച്ചാലും അത് ഓര്‍മ്മവെക്കാനാവില്ല. നല്ല മുഖത്തോടെ പ്രത്യക്ഷപ്പെടുമ്പോഴേ അതിന് മാറ്റമുണ്ടാവൂ. നമ്മള്‍ പലപ്പോഴും പ്രതീക്ഷിക്കുന്നത് എപ്പോഴും പേടി കൊണ്ട് എന്തെങ്കിലും ചെയ്യിപ്പിക്കാമെന്നാണ്. യാതൊരു ബലപ്രയോഗവുമില്ലാതെ നല്ല സ്‌നേഹലാളനയോടെ കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ ബുദ്ധിയെ വികസിപ്പിക്കാന്‍ സഹായിക്കും.
കുട്ടികള്‍ക്ക് നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‍കല്‍ നമ്മുടെ ബാധ്യതാണ്. കാരുണ്യത്തോടെയുള്ള അധ്യാപനമാണ് ആവശ്യം. വിദ്യാഭ്യാസം നല്‍കല്‍ കാര്‍ക്കശ്യത്തോടെയല്ലാതെ മൃദുവായിട്ടായിരിക്കണം. ചീത്തപറയുന്നത് അവരുടെ മനസ്സിനെ വേദനിപ്പിക്കാനും വിപരീതഫലമുളവാക്കാനും മാത്രമേ സഹായകമാവൂ. ഇനി എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ വിട്ടുവീഴ്ച ചെയ്തു കൊടുക്കുക. ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ അവസരം നല്‍കേണ്ടി വരും. അങ്ങിനെ അവരുടെ മനസ്സിന് ബോധ്യമാവുന്നതു വരെ ചെയ്യുക. അതിലൂടെ എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ നേടാനാവില്ല എന്നു പഠിപ്പിക്കുകയും ചെയ്യാം.
കുട്ടിയെ കാര്യങ്ങള്‍ അഭ്യസിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം അവന്റെ കളികളില്‍ പങ്ക് ചേരുകയെന്നതാണ്. നാമും ഒരു കുട്ടിയായിരുന്നെങ്കില്‍ അവന്റെ കൂടെ കളിക്കുമായിരുന്നല്ലോ. തീര്‍ച്ചയായും പ്രവാചകന്‍(സ) തന്റെ കൊച്ചുമക്കളായ ഹസന്റെയും ഹുസൈന്റെയും കൂടെ കളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. ഏതു പോലെയെന്നു ചോദിച്ചാല്‍ അവരുടെ കൂടെ തന്നെ മറ്റൊരു കുട്ടിയായി! തീര്‍ച്ചയായും നബി(സ) ഹസനെയും ഹുസൈനെയുമൊപ്പം മുട്ടികുത്തികളിക്കുകയും കയ്യും കാലും പിണക്കിക്കളിക്കുകയുമെല്ലാം ചെയ്തു. എന്നിട്ട് പറയും “ഇതാ നിങ്ങളുടെ രണ്ട് പേരുടെയും കുതിര വന്നേ”.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടതെന്താണ്? ഉമ്മയും ഉപ്പയുമെല്ലാം സ്വയം കുട്ടികളെപോലെയാവേണ്ടതുണ്ട്. ചിലപ്പോള്‍ സഹോദരങ്ങളോടൊപ്പം ഒളിച്ചു കളിയും മറ്റും നടത്തുമ്പോള്‍ നിങ്ങളൊരിക്കലും അവരെ തടയരുത്. അവരോടൊപ്പം ഓരോകാര്യങ്ങള്‍ ചെയ്തു കളിച്ചും അവരോട് ഗുണപാഠങ്ങളും സ്‌നേഹവും സൗഹൃദവും നല്‍കുക. കുട്ടികളോട് അവരുടെ ഭാഷയില്‍ സംവേദനം ചെയ്യാന്‍ ഓരോരുത്തര്‍ക്കും സാധിക്കേണ്ടതുണ്ട്.
അബ്ദുല്ലാഹിബ്‌നു സുബൈറില്‍ നിന്നും നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. പ്രവാചകന്‍(സ) നമസ്‌കരിച്ചപ്പോള്‍ കൊച്ചുകുട്ടിയായിരുന്ന ഹസന്‍ കളിക്കാന്‍ വന്നിട്ടുപോലും ചീത്ത പറഞ്ഞിരുന്നില്ല. പ്രവാചകന്‍(സ) സുജൂദില്‍ പ്രവേശിക്കുമ്പോള്‍ മുതുകില്‍ കയറിയിരിക്കുകയും കളിക്കുകയും ചെയ്തിരുന്നു. കാരണം, താന്‍ ചെയ്യുന്നത് തെറ്റാണെന്ന വിവരം കുട്ടിക്കില്ലല്ലോ.
കുട്ടികള്‍ സ്വതന്ത്രമായി കളിക്കുകയെന്നത് അവരുടെ അവകാശമാണ്. അപ്പോള്‍ അവരെ നിരീക്ഷിക്കുകയാണ് വേണ്ടത്. ഇലക്‌ട്രോണിക് ഗെയിമുകളോട് കുട്ടികള്‍ക്കിന്ന് താല്പര്യം കൂടുതലാണ്. അതിനെ ഒറ്റയടിക്ക് തടയിടാതെ മറ്റു മേഖലകളിലേക്ക് കൂടി തരിച്ചു വിടുകയാണ് വേണ്ടത്. ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികളെ പൂന്തോട്ടങ്ങളിലും പ്രകൃതിസുന്ദരമായ സ്ഥലങ്ങളിലുമെല്ലാം കൊണ്ടുപോവുന്നത് അവരുടെ മാനസികോല്ലാസത്തിന് വളരെയേറെ സഹായകമാവും.
പാരമ്പര്യമായി തുടരുന്ന ശിക്ഷണശീലങ്ങള്‍ക്ക് മാറ്റം കൂടിയേ തീരൂ. പല മതപാഠശാലകളും ഇപ്പോഴും ഇത്തരം രീതികള്‍ തന്നെയാണ് തുടരുന്നത്. പുതിയ കാലഘട്ടത്തിലെ കുട്ടികളെയും അവരുടെ മാനസികാവസ്ഥകളെയും മനസ്സിലാക്കി മാത്രമേ അവരെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ. അതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഘടമാണ് അവര്‍ക്കൊപ്പം നമുക്കും സഞ്ചരിക്കാനാവുകയെന്നത്. കളിയുടെ മൂല്യവും അതിലൂടെ നേടിയെടുക്കാനാവുന്ന വൈജ്ഞാനികവും സംസ്‌കരണപ്രദവുമായ ഗുണങ്ങളും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
വിവ. സുഹൈറലി തിരുവിഴാംകുന്ന്