Your Voice

ലാളിത്യം അലങ്കാരമായി സ്വീകരിച്ച പണ്ഡിതന്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേ ജനറല്‍ സെക്രട്ടറിയും പണ്ഡിതനുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. ചെറുശ്ശേരി ഉസ്താദിന്റേ വിനയം തുളുമ്പുന്ന മുഖം ചെറുപ്പം മുതലേ എന്റെ ഓര്‍മയിലുണ്ട്. ഏആര്‍ നഗര്‍, കക്കാടംപുറത്ത് ബസ്സിറങ്ങി കുറ്റൂരിലെക്ക് നടന്ന് വരുന്ന സുന്ദരമായി തലപ്പാവ് ചുറ്റിയ ഒരു ഉസ്താദിനെ കക്കാടംപുറം മദ്‌റസയിലേക്ക് പോകുന്ന ഞാന്‍ ഇടക്കൊക്കേ കാണുമായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയുടേ വീട് കുറ്റുരില്‍ എവിടേയോ ആയിരുന്നു. അവിടേക്കായിരുന്നു അദ്ദേഹം കക്കാടംപുറത്ത് നിന്ന് നടന്ന് പോയിരുന്നത്. ആ പോകുന്നത് ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാരാണെന്ന് ആരോ പറഞ്ഞപ്പോള്‍ അതിലേ ചെറുശേരിയെന്ന വാക്കാണ് എന്നെ ഉസ്താദിലേക്ക് ആകര്‍ഷിച്ചത് കാരണം ചെറുശേരിയെന്നത് എന്റെ ഉമ്മയില്‍ നിന്ന് പതിവായി കേട്ടിരുന്ന വാക്കായിരുന്നു. ഉമ്മയുടേ മതവിജ്ഞാനത്തിന്റെ പ്രധാന അവലംബമായിരുന്നു ചെറുശേരിയുടേ വഅള്. അതിനെ കുറിച്ച് ഉമ്മ എപ്പോഴും പറയുമായിരുന്നു. ആ വിജ്ഞാനം മക്കളായ ഞങ്ങള്‍ക്കും ഉമ്മ പകര്‍ന്ന് തന്നിട്ടുണ്ട്. ഉമ്മ കൂടെക്കൂടെ പറയുന്ന ചെറുശേരിയാണ് ഇതെന്നാണ് ഉസ്താദിനെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. ഉമ്മ തന്നെയാണ് ആ തെറ്റിദ്ധാരണ നീക്കി തന്നത് സൈനുദ്ദീന്‍ മുസ്‌ലിയാരുടെ കുടുംബത്തില്‍ പെട്ട അതിനകം മരണപെട്ട് പോയിരുന്ന മറ്റൊരു ചെറുശേരിയായിരുന്നു ഉമ്മയുടേ ജ്ഞാന സ്രോതസ്സ്.

ഞാന്‍ ചെറുപ്പത്തില്‍ പതിവായി കണ്ടിരുന്ന സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഇ.കെ അബുബക്കര്‍ മുസ്‌ലിയാര്‍ക്ക് ശേഷം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപെട്ടു പോയിട്ടുണ്ട്. ഇത്രക്ക് ലളിതനും വിനയാന്വിതനുമായ ഒരാള്‍ സമസ്തയെന്ന മഹാപണ്ഡിത സംഘടമനയുടെ അമരക്കാരനായതില്‍. കാരണം ഓര്‍മ വെച്ച കാലം മുതലേ ആ സ്ഥാനത്ത് ഞാന്‍ കണ്ടിട്ടുള്ളത് പാണ്ഡിത്വത്തിന്റെ ഗരിമയും ഗാംഭീര്യവും മുഖത്ത് തന്നെ സ്ഫുരിച്ചിരുന്ന ശംസുല്‍ ഉലമയെ ആയിരുന്നല്ലോ. മനുഷ്യര്‍ക്ക് ഭിന്ന സവിശേഷതകളാണല്ലോ ഉള്ളത് അവരുടേ ആകര്‍ഷകത്വവും അത് തന്നേയായിരിക്കും ഇ.കെയുടേ ആകര്‍ഷകത്വം ആ ഗരിമയായിരുന്നുവെങ്കില്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടേത് ഈ വിനയും ലാളിത്യവുമായിരുന്നു. പദവിയോ സ്ഥാനമാനങ്ങളോ അതില്‍ യാതൊരു മാറ്റവും വരുത്തിയില്ല. ഉജ്ജല വാഗ്മിയിരുന്നില്ല സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നാല്‍ ഒരു മുറബ്ബിയുടേ സാരോപദേശങ്ങളുടേ വശ്യതയും ആകര്‍ഷകത്വവും അതിനുണ്ടായിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന വെള്ളിമാട്കുന്ന് ഓഫീസിന് തൊട്ടടുത്ത പള്ളിയങ്കണത്തില്‍ വര്‍ഷാ വര്‍ഷം നടക്കുന്ന വഅള് പരമ്പര ഉദ്ഘാടനം ചെയ്തിരുന്നത് ചെറുശേരിയായിരുന്നു. അതില്‍ ഇത് വരെ നടന്ന അദ്ദേഹത്തിന്റേ ഒരു പ്രസംഗവും ഞാന്‍ കേള്‍ക്കാതെ പോയിട്ടില്ല. അത്രക്ക് ഇഷ്ടമായിരുന്നു അതിനോടെനിക്ക്. പ്രാത്ഥനയുടെ മഹത്വവും നമ്മുടെ പ്രാത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുന്ന വിധവും വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അത് അതുപോലെ ചില ക്ലാസുകളിലൊക്കേ ഞാന്‍ കോപിയടിച്ചിട്ടുമുണ്ട്. അല്ലാഹു ഉസ്താദിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ… ആമീന്‍

Facebook Comments
Related Articles

കെ.ടി. ഹുസൈന്‍

1969-ല്‍ മലപ്പുറം ജില്ല വേങ്ങര പഞ്ചായത്തിലെ കുറ്റൂരില്‍ ജനനം. പിതാവ് കോട്ടത്തൊടിക മുഹമ്മദ് മുസ്‌ലിയാര്‍. മാതാവ് വലിയാക്കത്തൊടി ഖദീജ. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനശേഷം ലഖ്‌നൗ നദ്‌വതുല്‍ ഉലമായില്‍നിന്ന് 'ആലിമിയ്യത്ത്' ബിരുദവും അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഇസ്‌ലാമിക വിജ്ഞാനകോശം അസിസ്റ്റന്റ് എഡിറ്റര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, സോളിഡാരിറ്റി പത്രിക എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടറാണ്. പ്രബോധനം, ജനപക്ഷം എന്നിവയുടെ പത്രാധിപ സമിതി അംഗമാണ്. കൃതികള്‍: ആള്‍ദൈവങ്ങളുടെ മതവും രാഷ്ട്രീയവും, ഫാഷിസം തീവ്രവാദം പ്രതിരോധത്തിന്റെ മാനവികത, തിരുകേശം തെറ്റും ശരിയും, ഇസ്‌ലാമിലേക്കുള്ള പാത (എഡിറ്റര്‍). വിവര്‍ത്തനകൃതികള്‍: മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍, നമുക്കും വിജയിക്കേണ്ടേ?, ജിഹാദ്, ഹസ്‌റത് അലി, പ്രസ്ഥാനവും പ്രവര്‍ത്തകരും, ജമാഅത്തെ ഇസ്‌ലാമി മുന്‍ഗണനാക്രമം, തഖ്‌വ, ജനസേവനം. ഭാര്യ: നബീല കെ. അഹ്മദ്, മക്കള്‍: അഫ്‌നാന്‍ ഹുസൈന്‍, അഫ്‌ലഹ് ഹുസൈന്‍, അംന ഹുസൈന്‍.
Close
Close