Your Voice

യുവത്വം അനുഗ്രഹീതം

മനുഷ്യജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു ഘട്ടമാണ് യുവത്വം. യുവത്വം മഹത്തായ അനുഗ്രഹമാണ്. നട്ടുച്ചക്ക് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യനെ പോലെ കരുത്തും തീക്ഷ്ണതയുമുള്ള കാലഘട്ടമാണ് യുവത്വം. സൂര്യന്‍ ഉദിച്ചുയരുമ്പോഴും, അസ്തമിക്കുമ്പോഴും സൗന്ദര്യമുള്ള കാഴ്ച്ച പ്രധാനം ചെയ്യുന്നുണ്ടെങ്കിലും സൂര്യനില്‍ നിന്ന് പൂര്‍ണ്ണമായ ചൂടും വെളിച്ചവും നമുക്ക് ലഭിക്കുന്നത് നട്ടുച്ചക്ക് അത് മധ്യത്തില്‍ വന്ന് നില്‍ക്കുമ്പോഴാണ്.
ഇതുപോലെ മനുഷ്യായുസ്സിലെ രണ്ട് അറ്റങ്ങളാണ് ശൈശവവും വാര്‍ദ്ധക്യവും. നിസ്സഹായതയുടെയും ദൗര്‍ബല്യങ്ങളുടെയും കാലഘട്ടമാണ് അവ രണ്ടും. ഒരു പശുക്കിടാവിനേക്കാള്‍ ദുര്‍ബലനാണ് മനുഷ്യനെന്ന് , ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ഭൂമിയില്‍ ജനിച്ച് വീണയുടനെ തള്ളപ്പശുവിന്റെ അകിട്ടിലേക്ക് പാല് കുടിക്കാന്‍ പശുക്കിടാവ് ഓടിച്ചെല്ലുന്നു. മനുഷ്യപുത്രന് പക്ഷെ ഉറക്കെ വാവിട്ട് കരയാന്‍ മാത്രമേ സാധിക്കുന്നുള്ളു. മുലപ്പാല്‍ നുകരാന്‍ പോലും അതിന് മാതാവിന്റെ മാറിടത്തിലേക്ക് സ്വയം എത്തിച്ചേരാന്‍ സാധിക്കുന്നില്ല. അവന്‍ വളര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ കിടക്കാനും, ഇരിക്കാനും, തിന്നാനും, കുടിക്കാനും, മലമൂത്രവിസര്‍ജ്ജനം ചെയ്യാനും, അതിന് ശേഷം അത് ശുചീകരിക്കാനും, മറ്റുള്ളവരുടെ സഹായം അനിവാര്യമാണ്. ഒന്നിനെ കുറിച്ചും അറിയാത്ത മനുഷ്യന്‍ അറിവും അനുഭവവും കുറഞ്ഞ അവസ്ഥയില്‍ നിസ്സഹായതയോടെ വളര്‍ന്ന് വരുന്ന ഘട്ടമാണ് ശൈശവം. എന്നാല്‍ വാര്‍ദ്ധക്യമെന്നത് ശൈശവത്തിലേക്കുള്ള തിരിച്ച് പോക്കാണ്. നേരത്തെ ഒരു പിഞ്ചുകുട്ടി മറ്റുള്ളവരെ എന്തിനെല്ലാം ആശ്രയിച്ചുവോ അതുപോലെ തിന്നാനും, കുടിക്കാനും, മലമൂത്രവിസര്‍ജ്ജനത്തിന് ശേഷം ശൗച്യം ചെയ്യാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കുന്ന, പരസഹായം ആവശ്യമായി വരുന്ന, നര ബാധിച്ചതിന് ശേഷം പിഞ്ചുകുട്ടിയെ പോലെയായി മാറുന്ന ഘട്ടമാണ് വാര്‍ദ്ധക്യം എന്നത്. എന്നാല്‍ ഇതിന് നടുവില്‍ ജീവിതത്തിന്റെ ഒത്ത മധ്യഭാഗത്ത് കരുത്തിന്റെയും തീക്ഷ്ണതയുടെയും ആത്മവിശ്വാസത്തിന്റെയും കാലഘട്ടമാണ് യുവത്വം .
യുവത്വം അനുഗ്രഹമാണ് . എല്ലാ അനുഗ്രഹങ്ങളും ചോദ്യം ചെയ്യപ്പെടുന്നവയാണ്. ഏതൊരു മനുഷ്യനും എത്രത്തോളം സാധ്യതയുണ്ടോ അത്രത്തോളമാണ് അവന് മേല്‍ വന്നുചേരുന്ന ബാധ്യത. കാണുക എന്ന സാധ്യത ഇല്ലാത്ത ഒരു അന്ധനെ സംബന്ധിച്ചേടത്തോളം കണ്ണു കൊണ്ട് അവന് പ്രത്യേകിച്ച് ബാധ്യതകളൊന്നും ഇല്ല. നടക്കാന്‍ കഴിവുള്ള, അതിന് സാധ്യതയുള്ള ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്റെ കാലുകള്‍ കൊണ്ട് ചില ബാധ്യതകള്‍ ഈ ലോകത്ത് അവന്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. എല്ലാ കഴിവുകളും അങ്ങനെയാണ്. സാധ്യത അനുസരിച്ചാണ് ബാധ്യത ഉണ്ടാകുന്നത് എന്നര്‍ത്ഥം. ഒരു യുവാവിനെ സംബന്ധിച്ചേടത്തോളം ഒരു ശിശുവിനെ പോലെയോ ഒരു വൃദ്ധനെ പോലെയോ അല്ല. കരുത്തും ശേഷിയുമുള്ള, ധാരാളം കഴിവുകളുള്ള, എല്ലാ പ്രതിസന്ധികളെയും തട്ടിമാറ്റി മുന്നോട്ട് പോകാന്‍ കഴിയുന്ന ബുദ്ധിപരമായും ശാരീരികമായും ഏറ്റവും സാധ്യതയുള്ള യുവത്വം, അതുകൊണ്ടു തന്നെ ഈ ലോകത്തോട് ഒട്ടേറെ ബാധ്യതകള്‍ ചെയ്തു തീര്‍ക്കാന്‍ അവനോട് കല്‍പ്പിക്കുന്നുണ്ട്.
‘ദൈവത്തോടുള്ള കീഴ്‌വണക്കത്തിലും അനുസരണയിലും കഴിയുന്ന ഒരു യുവാവ് അനുഗ്രഹീതനാണെന്നു പ്രവാചകന്‍പഠിപ്പിക്കുന്നുണ്ട്,. മരണാനന്തരം ആര്‍ക്കും തണല് ലഭിക്കാതെ പ്രയാസപ്പെട്ട് ചുട്ടുപൊള്ളുന്ന വെയിലില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ദൈവത്തോടുള്ള കീഴ്‌വണക്കത്തില്‍ കഴിഞ്ഞ യുവാവിനെ ദൈവം പ്രത്യേകമായ തണല് നല്‍കി ആദരിക്കും’

പ്രവാചകാനുയായികളുടെ പ്രായം നോക്കിയാല്‍ യുവാക്കളായിരുന്നു അവരില്‍ കൂടുതലും എന്ന് നമുക്ക് മനസ്സിലാകും. ഓരോ കാലഘട്ടത്തിലും വന്ന പ്രവാചകന്‍മാര്‍ അതാത് കാലത്തെ തിന്മകള്‍ക്കെതിരെ പടപൊരുതിയപ്പോള്‍ അതാത് കാലത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ, അനാചാരങ്ങള്‍ക്കെതിരെ, ജാതീയതക്കെതിരെ, പൗരോഹിത്യത്തിനെതിരെ പടപൊരുതിയപ്പോള്‍ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് പ്രവാചകന്‍മാരുടെ കൂടെത്യാഗങ്ങള്‍ സഹിച്ചു കൊണ്ട് നിലയുറപ്പിച്ചത് യുവാക്കളായിരുന്നു. കാരണം അവര്‍ക്കാണ് തിരുത്തല്‍ ശേഷി കൂടുതലായും ഉണ്ടാവുക. അതുകൊണ്ട് യുവത്വം എന്ന അനുഗ്രഹത്തെ നേരാംവിധം പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ ലോകത്തെ ജീവിതത്തിന് ശേഷം മറ്റൊരു ജീവിതമുണ്ട് എന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം, ഈ ലോകത്തെ നന്മ തിന്മകള്‍ വിചാരണ ചെയ്യപ്പെടുമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം, മനുഷ്യന്റെ ആയുസ്സ് എന്തിന് വേണ്ടി ചെലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടും എന്ന് പഠിപ്പിക്കുന്നു. ആയുസ്സ് എന്തിന് വേണ്ടി ചെലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടുന്നതിന് പുറമെ യുവത്വത്തെ കുറിച്ച് പ്രത്യേകമായി ചോദിക്കപ്പെടുമെന്നാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്. യുവാക്കളുടെ സത്കര്‍മ്മത്തിന് പ്രത്യേക പ്രതിഫലമുണ്ട്. കാരണം തിന്മ ചെയ്യാന്‍ കഴിവുണ്ടായിരിക്കെ അത് ചെയ്യാതിരിക്കുന്നവരാണ് അവര്‍. തിന്മ ചെയ്യാന്‍ സാധിക്കാത്ത ഒരാള്‍, അക്രമവും അതുപോലുള്ള തിന്മകളും ചെയ്യാന്‍ കഴിയാത്ത ഒരാള്‍ അത് ചെയ്യാതിരിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ പ്രയാസപ്പെടുത്താനും, അക്രമിക്കാനും കഴിവുണ്ടായിരിക്കെ അത് ചെയ്യാതിരിക്കുന്നത് മഹത്തരമായ കാര്യമാണ് എന്ന് നമുക്കറിയാം. തിന്മ ചെയ്യാന്‍ കഴിവുണ്ടായിരിക്കെ അത് ചെയ്യാത്തവരാണ് യുവാക്കള്‍. അതുകൊണ്ട് യുവാക്കളുടെ സത്കര്‍മ്മത്തിന് പ്രത്യേക പ്രതിഫലമുണ്ട്. നന്മ ചെയ്യാന്‍ അവര്‍ക്ക് ലഭിച്ച കഴിവിനെ ഉപയോഗപ്പെടുത്തുന്നവരാണ് നന്മ ചെയ്യുന്ന യുവാക്കള്‍ എന്നത് കൊണ്ട് അവര്‍ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. നമ്മുടെ നാടിന് യുവാക്കളെ ആവശ്യമുണ്ട്. സ്വപ്‌നം കാണാന്‍ കഴിയുന്ന യുവാക്കളെ. അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം അതിനെ കുറിച്ചാണ് പറഞ്ഞത്. നമ്മുടെ മുന്‍ഗാമികളായ യുവാക്കള്‍ കണ്ട സ്വപ്‌നമാണ് നമ്മുടെ നാടിന്റെ ഇന്നത്തെ സുസ്ഥിതിക്ക് പിന്നിലെന്ന് നമുക്കറിയാം. ഇന്നത്തെ സുസ്ഥിതി നഷ്ടപ്പെടാതെ കാവല്‍ നില്‍ക്കാനുള്ള ചുമതല ഇന്നത്തെ യുവാക്കള്‍ക്കുണ്ട്. യുവാക്കള്‍ തങ്ങളുടെ യുവത്വത്തെ സ്വന്തത്തിന് വേണ്ടി മാത്രമല്ല സ്വന്തം നാട്ടിനും, നാട്ടിലെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി വിനിയോഗിക്കുന്ന തലത്തിലേക്ക് വളരുകയും ഉയരുകയുമാണ് വേണ്ടത്. ദൈവം നല്‍കിയ യുവത്വം എന്ന അനുഗ്രഹത്തെ അവ്വിധം പ്രയോജനപ്പെടുത്താന്‍ നമ്മളിലെ യുവാക്കള്‍ക്ക് സാധിക്കണം.

 

Facebook Comments
Related Articles
Show More
Close
Close