Your Voice

മുസ്‌ലിം ബഹിഷ്‌കരണം എന്ന പുതിയ ആയുധം

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന മുസ്‌ലിം വിരുദ്ധതക്ക് ആക്കം കൂട്ടിക്കൊണ്ട് അടുത്തിടെയായി സംഘ്പരിവാര്‍ ശക്തികള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപക പ്രചരണം നടത്തുന്നു. ‘മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കുക’ എന്ന പുതിയ ഹാഷ്ടാഗില്‍ മുസ്‌ലിംകള്‍ക്കെതിരായ പുതിയ ആയുധം പയറ്റുകയാണ് സംഘ്പരിവാര്‍ ശക്തികള്‍. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ശ്രദ്ധേയമായ സ്വതന്ത്ര ആര്‍.എസ്.എസ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ധാരാളം ട്വീറ്റുകള്‍ വരുന്നുണ്ട്. ഈ ട്വിറ്റര്‍ അക്കൗണ്ടിലെ ഒരു ലക്ഷത്തോളം ഫോളോവേഴ്‌സില്‍ പ്രമുഖ ബി.ജെ.പി നേതാക്കളും പെടും.

ഇതാദ്യമായല്ല, സംഘ്പരിവാര്‍ ശക്തികള്‍ ട്വിറ്ററിലൂടെ മുസ്‌ലിംകള്‍ക്കെതിരെ ക്യാമ്പയിനിംഗ് നടത്തുന്നത്. ദാദ്രി സംഭവുമായി ബന്ധപ്പെട്ടും ”ഇത്തരം സംഭവങ്ങള്‍ ഇനിയും അരങ്ങേറേണ്ടതുണ്ട്. ഹിന്ദുക്കള്‍ വളരെ ജാഗ്രതയോടെ നിലകൊള്ളുകയും നരേന്ദ്രമോദിയെ പിന്തുണക്കുകയും ചെയ്യുക” എന്ന ട്വിറ്റര്‍ സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി. ”മോദി ഒരു ജെയിംസ് ബോണ്ട് നടപടി സ്വീകരിക്കാന്‍ കാത്തുനില്‍ക്കാതെ ദയവായി നാട്ടിലെ കുടിയേറ്റക്കാരായ റിക്ഷക്കാരെയും ഓട്ടോക്കാരെയും ബാര്‍ബര്‍മാരെയും പലചരക്ക് കടക്കാരെയും ബഹിഷ്‌കരിക്കാന്‍ നാം തയ്യാറാകണം. കരീമിന്റെ ചിക്കനെ ഓര്‍ത്ത് വായില്‍ വെള്ളമൂറുന്നത് എന്തിന്? തൊട്ടപ്പുറത്ത് രജീന്ദറിന്റെ ചിക്കനുണ്ട്, അവിടുത്തെ സ്വാദ് ആസ്വദിക്കാമല്ലോ. സ്വന്തം മരണത്തിന് സംഭാവന നല്‍കുന്നത് നിര്‍ത്തുക. ഒരു ഇടപാട് നടത്തുമ്പോഴും ഒരു സഹായം ചെയ്യുമ്പോഴും എപ്പോഴും ആളുകളുടെ പേര് ചോദിക്കുക, ഒരു അഞ്ചു രൂപ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുകയാണെങ്കില്‍ പോലും”, മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ചില സ്ഥാപിത താല്‍പര്യക്കാര്‍ രാജ്യത്തെ മുസ്‌ലിംകളെ ധ്രുവീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ട്വീറ്റുകള്‍ അതിന് എരിവ് പകരുകയേ ഉള്ളൂ. ഒരു മതേതര രാഷ്ട്രം ഒരിക്കലും ഇത്തരം വാദങ്ങളെ സ്വീകരിക്കാന്‍ പാടില്ല. കാരണം അത് രാജ്യത്തിന് പല നിലക്കും ഭീഷണി സൃഷ്ടിക്കുന്നതാണ്. ആശ്ചര്യകരമെന്നത്, മുസ്‌ലിംകള്‍ക്കെതിരെ വിഷലിപ്തമായ സന്ദേശങ്ങള്‍ കൈമാറിയ ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രധാനമന്ത്രിയും ഒരു ഫോളോവര്‍ ആണ് എന്നതാണ്. പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന വേറെയും പല അക്കൗണ്ടുകളും മുസ്‌ലിംകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദിക്കുന്നവയാണ്. സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഇത്തരം ആളുകളെ ഫോളോ ചെയ്യാന്‍ എങ്ങനെ പ്രധാനമന്ത്രിക്ക് സാധിക്കുന്നു? രാജ്യത്ത് വര്‍ഗീയ സന്ദേശങ്ങള്‍ പടര്‍ത്തുന്ന ഇത്തരം സംഘങ്ങളെ പിന്തുണക്കാന്‍ എന്തുകൊണ്ട് പ്രധാനമന്ത്രി തയ്യാറാകുന്നു? വ്യാജ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഇത്തരം ആളുകളെ എന്തുകൊണ്ട് പ്രധാനമന്ത്രി അംഗീകരിക്കുന്നു? മോദിയുടെ സോഷ്യല്‍ മീഡിയ ടീമിന് ഇതൊക്കെ ശുദ്ധീകരിക്കേണ്ട ബാധ്യതയുണ്ട്. അവരുടെ അജണ്ടകളുമായി പ്രധാനമന്ത്രിക്ക് ബന്ധമില്ലെങ്കില്‍ ട്വിറ്റര്‍ അക്കൗണ്ട് ശുദ്ധീകരിക്കപ്പെടട്ടെ. കാരണം, അദ്ദേഹം ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നവരുടെ മാത്രമല്ല അത് വിളിക്കാത്തവരുടെയും പ്രധാനമന്ത്രിയാണ്.

വിവ: അനസ് പടന്ന

 

Facebook Comments
Related Articles
Show More

Check Also

Close
Close
Close