Current Date

Search
Close this search box.
Search
Close this search box.

മുസ്ലിങ്ങളുടെ യാത്രയും ഭൂമിശാസ്ത്ര പുരോഗതിയും

പുരാതന കാലം മുതല്‍ മുസ്‌ലിങ്ങള്‍ കച്ചവടയാത്രകള്‍ നടത്താറുണ്ടായിരുന്നു. മാത്രമല്ല, കച്ചവടയാത്രകളില്‍ പലപ്പോഴും അവര്‍ കടല്‍ കടന്ന് മറ്റ് രാഷ്ട്രങ്ങളില്‍ എത്തിച്ചേരുകയും അവിടത്തെ സാമൂഹികവും, നാഗരികവും, സാമ്പത്തികവുമായ സാഹചര്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. പില്‍ക്കാലത്ത് ഭൂമിശാസ്ത്രത്തിന് മുതല്‍ക്കൂട്ടായത് ഇത്തരത്തിലുള്ള കുറിപ്പുകളും രേഖകളുമായിരുന്നു.

ഇസ്‌ലാമിക രാഷ്ട്രാതിര്‍ത്തികള്‍ വിശാലമാവുകയും, മുസ്‌ലിങ്ങള്‍ കച്ചവടത്തിനും വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനും വേണ്ടി യാത്രകള്‍ നടത്തുകയും ചെയ്തതോടെ അവര്‍ സ്വാഭാവികമായും ഭൂമിശാസ്ത്രത്തെ ഏറ്റെടുക്കുകയും അതില്‍ നിപുണരാവുകയും ചെയ്തു. ഏഷ്യയിലെയും ആഫ്രിക്കയിലേയും വനാന്തരങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു. മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍മാര്‍ കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത രാഷ്ട്രങ്ങളുമായി അക്കാലത്തവര്‍ കച്ചവടബന്ധമുണ്ടാക്കി. ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ പുരാവസ്തു ഗവേഷകര്‍ അവിടെ നിന്നെല്ലാം ഇസ്‌ലാമിക നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പതിനാലാം നൂറ്റാണ്ടോട് (ഹിജ്‌റ 703-779) കൂടിയാണ് അറബിളുടെ യാത്ര അതിന്റെ ഉച്ചിയിലെത്തിയത്. മുപ്പത് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മിക്ക രാഷ്ട്രങ്ങളും സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. തന്റെ യാത്രാനുഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഒടുവിലദ്ദേഹം സ്വന്തം രാഷ്ട്രത്തിലേക്ക് തന്നെ മടങ്ങി. പില്‍ക്കാലത്ത് ഭൂമി ശാസ്ത്രത്തിന് വലിയ സംഭാവനകളര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ രചന സഹായകമായിട്ടുണ്ട്. കാരണം താന്‍ കണ്ട നാടുകളും അവയുടെ പരിസ്ഥിതിയും, വിഭവശേഷിയും, ജനങ്ങളും സമ്പ്രദായങ്ങളും ആചാരങ്ങളുമെല്ലാം അദ്ദേഹം കുറിച്ച് വെച്ചിരുന്നു.

ഭൂമിശാസ്ത്രത്തില്‍ ഇത്തരത്തില്‍ മുസ്‌ലിങ്ങള്‍ വളരെ പുരോഗതി കൈവരിച്ചു. സമുദ്രത്തെയും വേലിയേറ്റത്തെയും വേലിയിറക്കത്തെയും കുറിച്ച് മുറവ്വിജുദ്ദഹബ് എന്ന ഗ്രന്ഥമെഴുതിയ മസ്ഊദിയും, അഹ്‌സനു ത്തഖാസീം ഫീ മഅ്‌രിഫതില്‍ ഇഖ്‌ലീം എന്ന ഗ്രന്ഥം രചിച്ച മഖ്ദസി, നുസ്ഹതുല്‍ മുശ്താഖ് ഫീ ഇഖ്തിറാഖില്‍ ആഫാഖ് എന്ന രചന നിര്‍വ്വഹിച്ച ഇദ്‌രീസിയും ഇതില്‍ പ്രശസ്തരാണ്. ഭൂമിശാസ്ത്രത്തില്‍ മധ്യകാലഘട്ടത്ത് രചിക്കപ്പെട്ട ഏറ്റവും മൂല്യവത്തായ കൃതികളായാണ് ഇവയെ പാശ്ചാത്യര്‍ പരിഗണിക്കുന്നത്.
ഒമ്പതാം നൂറ്റാണ്ടിലും പ്രസ്തുത ശാസ്ത്രത്തിന് മഹത്തായ സംഭാവനകളര്‍പ്പിച്ച മഹാന്‍മാര്‍ രംഗത്ത് വന്നു. വിവിധങ്ങളായ രാഷ്ട്രങ്ങളെ ഭൂമിശാസ്ത്രപരമായി അപഗ്രഥിച്ച് അല്‍ ബുല്‍ദാന്‍ രചിച്ച യഅ്ഖൂബി ഇതില്‍ പെടുന്നു. പത്താം നൂറ്റാണ്ടില്‍ രംഗത്ത് വന്ന് റഷ്യയും ബള്‍ഗേറിയയും സന്ദര്‍ശിച്ച ഫള്‌ലാന്‍ ഇതിന്റെ തുടര്‍ച്ചയെ കുറിക്കുന്നു.

മഖ്ദസിയുടെ അഹ്‌സനു തഖാസീം എന്ന ഗ്രന്ഥം ഇസ്‌ലാമിക ലോകത്തെ ഏകദേശം എല്ലാ പ്രദേശങ്ങളെയും കുറിച്ച് വിവരിക്കുന്നു. തുടര്‍ന്ന് അല്‍ബിറൂനി രംഗത്ത് വരികയും തന്റെ ആസാറുല്‍ ബാഖിയ മിന്‍ ഖുറൂനില്‍ ഖാലിയ എന്ന ഗ്രന്ഥത്തിലൂടെ ഇന്ത്യയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഭൂമി ശാസ്ത്രത്തിലെ മഹത്തായ സംഭാവനകളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. ശേഷം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇദ്‌രീസി മേല്‍സൂചിപ്പിച്ച ഗ്രന്ഥവുമായി വന്നത്. അദ്ദേഹം ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് വ്യക്തമാക്കുകയും വ്യക്തമായ രൂപത്തില്‍ ലോകത്തിന്റെ ഭൂപടം നിര്‍മിക്കുകയും ചെയ്തു. ലോകമാനവ കുലത്തെയും അവരുടെ ജീവിതരീതിയെയും കുറിച്ച് സമഗ്രസ്വഭാവത്തില്‍ രചന നിര്‍വ്വഹിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ വന്ന ഇബ്‌നു ഖല്‍ദൂന്‍ ആണ്. അതിനാല്‍ തന്റെ സാമൂഹിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നതും അദ്ദേഹം തന്നെ.

കേവലം കേള്‍ക്കുന്നതും ആരെങ്കിലും ഉദ്ധരിക്കുന്നതും മാത്രമായിരുന്നില്ല വിവരശേഖരത്തിന് അവംലബിച്ചത്. മറിച്ച് വിവിധങ്ങളായ നാടുകള്‍ താണ്ടി നേടിയെടുത്ത ജീവിതാനുഭവങ്ങളും അവര്‍ സമ്പാദിച്ചു. പിന്നീട് അവരത് രേഖപ്പെടുത്തുകയും അത് മുഖേന ഒരു ശാസ്ത്രം രൂപപ്പെടുകയും ചെയ്തു. ഇബ്‌നു ഹൗഖല്‍, ഖസ്‌വീനി, യാഖൂതുല്‍ ഹമവി തുടങ്ങിയവര്‍ ഇപ്രകാരം ഭൂമിശാത്രത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയവരാണ്.
മുസ്‌ലിം ഭൂമി ശാസ്ത്രകാരന്മാരെല്ലാം ഭൂമി ഉരുണ്ടതാണെന്ന വാദമായിരുന്നു ഉന്നയിച്ചിരുന്നത്. മസ്ഊദിയും, ഇബ്‌നു ഖര്‍ദാദ്ബയും ഇക്കാര്യം സ്ഥാപിച്ചു. അതിനാലാണ് പ്രഥമമായി അമേരിക്ക കണ്ട് പിടിച്ചത് അറബികളാണെന്ന് ചിലര്‍ പറയുന്നത്. കാരണം ക്രിസ്റ്റ്ഫര്‍ കൊളംബസ് ജനിക്കുന്നതിന് വളരെ മുമ്പ് അമേരിക്കയില്‍ അറബികള്‍ ജിവിച്ചിരുന്ന പ്രദേശങ്ങളിലെ സസ്യങ്ങളും ചെടികളും എത്തിയതായി സസ്യശാസ്ത്രകാരന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

പ്രമുഖ ശാസ്ത്രജ്ഞനായ ടെയ്‌ലര്‍ പറയുന്നത് ഗുഡ് ഹോപ്പിലേക്കുള്ള വഴി കണ്ട് പിടിച്ച സ്പാനിഷ്-പോര്‍ച്ചുഗീസ് കപ്പിത്താന്‍മാര്‍ സമുദ്രജ്ഞാനം അറബികളില്‍ നിന്നാണ് പഠിച്ചെടുത്തതെന്നാണ്.
പിന്നീട് വന്ന വാസ്‌കോഡ ഗാമ അറബികള്‍ സമര്‍പ്പിച്ച സമുദ്രജ്ഞാനങ്ങളും, ഭൂപടവും പഠിച്ച് മനസ്സിലാക്കുകയും അതില്‍ ആകൃഷ്ഠനാവുകയും ചെയ്തു.
ഭൂമിശാസ്ത്രത്തില്‍ മുസ്‌ലിങ്ങളുടെ മഹത്തായ പങ്കിനെക്കുറിക്കുന്ന ചരിത്രങ്ങളാണിവ. യൂറോപ്പിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് അടിത്തറയായി വര്‍ത്തിച്ചത് മുസ്‌ലിങ്ങളുടെ ഈ സംഭാവനകളാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles