Your Voice

മറുപടി ഉടനെ അയക്കുമല്ലോ

കഴിഞ്ഞ ദിവസം എനിക്കൊരു കത്ത് കിട്ടി. അത്ഭുതത്തോടെയാണ് കൈപ്പറ്റിയത്. എട്ടും ഒന്‍പതും കത്തുകള്‍ (വെയ്റ്റ് കൂടിയതിനാല്‍ സ്റ്റാമ്പ് കൂടുതലൊട്ടിച്ചതും) പലതവണകളായി അയച്ചാല്‍ എനിക്ക് എല്ലാത്തിനും കൂടി ഒറ്റപ്പേജിലൊരു മറുപടി മാത്രം കിട്ടിയിരുന്നിടത്ത് അപ്രതീക്ഷിതമായി ഒന്ന്. നാടും നാട്ടാരും നാട്ടുശീലങ്ങളും മറന്നുപോവാതിരിക്കാന്‍ വിദേശത്ത് സംഘടിപ്പിക്കപ്പെട്ട ഒത്തുചേരല്‍ പരിപാടിയില്‍ ഒരു കത്തെഴുതി നോക്കിയാലോ എന്നത് ആരുടെയോ തലയില്‍ വന്നതാണ്. ഒപ്പിടാന്‍പോലും പേനയെടുക്കേണ്ടതില്ലാത്തതിനാല്‍ കാലങ്ങളായി എഴുത്തുമറന്നവരെല്ലാം അന്ന് കൈകളില്‍ പേനയേന്തി. അങ്ങനെയുളള പരിശ്രമത്തിന്റെ ഫലമായി പിറവിയെടുത്ത ഒരു കത്താണ് എനിക്ക് കിട്ടിയത്. അടിക്കുറിപ്പായി ഒരു കാര്യവും അതില്‍ ചേര്‍ത്തിട്ടുണ്ട്; ‘മക്കള്‍ക്ക് വായിക്കാന്‍ കൊടുക്കുക. അവര്‍ കത്ത് എന്താണെന്ന് അറിയട്ടെ.’

പത്തുമക്കളുള്ള വല്ല്യുമ്മയുടെ ഏഴ് മക്കളും ഗള്‍ഫുകാരായതിനാലാണ് അന്ന് വല്യുമ്മ സാക്ഷരതക്ക് പോയി അക്ഷരങ്ങള്‍ പഠിച്ചത്. ഒരു കെട്ട് ലെറ്റര്‍പാഡില്‍ മുഴുവന്‍ സലാമും ബിസ്മിയും അവിടുത്തെയും ഇവിടുത്തെയും സുഖവിവരങ്ങളും മുന്‍കൂറായി ഞങ്ങള്‍ എഴുതിക്കൊടുത്തിരുന്നു. ബാക്കി, കൊടുത്തയക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും മറുപടി എന്തായാലും അയക്കണമെന്നുമൊക്കെ 12 വര്‍ഷംമുമ്പ് മരണപ്പെട്ട അന്നത്തെ 89-കാരി തന്നെ മുഴുമിപ്പിക്കും. അതില്‍നിന്നാണ് കത്തിന്റെ ബാലപാഠങ്ങള്‍ ചികഞ്ഞെടുത്തത്. പിന്നീട് ഒരോ പരീക്ഷക്കും കൂട്ടുകാര്‍ക്കും പത്രക്കാര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെല്ലാം മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും കത്തുകളെഴുതി.

കത്തിന്റെ കവറില്‍ ചിലപ്പോഴൊക്കെ കാസറ്റുണ്ടാകും. ഹൃദയം പറിക്കുന്ന വര്‍ത്തമാനങ്ങള്‍ റെക്കോഡു ചെയ്തവ. ഒരു കാസറ്റെടുത്ത് ഇതു പഴയ സി.ഡിയല്ലേ എന്ന് ചോദിക്കുന്ന മക്കളുടെ മുഖത്തുനോക്കി ഇതൊക്കെ പറഞ്ഞാല്‍ വിശ്വസിക്കുമോ. ഹോസ്റ്റലിലേക്ക് നൂറും ഇരുനൂറും രൂപയുടെ മണിയോര്‍ഡറുമായി വന്നിരുന്ന പോസ്റ്റുമാന് ഇന്നങ്ങോട്ട് വഴി പറഞ്ഞു കൊടുക്കേണ്ടി വരും. സ്‌കൂളില്‍ നിന്ന് കുട്ടികളെയെല്ലാം ജാഥയാക്കി പോസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയാണ് അതിന്റെ ചരിത്രം പഠിപ്പിക്കുന്നത്.

കത്തിന് വേണ്ടി കാത്തിരിക്കും. കമ്പിയാണെങ്കില്‍ പേടിയായിരുന്നു. കാരണം മിക്ക മരണങ്ങളും ദൂരമറിയിക്കാതെ വന്നത് കമ്പിയില്ലാ കമ്പിയിലൂടെയായിരുന്നു. ഒടുവില്‍ 100 വയസ്സായപ്പോള്‍ ടെലഗ്രാമും മരിച്ചതോടെ ആ പേടി അസ്ഥാനത്തായി. നമ്മുടെ നാട്ടില്‍ 241 വര്‍ഷംമുമ്പ് നിലവില്‍ വന്ന പോസ്റ്റല്‍ രീതി വളര്‍ന്ന് പന്തലിച്ചത് ഇന്ത്യക്കാരുടെ കൈകളിലൂടെ തന്നെയാണ്. അഞ്ചലോട്ടക്കാരന്‍ മുമ്പ് ഓടിത്തീര്‍ത്ത ഇടങ്ങളൊക്കെ ഇന്നത്തെ പോസ്റ്റ് മാസ്റ്റര്‍ക്ക് നടന്നുകാണേണ്ട അവസ്ഥവരെയില്ലാതായി.

ഗള്‍ഫുകാരന്റെ കത്തുമായി വരുന്ന പോസ്റ്റ്മാനെ കാത്തിരുന്നത് ഭാര്യമാരും ഉമ്മമാരും മാത്രമായിരുന്നില്ല, സ്റ്റാമ്പുകള്‍ അമൂല്യനിധിപോലെ പറിച്ച് സൂക്ഷിച്ചിരുന്ന കുട്ടികളുമായിരുന്നു. പുതിയ പുതിയ രാജ്യങ്ങളുടെ പേരുകള്‍ പഠിക്കാനും കിട്ടിയ സ്റ്റാമ്പുകള്‍ പങ്കുവെക്കാനുമുള്ള ആവേശവും അവര്‍ക്കുണ്ടായിരിക്കും. ഫിലാറ്റലിക് ക്ലബ്ബ് സംഘടിപ്പിക്കുന്ന പരിപാടികളുടെ പോസ്റ്ററുകളും മുമ്പത്തെപ്പോലെ ഇപ്പോള്‍ കാണാറില്ല. ഇപ്പോള്‍ അത്തരം ശീലങ്ങളുള്ള കുട്ടികളും കുറവാണെന്ന് തോന്നുന്നു. അവരെ പറഞ്ഞിട്ടും കാര്യമില്ല, എപ്പോഴെങ്കിലും വരുന്ന രജിസ്‌റ്റേഡ് പോസ്റ്റില്‍ നിന്നോ ബുക്‌പോസ്റ്റുകളില്‍ നിന്നോ അത്രമാത്രം സ്റ്റാമ്പുകളൊന്നും പറിച്ചെടുക്കാനാവില്ലല്ലോ.

അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ഇടക്കിടക്ക് പിടികൂടിയിരുന്ന സ്‌നേഹക്കത്തുകളില്‍ മിക്കതും കൂട്ടുകാര്‍ക്കുവേണ്ടി പൊടിപ്പും തൊങ്ങലുംവെച്ച് എഴുതിക്കൊടുക്കുമ്പോള്‍ ആസ്വദിച്ചിരുന്ന കൈകള്‍ പിന്നീട് വിറക്കാന്‍ തുടങ്ങിയത് പോസ്റ്റല്‍ വകുപ്പും അറിഞ്ഞുകാണുമോ? അത്യാവശ്യം പല പല പേരുകളിലുള്ള സംരംഭങ്ങളും ലോണുകളും ചില പദ്ധതികളും പോസ്റ്റല്‍ വകുപ്പ് ഏറ്റെടുത്ത് നടത്തിവരുന്നതിനാല്‍ അടി പതറാതെ കുറച്ചുകൂടി നില്‍ക്കാനായേക്കുമെന്ന് കരുതുന്നു.

Facebook Comments
Related Articles
Show More
Close
Close