ഇസ്‌ലാമിക നാഗരികതയില്‍ ഭരണാധികാരികളും ഭരണീയരും തമ്മിലുള്ള ബന്ധം ആദരവ് നിറഞ്ഞതും ഊഷ്മളവുമായിരുന്നു. ജനങ്ങളെ വ്യത്യസ്ത തട്ടുകളാക്കി വിഭജിച്ച്, സേഛ്വാധിപത്യ ഭരണം നടത്തിയ റോമന്‍-പേര്‍ഷ്യന്‍ ഭരണാധികാരികളില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു അത്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഭരണീയരും ഭരണാധികാരികളും വിശുദ്ധ ഖുര്‍ആന്റെയും ഹദീസിന്റെയും അധ്യാപനങ്ങളാണ് അനുധാവനം ചെയ്തത്. ഭരണാധികാരികള്‍ ഈ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് ഭരണം നടത്തിയിരുന്നത്. അതിനാല്‍ തന്നെ സമൂഹത്തിന് ഭരണാധികാരികളോട്് മതിപ്പും വലിയ ബാധ്യതകളുമുണ്ടായിരുന്നു.
ഭരണാധികാരികളെ സത്യത്തിന്റെ ദിശയില്‍ തിരിച്ചുവിടുന്നതാണ് ശ്രേഷ്ടമായ ജിഹാദെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു. ഭരണാധികാരികളുടെ അബദ്ധങ്ങളെ വിചാരണ ചെയ്യല്‍ സമൂഹം തങ്ങളുടെ പ്രഥമബാധ്യതയായി മനസ്സിലാക്കി. ഖലീഫമാര്‍ ഭരണമേറ്റെടുത്തു കൊണ്ടുള്ള തങ്ങളുടെ നയപ്രഖ്യാപനത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. അബൂബക്കര്‍ (റ) പ്രസ്താവിച്ചു: ‘ഞാന്‍ വ്യതിചലിക്കുന്ന പക്ഷം നിങ്ങളെന്നെ ശരിപ്പെടുത്തുക’.
സഹാബികളുമായുള്ള പ്രവാചകന്റെ ബന്ധം
പ്രവാചകന്‍(സ) തന്റെ അനുചരന്മാരുടെ അഭിപ്രായത്തിന് കാതോര്‍ക്കുകയും ക്രിയാത്മകമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ബദ്ര്‍ യുദ്ധത്തിന് മുമ്പ് പ്രവാചകന്‍ വെള്ളം കെട്ടിനില്‍ക്കുന്ന താഴ്ന്ന ഭാഗത്തായിരുന്നു നിലയുറപ്പിക്കാന്‍ തീരുമാനിച്ചത്. ഹുബാബ് ബിന്‍ മുന്‍ദിര്‍(റ) എന്ന സഹാബി അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ‘പ്രവാചകരേ, അല്ലാഹുവിന്റെ നിര്‍ദ്ദേശമനുസരിച്ചാണോ താങ്കള്‍ പ്രസ്തുത സ്ഥലം തെരഞ്ഞെടുത്തത്? മറിച്ച് താങ്കളുടെ അഭിപ്രായമനുസരിച്ചാണെങ്കില്‍ യുദ്ധമെന്നത് തന്ത്രം കൂടിയാണ്. അതിനാല്‍ തന്നെ ശത്രുക്കളെ നേരിടാന്‍ അനുയോജ്യമായ സ്ഥലമല്ല ഇത്. വെള്ളം കുറവുള്ള സ്ഥലത്തേക്ക് ജനങ്ങളെയും കൊണ്ട് പുറപ്പെടുക, അവിടെയുള്ള കിണറുകളില്‍ നിന്ന് വെളളം വറ്റിക്കുക, നാം നില്‍ക്കുന്നിടത്ത് ഹൗള് നിര്‍മിച്ച് ജലം സംഭരിക്കുക, അപ്പോള്‍ നമുക്ക് ആവശ്യത്തിന് വെള്ളം ലഭിക്കും. ശത്രുക്കള്‍ക്ക് ലഭിക്കുകയുമില്ല.’ അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. താങ്കള്‍ ഏറ്റവും ക്രിയാത്മകമായ അഭിപ്രായമാണ് മുന്നോട്ട് വെച്ചത്. പ്രവാചകന്‍ ആ നിര്‍ദ്ദേശമനുസരിച്ച് ക്രമീകരണങ്ങളേര്‍പ്പെടുത്തി. ഭരണാധികാരികളും പ്രജകളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെയും കൂടിയാലോചനയുടെയും നിദര്‍ശനമാണ് ഹുബാബ് ബിന്‍ മുന്‍ദിര്‍(റ)വിന്റെ അഭിപ്രായം പ്രവാചകന്‍ സ്വീകരിച്ചതിലൂടെ പ്രകടമായത്.
പ്രജകളുമായുള്ള ഉമറിന്റെ ബന്ധം
കണ്ടുകെട്ടിയ ഒരു ഭൂമിയുടെ വിഷയത്തില്‍ ഉമര്‍(റ)വിനെ ചോദ്യം ചെയ്യാനായി ഒരു ഗ്രാമീണവാസി എത്തി. അയാള്‍പറഞ്ഞു. ‘അമീറുല്‍ മുഅ്മിനീന്‍, ഞങ്ങള്‍ ജാഹിലിയ്യ കാലത്ത് ഇവിടെ താമസിച്ചു. ഇസ്‌ലാമിലും ഇവിടെതന്നെയാണ് താമസിച്ചത്. പിന്നെ എന്തിനാണ് അത് കണ്ടുകെട്ടുന്നത്?. മീശപിരിച്ചു കൊണ്ട് ഉമര്‍ തന്റെ ദേഷ്യഭാവം പ്രകടിപ്പിച്ചു. അയാള്‍ തന്റെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ ഉമര്‍ പ്രതികരിച്ചു. ‘ധനം അല്ലാഹുവിന്റേതാണ്, അടിമകളും അല്ലാഹുവിന്റേത് തന്നെ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ബാധ്യതയല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ ഒരു തുണ്ടും ഞാന്‍ എടുക്കുമായിരുന്നില്ല.’
ഉമറിന്റെ ഗവര്‍ണര്‍മാരും ദൈവബോധത്തിലും ദൈവ ഭയത്തിലും ഉന്നത സ്ഥാനം അലങ്കരിച്ചതായി കാണാം. രാജ്യനിവാസികള്‍ സുഭിക്ഷതയിലായിരിക്കുമ്പോഴും ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഗവര്‍ണര്‍മാരെ നമുക്ക് കാണാന്‍ കഴിയും. ഇബ്‌നു അസാകിര്‍ ദമസ്‌കസിന്റെ ചരിത്രം രേഖപ്പെടുത്തിയപ്പോള്‍ ഗവര്‍ണറായ സഈദ് ബിന്‍ ആമിറിന്റെ ഭരണത്തെ പറ്റി വിവരിക്കുന്ന ശ്രദ്ധേയമായ ഒരു സംഭവം കാണാം. ‘ഉമര്‍ ഹിംസിലെത്തിയപ്പോള്‍ അവിടെയുള്ള ദരിദ്രന്‍മാരുടെ പേരുകള്‍ എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ ഗവര്‍ണറായ സഈദു ബിന്‍ ആമിറിന്റെ പേരുമുണ്ടായിരുന്നു. ഉമര്‍ ചോദിച്ചു. ‘ആരാണ് സഈദു ബിന്‍ ആമിര്‍?’ ഞങ്ങളുടെ അമീര്‍ എന്ന് അവര്‍ പ്രതികരിച്ചു. ‘നിങ്ങളുടെ അമീര്‍ ദരിദ്രനോ?’ – ഉമര്‍ വീണ്ടും ചോദിച്ചു, അവര്‍ അതേ എന്നു മറുപടി പറഞ്ഞു. ‘എങ്ങനെ അദ്ദേഹം ദരിദ്രനായി?’ പിന്നെ എവിടെ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം. അദ്ദേഹം ഒന്നും തനിക്ക് വേണ്ടി സംരക്ഷിക്കാറില്ല എന്ന് അവര്‍ മറുപടി പറഞ്ഞു. ഉമര്‍(റ) കരഞ്ഞ് കൊണ്ട് അദ്ദേഹത്തിനായി ആയിരം ദിനാര്‍ ദൂതന്റെയടുത്ത് കൊടുത്തയച്ചു. പക്ഷെ, അമീര്‍ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതുന്ന സമരഭടന്മാര്‍ക്ക് നല്‍കുകയാണ് ചെയ്തത്.
അബൂ മുസ്‌ലിമുല്‍ ഖൗലാനിയും മുആവിയും
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധീരതയോടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച പ്രമുഖ താബിഈ ആയിരുന്നു അബുല്‍ മുസ്‌ലിമുല്‍ ഖൗലാനി. ഖലീഫ മുആവിയ മിമ്പറിലായിരിക്കെ അദ്ദേഹം പറഞ്ഞു. ‘അല്ലയോ മുആവിയ, താങ്കള്‍ മരിക്കാനുള്ളവനാണ്. വല്ല നന്മയും ചെയ്താല്‍ അത് താങ്കള്‍ക്കുണ്ടാകും. അങ്ങനെ പ്രവര്‍ത്തിക്കാത്ത പക്ഷം നിനക്ക് അവിടെ ഒന്നുമുണ്ടാവില്ല. ഖിലാഫത്ത് എന്നത് ധനശേഖരണവും വീതം വെക്കലുമല്ല. മറിച്ച് സത്യം ഉഛയിസ്ഥരം പ്രഖ്യാപിക്കലും നീതിയോടെ പ്രവര്‍ത്തിക്കലുമാണ്. മുആവിയ, ഗോത്രപക്ഷപാതിത്വം പുലര്‍ത്തുന്നതിനെ താങ്കള്‍ സൂക്ഷിക്കുക. നീതികള്‍ അനീതികള്‍ കാരണം അപ്രത്യക്ഷമാകും. അപ്പോള്‍ മുആവിയ എഴുന്നേറ്റ് പറഞ്ഞു: അബൂ മുസ്‌ലിം, താങ്കള്‍ക്ക് അല്ലാഹു കരുണ ചെയ്യട്ടെ ‘.
അബ്ബാസി ഖലീഫ മുഅ്തളിദ് ബില്ലാഹ്
കര്‍ഷകരോട് അളവറ്റ ദയയുള്ള ഭരണാധികാരിയായിരുന്നു മുഅ്തളിദ് ബില്ലാഹ്. അവര്‍ക്ക് എണ്ണമറ്റ സഹായങ്ങള്‍ ചെയ്തിരുന്നു. വിളവെടുപ്പു കാലം വരെ ഖറാജ് പോലുള്ള ടാക്‌സ് നല്‍കാന്‍ അവര്‍ക്ക് അവധി നല്‍കുകയുണ്ടായി. അവരുടെ അഭിവൃദ്ധിക്കായുള്ള നിരവധി സംരംഭങ്ങളിലേര്‍പ്പെടുകയുണ്ടായി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭരണത്തില്‍ പ്രജകളുടെ അവസ്ഥ വളരെ മെച്ചപ്പെടുകയുണ്ടായി.
അബ്ബാസി ഖലീഫ അല്‍ ഖാദിര്‍ ബില്ലാഹ്
വളരെ മതഭക്തനും ധാരാളമായി ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുന്നവനുമായിരുന്നു ഇദ്ദേഹം. ജനങ്ങളുടെ അവസ്ഥാന്തരങ്ങള്‍ അറിയാന്‍ വേണ്ടി സാധാരണക്കാരുടെ വേഷത്തില്‍ പ്രജകള്‍ക്കിടയില്‍ സഞ്ചരിക്കാറുണ്ടായിരുന്നു. അദ്ദേഹം അഹ്‌ലുല്‍ ഹദീസിന്റെ അടിസ്ഥാനങ്ങളെ കുറിച്ച് ഗ്രന്ഥരചന നിര്‍വഹിക്കുകയും എല്ലാ വെള്ളിയാഴ്ചയും മഹ്ദി മസ്ജിദില്‍ വെച്ചു നടക്കുന്ന അഹ്‌ല് ഹദീസ് സദസ്സില്‍ അദ്ദേഹം അത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
അബ്ദുര്‍റഹ്മാനുബ്‌നുല്‍ ഹകം
നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രജകളോടൊപ്പം അവരുടെ വേദനയില്‍ അവര്‍ പങ്കുചേരുകയും ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. സ്‌പെയിനിലെ ഭരണാധികാരിയായ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹകമിന്റെ കാലത്ത് വെട്ടുകിളികളുടെ നശീകരണം കാരണം സ്‌പെയിനില്‍ കടുത്ത ക്ഷാമം നേരിടുകയുണ്ടായി. ഗവര്‍ണര്‍മാറോടൊപ്പം ദരിദ്രര്‍ക്കും അഗതികള്‍ക്കും ഭക്ഷണമെത്തിക്കാന്‍ വേണ്ടി അവര്‍ നേരിട്ടിറങ്ങുകയുണ്ടായി.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്