Your Voice

ബാലറ്റില്‍ വിരലമര്‍ത്തും മുമ്പ്

വീണ്ടും കൊട്ടും കുരവയുമായി ഒരു തെരഞ്ഞെടുപ്പ് കൂടി സമാഗതമാവുകയാണ്. ജനാധിപത്യത്തിന്റെ അന്തസത്ത കാത്ത് സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോതെരഞ്ഞെടുപ്പുകളൂം നടത്തിവരുന്നത്. സമകാലികസംഭവങ്ങള്‍ കാണുമ്പോള്‍ ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രക്രിയയാണ് ജനാധിപത്യമെന്ന കാലപഴക്കം ചെന്ന നിര്‍വചനം കാലോചിതമായി മാറ്റേണ്ട സന്ദര്‍ഭമാണിതെന്ന് തോന്നുന്നൂ. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മുന്നണികള്‍ ഓരോന്നായി തേന്‍പുരട്ടിയ വാഗ്ദാനങ്ങള്‍ നിറച്ച പ്രകടനപത്രികകള്‍ ഇറക്കാറുണ്ട്. പക്ഷേ, പലപ്പോഴും പ്രകടനപത്രികകള്‍ പ്രഹസനപത്രികകളായി മാറുന്നതാണ് അനുഭവം.

കാലങ്ങളായി തടവിലാക്കപ്പെട്ട ചെറുപ്പക്കാരെ പററി ഒരു മാനിഫെസ്‌റേറായും മിണ്ടുന്നില്ല. നാമാണ് നമ്മുടെ പ്രതിനിധികളെ നിര്‍ണയിക്കുന്നതെന്ന ബോധവും ബോധ്യവുമാണ് ആദ്യം നമുക്ക് വേണ്ടത്. അധികാരം അലങ്കാരമല്ലെന്നും അത് ഉത്തരവാദിത്തമാണെന്നുമുള്ള ഉറച്ചബോധ്യമുള്ളവരെയാണ് നാം തെരഞ്ഞെടുക്കേണ്ടത്. മറിച്ച്, അധീശത്വ വാഴ്ച്ചയുടെയും പണക്കൊഴുപ്പിന്റെയും അടിസ്ഥാനത്തിലല്ല. വര്‍ഷങ്ങളായി ആധിപത്യമുറപ്പിച്ച മുന്നണികള്‍ മാറിമാറി ഭരിക്കുകയും അഞ്ച് വര്‍ഷത്തെ കാലാവധി എങ്ങനെയെങ്കിലും കഴിച്ചുകൂട്ടുകയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും, അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപകഷപാതിതവും അരങ്ങുവാഴുന്ന ദുഷിച്ചകാലമാണ്‌ നാം ഇത്രയും നാള്‍ അനുഭവിച്ചു തീര്‍ത്തത്. സംഭവങ്ങള്‍ക്കെല്ലാം നാം സാകഷിയാവുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം മറക്കുകയും ചെയ്യുന്ന ദുഷ്പ്രവണതയാണ് നിലനില്‍ക്കുന്നത്. എങ്കില്‍ ഇനി അങ്ങനെ ആയിക്കൂടാ.

ജനങ്ങള്‍ ബാലറ്റിലെ വിരലമര്‍ത്തുവാനുളളവര്‍ മാത്രമായി ചുരുങ്ങുന്നതിന്റെ പരിണിതഫലങ്ങളും തിക്താനുഭവങ്ങളും അഭിമുഖീകരിക്കേണ്ടത് നാം തന്നെയാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് പുതിയ ആലോചനകള്‍ ഉണ്ടാവേണ്ടത്. മറിച്ചായാല്‍, അര്‍ഹതയില്ലാത്തവര്‍ അധികാരത്തില്‍ വന്നുകൊണ്ടേയിരിക്കും. അങ്ങനെയായാല്‍ പഴയപാഷാണം പുതിയ കുപ്പിയിലെന്ന പോലെ സ്ഥിതിഗതികള്‍ മാറും. അതിന് നമ്മുടെ സമ്മതിദാനവകാശങ്ങള്‍ കാരണമായിക്കൂടാ. അധികാരം നേടുന്നതിന് വേണ്ടി എന്ത് വേണ്ടാതീനങ്ങളൂം ചെയ്യുകയും ഒടുവില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന അവസ്ഥകളില്‍ നിന്ന് ഇനിയെങ്കിലും നാം മോചനം നേടേണ്ടതുണ്ട്. അത്‌ നമ്മുടെ മനസാക്ഷിക്കനുസരിച്ചാണ് എന്നു വേണം കരുതാന്‍. രാഷ്ട്രീയം കാപട്യവും വഞ്ചനയുമാകുന്നിടത്തു നിന്ന്‌ വേണം കാര്യങ്ങളെ നോക്കികാണാന്‍. ക്ഷേമരാഷ്ട്രം സ്വപ്‌നംകാണുന്നവര്‍ പുതിയ ജനാധിപത്യ പുലരിക്കായി കാത്തിരിക്കുകയാണ്.

മനംമടുത്ത വരട്ടുവാദങ്ങളും പൊറാട്ടുനാടകങ്ങളും കണ്ടുമടുത്ത സ്ഥിതിക്ക്‌ നേരിനൊപ്പം നില്ക്കുന്നവര്‍ക്കാണ്, ജനപക്ഷത്തു ചേരുന്നവര്‍ക്കാണ്, മൂല്യാധിഷ്ഠിത രാഷ്രടീയം ഉയര്‍ത്തിപ്പിടിക്കുന്നവരെയാണ് നാം പിന്തുണക്കേണ്ടത്. അധസ്ഥിതരെയും പിന്നോക്ക വിഭാഗത്തെയും, പരിഗണിക്കുന്ന, പട്ടിണിയും പരിവട്ടവുമില്ലാത്ത നല്ല കാലത്തെ സ്വപ്നം കാണുന്നവര്‍ക്കാണ്‌ നാംബാലററില്‍ വിരലമര്‍ത്തേണ്ടത്. നീതിയും സമതവും പുലരുന്ന നല്ലനാളേകള്‍ കെട്ടിപ്പടുക്കേണ്ടതു നമ്മുടെ കൂടികടമയാണ്. അനീതിക്കും അധര്‍മത്തിനുമെതിരെ ക്രിയാത്മകമായി ചോദ്യം ചെയ്യാനുള്ള ഒരവസരമാണ് വീണ് കിട്ടിയിരിക്കുന്നത്. അതുകൊണ്ട് നാം നിഷ്‌ക്രിയരായി മാറിക്കൂടാ. മറിച്ചായാല്‍, നമ്മള്‍കൂടി അതിന്റെ ബാക്കിപത്രങ്ങളാകേണ്ടിവരും. നീതിമാന്‍മാരായ ഭരണാധികാരികളെ തെരഞ്ഞെടുക്കണമെന്ന ഇസ്ലാമികതത്വങ്ങളില്‍ നിന്ന് കൊണ്ടാവണം കാര്യങ്ങളെ സമീപിക്കേണ്ടത്. അല്ലാത്തിടത്തോളം കാലം ഭരണവും അധികാരവും ഉത്തരമില്ലാത്ത ചോദ്യമായി പരിണമിക്കും. കാലഘട്ടത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാവട്ടെ ഇനിയെങ്കിലും നമ്മുടെ സമ്മതിദാനവകാശം വിനിയോഗിക്കേണ്ടത്. ദൈവിക വിചാരണക്ക് കൂടി വിധേയമാക്കപ്പെടുന്ന ഗൗരവതരമായ കാര്യം കൂടിയാണിതെന്ന ബോധം നമുക്കുണ്ടാവണം.
(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Facebook Comments
Related Articles
Show More
Close
Close