Your Voice

‘പ്രഭാതവും പ്രദോഷവും മെഹ്ദിയാണ്’

കോഴിക്കോട്ടു നിന്നും നാട്ടില്‍ വന്ന ദിവസം രാത്രി, കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും സല്ലാപങ്ങള്‍ക്കും ശേഷം ഉറക്കത്തിലേക്കു വീണു തുടങ്ങിയപ്പോള്‍ പെട്ടെന്ന് അകലെയെങ്ങോ നിന്ന് അലൗകികമായ ഒരു തരംഗം മനസ്സിലേക്കിടിച്ചു കയറിയ പോലൊരനുഭവം. മെഹ്ദിയുടെ സ്വരമാണ്, യമന്‍ കല്യാണില്‍ . ‘മുഘം ബാത് പെഹലീ ഐസീ’ സത്യത്തില്‍ എന്റെ ഉള്ളില്‍ നിന്നുയര്‍ന്നതായിരുന്നു ആ സ്വരം. കട്ടിലില്‍ നിന്നെഴുന്നേറ്റ് എന്റെ സീഡി ശേഖരം പരതി. ‘ബെസ്റ്റ് ഒഫ് മെഹ്ദി ഹസന്‍ : എ കലക്ഷന്‍ ഒഫ് അണ്‍ഫൊര്‍ഗെറ്റബ്ള്‍ ഗസല്‍സ്’ എന്ന പേരില്‍ സോണി മ്യൂസിക് പുറത്തിറക്കിയ സീഡി പുറത്തെടുത്തു. പേര് അണ്‍ഫൊര്‍ഗെറ്റബ്ള്‍ ‘ഗസല്‍സ്’ എന്നാണെങ്കിലും അത് ഗസല്‍, നസം തുടങ്ങി രാജസ്ഥാനി ഫോക്, ഥുമ് രി, ദാദിര തുടങ്ങിയവയെല്ലാമടങ്ങിയ ഒന്നായിരുന്നു. ഭൈരവിയിലാലപിച്ച ഹീറില്‍ അതവസാനിക്കുന്നു. അതിലൊന്ന് മുഘം ബാത് … പിറ്റേന്നു കാലത്ത് മറക്കാതെ കേള്‍ക്കാന്‍ ഞാനതെടുത്ത് പ്ലേയറിന്റെ മുകളില്‍ വച്ചു.

വേദനയുടെ സംഗീതം.., ആനന്ദത്തിന്റെയും
സുഖകരമായൊരു വിഷാദമാണ് ചിലപ്പോളെനിക്ക് മെഹ്ദി ഹസന്. മറ്റു ചിലപ്പോളാകട്ടെ തുല്യതയില്ലാത്ത ഒരുന്മാദവും. ഏറ്റവും കീഴ് സ്ഥായിയില്‍ നിന്നാണ് പലപ്പോഴും അദ്ദേഹം പാടുന്നത്. അങ്ങനെയാ ശബ്ദം ഭൂമിയുടെ അന്തര്‍ഭാഗത്തു നിന്നു വരുന്നു. പെട്ടെന്നതുയരുന്നു. നമ്മുടെ ആത്മാവിന്റെ അഗാധതയില്‍ നിന്നുയര്‍ന്നു വരുന്ന ഒന്നായി നാമപ്പോളതിനെ അറിയുന്നു. ഒരൊറ്റ വരി അദ്ദേഹം ആലപിക്കുമ്പോള്‍ അതില്‍ നാം പ്രണയത്തിന്റെ ആഴവും ആത്മീയതയുടെ ഉല്‍ക്കര്‍ഷവും തത്വചിന്തയുടെ കനവും ഒരേ സമയം അനുഭവിക്കുന്നു. വിരഹത്തിന്റെ വേദനയും.

1927-ല്‍ രാജസ്ഥാനിലെ ലൂനായില്‍ ഒരു സംഗീത കുടുംബത്തില്‍ പിറന്ന മെഹ്ദി ഹസന് പിതാവ് ഉസ്താദ് അസീം ഖാനും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാനും ആദ്യഗുരുക്കന്മാരായി. ചെറുപ്രായത്തില്‍ത്തന്നെയദ്ദേഹം ധ്രുപദ് സംഗീതത്തില്‍ വിജ്ഞനായി. ആദ്യ കച്ചേരി നടക്കുമ്പോള്‍ പ്രായം വെറും എട്ടു വയസ്സ്. വിഭജനാനന്തരം കുടുംബത്തോടൊപ്പം പാകിസ്ഥാനിലായി. സൈക്കിള്‍ മെക്കാനിക്കായും ട്രാക്റ്റര്‍ വര്‍ക് ഷോപ്പില്‍ ജീവനക്കാരനായും കടുത്ത ദാരിദ്ര്യത്തെ അതിജയിക്കാന്‍ ശ്രമിച്ച മെഹ്ദി ഹസന്‍ 1950 മുതല്‍ റേഡിയോ പാകിസ്ഥാനില്‍ പാടിത്തുടങ്ങി. 1962 മുതല്‍ സിനിമയിലും.

ധ്രുപദ് പോലുള്ള ശാസ്ത്രീയ സംഗീതശാഖകളില്‍ അപാരമായ കഴിവു നേടിയെരാള്‍ കുറേക്കൂടി ജനപ്രിയമായ തലങ്ങളിലേക്ക് സാധാരണഗതിയില്‍ ഇറങ്ങിവരാറില്ല. ധ്രുപദില്‍ വൈദഗ്ധ്യം നേടിയ അപൂര്‍വ്വം ചിലരില്‍ മുന്നില്‍ത്തന്നെയായിരുന്നു മെഹ്ദി ഹസന്റെയും പിതാ, മാതാമഹന്മാരുടെയും സ്ഥാനം. എന്നിട്ടും സിനിമയില്‍ പാടിത്തുടങ്ങിയതും പിന്നീട് ഗസലുകളും ഗീതുകളും അവതരിപ്പിച്ചതുമൊക്കെ ഒരു പക്ഷേ അദ്ദേഹത്തിന്റെ ദാരിദ്ര്യം കാരണമാവാം. എന്നാല്‍ സംഗീതലോകത്തിന് അത് രണ്ടു വിധത്തില്‍ ഗുണം ചെയ്തു. ഒന്നാമതായും ജനപ്രിയ സംഗീതത്തിന്റെ നിലവാരം വളരെ ഉയര്‍ന്നു. രണ്ടാമതായി അഗാധവും തത്വചിന്താപരവുമായ ഗസലുകളും മറ്റു കാവ്യങ്ങളും സാധാരണക്കാരിലേക്കിറങ്ങി വന്നു. സാധാരണ പാട്ടുപ്രേമികളെ അത് ഉദാത്തസംഗീതത്തിലേക്കുയര്‍ത്തി.

പ്രഭാതവും പ്രദോഷവും മെഹ്ദിയാണ്
മെഹ്ദിയെപ്പറ്റി ലതാ മങ്കേഷ്‌കര്‍ പറഞ്ഞത് ‘സുബ്ഹ് മെഹ്ദി, ശാം ഭി മെഹ്ദി’ എന്നാണ്. പ്രഭാതവും പ്രദോഷവുമാണ് മെഹ്ദി ഹസന്‍ . രാവും പകലും മെഹ്ദി ഹസനാണ്. സംഗീതത്തിന്റെ മത്വ്‌ലയും മക്തയും* മെഹ്ദി എന്ന പദമാണെന്ന് നമുക്ക് തോന്നും. ആ പദം തന്നെയാണ് റദീഫ്*.., അതു തന്നെ കാഫിയയും*. ദൈവത്തിനും സംഗീതത്തിനും മാത്രമേ താന്‍ അടിപ്പെട്ടിട്ടുള്ളൂ എന്ന് ഖാന്‍ സാഹിബ് പറഞ്ഞു. അദ്ദേഹത്തിന് അത് രണ്ടായിരുന്നില്ല. ആ സ്വരം കേള്‍ക്കുമ്പോള്‍ നമുക്കുമങ്ങനെ തോന്നും. ‘മെഹ്ദി സാബിന്റെ സ്വരത്തില്‍ ഈശ്വരന്‍ പാടുന്നു’വെന്ന് ലതാജി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഈശ്വരനാണ് സ്വരമെന്ന് ഖാന്‍  സാഹിബ് ഒരു മെഹ്ഫിലിനിടയില്‍ പറഞ്ഞു.

നിശ്ശബ്ദതയാണ് ദൈവത്തിന്റെ ഭാഷയെന്ന് റൂമി പാടിയിട്ടുണ്ട്. ബാക്കിയെല്ലാം അതിന്റെ ദുര്‍ബ്ബലമായ വിവര്‍ത്തനങ്ങള്‍ മാത്രമത്രേ. ദൈവത്തിന്റെ വാക്കുകള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല വിവര്‍ത്തനങ്ങള്‍ ഏറ്റവും നല്ല പാട്ടുകളാണ്. ‘നിങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശബ്ദം നല്‍കുന്നവനാണ് നല്ല പാട്ടുകാരനെ’ന്ന് ഖലീല്‍ ജിബ്രാന്‍ . അങ്ങനെയാണ് ‘ദൈവത്തിന്റെ സ്വരം’ എന്ന വിശേഷണത്തിന് യഥാര്‍ത്ഥത്തില്‍ത്തന്നെ ഗസലുകളുടെ ഈ ചക്രവര്‍ത്തി അര്‍ഹനായിത്തീരുന്നത്. ഏകാന്തതയില്‍ നിങ്ങളാ ആലാപനം ശ്രവിക്കുക. ഞാന്‍ സൂചിപ്പിച്ച അനുഭവങ്ങള്‍ നിങ്ങളുമറിയും. അത് നിങ്ങളുടെ കണ്ണുകള്‍ നനയ്ക്കും. ആ ഉന്മാദവും വേദനയും ആത്മാവില്‍ നിറഞ്ഞൊഴുകും.

ഒരു പ്രപഞ്ചം തന്നെയാണ് യഥാര്‍ത്ഥത്തിലത്. ഹീറിന്റെ* അലൗകിക പ്രണയം ആ കണ്ഠത്തിലൂടെ ശാശ്വതത്വം നേടുന്നു. ഹീറും അവളുടെ രാഞ്ഝയും നമ്മുടെ മനസ്സില്‍ അനശ്വരപ്രതിഷ്ഠ നേടുന്ന വിഗ്രഹങ്ങളായിത്തീരുന്നു. ദിവ്യാനുരാഗത്തെ വാഴ്ത്തുമ്പോള്‍ സൂഫികള്‍ ഹീറിന്റെ പ്രണയത്തെ ഒരു മെറ്റഫറായി സ്വീകരിച്ചിട്ടുണ്ട്. പരസ്പരം പ്രണയിക്കുന്നവര്‍ ഒരേകസ്വത്വമാര്‍ജിക്കുകയാണ്. സീനത്ത് എന്ന സിനിമയില്‍ മെഹ്ദി സാബ് പാടിയ, വളരെ വിഖ്യാതമായ ‘രഫ്ത രഫ്ത വോ മെരീ’ എന്ന ഗസലിന്റെ അവസാനവരിയുമതായിരുന്നല്ലോ. ‘ആപ് സേ, ഫിര്‍ തും ഹുവേ, ഫിര്‍ തൂ കാ ഗുന്‍വാ ഹോഗയേ ..’

നിലകൊള്ളുന്ന ദേശത്തെയെന്ന പോലെ ജനിച്ച മണ്ണിനെയും ഉസ്താദ് ആഴത്തില്‍ സ്‌നേഹിച്ചു. ഒന്നിനോടു പ്രതിബദ്ധമാകാന്‍ മറ്റതിനോടു വെറുപ്പു വളര്‍ത്തണമെന്നതാണല്ലോ ഭ്രാന്തദേശീയതയുടെ തത്വശാസ്ത്രം. എന്നാല്‍ മരുഭൂമിയില്‍ നാടോടികള്‍ പാടിനടന്ന് രാജസ്ഥാന്റെ സ്വന്തമായി മാറിയ പാട്ടുകള്‍ മെഹ്ദി സാബിന്റെ ആത്മാവില്‍ നിന്ന് ഉച്ഛസ്ഥായിയില്‍ പ്രതിധ്വനിച്ചു. ‘കേസരിയാ ബാലമ് .. ആവോ രേ .. പഥാരോ മാരേ ദേശ് …’ (സംഗീതലോകത്ത് എനിക്കേറെ പ്രിയപ്പെട്ട മറ്റൊരു പേര് രേശ്മയുടേതാണ്. അവരും രാജസ്ഥാനി. ഇപ്പോള്‍ പാകിസ്ഥാനില്‍ . പഞ്ചാബി നാടോടിഗാനങ്ങള്‍ പാടിയ അവരും ഇന്ത്യയെ വല്ലാതെ സ്‌നേഹിച്ചു. രണ്ടു ജനതകളും ഒന്നായിത്തീരുന്നത് സ്വപ്‌നം കണ്ടു. പലായനത്തിന്റെ കെടുതികള്‍ ആവോളമനുഭവിച്ചിട്ടും മെഹ്ദിയും രേശ്മയും അതിര്‍ത്തിക്കിപ്പുറത്തുള്ളവരെ സ്‌നേഹിച്ചു. ഹൃദയത്തില്‍ കൊണ്ടു നടന്നു). രണ്ടു ജനതകളെ ഒരുമിപ്പിക്കാന്‍ സംഗീതത്തിനു പറ്റും. സംഗീതത്തിനാണത് പറ്റുക. ക്രിക്കറ്റിനല്ല.

ധ്രുപദില്‍ പിറന്നുവീണ ഉസ്താദ് ഗീതുകള്‍ക്കു പുറമേ ഥുംരിയും ദാദിരയുമെല്ലാം സാധാരണ പാട്ടുകേള്‍വിക്കാരിലേക്ക് ഇറക്കിക്കൊണ്ടുവന്നു. ‘തീര് നേനോ ക സാലിം ..’ (ദാദിര), ‘ഉമഡ് ഖുമഡ് ഘിര് ആയോ രേ സജ്‌നീ ..’ (ഥുംരി) തുടങ്ങിയ പാട്ടുകള്‍ പകര്‍ന്നു തന്നിട്ടുള്ള ആനന്ദം അനിര്‍വചനീയമാണ്. (ആഗ്രയുടെയും ബുന്ദേല്‍ഖണ്ഡിന്റെയും സംഗീതമാണ് ദാദിര. ഥുംരിയുടെ ആധാരം കൃഷ്ണനോടുള്ള രാധയുടെ പ്രണയമാണ്. സാധാരണ ഗതിയില്‍ ഇന്ത്യയിലെ പൗരാണിക ഭാഷകളായ ഔധി, ബ്രിജ് എന്നീ ഭാഷകളിലാണ് ഥുംരി എഴുതപ്പെടാറ്. സംഗീതം അതിരുകളെ ഇല്ലാതാക്കുന്ന വിധമാണിത്). മെഹ്ദിയുടെ സംഗീതം കലാകാരനും അനുവാചകനും തമ്മിലുള്ളൊരാശയവിനിമയമായിത്തീരുന്നുണ്ട്. ഇവര്‍ തമ്മിലുള്ള സംവാദമാണല്ലോ യഥാര്‍ത്ഥ കല. ഉസ്ദാദ് പാടുമ്പോള്‍ മതില്‍ക്കെട്ടുകള്‍ തകരുന്നു. അതിര് അപ്രസക്തമാകുന്നു.

ഏകാന്തതയുടെ പാട്ടുകള്‍
അഹ്മദ് ഫറാസ്, ഖതീല്‍ ശിഫായി തുടങ്ങി ഫര്‍ഹത് ശഹ്‌സാദ് വരെയുള്ള മഹാകവികളുടെ ഗാനങ്ങള്‍ ഖാന്‍ സാഹിബ് ആലപിച്ചിട്ടുണ്ട്. മിര്‍സാ ഗാലിബ്, മീര്‍ തഖി മീര്‍, അല്ലാമാ ഇഖ്ബാല്‍ തുടങ്ങിയ മഹാകവികളും അദ്ദേഹത്തിലൂടെ ചിരഞ്ജീവികളായി. വിപ്ലവകവികളായ ഫൈസ് അഹ്മദ് ഫൈസ്, ഹബീബ് ജാലിബ് തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ ആ നാവില്‍ സംഗീതരൂപം പൂണ്ടു. ഥുംരി റാണി എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ശോഭാ ഗുര്‍തുവിനൊപ്പം ഇന്ത്യന്‍ കവി ഗണേഷ് ബിഹാരി തര്‍സിന്റെ ഗസലുകള്‍ ഉസ്താദ് പാടിയിട്ടുണ്ട്.

മനസ്സില്‍ പ്രണയം പെയ്തിറങ്ങുകയാണ്. ‘പ്യാര്‍ ഭരീ, ദോ ശര്‍മീലീ നേന്‍ ‘.., അക്തര്‍ യൂസുഫിന്റെ വരികള്‍ . ഫറാസിന്റെ ‘രഞ്ജിശ് ഹീ സഹീ’ വിരഹത്തിന്റെ തീവ്രനൊമ്പരമാണ്. പ്രണയത്തിന്റെ അമര്‍ത്യതയാണ് ഖതീല്‍ ശിഫായിയുടെ ‘സിന്ദഗീ മേ തൊ സഭീ’ യില്‍ നാമനുഭവിക്കുന്നത്.
 
ഏകാന്തതയുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ പാട്ടുകള്‍ക്ക് മരണമില്ല.
‘മേ തൊ മര്‍ കര്‍ ഭീ മെരീ ജാന്‍ തുഝേ ചാഹൂംഗാ’. ആ പാട്ടുകളിലൂടെയാവട്ടെ, ഉസ്താദ് മെഹ്ദി ഹസനും കാലത്തെ അതിജയിക്കും.
‘തന്ഹാ തന്ഹാ മത് സോചാ കര്‍ , മര്‍ ജായേഗാ മത് സോചാ കര്‍ …’

*** (കുറിപ്പുകള്‍ )
1) മത്വ്‌ല = ഗസലിന്റെ ഒന്നാമത്തെ ശേര്‍ (പ്രഥമ ശ്ലോകം).
2) മക്ത = ഗസലിന്റെ അവസാനത്തെ ശേര്‍ , ആഖ് രീ ശേര്‍ .
3) റദീഫ് = ഗസലില്‍ നിര്‍ബന്ധമായ പ്രാസം. യഥാര്‍ത്ഥത്തില്‍ ഗസല്‍ ഒരു ഗാനസമ്പ്രദായമല്ല. മറിച്ച് ഒരു രചനാസമ്പ്രദായമാണ്. നാലു വരികളുള്ള ശേറുകളാണെങ്കില്‍ മത്വ്‌ലയിലെ രണ്ടാമത്തെയും അവസാനത്തെയും വരികളിലെയും മറ്റ് ശേറുകളിലെ അവസാനവരിയിലേയും അന്തിമപദം ഒന്നായിരിക്കണം. ഈ പദമാണ് ഗസലിന്റെ റദീഫ്. ഈ വൃത്തത്തിലെഴുതുന്നതാണ് ഗസലുകള്‍ .
4) കാഫിയ = റദീഫിന്റെ തൊട്ടു മുമ്പില്‍ വരുന്ന പദം. ഒരു ഗസലില്‍ ഇങ്ങനെ വരുന്ന എല്ലാ വാക്കുകളുടെയും അന്തിമവര്‍ണം ഒന്നായിരിക്കണം.
5) ഹീര്‍ = പഞ്ചാബിന്റെ പ്രശസ്തമായ ട്രാജിക് റൊമാന്‍സിലെ നായിക. പ്രണയത്തിന്റെയും ആത്മീയതയുടെയും രൂപകമായിത്തീര്‍ന്നു ഹീര്‍ രാഞ്ഝന്‍ കഥ.

Facebook Comments
Related Articles
Show More

5 Comments

  1. 903292 543656Chaga mushroom tea leaf is thought-about any adverse health elixir at Spain, Siberia and lots of n . Countries in europe sadly contains before you go ahead significantly avoidable the main limelight under western culture. Mushroom 503609

Leave a Reply

Your email address will not be published.

Close
Close