Your Voice

പ്രകൃതിയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുന്ന മഹാശക്തിയെ തേടി

യുക്തിയുടെ ആവിഷ്‌കാരമായ ഇസ്‌ലാമിലേക്കുള്ള പല പ്രമുഖരുടെയും പ്രയാണം അതിന്റെ ബഹുമുഖാകര്‍ഷണീയതയില്‍ ഏതെങ്കിലുമൊന്നു മുഖേനയായിരിക്കും. നിലവില്‍ ഓണ്‍ലൈന്‍ ഇസ്‌ലാം പ്രചാരകരില്‍ പ്രശസ്തയായ സല്‍മാ കുക്കിന്റെ (Salma Cook) ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനവും ചേതോഹരമാണ്. കാഴ്ചകള്‍ക്കപ്പുറമുള്ള ഉള്‍ക്കാഴ്ചകളെ പ്രകൃതിയിലൂടെ, യുക്തിസഹമായ നിരീക്ഷണ പാടവത്തോടെ അവര്‍ തിരിച്ചറിയുകയായിരുന്നു.

പുസ്തകങ്ങള്‍ അറിവിന്റെ കലവറയാണെന്ന സത്യം ലോകം മുഴുക്കെ അംഗീകരിച്ചപ്പഴും, ഉത്തരമില്ലാത്ത പല ചോദ്യങ്ങളില്‍ കുരുങ്ങി നഷ്ടപ്പെട്ടുപോയ ആത്മീയമായ ഏതോ ചൈതന്യത്തിനായി അവര്‍ ദാഹിച്ചുകൊണ്ടേയിരുന്നു. ശാശ്വത സത്യത്തിലേക്കും നീതിയിലേക്കുമുള്ള അടങ്ങാത്ത ഭ്രമം അവരെ കീഴടക്കി. അതുകൊണ്ടുതന്നെ പല ചോദ്യങ്ങളും അവര്‍ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ചിലത് മറുചോദ്യങ്ങളായി, അവയ്ക്കും ചിന്തകളിലൂടെ അവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

മനുഷ്യശരീരം, അതിന്റെ പ്രവര്‍ത്തനം എന്നിവ അവരെ അത്ഭുതപ്പെടുത്തി. അതിലെ നിപുണമായ പ്രവര്‍ത്തനങ്ങള്‍, മനുഷ്യര്‍ക്ക് കണ്ടുപിടിക്കാന്‍ പോലുമാവാത്ത പ്രതിഭാസങ്ങള്‍, അതിന്റെ ഓരോ മേഖലയിലുമുള്ള ഘടന, ധര്‍മ്മം ഇവയെല്ലാം അവരെ ആശ്ചര്യപ്പെടുത്തി. നാമറിയാതെത്തന്നെ ശരീരം എത്ര വ്യവസ്ഥാപിതമായാണ് ചലിച്ചുകൊണ്ടിരിക്കുന്നത്?! ശാസ്ത്രം ലോകത്തെ അവസാന വാക്കായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ അപൂര്‍ണ്ണതകള്‍ പലതാണല്ലോ, മനുഷ്യന്റെ അസ്തിത്വത്തിന് തന്നെ അത്യന്താപേക്ഷിതമായ പലതും ഇന്നുമതിന് തെളിയിക്കാനാവാതെ കിടക്കുന്നു. ഉദഹരണത്തിന് അചേതനമായ ശരീരത്തിലേക്ക് ‘ജീവന്‍’ എങ്ങനെ പ്രവേശിക്കുന്നുവെന്നും എങ്ങനെ ബഹിര്‍ഗമിക്കുന്നുവെന്നും വിശദീകരിക്കാന്‍ അതിനായിട്ടില്ലല്ലോ, ഇതെല്ലാം സല്‍മയുടെ ചിന്തകളെ കീഴടക്കി. ജീവിതത്തില്‍  സംഭവിക്കുന്ന ഓരോ കാര്യങ്ങള്‍ക്കും അതിന്റേതായ അര്‍ത്ഥതലമുണ്ടെന്ന് അവര്‍ മനസ്സിലാക്കി. അതായത്, വേദന നമുക്ക് എത്ര അസഹനീയമാണെങ്കിലും അതില്ലെങ്കില്‍ നമ്മില്‍ ഒളിഞ്ഞുകിടക്കുന്ന രോഗങ്ങളെ എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാനാവുക. ചില നല്ലതും ചീത്തതുമൊക്കെ പ്രകൃതിയുടെ പുരോഗമനത്തിന് അത്യന്താപേക്ഷിതം തന്നെയാണ്. ഏതൊരു നിരീശ്വരവാദിക്കും കണ്ണടക്കാനാവാത്ത വിധം സത്യങ്ങള്‍ പ്രകൃതിക്കുചുറ്റും ചൂഴ്ന്നു കിടക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി. ഓരോ കെടുതികള്‍ ആവര്‍ത്തിക്കുമ്പോഴും അവയെല്ലാം മനുഷ്യന് പുതിയ അറിവുകളും പഠനങ്ങളും നല്‍കുന്നു.

സല്‍മ സമാധാനത്തെക്കുറിച്ച് ചിന്തിച്ചു. ശാശ്വതമായ സമാധാനം ലഭിക്കുന്ന ചിന്തകള്‍ തേടി അലഞ്ഞുകൊണ്ടിരുന്നു. ‘ശാന്തി/സമാധാനം’ എന്ന വാക്ക് അക്ഷരങ്ങളില്‍ മാത്രം വാചാലമാക്കപ്പെടേണ്ടതല്ലെന്നും അത് ജീവിതത്തില്‍ പരിശീലിക്കപ്പെടേണ്ടതാണെന്നും അവള്‍ മനസ്സിലാക്കി. അത്തരമൊരു ദര്‍ശനം അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അസ്വാരസ്യങ്ങളും അസൂയയും സ്വാര്‍ത്ഥതയും നിറഞ്ഞ് മലീമസമായ ഈ ലോകത്ത് ശാന്തിക്കും സമാധാനത്തിനും ഇടമില്ലെന്ന് അവര്‍ വേദനയോടെ തിരിച്ചറിഞ്ഞു. സമാധാനത്തിന്റെ വക്താക്കളെന്ന് സ്വയം കൊട്ടിഘോഷിക്കുന്നവര്‍ തന്നെ അതിന്റെ അന്തകരാവുന്നത് അവര്‍ കണ്ടു. അടിക്കടിയുള്ള യുദ്ധങ്ങള്‍, നിരപരാധികളുടെ കൂട്ടകുരുതികള്‍ എല്ലാമിപ്പോള്‍ പതിവുകാഴ്ചകള്‍. ഇവയില്‍ നിന്നുമൊരു മോചനത്തിനായി അവള്‍ ആഗ്രഹിച്ചു. ആയിടക്ക് അവരുടെ ശ്രദ്ധ പ്രകൃതിയിലേക്ക് തിരിഞ്ഞു. അതിന്റെ മനോഹാരിത, പച്ചപ്പ്, വൃക്ഷങ്ങളുടെ വളര്‍ച്ച, അതിന്റെ വിവിധ ഘട്ടങ്ങള്‍, അനന്തകോടി നക്ഷത്രങ്ങള്‍, ഉറവവറ്റാത്ത തണ്ണീര്‍തടങ്ങള്‍ ഇവയെല്ലാം ഏതോ ചൈതന്യത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്നു. മൃഗങ്ങള്‍, ജാലങ്ങള്‍, എല്ലാം ശാന്തരായി ജീവിക്കുന്നു. അവിടെ അസ്വാരസ്യങ്ങളില്ല, പ്രകൃതി, ഏതോ ഒരു നിഗൂഢശാന്തി അവരില്‍ നിറക്കുന്നതായവര്‍ക്കു തോന്നിത്തുടങ്ങി.

നശിച്ചുകൊണ്ടിരിക്കുന്നു, മനുഷ്യത്വം, സമാധാനത്തിനായി സ്വന്തം കുഞ്ഞിനെ കഴുത്തറുത്തുകൊണ്ട് നിത്യമായ ദുഃഖത്തിലേക്ക് എടുത്തുചാടുന്ന അമ്മയോടവര്‍ ഇന്നത്തെ ലോകത്തെ ഉപമിക്കുന്നു. അത്രമേല്‍ നിസ്സാരരാണെങ്കിലും മനുഷ്യര്‍ അഹങ്കരിച്ചുകൊണ്ടിരിക്കുന്നു, സ്വന്തം ഹൃദയ സ്പന്ദനങ്ങളെയോ, കണ്‍പോളകളെപോലുമോ നിയന്ത്രിക്കാനാവാത്ത മനുഷ്യന്‍ മറ്റുള്ളവരുടെ നിലനില്‍പ്പിന് വേണ്ടി നിയമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ അസംതൃപ്തയാണ്.

ശാസ്ത്രം പ്രകൃതിയെ ഒരു പരീക്ഷണശാലയാക്കുമ്പോഴും, അതിനെയെല്ലാം വെല്ലുവിളിച്ച് പ്രകൃതി അതിന്റെ സ്വതാളത്തിലലിഞ്ഞു ചേരുന്നുവെന്നത് അവരെ അത്ഭുതപ്പെടുത്തുന്നു. കാരണം സൂര്യന്‍ വീണ്ടും പടിഞ്ഞാറ് അസ്തമിക്കുകയും കിഴക്കുദിക്കുകയും ചെയ്യുന്നുണ്ടല്ലോ?

മനുഷ്യനാല്‍ നിര്‍മിക്കപ്പെട്ടവയെല്ലാം കാമ്പില്ലാതെ ഉപയോഗ ശൂന്യമാവുന്ന കാഴ്ചകള്‍ നാം നിത്യം കാണുന്നുണ്ടല്ലോ, നീതി, സമത്വം എന്നിവ ‘എട്ടിലെ പശുക്കളായി’ അവശേഷിക്കുന്നു. നിരപരാധികള്‍ ഇപ്പോഴും ശിക്ഷിക്കപ്പെടുന്നു, അപരാധികള്‍ തോന്നിയ പോലെ വിഹരിക്കുന്നു. ചെറിയ വെള്ളിക്കാശിന് വേണ്ടി നാം മൂല്യങ്ങളെ വില്‍പന നടത്തുന്നു. ഇതെല്ലാം തന്നെ സല്‍മയെ മനുഷ്യാതീതമായ ഒരു നിയമവ്യവസ്ഥയിലേക്ക് ആനയിച്ചു കൊണ്ടിരുന്നു. പ്രകൃതിയുടെ കടിഞ്ഞാണ്‍ കയ്യിലേന്തിയ ആ മഹാശക്തിയെ പരതിയവര്‍ അലയുകയും ഒടുവില്‍ മനുഷ്യാതീതമായ ആ ദൈവിക സത്യമായ ഇസ്‌ലാമില്‍ അവര്‍ ചിന്തയുടെ പായകപ്പലിന് നങ്കൂരമിട്ടു. ഇപ്പോള്‍ ആ സത്യദര്‍ശനത്തിന്റെ പ്രചാരണ-പ്രബോധക പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ചുകൊണ്ടിരിക്കുന്നു.

Facebook Comments
Related Articles
Close
Close