Your Voice

പെരുന്നാളും ജുമുഅയും ഒരുമിച്ച് വന്നാല്‍?

ചോദ്യം: കലണ്ടര്‍ പ്രകാരം ഈ പ്രാവശ്യത്തെ ബലിപെരുന്നാള്‍ വെള്ളിയാഴ്ചയാണ് വരിക. മുമ്പൊരിക്കല്‍ ഇങ്ങനെ സംഭവിച്ചപ്പോള്‍ പെരുന്നാള്‍ നമസ്‌കരിച്ചവര്‍ക്ക് ജുമുഅ നമസ്‌കരിക്കേണ്ടതില്ലെന്ന് ഒരു ഖത്വീബ് പറയുന്നത് കേട്ടു. ഈ അഭിപ്രായം എത്രമാത്രം ആധികാരികമാണ്?

വെള്ളിയാഴ്ച ദിവസം പെരുന്നാളായാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅ നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഹമ്പലി മദ്ഹബ് ഒഴികെ ബാക്കി എല്ലാ മദ്ഹബുകളുടെയും വീക്ഷണം ജുമുഅ നിര്‍ബന്ധമാണ് എന്നതാണ്. ഹനഫികളുടെയും മാലികികളുടെയും വീക്ഷണത്തില്‍ ജുമുഅ ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട ഫര്‍ദാണ്. ആ ഫര്‍ദിനെ മാറ്റിവെക്കാന്‍ തക്ക പ്രബലമായ ഒരു തെളിവും വരാത്തിടത്തോളം ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ് എന്ന വിധി നിലനില്‍ക്കും.

പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവര്‍ക്ക് ജുമുഅ നമസ്‌കരിക്കേണ്ടതില്ല എന്നാണ് ഹമ്പലി മദ്ഹബിന്റെ വീക്ഷണം. അതിനവര്‍ അവലംബിക്കുന്ന ഹദീസുകള്‍ എല്ലാം വിമര്‍ശവിധേയമായതാണ്. അതുകൊണ്ടാണ് ബഹുഭൂരിഭാഗം ഫുഖഹാക്കളും മദ്ഹബുകളും ആ വീക്ഷണം അംഗീകരിക്കാത്തത്. പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളായ ബുഖാരിയിലോ മുസ്‌ലിമിലോ അത്തരമൊരു ഹദീസ് വന്നിട്ടുമില്ല. ഹമ്പലി മദ്ഹബുകാര്‍ തെളിവായുദ്ധരിക്കുന്ന ഹദീസുകളിലൊന്ന് ഇപ്രകാരമാണ്: സൈദുബ്‌നു അര്‍ഖമില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) പെരുന്നാള്‍ നമസ്‌കരിച്ചു. പിന്നീട് ജുമുഅയുടെ കാര്യത്തില്‍ ഇളവ് നല്‍കി. എന്നിട്ട് പറഞ്ഞു: ”ആരെങ്കിലും നമസ്‌കരിക്കാനുദ്ദേശിക്കുന്നെങ്കില്‍ നമസ്‌കരിച്ചുകൊള്ളട്ടെ” (ബുലൂഗുല്‍ മറാം, ജുമുഅയുടെ അധ്യായം). ഈ ഹദീസിന്റെ പരമ്പരയില്‍ ഇയാസ് ബിന്‍ അബീ റംല എന്ന ഒരാളുണ്ട്. അദ്ദേഹം മജ്ഹൂലാണ്, അഥവാ ആള്‍ ആരെന്ന് വ്യക്തമല്ല. അതിനാല്‍ ഈ ഹദീസ് പ്രബലമല്ല എന്നാണ് ഹദീസ് പണ്ഡിതരുടെ അഭിപ്രായം.

അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് മറ്റൊന്ന്. നബി(സ) പറഞ്ഞു: ”ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് ഈദുകള്‍ ഒത്തുവന്നിരിക്കുന്നു. അതിനാല്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ ജുമുഅക്ക് പകരം പെരുന്നാള്‍ മതിയാവുന്നതാണ്. നാം ഏതായാലും ജുമുഅ നമസ്‌കരിക്കുന്നതാണ്.” ഈ ഹദീസിന്റെ പരമ്പരയിലും ബഖിയ്യത്തുബ്‌നുല്‍വലീദ് എന്ന വിമര്‍ശനവിധേയനായ വ്യക്തിയുള്ളതിനാല്‍ ഇതും തെളിവിന് പറ്റുകയില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുപോലെ പ്രബലമല്ലാത്ത വേറെയും ഹദീസുകളുണ്ട്. അല്ലാഹു ഖുര്‍ആനില്‍ വളരെ വ്യക്തമായി നിര്‍ബന്ധമാക്കിയ ജുമുഅക്ക് ഇളവുണ്ടെന്ന് പറയാന്‍ ഇത്തരം പ്രബലമല്ലാത്ത ഹദീസുകള്‍ മതിയാവില്ല എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നു.

ഇനി ഈ ഹദീസുകള്‍ ശരിയാണെന്ന് വെച്ചാല്‍ തന്നെ അതിന്റെ അര്‍ഥം ഇവര്‍ മനസ്സിലാക്കിയ പോലെയല്ല. മദീനയില്‍നിന്ന് വളരെദൂരെ 4 മൈല്‍ അകലത്തുള്ള ആളുകള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വരാറുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങി ജുമുഅക്കായി വീണ്ടും വരുന്നത് പ്രയാസമാണെന്ന് കണ്ട് അവര്‍ക്ക് മാത്രം തിരുമേനി നല്‍കിയ ഒരിളവാണതെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

ഈ വിശദീകരണത്തെ സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ട് ബുഖാരിയില്‍ ഉണ്ട്. അതിപ്രകാരമാണ്. അബൂഉബൈദ് പറയുകയാണ്: ഒരു പെരുന്നാളിന് ഞാന്‍ ഉസ്മാന്റെ(റ) ഒപ്പമായിരുന്നു. അതൊരു വെള്ളിയാഴ്ച കൂടിയായിരുന്നു. അങ്ങനെ അദ്ദേഹം ആദ്യം പെരുന്നാള്‍ നമസ്‌കാരവും തുടര്‍ന്ന് ഖുത്വ്ബയും നിര്‍വഹിച്ചു. കൂട്ടത്തിലദ്ദേഹം ഇങ്ങനെ പറഞ്ഞു: അല്ലയോ ജനങ്ങളേ, ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് ഈദുകളാണ് ഒത്തുവന്നിരിക്കുന്നത്. അതിനാല്‍ ആലിയക്കാരായവര്‍ക്ക് (മദീനയില്‍ നിന്ന് 4 മൈല്‍ ദൂരെ താമസിക്കുന്നവര്‍) വേണമെങ്കില്‍ ജുമുഅക്ക് കാത്തിരിക്കാതെ പിരിഞ്ഞുപോകാം. ഇനിയാരെങ്കിലും ജുമുഅ കൂടി കഴിഞ്ഞേ പോകുന്നുള്ളൂവെങ്കില്‍ അവര്‍ക്ക് കാത്തിരിക്കുകയും ചെയ്യാം” (ബുഖാരി).

നമ്മുടെ നാട്ടിലും ചിലരെല്ലാം ജുമുഅക്കും പെരുന്നാളിനും വേണ്ടി വളരെ ദൂരെ സ്ഥിതിചെയ്യുന്ന പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കുമെല്ലാം പോവാറുണ്ട്. ഇത് തങ്ങളുടെ പ്രദേശത്ത് പല കാരണങ്ങളാലും ഇതിന് സൗകര്യമില്ലാത്തത് കൊണ്ടായിരിക്കും. ഇത്തരക്കാര്‍ക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. അല്ലാതെ തൊട്ടടുത്ത് ജുമുഅ നടക്കുമ്പോള്‍ നേരത്തെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ ജുമുഅക്ക് പങ്കെടുക്കാതെ മാറിനില്‍ക്കുന്നതിന് ന്യായമില്ല. അതുപോലെ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പലവഴിക്കും തിരിയേണ്ടവരുണ്ടെങ്കില്‍ ജുമുഅ ഉണ്ടല്ലോ എന്ന കാരണത്താല്‍ അതൊന്നും മുടക്കേണ്ടതുമില്ല. അവര്‍ക്കും ഈ ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ നാട്ടിലെ ഭൂരിഭാഗം മുസ്‌ലിംകളും പിന്‍പറ്റുന്ന ശാഫിഈ മദ്ഹബിന്റെ വീക്ഷണവും ജുമുഅ സമീപത്തു നടക്കുന്നവര്‍ക്ക് ഇളവില്ല എന്നതാണ്.

തിരുമേനി(സ) ആകട്ടെ ജുമുഅ നമസ്‌കരിക്കുക തന്നെയാണ് ചെയ്തിരുന്നത്. പെരുന്നാളാണെങ്കില്‍ അതിന്റെ പേരില്‍ ജുമുഅ ഒഴിവാക്കിയിരുന്നില്ല. മാത്രമല്ല, പെരുന്നാള്‍ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായാല്‍ രണ്ട് നമസ്‌കാരങ്ങളിലും ഒരേ സൂറത്തുകള്‍ (അല്‍ അഅ്‌ലായും അല്‍ഗാശിയയും) ആണ് ഓതിയിരുന്നത് എന്നും ഇമാം മുസ്‌ലിം തന്റെ സ്വഹീഹ് മുസ്‌ലിമില്‍ ഉദ്ധരിക്കുന്നു (സ്വഹീഹു മുസ്‌ലിം, ജുമുഅയില്‍ ഓതുന്നതിനെപ്പറ്റിയുള്ള അധ്യായം).

ചുരുക്കത്തില്‍, ദുര്‍ബലമായ ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തി ഒരു മുസ്‌ലിം തന്റെ സമീപത്ത് ജുമുഅ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതിരിക്കുന്നതോ അത് തനിക്ക് നിര്‍ബന്ധമില്ല എന്ന് മനസ്സിലാക്കുന്നതോ ഒട്ടും ശരിയല്ല. തന്റെ പ്രദേശത്തെ ഭൂരിഭാഗം മുസ്‌ലിംകളും മറുവീക്ഷണം പുലര്‍ത്തുമ്പോള്‍ വിശേഷിച്ചും. ബഹുഭൂരിഭാഗം ഫുഖഹാക്കളും മദ്ഹബിന്റെ ഇമാമുകളും അംഗീകരിച്ചതും പ്രമാണങ്ങളോട് ഏറെ അടുത്തുനില്‍ക്കുന്നതുമായ വീക്ഷണവും ന്യായമായ കാരണമില്ലാത്തവര്‍ ജുമുഅയില്‍ പങ്കെടുക്കണമെന്ന് തന്നെയാണ്. അല്ലാഹുഅഅ്‌ലം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker