Current Date

Search
Close this search box.
Search
Close this search box.

പിന്നോക്കാവസ്ഥ മുസ്‌ലിംകളുടെ സഹജ ഗുണമോ?

muslimse.jpg

ചോദ്യം : പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട് : ‘മുമ്പത്തേതിനേക്കാള്‍ പ്രയാസമായിട്ടല്ലാതെ ജനങ്ങളുടെ മേല്‍ ഒരു കാലവും ആഗതമാവുകയില്ല’. ഇന്ന് മുസ്‌ലിം സമുദായം അതീവ പിന്നോക്കവും പരിതാപകരവുമായ അവസ്ഥയിലാണ് കഴിയുന്നത്. മേല്‍ സൂചിപ്പിച്ച പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യം വെക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? പിന്നോക്കാവസ്ഥ മുസ്‌ലിം സമുദായത്തിന്റെ സ്ഥായി ഭാവമാണോ അതോ അതില്‍ മാറ്റം വരുമോ?

മറുപടി :  മുസ്‌ലിം സമുദായം ഇന്ന് പിന്നോക്കാമാണെന്നത് ശരിതന്നെ. എന്നാല്‍ മുസ്‌ലിം സമുദായം എല്ലാ കാലഘട്ടത്തിലും പിന്നോക്കമായിരുന്നില്ല. എന്നും പിന്നോക്കമായിരിക്കാന്‍ നമുക്ക് സാധ്യവുമല്ല. ലോകത്തെ ഏറ്റവും പുരോഗമനകാരികളും ലോകത്തിന്റെ നേതാക്കളും മുസ്‌ലിംകളായിരുന്നു. നൂറ്റാണ്ടുകളോളം നാഗരികതകളുടെ കടിഞ്ഞാണ്‍ പിടിച്ചിരുന്നവരും മുസ്‌ലിംകളായിരുന്നു. പത്തു നൂറ്റാണ്ടിലേറെ കാലം ഇസ്‌ലാമിക നാഗരികതയായിരുന്നു ലോകത്ത് അതിജയിച്ചു നിന്നിരുന്നത്. യൂറോപ്യരും അല്ലാത്തവരും വിജ്ഞാനങ്ങള്‍ക്കു വേണ്ടി അവലംബിച്ചിരുന്നത് ഇസ്‌ലാമിക ഗ്രന്ഥങ്ങളെയും ലോകത്തെ ഏറ്റവും പ്രഗല്‍ഭ പണ്ഡിതന്‍മാര്‍ ഇസ്‌ലാമിക പണ്ഡിതന്‍മാരുമായിരുന്നു. വൈദ്യശാസ്ത്രത്തിലും രസതന്ത്രത്തിലും ഗോളശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമടക്കം ഭൂമിക്കു മീതെയുള്ള സകല വിജ്ഞാനീയങ്ങളെ കുറിച്ചും ഗ്രന്ഥങ്ങളെഴുതപ്പെട്ട ഭാഷയായ അറബി ആയിരുന്നു വിജ്ഞാനങ്ങളുടെ ഭാഷ. എന്നാല്‍ ഇന്ന് അതിനെല്ലാം മാറ്റം വരികയും ആളുകള്‍ വിജ്ഞാനങ്ങള്‍ക്കു വേണ്ടി മറ്റു ഭാഷകള്‍ അവലംബിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. സമുദായം അങ്ങേയറ്റം പിന്നോക്കാവസ്ഥയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരിക്കുന്നു.

പിന്നോക്കാവസ്ഥ മുസ്‌ലിം സമുദായത്തിന്റെ സഹജ ഗുണമോ സ്ഥിരമായ അവസ്ഥയോ അല്ല. പിന്നോക്കാവസ്ഥയുടെ തടവറക്കുള്ളില്‍ നിന്നും മുസ്‌ലിം സമുദായത്തെ പുറത്തു കടത്താനുള്ള പദ്ധതികള്‍ നാം ആസൂത്രണം ചെയ്യേണ്ടതുണ്ട്. അറേബ്യന്‍ ഇസ്‌ലാമിക നാടുകളിലെ നിരക്ഷരത തന്നെയാണ് നമ്മുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. മുസ്‌ലിമിന് ഒരിക്കലും നിരക്ഷരനാവാന്‍ സാധ്യമല്ല. കാരണം, നാഥന്റെ നാമത്തില്‍ വായിക്കാന്‍ ആജ്ഞാപിച്ചു കൊണ്ടിറങ്ങിയ വേദഗ്രന്ഥത്തിന്റെ വക്താക്കളാണ് നാം. വിശുദ്ധ ഖുര്‍ആന്റെ പ്രാഥമിക അവതരണത്തില്‍ തന്നെ വായനയെകുറിച്ച് രണ്ടു തവണ പറഞ്ഞിരിക്കുന്നു. വിജ്ഞാനത്തിന്റെ താക്കോലാണ് വായന. ‘ വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ടു പഠിപ്പിച്ചവന്‍’ (അല്‍ അലഖ് 1-4). വ്യക്തികളിലേക്കും സമുദായങ്ങളിലേക്കും തലമുറകളിലേക്കും വിജ്ഞാനം കൈമാറ്റം ചെയ്യപ്പെടുന്നത് പേനയിലൂടെയാണ്. അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പേനയെ സത്യപ്പെടുത്തി സംസാരിക്കുന്നു. ‘പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി’ (അല്‍ ഖലം 1).

ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പ്രവാചക വചനം അനസ് ഇബ്‌നു മാലിക് (റ) വില്‍ നിന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ഈ പ്രവാചക വചനത്തെ മനസിലാക്കുന്നിടത്തും വ്യാഖ്യാനിക്കുന്നിടത്തും പലര്‍ക്കും പിഴവ് സംഭവിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നടപടിക ക്രമങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധമായ രീതിയിലാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ ദൈവിക മതം ഒരിക്കലും യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാകില്ലെന്ന് നാം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഈ പറയപ്പെട്ട പ്രവാചക വചനത്തിന് അതിന്റെ പ്രകടമായ അര്‍ഥത്തിനപ്പുറം നാം മനസിലാക്കിയിട്ടില്ലാത്ത ചില ആശയതലങ്ങളുണ്ടെന്നാണ് കരുതേണ്ടത്. അന്ത്യനാളുമായി ബന്ധപ്പെട്ട് പ്രവാചകനില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ചില ഹദീസുകളും ഇത്തരത്തില്‍ തെറ്റായി മനസിലാക്കപ്പെട്ടിട്ടുണ്ട്. ഹദീസുകളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ ജനങ്ങളെ നിരാശയറ്റവരും നിഷ്‌കര്‍മ്മികളുമാക്കുകയും മാറ്റത്തിനും നവീകരണത്തിനും ജനങ്ങള്‍ മടിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം ഹദീസുകളെ വ്യാഖ്യാനിക്കുമ്പോഴും വിശദീകരിക്കുമ്പോഴും വിശാലമായ ചിന്തയും മനനവും ആവശ്യമാണ്. സുബൈറുബ്‌ന് അദിയ്യിനെ തൊട്ട് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഹദീസില്‍ പറയുന്നു : ഹജ്ജാജുബ്‌നു യൂസുഫിനെ കുറിച്ച് ഞങ്ങള്‍ അനസുബ്‌നു മാലികിനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘നിങ്ങള്‍ ക്ഷമിക്കുക, മുമ്പത്തേതിനേക്കാള്‍ പ്രയാസമായിട്ടല്ലാതെ ഒരു കാലവും നിങ്ങള്‍ക്ക് ആഗതമാവുകയില്ല, നിങ്ങള്‍ അന്ത്യനാളിനെ കണ്ടുമുട്ടുന്നതു വരെ’ എന്ന് പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.

പ്രവാചകന്റെ ഈ വചനം നിഷ്‌ക്രിയരായി ഇരിക്കാന്‍ ചിലര്‍ തെളിവായി ഉദ്ധരിക്കുന്നു. എത്രതന്നെ പണിയെടുത്താലും കാലഘട്ടം കൂടുതല്‍ ദുഷിക്കുകയായിരിക്കുമെന്നും അന്ധകാരത്തില്‍ നിന്നും അന്ധകാരത്തിലേക്കാണ് കാലത്തിന്റെ പോക്കെന്നും ഇത്തരക്കാര്‍ ഈ ഹദീസിനെ ദുര്‍വ്യാഖ്യാനിച്ച് കണ്ടെത്തുന്നു. മറ്റു ചിലര്‍ ഈ ഹദീസിനെ അംഗീകരിക്കാന്‍ തന്നെ സന്നദ്ധമായില്ല. ഈ ഹദീസിനെ നിരാകരിക്കാന്‍ അവര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ് :
1. ഈ ഹദീസ് മനുഷ്യരെ ഇഛാഭംഗം വന്നവരും നിരാശരമാക്കുന്നു.
2. ദുര്‍മാര്‍ഗികളായ ഭരണാധികാരികളെയും ഏകാധിപതികളെയും എതിര്‍ക്കുന്നതില്‍ നിന്നും ഈ ഹദീസ് തടയുന്നു.
3. മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന ഘടകമായ പുരോഗമന ചിന്താഗതിയെ ഈ ഹദീസ് നിരുത്സാഹപ്പെടുത്തുന്നു.
4. മുസ്‌ലിം ചരിത്രത്തെ തന്നെ നിരാകരിക്കുന്നതാണീ ഹദീസ്.

ഈ ഹദീസിനെ വ്യാഖ്യാനിക്കുന്നതിലും വിശദീകരിക്കുന്നതിലും മുന്‍ഗാമികളായ പണ്ഡിതന്‍മാരും സന്ദേഹം കാണിച്ചിട്ടുണ്ട്. മുമ്പത്തേതിനേക്കാള്‍ മോശമായിട്ടായിരിക്കും പിന്നീടു വരുന്ന കാലമെങ്കിലും ചിലപ്പോഴെല്ലാം അതിനു വിപരീതമായ അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടെന്നും പണ്ഡിതന്‍മാര്‍ പറഞ്ഞുവെക്കുന്നു. ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ ഭരണകാലം ഇതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് മുന്‍ഗാമികളുടെ ഭരണത്തേക്കാല്‍ തിന്മ കുറഞ്ഞ കാലഘട്ടമായിരുന്നു. സാധാരണഗതിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിലേക്ക് പ്രവാചകന്‍ വിരല്‍ ചൂണ്ടുകയാണ് ഈ ഹദീസിലൂടെ ചെയ്തതെന്ന് ഇമാം ഹസന്‍ ബസ്വരി വ്യക്തമാക്കുന്നുണ്ട്. ഹജ്ജാജുബ്‌നു യൂസുഫിനു ശേഷം ഉമറുബ്‌നു അബ്ദുല്‍ അസീസ് വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ജനങ്ങള്‍ക്ക് ശ്വാസം വലിക്കാനുള്ള ഇടവേള കിട്ടേണ്ടത് അനിവാര്യമാണ്’ എന്നായിരുന്നു ഹസന്‍ ബസ്വരി പറഞ്ഞത്. ഇബ്‌നു മസ്ഊദ് ഈ ഹദിസിനെ വിശദീകരിച്ച് പറയുന്നു : ‘മുമ്പത്തേതിനേക്കാള്‍ പ്രയാസകരമായിട്ടല്ലാതെ ഒരുകാലവും ആഗതാമുകയില്ല. മുന്‍ കഴിഞ്ഞ നേതാവിനേക്കാള്‍ നല്ലൊരു നേതാവിനേയോ മുമ്പത്തെ വര്‍ഷത്തേക്കാള്‍ മികച്ച മറ്റൊരു വര്‍ഷമോ നിങ്ങള്‍ക്കുണ്ടാകുകയില്ലെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. മറിച്ച്, നിങ്ങളിലെ പണ്ഡിതന്‍മാരും കര്‍മ്മശാസ്ത്ര വിചക്ഷരരും മരണപ്പെട്ടു പോകുകയും അവര്‍ക്കു ശേഷം വരുന്നവര്‍ സ്വന്തം അഭിപ്രായത്തിനനുസരിച്ച് വിധി പറയുന്നവരായിത്തീരുകയും ചെയ്യും. അവര്‍ ഇസ് ലാമിനെ നശിപ്പിക്കുകയും ചെയ്യും’. ഇമാം ഹാഫിള് ഇബ്‌നു മസ്ഊദ് (റ) ന്റെ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. പണ്ഡിതന്‍മാരുടെ ഈ അഭിപ്രായങ്ങളൊന്നും തന്നെ സംശയങ്ങളെ കൃത്യമായി ദുരീകരിക്കുന്നില്ലെന്നതു തന്നെയാണ് സത്യം. അന്ത്യനാളിനു മുമ്പായി മഹ്ദിയും ഈസാ നബിയും ആഗതമാകുമെന്നും അന്ന് ഇസ്‌ലാമിന്റെ കൊടിയടയാളം ഉയര്‍ന്നു നില്‍ക്കുമെന്നും പ്രവാചക ഹദീസുകളില്‍ തന്നെ വന്നിട്ടുള്ളതാണ്. അതുപോലെ നിഷ്‌ക്രിയത്വത്തിനും നിശ്ചലതക്കും ശേഷം മുന്നേറ്റത്തിന്റെയും ചലനങ്ങളുടെയും കാലഘട്ടങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ വേണ്ടുവോളം ഉണ്ടായിട്ടുമുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ ഇസ്‌ലാമിക ഖിലാഫത്ത് തകര്‍ന്നടിഞ്ഞതിന് ശേഷം എട്ടാം നൂറ്റാണ്ടില്‍ തന്നെ നവോത്ഥാന സംരംഭങ്ങള്‍ ഇസ്‌ലാമിക ലോകത്ത് പൂര്‍വാധികം ശക്തിയോടെ നടക്കുകയുണ്ടായി. ശാമില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍, സ്‌പെയിനില്‍ ശാത്വിബി, മൊറോക്കോയില്‍ ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങി നിരവധി പ്രഗത്ഭ പണ്ഡിത ശ്രേഷ്ടന്‍മാര്‍ എട്ടാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക നവജാഗരണത്തിന് നേതൃത്വം കൊടുത്തവരായിരുന്നു.

ഭൂമിയില്‍ അരാജകത്വം വ്യാപകമായതിനു ശേഷം മഹ്ദി വരികയും അദ്ദേഹം ലോകത്ത് നീതിയുടെ വസന്തം വിരിയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാചകനില്‍ നിന്നും വന്നിട്ടുള്ള ഹദീസുകളുടെ വെളിച്ചത്തില്‍ ഇവിടെ ചോദ്യകര്‍ത്താവ് ഉന്നയിച്ച ഹദീസ് എല്ലാ കാലത്തെയും ഉള്‍ക്കൊള്ളിച്ച് പ്രവാചകന്‍ പൊതുവായി പറഞ്ഞതല്ലെന്ന് ഇബ്‌നു ഹിബ്ബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഹാഫിദ് അദ്ദേഹത്തിന്റെ ‘അല്‍ ഫതഹ്’ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയ അഭിപ്രായമാണ് ഈ വിഷയത്തില്‍ കൂടുതല്‍ സ്വീകാര്യമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹം പറയുന്നു : ‘പ്രവാചകന്റെ ശ്രോതാക്കള്‍ സ്വാഹാബികളായിരുന്നു. ഈ ഹദീസില്‍ പറയപ്പെട്ട കാലഘട്ടം സ്വഹാബികളുടെ കാലഘട്ടമാണ്. സ്വഹാബികളെയും അവര്‍ ജീവിച്ച കാലത്തെയും മാത്രം ഉദ്ദേശിച്ച് പ്രവാചകന്‍ പറഞ്ഞ ഈ വചനത്തില്‍ അതിനുശേഷമുള്ള കാലഘട്ടങ്ങളെ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടാണ് അനസുബ്‌നു മാലികിനോട് ഹജ്ജാജുബ്‌നു യൂസുഫിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷമിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭരണാധികാരികളുടെ അക്രമ മര്‍ദ്ദനങ്ങളെയും ഏകാധിപത്യ വാഴ്ച്ചയെയും അംഗീകരിച്ചും അതില്‍ ക്ഷമിച്ചും മുന്നോട്ട് പോവാന്‍ ഈ ഹദീസ് തെളിവായി ഉദ്ദരിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. അത്തരം വാദങ്ങള്‍ക്കുള്ള മറുപടികള്‍ ഇവയാണ് :
1. അനസുബ്‌നു മാലികില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഈ ഹദീസില്‍ പറയുന്ന ‘ക്ഷമിക്കൂ’ എന്ന പദം പ്രവാചകനിലേക്ക് ചേര്‍ത്തു പറയുന്ന ഹദീസിന്റെ ഭാഗമല്ല. ഹദീസിന്റെ വെളിച്ചത്തില്‍ അനസുബ്‌നു മാലിക് പറഞ്ഞ വാചകമാണ്.
2. അനസ് (റ) അവരോട് അക്രമത്തിലും അനീതിയിലും സംതൃപ്തരായി കഴിഞ്ഞുകൂടാന്‍ ആവശ്യപ്പെടുകയല്ല ചെയ്തത്, മറിച്ച് ക്ഷമിക്കാനാണ് ആവശ്യപ്പെട്ടത്. അത് രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. അനീതിയെയും അധര്‍മ്മത്തെയും അംഗീകരിക്കലും അതില്‍ തൃപ്തിപ്പെടലും അനീതി പ്രവര്‍ത്തിക്കുന്നതിന് തുല്യമാണ്. എന്നാല്‍ ഒരു കാര്യത്തെ വെറുത്തു കൊണ്ട് അതില്‍ ക്ഷമ അവലംബിക്കുക എന്നത് ആ വ്യവസ്ഥിയെ മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമാണ്.
3. അക്രമത്തെയും ഏകാധിപത്യത്തെയും എതിര്‍ക്കാന്‍ ശേഷിയില്ലാത്തവന്‍ ക്ഷമയും സഹനവും പാലിച്ച് അടങ്ങിയിരിക്കുകയല്ല വേണ്ടത്. മറിച്ച്, അനീതിക്കെതിരായ പോരാട്ടത്തിനുള്ള സകല സാധ്യതകളെയും കുറിച്ച് അവന്‍ അന്വേഷിക്കണം. പൈശാചിക ശക്തികള്‍ക്കെതിരെ ദൈവിക ശക്തി ഉപയോഗിച്ച് പോരാടാനും അധര്‍മ്മകാരികള്‍ക്കെതിരെ ധാര്‍മ്മിക വിശുദ്ധിയുള്ളവരെ അണിനിരത്തിയും അനീതിക്കെതിരെ നീതിയുടെ പതാകവാഹകരെ ഒരുമിപ്പിച്ചും പ്രതിരോധമാര്‍ഗമൊരുക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.

വിഗ്രഹാരാധനയെയും ആരാധകരെയും ക്ഷമിച്ച് പ്രവാചകന്‍ മക്കയില്‍ പതിമൂന്ന് വര്‍ഷക്കാലം ജീവിച്ചു. കഅ്ബക്കകത്ത് 360 ല്‍ അധികം വിഗ്രഹങ്ങളുണ്ടായിരിക്കെ തന്നെ മസ്ജിദുല്‍ ഹറാമില്‍ പ്രവാചകന്‍ നമസ്‌കരിക്കുകയും കഅ്ബക്കു ചുറ്റും പ്രദിക്ഷണം വെക്കുകയും ചെയ്തു. ഹിജ്‌റക്കു ശേഷം ഏഴു വര്‍ഷം കഴിഞ്ഞും ഇതേ അവസ്ഥയില്‍ പ്രവാചകനും സ്വഹാബികളും കഅ്ബക്കു ചുറ്റും ത്വവാഫ് നിര്‍വഹിച്ചു. എന്നാല്‍ മക്കാ വിജയത്തിനെ തുടര്‍ന്ന് അവസരം സമാഗതമായപ്പോള്‍ വിഗ്രഹങ്ങളെയെല്ലാം പ്രവാചകന്‍ (സ) നീക്കം ചെയ്തു. തിന്മയുടെ ഉച്ഛാടനത്തിനു മുന്നിട്ടറങ്ങുമ്പോള്‍ അതു ഗുണത്തിനേക്കാള്‍ നാശത്തിനാണു വഴിവെക്കുകയെങ്കില്‍ സാഹചര്യങ്ങള്‍ മാറുന്നത് വരെ കാത്തിരിക്കണമെന്ന് ഇസ്‌ലാമിക പണ്ഡിതന്‍മാരെല്ലാവരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇവിടെ പറയപ്പെട്ട ഹദീസിലെ ക്ഷമിക്കാനുള്ള ആഹ്വാനം അക്രമത്തെയും അനീതിയെയും അംഗീകരിക്കാനുള്ള ഉപദേശമല്ല മറിച്ച് അല്ലാഹുവിന്റെ വിധി പ്രകാരമുള്ള അനുയോജ്യമായ സാഹചര്യം ആഗതമാകുന്നത് പ്രതീക്ഷിക്കുകയും അതിനുവേണ്ടി പണിയെടുക്കലുമാണ്. ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാകുന്നു.

വിവ : ജലീസ് കോഡൂര്‍

Related Articles