പിതൃപരമായ വാല്‍സല്യവും സംരക്ഷണവും നഷ്ടപ്പെടലാണ് യഥാര്‍ഥത്തില്‍ അനാഥത്വം. അപ്രകാരം തന്നെ സന്താനങ്ങളുടെ സംരക്ഷണത്തിന്റെ സ്രോതസ്സും കാരുണ്യത്തിന്റെയും നിയന്ത്രണത്തിന്റെയും കേന്ദ്രവുമാണ് പിതൃത്വം. ഭാവിയിലേക്കുള്ള ദിശ വരച്ചുകൊടുക്കുകയും പുരോഗിതിയിലേക്ക് വഴിനടത്തലും പിതാവിന്റെ ഉത്തരവാദിത്തമാണ്.
പ്രിയ രക്ഷിതാവേ, നീ നിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കൂ! നിന്റെ സന്താനങ്ങളോടുളള സമീപനം എന്താണ്, പിതൃപരമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ നീ ശ്രദ്ധപുലര്‍ത്താറുണ്ടോ! നീ അതില്‍ ശ്രദ്ധപുലര്‍ത്താറുണ്ടെങ്കില്‍ നീ ഭാഗ്യവാനാണ്. നിന്റെ മക്കള്‍ ഒരിക്കലും യതീമല്ല. അവര്‍ യഥാര്‍ത്ഥ പിതാവിന്റെ പരിലാളനത്തിലാണ്.
മക്കളോടുള്ള നിന്റെ ബാധ്യതകളെ കുറിച്ച് നീ വിസ്മൃതിയിലാണെങ്കില്‍ നിന്നോടുള്ള എല്ലാ ബഹുമാനത്തോടെയും നമുക്ക് പറയേണ്ടിവരും. നീ ജീവിച്ചിരിക്കെ നിന്റെ മക്കള്‍ അനാഥരാണ്!!
നീ ജീവിച്ചിരിപ്പില്ലെങ്കില്‍ യതീമായ ആസന്താനങ്ങളുടെ കാര്യത്തില്‍ കുടുംബക്കാരും മുസ്‌ലിം സമൂഹവും പ്രത്യേക താല്‍പര്യമെടുത്ത് പിതൃപരമായ കുട്ടികളുടെ അവകാശങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുമായിരുന്നു. അതിനാലാണ് യതീമിനെക്കുറിച്ച് കവി തന്റ കാഴ്ചപ്പാട് ഇപ്രകാരം വിവരിക്കുന്നത്.
മക്കളെ അനാഥരാക്കി യാത്രയായവരുടെ സന്താനങ്ങളല്ല യതീം
സന്താനങ്ങളെ നോക്കാത്ത ഉമ്മയും തിരക്കൊഴിയാത്ത പിതാക്കളുമുള്ളവരാണ് യതീം.
ദരിദ്രരായ ഇത്തരത്തിലുള്ള സന്താനങ്ങള്‍ക്ക് ശിക്ഷണം നല്‍കാനും സംസ്‌കരിക്കാനും ധാര്‍മികബോധമുളളവരാക്കാനും വിജയത്തിലേക്ക് വഴിനടത്താനും ആരാണുള്ളത്. ഇവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷണങ്ങളും വാങ്ങിക്കൊടുത്ത് കൊണ്ട് അവരെക്കുറിച്ച് വീമ്പ് പറയാന്‍ എന്തിനാണ് ഒരുകൂട്ടര്‍.
എന്തുകൊണ്ട് മക്കളുടെ കാര്യം ഗൗരവതരത്തിലെടുക്കണം!
1. രക്ഷിതാവ് എന്ന ബാധ്യതാനിര്‍വഹണത്തിലെ വീഴ്ച ഗുരുതരമാണ്: പ്രവാചകന്‍ പഠിപ്പിച്ചു: എല്ലാവരും ഉത്തരവാദിത്തമുള്ളവരാണ്. ഓരോരുത്തരും തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യംചെയ്യപ്പെടുന്നതാണ്. വീട്ടുകാരുടെ കാര്യം ഗൃഹനാഥനില്‍ നിക്ഷിപ്തമാണ്.
2.വിശ്വാസത്തിന്റെ താല്‍പര്യം സംരക്ഷിക്കാതിരിക്കല്‍ :പ്രവാചകന്മാര്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കിയ ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണാം. ‘ ഇബ്‌റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ‘എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരണപ്പെടരുത്.'(2:132)
3.സന്തുലിതത്വം ഇല്ലാതിരിക്കുക. നിന്റെ നാഥനോട് നിനക്ക് ബാധ്യതയുണ്ട്. സ്വന്തത്തോട് ചില അവകാശങ്ങളുണ്ട്. കുടുംബത്തോടും ചില ബാധ്യതകളുണ്ട്. എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങള്‍ വകവെച്ച്‌നല്‍കുക. (ബുഖാരി)
4. ജോലിയെക്കുറിച്ച തെറ്റിദ്ധാരണ: ഭൂരിഭാഗം പേരും തങ്ങള്‍ ധാരാളം ബാധ്യതകള്‍ നിര്‍വഹിക്കുന്നവരാണ് തെറ്റിദ്ധരിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ ആസൂത്രണമില്ലാത്തതിന്റെ പേരില്‍ നിരവധി സമയം നാം വെറുതെ നഷ്ടപ്പെടുത്തുന്നുണ്ട്.
മക്കളെ അനാഥരാക്കിവിടുന്നതിന് മുമ്പ് നിന്റെ കാര്യങ്ങളെല്ലാം ആസൂത്രണത്തോടെ വ്യവസ്ഥപ്പെടുത്താന്‍ നീ തീരുമാനിക്കുക. പരലോകത്ത് സന്താനങ്ങള്‍ നിനക്കെതിരെ സാക്ഷികളാകുന്നതിന് മുമ്പ് അവരെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ജോലികളില്‍ നീ വ്യാപൃതനാവുക. ‘വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്‌നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്.’ (66:6)
പ്രിയ രക്ഷിതാവേ, സന്താനങ്ങളിലൂടെയുള്ള സമൃദ്ധി സമ്പത്തിലൂടെയുള്ള സമൃദ്ധിയേക്കാള്‍ മൂല്യവത്താണെന്ന് നീ മനസ്സിലാക്കുക. ഏറ്റവും വലിയ മൂലധനം മനുഷ്യവിഭവ ശേഷിയാണല്ലോ…കാലം പുതിയ സ്വലാഹുദ്ദീന്‍മാരെ തേടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, ആരാണ് അതിന് തയ്യാറുള്ളത്! ദിനേന അവരുമായി ചിലവഴിക്കാന്‍ നിശ്ചിത സമയം നീ കണ്ടെത്തുക. അവരുടെ സര്‍വ്വതോന്മുഖ വളര്‍ച്ചക്കായി ബോധപൂര്‍വം ആ സമയം വിനിയോഗിക്കുകയും ചെയ്യുക.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്