Your Voice

ഞാന്‍ കണ്ടുമുട്ടിയ ആണ്‍കുട്ടി

ഇന്ന് ഒരാണ്‍കുട്ടി എന്റെ അടുത്ത് വന്നു. കഷ്ടിച്ച് ഏഴ് വയസ്സ് പ്രായം കാണും. അവന്‍ പറഞ്ഞു: ”എന്തെങ്കിലും തരണം”. അപ്പോഴാണ് നിഷ്‌കളങ്കമായ അവന്റെ മുഖം ഞാന്‍ കണ്ടത്. അവനെ ഒഴിവാക്കാനായി പൊങ്ങിയ എന്റെ കൈകള്‍ താഴ്ന്നു. ”എന്റെ കൈയ്യില്‍ പൈസ ഒന്നുമില്ല”, സങ്കടത്തോടെ ഞാന്‍ പറഞ്ഞു. എന്നാല്‍ അവന്‍ എന്നെ വിടാന്‍ ഒരുക്കമായിരുന്നില്ല. എന്റെ കൂടെ അവനും നടക്കാന്‍ തുടങ്ങി. അവന്‍ വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ റോഡു മുറിച്ചു കടന്നപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു: ”നിന്റെ ഉമ്മ എവിടെ?” അടുത്തുള്ള മസ്ജിദിന് പുറത്ത് കൈനീട്ടി ഇരിക്കുന്ന ഒരു സ്ത്രീയെ അവന്‍ ചൂണ്ടിക്കാണിച്ചു തന്നു. പലപ്പോഴായി ഹിജാബ് ധരിച്ച അവസ്ഥയില്‍ ഞാന്‍ അവരെ കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്നാണ് മസ്ജിദ് ഇമാമില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞത്. പുരുഷന്മാരാണ് സ്ത്രീകളെയും കുട്ടികളെയും ഇങ്ങനെ ഭിക്ഷാടനത്തിനായി അയക്കുന്നത്. അവരാകട്ടെ കോഫി കഫേയില്‍ ചെലവഴിക്കുകയും ചെയ്യും. ഞാന്‍ അവനോട് പറഞ്ഞു: ”നിന്റെ ഉമ്മയോട് പറയണം നിന്നെ ഇങ്ങനെ ആള്‍ക്കാരുടെ മുന്നില്‍ കൈനീട്ടാന്‍ അയക്കരുതെന്ന്. ഇത് മോശമാണ്. നിന്റെ ഉപ്പ എവിടെ?”

”ഉപ്പ എവിടെയാണെന്ന് എനിക്ക് അറിയില്ല”, അവന്‍ പറഞ്ഞു. കഫേയിലാണോ അതോ മരണപ്പെട്ടോ, അത് ഞാന്‍ ചോദിച്ചില്ല. ചിലപ്പോള്‍ ഇവര്‍ ബോസ്‌നിയക്കാരായിരിക്കും. ബോസ്‌നിയ-സെര്‍ബിയ യുദ്ധത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളില്‍ ഇവന്റെ ഉപ്പയും ഉണ്ടായിരുന്നിരിക്കാം. വളരെ ലാഘവത്തോടെയാണ് ഉപ്പയെ കുറിച്ച് അവന്‍ പറഞ്ഞത്. അവന്റെ മുഖത്തെ നിഷ്‌കളങ്കത ഏറിയത് പോലെ. അവനെ ഒഴിവാക്കാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ പൈസ തരാം എന്ന് അവനോട് പറഞ്ഞു. എവിടുന്ന് എന്ന് അവന്‍ എന്നോട് ചോദിച്ചു. അടുത്തുള്ള കട ചൂണ്ടിക്കാണിച്ച് പുറത്ത് നില്‍ക്കാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ കടയിലേക്ക് കയറി. അകത്ത് കയറി ഞാന്‍ എന്റെ പേഴ്‌സ് തപ്പി. അതില്‍ 5 ഡോളര്‍ ഉണ്ടായിരുന്നു. 2 ഡോളര്‍ അവന് കൊടുക്കാം എന്ന് ഞാന്‍ വിചാരിച്ചു. കാരണം അഞ്ച് ഡോളറും അവന് കൊടുക്കുന്നത് ശരിയല്ല. ഒരു പണിയും ചെയ്യാതെ ഇങ്ങനെ ഭിക്ഷ യാചിച്ച് നടന്നാല്‍ മതി എന്ന് അവന് തോന്നിയാലോ. ഞാന്‍ ഈ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയില്ലായിരുന്നു. എന്തായിരുന്നാലും മുതിര്‍ന്ന് കഴിഞ്ഞാല്‍ ഹിജാബ് ധരിച്ച ഒരു സ്ത്രീയില്‍ നിന്ന് അന്ന് കിട്ടിയ 2 ഡോളര്‍ ചിലപ്പോള്‍ അവനെ ഇസ്‌ലാമിലേക്ക് നയിച്ചാലോ എന്നു ഞാന്‍ കരുതി.

കടയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞിടത്ത് തന്നെ അവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ ചെറിയ ഉള്ളംകൈയിലേക്ക് ഞാന്‍ നാണയങ്ങള്‍ വെച്ചുകൊടുത്തു. ”നന്ദി”, അവന്‍ പറഞ്ഞു. ഞാന്‍ എന്റെ കൈ അവന്റെ തോളത്ത് വെച്ചു എന്നിട്ട് കുറച്ച് ഗൗരവത്തില്‍ പറഞ്ഞു: ”നീ ഇനി യാചിക്കരുത്, അത് ശരിയല്ല”. അവന്‍ ശരി എന്ന് പറഞ്ഞു. നീ വലുതായാല്‍ ജോലി ചെയ്ത് ജീവിക്കണമെന്നും ആളുകളുടെ മുന്നില്‍ കൈ നീട്ടരുതെന്നും ഞാന്‍ അവനെ ഉപദേശിച്ചു. എല്ലാം അവന്‍ ചിരിച്ചുകൊണ്ട് തലയാട്ടി കേട്ടു. പെട്ടെന്ന,് ജീവിതത്തെ കുറിച്ചും ഇസ്‌ലാമിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചുമൊക്കെ അവന് പറഞ്ഞുകൊടുക്കണമെന്ന് എനിക്ക് തോന്നി. കാരണം അവന്റെ മനസ്സ് അത് ആഗ്രഹിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. എന്നാല്‍ അവനെ യാചിക്കാന്‍ വിടുന്ന അവന്റെ അമ്മയുടെ കാര്യമോര്‍ത്തപ്പോള്‍ എനിക്ക് ദേഷ്യം വന്നു. മുറി ഇംഗ്ലീഷായിരുന്നു അവന്‍ സംസാരിച്ചിരുന്നത്. ഞാന്‍ പറഞ്ഞതൊക്കെ അവന്‍ മനസ്സിലായോ എന്തോ. ഡോളറിന് പകരം അവന് ഭക്ഷണം വാങ്ങി കൊടുക്കാമായിരുന്നു എനിക്ക് തോന്നി. ആ ഡോളര്‍ അവന് ഉപകാരപ്പെടാതെ മുതിര്‍ന്നവര്‍ പങ്കിട്ടെടുത്താലോ?

ഇവന്‍ ഇപ്പോള്‍ നിഷ്‌കളങ്കനാണ്. ഏത് കാര്യവും അറിയാനും മനസ്സിലാക്കാനുമുള്ള പ്രായമാണ്. അതിനെ യഥാര്‍ത്ഥ ദിശയിലേക്ക് വഴിതിരിച്ചുവിട്ടില്ലെങ്കില്‍ അവന്റെ മുഖത്തെ നിഷ്‌കളങ്കത പതിയെ മായും. അവന്‍ തെമ്മാടിയോ അധര്‍മകാരിയോ ആയി വളരും. അവന്റെ മനസ്സിന് സത്യം കണ്ടെത്താനുള്ള പ്രാപ്തി നല്‍കേണമേ എന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. കാരണം, അവന്‍ നന്മയില്‍ വളരണമെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.  അവന്റെ നിഷ്‌കളങ്കമായ മുഖവും ആ അലിവാര്‍ന്ന നോട്ടവും കുറച്ച് നിമിഷങ്ങള്‍ മാത്രമേ എനിക്ക് അനുഭവിക്കാന്‍ ആയുള്ളൂ. ആ നിഷ്‌കളങ്കത മായാതെ അവന്റെ മുഖത്ത് നിലനില്‍ക്കണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവനെ കഴിവും കാര്യപ്രാപ്തിയുമുള്ള യുവാവായി വളര്‍ത്തും. ജീവിതത്തില്‍ എപ്പോഴെങ്കിലും ആ അവസ്ഥയില്‍ അവന്‍ എന്നെ കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.   

വിവ: അനസ് പടന്ന

Facebook Comments
Related Articles
Show More
Close
Close