പ്രമുഖ താബിഈ ആയ അബ്ദുല്ലാഹ് ബിന്‍ മുബാറക് തന്റെ മസ്ജിദുല്‍ ഹറാമിലേക്ക് ഹജ്ജ് ചെയ്യാനുദ്ദേശിച്ചുള്ള യാത്രയില്‍ ഉണ്ടായ കൗതുകകരവും അല്‍ഭുതാവഹവുമായ ഒരനുഭവം വിവരിക്കുന്നു. യാത്ര സംഘത്തില്‍ നിന്നും വഴിതെറ്റി തനിച്ച് നില്‍ക്കുന്ന ഒരു സ്ത്രീയെ വഴിയില്‍ വെച്ച് കാണുകയുണ്ടായി. അദ്ദേഹത്തിന്റെ ഓരോ ചോദ്യങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കിയ ആ സ്ത്രീ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിനും അവള്‍ക്കുമിടയില്‍ നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു.
ഞാന്‍ : അസ്സലാമു അലൈകും
അവള്‍: സലാം , സമാധാനം ഇതായിരിക്കും ദയാപരനായ നാഥനില്‍നിന്ന് അവര്‍ക്കുള്ള അഭിവാദ്യം (36:58)
ഞാന്‍ ; അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, ഇവിടെ നിന്നും നീ എന്താണ് ചെയ്യുന്നത്?( അവള്‍ വഴിയറിയാതെ അലയുകയാണെന്ന് ഞാന്‍ അറിഞ്ഞു )
അവള്‍ : അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല (7:186)
ഞാന്‍: നീ എവിടേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്?
അവള്‍ : തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു -ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ (17:1)
ഞാന്‍ : (അവള്‍ ഹജ്ജ് കഴിഞ്ഞു ബൈതുല്‍ മഖ്ദിസിലേക്കുള്ള യാത്രയിലാണെന്ന് എനിക്ക് മനസ്സിലായി) നീ ഈ സ്ഥലത്ത് എത്ര സമയമായി?
അവള്‍ : പൂര്‍ണമായ മൂന്ന് രാത്രി (19:10)
ഞാന്‍ : നിനക്ക് കഴിക്കാനുള്ള ഭക്ഷണമൊന്നും കാണുന്നില്ലല്ലോ?
അവള്‍ : അല്ലാഹു എന്നെ ഭക്ഷിപ്പിക്കുകയും എന്റെ ദാഹമകറ്റുകയും ചെയ്യുന്നു (26:79)
ഞാന്‍: നീ എങ്ങിനെയാണ് വുദൂ നിര്‍വഹിച്ചത്?
അവള്‍: നിങ്ങള്‍ക്ക് വെള്ളം ലഭിച്ചിട്ടില്ലെങ്കില്‍ നല്ല മണ്ണ് ഉപയോഗിച്ച് നിങ്ങള്‍ തയമ്മും ചെയ്യുക (4:43)
ഞാന്‍: എന്റെയടുത്ത് ഭക്ഷണമുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുണ്ടോ?
അവള്‍: രാത്രിയാകും വരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക (2:187)
ഞാന്‍ : ഇത് റമദാന്‍ മാസമല്ലല്ലോ?
അവള്‍: ആര്‍ ഐഛികമായി നന്മ ചെയ്യുന്നുവോ അല്ലാഹു തീര്‍ച്ചയായും എല്ലാം അറിയുന്നവനും നന്ദിയുള്ളവനുമാണ്. (2;158)
ഞാന്‍: യാത്രയില്‍ നോമ്പിന് നമുക്ക് ഇളവ് ഉണ്ടല്ലോ?
അവള്‍: നിങ്ങള്‍ നോമ്പ് അനുഷ്ഠിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. (2:184)
ഞാന്‍: ഞാന്‍ സംസാരിക്കുന്നതിനനുസരിച്ച് നീ പ്രതികരിക്കാത്തത് എന്താണ്?
അവള്‍: അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല. (50:18)
ഞാന്‍: നീ ഏത് ജനതയില്‍ പെട്ടവളാണ്?
അവള്‍: നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ. (17;36)
ഞാന്‍ : ചിലപ്പോള്‍ പിഴവുകള്‍ സംഭവിക്കാം. എന്താണ് അതിന് പരിഹാരം?
അവള്‍: ‘ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. ( 12:92)
ഞാന്‍: നിനക്ക് എന്റെ കുതിരപ്പുറത്ത് കയറി നിന്റെ സംഘത്തെ കണ്ടുമുട്ടാം.
അവള്‍: നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു നന്മയും അല്ലാഹു അറിയുന്നു. നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. (24:30)
ഞാന്‍: ഞാന്‍ എന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ചു നിര്‍ത്തി, നീ കയറുക എന്ന് ഞാന്‍ അവളോട് പറഞ്ഞു. ഒട്ടകം വിരണ്ടോടി അവളുടെ വസ്ത്രം കീറി. ഞാന്‍ എന്റെ ദൃഷ്ടി താഴ്ത്തി
അവള്‍: നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ് (42; 30)
ഞാന്‍: ക്ഷമിക്കൂ, ഞാന്‍ അത് ശരിപ്പെടുത്താം.
അവള്‍: അന്നേരം സുലൈമാന്ന് നാം കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്തു (21:79)
ഞാന്‍; ഇതില്‍ കയറൂ, അവള്‍ അതില്‍ കയറി, ഒട്ടകം യാത്ര ആരംഭിച്ചു
അവള്‍: ‘ഞങ്ങള്‍ക്കിവയെ അധീനപ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! നമുക്ക് സ്വയമവയെ കീഴ്‌പെടുത്താന്‍ കഴിയുമായിരുന്നില്ല.(43;13)
അവള്‍: ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചപ്പോള്‍ ധൃതിയില്‍ സഞ്ചരിക്കുകയുണ്ടായി. അവള്‍ പറഞ്ഞു. നടത്തത്തില്‍ മിതത്വം പാലിക്കുക, ശബ്ദം താഴ്ത്തുകയും ചെയ്യുക (31:19)
ഞാന്‍; കവിതയും ചൊല്ലി സാവകാശം നടന്നു
അവള്‍: അതിനാല്‍ ഖുര്‍ആനില്‍നിന്ന് സൗകര്യപ്രദമായത് പാരായണം ചെയ്യുക (73:20)
ഞാന്‍: നിനക്ക് ധാരാളം നന്മകള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
അവള്‍: ‘ ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ. (3:7)
ഞാന്‍: നിനക്ക് ഭര്‍ത്താവ് ഉണ്ടോ,
അവള്‍: വിശ്വസിച്ചവരേ, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കാതിരിക്കുക. അവ വെളിപ്പെടുത്തിത്തരുന്നത് നിങ്ങള്‍ക്ക് പ്രയാസകരമായിരിക്കും. (5:101)
ഞാന്‍: അവരുടെ യാത്രാസംഘത്തെ കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു. അതില്‍ നിന്റെ ആരാണ് ഉള്ളത്?
അവള്‍: സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്.(18:46)
ഞാന്‍: അവള്‍ക്ക് മക്കളുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഹജ്ജില്‍ അവരുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ചോദിച്ചു
അവള്‍: കൂടാതെ വേറെയും വഴിയടയാളങ്ങളുണ്ട്. നക്ഷത്രങ്ങള്‍ മുഖേനയും അവര്‍ വഴികണ്ടെത്തുന്നു. (16:16)
ഞാന്‍: അവര്‍ യാത്രയിലെ വഴികാട്ടികളാണെന്ന് മനസ്സിലാക്കി. യാത്രകൊണ്ട് ഉദ്ദേശിച്ചത് എന്താണ്, അവിടെ ആരാണ് ഉണ്ടാകുക
അവള്‍: ഇബ്രാഹീമിനെ അല്ലാഹു കൂട്ടുകാരനായി തെരഞ്ഞെടുത്തിരിക്കുന്നു,(4:125) അല്ലാഹു മൂസയോട് സംസാരിച്ചിരിക്കുന്നു, അല്ലയോ യഹയ വേദഗ്രന്ഥം മുറുകെ പിടിക്കുക
ഞാന്‍; ഇബ്രാഹീം, മൂസാ, യഹയ തുടങ്ങിയവര്‍ യുവാക്കളായ മക്കളാണെന്ന് മനസ്സിലായി, അവരെ അവിടെ കണ്ടപ്പോള്‍
അവള്‍: ഏതായാലും നിങ്ങളിലൊരാളെ നിങ്ങളുടെ ഈ വെള്ളിനാണയങ്ങളുമായി നഗരത്തിലേക്കയക്കുക. അവിടെ എവിടെയാണ് ഏറ്റവും നല്ല ഭക്ഷണമുള്ളതെന്ന് അവന്‍ നോക്കട്ടെ. എന്നിട്ടവിടെ നിന്ന് അവന്‍ നിങ്ങള്‍ക്ക് വല്ല ആഹാരവും വാങ്ങിക്കൊണ്ടുവരട്ടെ. (18:19)
അവര്‍ ഓരോരുത്തരും പോയി , എനിക്കാവശ്യമായ ഭക്ഷണം വാങ്ങി എനിക്ക് മുമ്പില്‍ വെച്ചു.
അവള്‍; കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്തിരുന്നതിന്റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. (69:24)
ഞാന്‍; അവളുടെ വിവരങ്ങള്‍ എനിക്കറിയിച്ചു തരുന്നതുവരെ നിങ്ങളുടെ ഭക്ഷണം എനിക്ക്് നിഷിദ്ധമാണെന്ന് ഞാന്‍ പറഞ്ഞു
അവര്‍ പറഞ്ഞു; നാല്‍പത് വര്‍ഷമായി അല്ലാഹുവിന്റെ കോപം ഭയന്ന്് ഖുര്‍ആന്‍ മാത്രമേ അവള്‍ സംസാരിക്കാറുള്ളൂ.
ഞാന്‍: അല്ലാഹുവിന്റെ അനുഗ്രഹമാണ് ഇത്. അവനാഗ്രഹിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അതിമഹത്തായ അനുഗ്രഹത്തിനുടമയാണ് അല്ലാഹു.(62:4)
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്