Your Voice

കൂരിരുട്ടിലെ മങ്ങിയ പ്രകാശവും പ്രതീക്ഷയാണ്

എല്ലാ ദുരന്തങ്ങളും ചില നന്മകള്‍ക്ക് കൂടി കാരണമാകും. സംഘ പരിവാറിനെതിരെ നല്ല മനുഷ്യരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു എന്നതാണ് ആസിഫ വിഷയത്തിലെ ബാക്കി പത്രം. കേവലം രാഷ്ട്രീയ സാമൂഹിക പാര്‍ട്ടികളിലും സംഘടനകളിലും ഉണ്ടാകുന്ന എതിര്‍പ്പ് എന്നതിനേക്കാള്‍ അവിചാരിതമായി വ്യക്തികളും ഈ എതിര്‍പ്പിന്റെ ഭാഗമായി എന്നത് നല്ല സൂചനയാണ്.  സംഘ പരിവാര്‍ ശത്രുക്കള്‍ എന്ന് വിശ്വസിക്കുന്നവരില്‍ ഒന്നാം സ്ഥാനം മുസ്ലിംകള്‍ക്കു തന്നെ. അതിനാല്‍ അവരുടെ വിശ്വാസത്തില്‍ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ വഴികളും ശരിയാണ്. തികഞ്ഞ വിദ്വേഷത്തിന്റെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു വിശ്വാസത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുക എന്നത് തീര്‍ത്തും വിഡ്ഢിത്തമാണ്. അത് കൊണ്ട് തന്നെ സംഘ പരിവാര്‍ ഇത്തരം ഹീന കൃത്യങ്ങളില്‍ നിന്നും മാറി പോകും എന്ന് പ്രതീക്ഷിക്കുക വയ്യ.

നന്മ തിന്മ എന്ന ഒറ്റ കാരണം തന്നെ സംഘ പരിവാറിനെ മാറ്റി നിര്‍ത്താന്‍ ധാരാളമാണ്. പക്ഷെ ഇപ്പോള്‍ നാട് ഭരിക്കുന്നത് അവരാണ് എന്നത് കൂടി ചേര്‍ത്ത് വായിക്കണം. ഇത്തരം എതിര്‍പ്പുകളെ മറികടക്കാന്‍ സാധ്യമായ എല്ലാം അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം. നാട്ടിലെ മതേതര കക്ഷികള്‍ ഭിന്നിച്ചു  നില്‍ക്കുന്നു എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി മാറുന്നത്. നാം എന്ത് പ്രതിഷേധം നടത്തിയാലും ആത്യന്തികമായി ഒരു സംഘ പരിവാര്‍ മതേതര കൂട്ടായ്മക്ക് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ. വര്‍ത്തമാന രാഷ്ട്രീയം മനസ്സിലാക്കാതെയാണ് പാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്.  

സംഘ പരിവാര്‍ വിരുദ്ധത എന്നത് ഓരോ വിഷയവുമായി മാത്രം ഉയര്‍ന്നു വരുന്നതാവരുത്. പകരം അതൊരു നിരന്തര യജ്ഞമാകണം.  മനുഷ്യ ജീവനും അഭിമാനത്തിനും എതിരാണ് അവരുടെ നിലപാടുകള്‍ എന്നത് ബോധ്യപ്പെടുത്താന്‍ മതേതര കൂട്ടായ്മക്ക് കഴിയണം. അതെ സമയം തങ്ങളല്ലാത്ത മറ്റുള്ളവരെല്ലാം തീവ്രവാദികള്‍ എന്ന നിലപാട് മാറണം. വിഷയത്തെ വഴി മാറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരെ മനസ്സിലാക്കാന്‍ കഴിയണം. ആസിഫ വിഷയം ഒരേ സമയം മതവും മതേതരത്വവും കൂടി ചേര്‍ന്നതാണ്. അവള്‍ ആക്രമിക്കപ്പെട്ടത് മതത്തിന്റെ പേരില്‍. അതിനെതിരെ രൂപപ്പെട്ടത് മതേതര പ്രതിഷേധവും.  

അടുത്ത വിഷയം വരുന്നത് വരെ മാത്രമായി ഫാസിസ വിരുദ്ധ സമരം നില്‍ക്കരുത്. ഫാസിസത്തെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതു വരെ മതേതര ഭാരതം ഉറങ്ങരുത് എന്നതാകണം ആ നിലപാട്. കാരണം ഇത് ജീവിതത്തിന്റെ വിഷയമാണ്. തെരുവുകള്‍ ഫാസിസ വിരുദ്ധത കൊണ്ട് സജീവമാകണം. പക്ഷെ അത് ജനാധിപത്യ മര്യാദകളെ ചോദ്യം ചെയ്തു കൊണ്ടാകരുത്. മതേതര പക്ഷങ്ങളെ അകറ്റാനും കാരണമാകരുത്. എല്ലാം ജനത്തെ അടുപ്പിക്കണം.  

പുതിയ നിയമ നിര്‍മാണം നാം പ്രതീക്ഷിക്കുന്നു. പക്ഷെ പ്രതികള്‍ സംഘ് പരിവാര്‍ എന്ന് വരികില്‍ അതിനെ മറികടന്നു വിധി പറയാന്‍ നമ്മുടെ കോടതികളുടെ ശക്തിയെ നാം സംശയിക്കുന്നു. അവസാനം മക്ക മസ്ജിദ് നമ്മുടെ പ്രതീക്ഷകളുടെ മറ്റൊരു തിരിച്ചടിയാണ്. ആസിഫക്കു നീതി എന്നത് മനുഷ്യ കുലത്തിന്റെ ആവശ്യമാണ്. കൂരിരുട്ടിലും നാം മങ്ങിയ പ്രകാശം കാണുന്നു. ഒരു കാര്യം തീര്‍ച്ചയാണ്. തിന്മക്കു നന്മയുടെ മേല്‍ അധിക കാലം അതിജീവനം നടത്താന്‍ കഴിയില്ല.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker