Your Voice

കാലിഗ്രഫിയില്‍ വിസ്മയങ്ങള്‍ തീര്‍ത്തൊരാള്‍

കമല സുരയ്യ ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുമ്പൊരിക്കല്‍ ഇസ്‌ലാമിനെ വിമര്‍ശനാത്മകമായി നിരൂപിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. ‘ഇസ്‌ലാം ആകപ്പാടെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരേയൊരു കല കാലിഗ്രഫിയാണ്’. നാടകം, സംഗീതം, സിനിമ, ശില്‍പ കല തുടങ്ങിയവയെ ദൂരേക്ക് മാറ്റി നിര്‍ത്തുന്ന മുസ്‌ലിം പണ്ഡിതാഭിപ്രായങ്ങള്‍ മുന്‍നിര്‍ത്തിയാണവര്‍ അങ്ങനെ അഭിപ്രായപ്പെട്ടത്. സത്യത്തില്‍ കാലിഗ്രഫിക്ക് ഇസ്‌ലാമിക സംസ്‌കൃതിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഈ മനോഹരമായ കലയുടെ വികാസപരിണാമങ്ങളില്‍ അറബിക് കാലിഗ്രഫിയുടെ നിറസാന്നിധ്യം എന്നുമുണ്ടായിട്ടുണ്ട്.

കാലിഗ്രഫി മേഖലയില്‍ അന്താരാഷ്ട്ര രംഗത്ത് തന്നെ ഇടം നേടിയിരിക്കുന്ന മലയാളിയാണ് ഖലീലുല്ല. കാലിഗ്രഫിയില്‍ അനാട്ടമി കാലിഗ്രഫിയെന്ന ഏറ്റവും പ്രചാരമുള്ള ഒരു മേഖലക്ക് ജന്മം നല്‍കുകയും അതില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്തതാണ് അനറബിയായ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ആയിരക്കണക്കിന് ബ്രാന്‍ഡുകളുടെ കാലിഗ്രഫി ലോഗോ രൂപകല്‍പ്പന നടത്തിയിട്ടുണ്ട് ഇദ്ദേഹം. കാലിഗ്രഫിയെ അങ്ങേയറ്റം ധ്യാനിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഈ കലയെ ദൈവിക ഒരു വരദാനമായാണ് കാണുന്നത്. അനാട്ടമി കാലിഗ്രഫിയില്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച പല ജീവികളുടെയും രൂപങ്ങള്‍ ഖലീലുല്ലയുടെ സംഭാവനയാണ്. സൂറത്തുല്‍ ഫിലിനെ ആനയുടെ രൂപത്തിലും ഒട്ടകം എന്ന ദൃഷ്ടാന്തത്തെ പരാമര്‍ശിക്കുന്ന സൂക്തം ആ രൂപത്തിലും മൂസാ നബിയുടെ വടി പാമ്പായത് പരാമര്‍ശിക്കുന്ന സൂക്തം പാമ്പിന്റെ രൂപത്തിലുമെല്ലാം ഇദ്ദേഹം ചെയ്തിട്ടുണ്ട്.

ശൈഖ് സായിദുള്‍പ്പടെയുള്ള യു.എ.ഇ ഭരണാധികാരികളുടെ വളരെ പ്രചാരം നേടിയ മിക്ക കാലിഗ്രഫികളും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രമുഖ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, മമ്മൂട്ടിയുള്‍പ്പടെ നിരവധി സിനിമാ താരങ്ങള്‍ തുടങ്ങിയവരുടെ ചിത്രകള്‍ കാലിഗ്രഫിയില്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ ഇസ്‌ലാമിനോട് അങ്ങേയറ്റത്തെ പ്രതിബദ്ധത പുലര്‍ത്താന്‍ ശ്രമിക്കാറുള്ള ഇദ്ദേഹത്തിന്റെ സൂറത്തുല്‍ ഫീല്‍ ആനയുടെ രൂപത്തില്‍ ചെയ്ത വര്‍ക്കിനെ ഒരു മുസ്‌ലിം സ്ത്രീ എക്‌സിബിഷനിടെ വിമര്‍ശിക്കുകയുണ്ടായ സംഭവത്തെക്കുറിച്ച് ഖലീലുല്ലാഹ് പറയുന്നതിങ്ങനെ. ‘ആ എക്‌സിബിഷനില്‍ നിരവധി അമുസ്‌ലിം സഹോദരങ്ങള്‍ ആനയില്‍ ചെയ്ത ഖുര്‍ആന്‍ സൂക്തത്തെയും അതിന്റെ ആശയത്തെയും ചരിത്രത്തെയും പറ്റി ചോദിക്കുകയുണ്ടായി. ഒരു പ്രബോധകന്റെ മനസ്സോടെ അതിനെല്ലാം വിശദീകരണങ്ങള്‍ നല്‍കുമ്പോള്‍ അവര്‍ക്ക് ഖുര്‍ആനിന്റെ ഒരു സന്ദേശം ഈ കലാരൂപത്തിലൂടെ പകരാനായതിന്റെ ആത്മീയ അനുഭൂതി ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ അത്തരം വിമര്‍ശനങ്ങളെ ഞാന്‍ കാര്യമാക്കാറില്ല.’

കാലിഗ്രഫിയാണ് തന്റെ ലോകമെങ്കിലും മാപ്പിളപ്പാട്ടിന്റെ ചരിത്രരേഖകളുടെ കാര്യത്തില്‍ ഒരു വിജ്ഞാനകോശമാണിദ്ദേഹം എന്നത് കേരളീയരില്‍ പലര്‍ക്കുമറിയാത്ത കാര്യമാണ്. മാപ്പിളപ്പാട്ടുകള്‍ അതിന്റെ പാരമ്പര്യ തനിമയില്‍ രചിച്ചിട്ടുണ്ട് ഇദ്ദേഹം. റേഡിയോ ജോക്കിയായും പത്രപ്രവര്‍ത്തകനായും ആര്‍ടിസ്റ്റായുമെല്ലാം തിളങ്ങിയ ഈ ബഹുമുഖ പ്രതിഭ ഒടുവില്‍ കാലിഗ്രഫിയാണ് തന്നിലെ പ്രതിഭയെന്ന് എന്ന് തിരിച്ചറിയുകയായിരുന്നു. മലയാളിയായിട്ടും കഴിഞ്ഞ കൊച്ചി മുസ്‌രിസ് ബിനാലെയില്‍ ദുബൈയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടി വന്ന ചെറിയ സങ്കടവും അദ്ദേഹം പങ്കുവെച്ചു. മെട്രോ നഗരമായ ബംഗ്ലൂരില്‍ 17 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രദര്‍ശനം ഈ സ്വഭാവത്തില്‍ ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു. പ്രദര്‍ശനം വീക്ഷിച്ചവരില്‍ നിന്ന് ലഭിച്ച പ്രോത്സാഹനങ്ങള്‍ ഇന്ത്യയില്‍ അറബിക് കാലിഗ്രഫിയുടെ സാധ്യതകളെ വരച്ചിടുന്ന ഒന്നായിരുന്നു. അറബി ഭാഷയിലെ പ്രമുഖമായ ഏതാണ്ടെല്ലാ ലിപിയിലും വരകള്‍ തീര്‍ക്കുന്ന ഇദ്ദേഹം ശാന്തപുരം അല്‍ ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശില്‍പശാല നടത്തുകയുണ്ടായി.

Facebook Comments
Related Articles
Show More
Close
Close