Your Voice

ഒരു ബ്രിട്ടീഷ് ഗായകന്റെ ഇസ്‌ലാമിലേക്കുള്ള യാത്ര

ബ്രിട്ടനില്‍ ജനിച്ച അബ്ദുള്ള റോളി ഏകദേശം ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. ചെറുപ്പം മുതല്‍ സംഗീത സംവിധാനത്തിലും സംഗീതോപകരണങ്ങളിലും ഗാനങ്ങളിലും വളരെ തല്‍പരനായിരുന്നു. 2008-ല്‍ ലണ്ടനില്‍ ചേര്‍ന്ന ഗ്ലോബല്‍ പീസ് ആന്റ് യൂനിറ്റി സമ്മേളനത്തില്‍ വെച്ച് അദ്ദേഹത്തിന്റെ ”പീസ്” എന്ന പ്രഥമ CD പ്രകാശന ചെയ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ഇസ്‌ലാമിലേക്കുള്ള പ്രയാണത്തിന് ഒരു ഗായകനെന്ന തൊഴിലിലെ നേട്ടങ്ങളുമായി ഗാഡബന്ധമുണ്ട്. ഒരു ദിവസം അദ്ദേഹം ചന്തയിലൂടെ നടക്കുമ്പോള്‍ ”ഒരു മിനുട്ട് സംസാരിച്ചോട്ടേ” എന്നു ചോദിച്ചു കൊണ്ട് ഒരു മുസ്‌ലിം മുമ്പോട്ട് വന്നു. ”ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച് വല്ലതും അറിയാമോ?” എന്നയാള്‍ ചോദിച്ചു. എല്ലാം സൃഷ്ടിച്ചത് ദൈവമാണെന്നറിയാമെന്നും ജീസസിനെ കുറിച്ചല്ലാതെ മുഹമ്മദിനെപ്പറ്റി അറിയില്ലെന്നു സമ്മതിച്ചുകൊണ്ട് റോളി ആ ചര്‍ച്ചയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചു. ”അന്ന് ഞാന്‍ ഒരു മതത്തിലുമില്ലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു മുസ്‌ലിമുമായി അല്ലാഹുവിനെ കുറിച്ച് ചര്‍ച്ചയില്‍ പെട്ടെങ്കിലും അപ്പോഴും ഞാന്‍ ഇസ്‌ലാമിനെ പരിഗണിക്കാനോ മുസ്‌ലിമാകാനോ തയ്യാറായിരുന്നില്ല. ഞാന്‍ അത്തരത്തിലുള്ള ഒരാളായിരുന്നില്ല. ഞാന്‍ ഇടപഴകിയിരുന്നവര്‍ സംഗീത കലാപരിപാടികളുമായി ബന്ധപ്പെട്ടവരും തനതായ ജീവിതരീതി സ്വീകരിച്ചവരുമായിരുന്നു. ആ ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള അവസരം എന്റെ മുന്നിലുണ്ടായിരുന്നില്ല. എല്ലാറ്റിനും അതിന്റേതായ സമയമുണ്ടല്ലോ.

ജീവിതം മാറ്റിയ ഗ്രന്ഥശാല    
റോളി കിഴക്കന്‍ ലണ്ടനിലേക്ക് തമസം മാറി. വെസ്റ്റെന്‍ഡിലെ ദാറുസ്സലാം എന്ന പുസ്തകഷാപ്പില്‍ പതിവ് സന്ദര്‍ശകനായി. ”ഞാന്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന സംഭവങ്ങളെ കുറിച്ചും ഉപജാപങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വായിക്കാനിഷ്ടപ്പെട്ടു. ചിലതെല്ലാം വ്യാജവും മറ്റുചിലത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവയുമാണെന്ന് എനിക്കറിയാമെങ്കിലും അതൊന്നും എനിക്ക് സ്രഷ്ടാവിന്റെ സാമീപ്യം നല്‍കാന്‍ സഹായകമായില്ല. എന്റെ ആത്മാവ് സദാ അന്വേഷണത്തിലായിരുന്നെങ്കിലും  ഞാനത്  നൂറ് ശതമാനം  അറിഞ്ഞിരുന്നില്ല. പുസ്തകശാലയിലെ സഹോദരന്മാര്‍ എനിക്ക് നല്‍കിക്കൊണ്ടിരുന്ന പുസ്തകങ്ങള്‍ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി അലമാരയില്‍ വെച്ചുകൊണ്ടിരുന്നു. ഇറാഖ് അധിനിവേശത്തെ തുടര്‍ന്നുള്ള വാര്‍ത്തകള്‍ വായിച്ചതോടെ എനിക്ക് മുസ്‌ലിംകളോട് സഹതാപം തോന്നി. ഞാന്‍ എന്നോടു തന്നെ ചേദിച്ചു ‘എന്തുകൊണ്ട് ലോകം  എപ്പോഴും ഇസ്‌ലാമിനേയും മുസ്‌ലിംകളേയും ആക്രമിക്കുന്നു?” മാധ്യമങ്ങള്‍ മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് റോളി ശ്രദ്ധിച്ചു. മാധ്യമങ്ങള്‍ എപ്പോഴും സത്യം പറയാറില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് വസ്തുതകള്‍ ഒന്നും ശരിയല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. എന്തിനാണവര്‍ മുസ്‌ലിംകളെ ആക്രമിക്കുന്നതെന്ന്  അദ്ദേഹത്തിനറിയേണ്ടിയിരുന്നു. ഈ ആശയക്കുഴപ്പത്തിന്റെ പ്രതികരണമെന്നോണം അദ്ദേഹം തന്റെ കിടപ്പറയില്‍ കടന്ന് തറയില്‍ സാഷ്ടാംഗം ചെയ്ത് പ്രാര്‍ത്ഥിച്ചു. പിന്നീട് അദ്ദേഹം പുസ്തകടയില്‍ നിന്നിറങ്ങി തന്റെ മകനോട് പറഞ്ഞു.: ”എന്റെ ആത്മാവിന്റെ പോഷണത്തിനായി വല്ലതും   വേണം. മറ്റു പുസ്തകങ്ങള്‍ കൊണ്ടൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല.” എന്നു പറഞ്ഞപ്പോള്‍  മകന്‍ ഖാലിദ് യാസ്സീന്റെ ”ജീവിതത്തിന്റെ  ലക്ഷ്യമെന്താണ്?” എന്ന DVD കാണിച്ചുകൊടുത്തു. അദ്ദേഹം  ഒന്നാം ഭാഗം  വിട്ടില്‍കൊണ്ടുപോയി കണ്ടു.   ഏറെ  പ്രചോദകമായിരുന്നു അത്. ആ DVDയില്‍ വിവരിക്കുന്നതെല്ലാം എനിക്കറിവുള്ളതായിരുന്നു. അതെല്ലാം  സത്യവുമായിരുന്നെന്ന് റോളി ഓര്‍ക്കുന്നു.

മുഖ്യധാരാ സംഗീതത്തില്‍  തന്നെ തുടര്‍ന്നിരുന്ന അദ്ദേഹം മുസ്‌ലിംകള്‍ ദിവസം അഞ്ചുനേരം പ്രാര്‍ത്ഥിക്കുന്നതായി മനസ്സിലാക്കുകയും അതിനൊക്കെ സമയം കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നും കരുതി. എങ്കിലും അദ്ദേഹത്തിന്റെ ഉള്ള് ഇതെല്ലാം ശരിയാണെന്നംഗീകരിച്ചു. പുസ്തകശാലക്കാര്‍ ചില പുസ്തകങ്ങള്‍ കൂടി കൊടുത്തെങ്കിലും അഞ്ചുനേരത്തെ പ്രാര്‍ത്ഥനകള്‍ക്കപ്പുറം നയിക്കാന്‍ അവര്‍ക്കായില്ല.
    
മുസ്‌ലിംകളുടെ പരിപാലനത്തില്‍
അദ്ദേഹത്തെ സഹോദര ഭാവത്തോടെ മുസ്‌ലിം സമൂഹം സദാ സംരക്ഷണവും മാന്യമായ പരിഗണനയും നല്‍കി സഹായിച്ചു കൊണ്ടിരുന്നതായി റോളി ഓര്‍ക്കുന്നു. രണ്ട് വര്‍ഷക്കാലത്തോളം ഞാന്‍ അവരുടെ കൂടെ ധാരാളം സമയം ചെലവഴിച്ചു. അവര്‍ എന്നെ തിരുത്തുകയും ഓര്‍മിപ്പിക്കുകയും എനിക്ക് പരിശീലനം നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. ഇവരെല്ലാം പുസ്തകശാലയിലെ സഹോദരന്മാരായിരുന്നു. ഞാന്‍ അന്ന് മുതല്‍ അവരുടെ കുടെ തന്നെയായിരുന്നു. അദ്ദേഹം തുടരുന്നു. മിക്ക മുസ്‌ലിംകളെയും എപ്പോഴു മര്യാദക്കാരും, ദയാലുക്കളും, ഉദാരമനസ്‌കരുമായിട്ടാണ് ഞാന്‍ കണ്ടത്. ലോകമൊട്ടാകെയുള്ള സമൂഹത്തില്‍ പല പ്രശ്‌നങ്ങളുണ്ടെങ്കിലും മുസ്‌ലിം വ്യക്തികള്‍ എന്നോട് കരുണ കാണിച്ചിരുന്നു. എനിക്ക് അവരെപോലെ ആയിത്തീരണമെന്നും ഒരു ഭക്തനാവണമെന്നുമുണ്ട്. ഇതിനകം റോളി ഇസ്‌ലാം വിശ്വസിക്കുകയും മതത്തിന്റെ മൗലിക തത്വങ്ങള്‍ മനസ്സിലാക്കി പഠനം തുടരുകയും ചെയ്തിരുന്നു. വിശ്വാസത്തിന്റെ രണ്ട് അടിസ്ഥാന സത്യസാക്ഷ്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും മരണം അനിവാര്യമാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോഴും തന്റെ തയാറെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് അദ്ദേഹത്തിന് തോന്നിയത്.

മറ്റൊരു ഡി.വി.ഡി
താന്‍ കണ്ട DVDയെകുറിച്ച് ഭാര്യയോട് അദ്ദേഹം വിവരിച്ചു. പിന്നീട് ‘ആസ്‌ട്രേലിയക്കാരന്‍ ശൈഖ്  ഫെയിസിയുടെ  ‘ഒരേ ഒരു ഇസ്‌ലാം’ എന്ന DVD കാണാനിടയായി. അതില്‍ നിന്ന് അന്ത്യനാളിനെയും വിധി നിര്‍ണ്ണയദിനത്തെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കിയ അദ്ദേഹത്തിന് ഒരു പുനര്‍ജന്മത്തിന്റെ അനുഭവമാണ് ലഭിച്ചത്. ലോകരക്ഷിതാവായ അല്ലാഹുവിനെക്കുറിച്ചുള്ള ഭയം മനസ്സില്‍ അനുഭവപ്പെട്ടു. അപ്പോള്‍ തന്നെ സത്യസാക്ഷ്യം പ്രഖ്യാപിക്കാന്‍ അദ്ദേഹം സന്നദ്ധനായി. അടുത്ത ദിവസം ഔപചാരികമായി ഇസ്‌ലാം ആശ്ലേഷിക്കാന്‍ ഒരുക്കമാണെന്ന് അദ്ദഹം സഹോദരന്മാരെ അറിയിച്ചു.  രണ്ട് ദിവസം കഴിഞ്ഞ് വാരാന്ത്യത്തില്‍ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കാമെന്ന് അവര്‍ സമ്മതിച്ചു. ആ ദിവസത്തിനുശേഷം ഞാന്‍ പിറകോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. അദ്ദേഹം പറഞ്ഞു.: ‘പണ്ഡിതന്മാരെക്കുറിച്ച് എനിക്ക് അസൂയ തേന്നിയിരുന്നു. വളരെ ചെറുപ്പത്തിലെ ഇസ്‌ലാമിനെ തിരിച്ചറിഞ്ഞ് സന്മാര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. എങ്കിലും അല്ലാഹുവാണ് സര്‍വ്വജ്ഞന്‍. സഹോദരന്മാര്‍ വകതിരിവോടെ സാവകാശം പടിപടിയായാണ് എന്നെ സമീപിച്ചിരുന്നത്. തുടക്കത്തില്‍ തന്നെ അവര്‍ എന്നോട് സംഗീതം നിഷിദ്ധമാണെന്നൊന്നും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ ഒരു പാട് പദ്ധതികള്‍ ഏറ്റെടുത്തിരുന്ന ഞാന്‍ ഒരിക്കലും മുസ്‌ലിം ആകുമായിരുന്നില്ല. മോചനം നേടണം എന്ന് സ്വയം തോന്നുന്നതുവരെ എല്ലാം തുടരുക എന്ന് മാത്രമായിരുന്നു അവരുടെ ഉപദേശം.

വെല്ലുവിളികള്‍
ഇസ്‌ലാം സ്വകരിച്ച ശേഷം നേരിട്ട വെല്ലുവിളി അറബിയും അറബിയിലുള്ള പ്രാര്‍ത്ഥനകളും പഠിക്കുന്നതായിരുന്നു.  ”വീണ്ടും സ്‌കൂളില്‍ ചേര്‍ന്ന പോലെയാണ് എനിക്ക് തോന്നിയത്, ഖുര്‍ആന്‍ മനപാഠമാക്കാനും വായിക്കാനും തുടങ്ങിയതോടെ പഠിക്കാനുള്ള മോഹം ശക്തമായി. ”ഞാന്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കുക.” എന്ന പേരിലുള്ള CD വളരെ സഹായകമായി. പല തവണ ആ CD കാണുകയും മനപ്പഠമാക്കുകയും  ചെയ്തു. ഉള്ളറിഞ്ഞ പ്രാര്‍ത്ഥനകള്‍ മനപ്പാഠമാക്കാന്‍ പ്രയത്‌നിച്ചു കൊണ്ട് മാനസിക വ്യതിയാനങ്ങള്‍ ഒഴിവാക്കി ഖുര്‍ആനും ഗ്രന്ഥങ്ങളും DVDകളുമായി തീവ്രമായ പഠനം തുടര്‍ന്നു.

സംഗീതം
ഇസ്‌ലാമിക ചിന്ത തുടങ്ങുന്നതിനു മുമ്പ് റോളി വിദ്യാലയങ്ങളില്‍ സംഗീതവും ഗാനരചനയും അഭ്യസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. വീട് വിട്ടോടിയ യുവാക്കളേയും അദ്ദേഹം പഠിപ്പിച്ചിരുന്നു. അറിയാനിട വന്ന പല ദുഖകരമായ കുടുംബകഥകളും അദ്ദേഹത്തെ വേദനിപ്പിച്ചു. അവരെയെല്ലാം സഹായിക്കണമെന്ന് തോന്നി. കമ്യൂണിറ്റി സെന്ററുകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയും യുവാക്കള്‍ക്ക് സംഗീതം അഭ്യസിപ്പിക്കുന്ന സ്വന്തം തൊഴില്‍ നടത്തുകയും ചെയ്തിരുന്നു. ക്രമേണ താന്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ ഒരു ദൈവാനുഗ്രഹവുമില്ല എന്ന ബോധം വര്‍ധിച്ചുവന്നു. അല്ലാഹുവന്റെ മുമ്പില്‍ എന്റെ ജീവിതത്തെയും സമൂഹത്തില്‍ മുഖ്യധാരാ സംഗീതം അഭ്യസിപ്പിക്കുന്നതിനെയും കുറിച്ച് ഞാന്‍ എന്ത് ബോധിപ്പിക്കും എന്ന ചിന്തയുദിച്ചു. അങ്ങിനെ ഞാന്‍ അതെല്ലാം ഉപേക്ഷിച്ചു. ഇതില്‍ ചിലര്‍ എന്നെ ബഹുമാനിക്കുകയും മറ്റുചിലര്‍ വിമര്‍ശിക്കുകയും ചെയ്തു.

എനിക്ക് ഗാനരചനക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും  സ്വന്തമായി റെക്കോഡിങ്ങ് സ്റ്റുഡിയോ ഉണ്ടായിരുന്നു.  ലണ്ടനില്‍ തൗഹീദ് മോസ്‌കിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന വ്യക്തിയുമായി ഞാന്‍ സംസാരിക്കാനിടയായി. സഊദിയിലെ ഒരു പണ്ഡിതന്റെ മകനായിരുന്നു അദ്ദേഹം. കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശംതേടി. ഈ പണ്ഡിതന്‍ നടത്തിയ പല പ്രഭാഷണങ്ങളും റോളി ശേഖരിച്ച് ചിട്ടപ്പെടുത്തി വില്‍പനക്കുള്ള CD യാക്കി അല്‍-ഖുര്‍ആന്‍ സൊസൈറ്റിക്കുനല്‍കി. ഇതില്‍ സൂറ താഹ, സൂറ യാസീന്‍ എന്നിവ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍ സൊസൈറ്റി റോളിയോട് ശറഇയ്യ കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന് ഫത്‌വകള്‍, വിവാഹമോചന വിധികള്‍ തുടങ്ങിയവ കൈകാര്യം ചെയ്യേണ്ടി വന്നു. ഇംഗ്ലീഷ് അറിയുന്നതു കൊണ്ടും മറ്റുള്ളവര്‍ പാകിസ്താനികളായിതിനാലും പല സഹോദരിമാരും അവരുടെ പ്രശ്‌നങ്ങള്‍ വളരെ വിശദമായി അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു. വളരെ സങ്കടകരമായ കുടുംബജീവിതത്തിന്റെ പല കഥകളും അറിയാന്‍ അതിലൂടെ അദ്ദേഹത്തിന് സാധിച്ചു.

സംഗീതോപകരങ്ങളുടെ ആധിക്യമില്ലാത്ത ഗാന CDകള്‍ നിര്‍മ്മിക്കുന്നതിലാണ് റോളി ഇപ്പോള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ”പീസ്” എന്ന അദ്ദേഹത്തിന്റ പ്രസിദ്ധ CD ആഫ്രിക്കയില്‍ പ്രസിദ്ധീകരിച്ചത് 2009-ലാണ്.

മൊഴിമാറ്റം : മുനഫര്‍ കൊയിലാണ്ടി

Facebook Comments
Related Articles
Show More
Close
Close