Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക വ്യവസ്ഥയിലെ പോലീസ്

ഇസ്‌ലാമിക രാഷ്ട്രത്തിലെ വളരെ പ്രധാനപ്പെട്ട ജോലിയാണ് നിയമപാലകരുടേത്. ജനങ്ങളുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അതിന്റെ സ്വാധീനം വളരെ വ്യക്തമാണ്. രാഷ്ട്രത്തിലെ നിര്‍ഭയത്വവും വ്യവസ്ഥകളും കാത്തുസൂക്ഷിക്കുന്ന സൈന്യമാണവര്‍. ജനങ്ങളുടെ സമാധാനത്തിന് വേണ്ട നിയമങ്ങളും വിധികളും നടപ്പിലാക്കുന്നത് ഇവരാണ്. ജനങ്ങളുടെ ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കല്‍ അവരുടെ കടമയാണ്. അഭ്യന്തര സുരക്ഷാ സേനയാണ് ഇവര്‍.

പോലീസ് പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത്
നബി (സ)യുടെ കാലം മുതല്‍ തന്നെ മുസ്‌ലിങ്ങള്‍ക്ക് നിയമപാലകര്‍(ശുര്‍ത്വ) എന്ന പദം സുപരിചിതമായിരുന്നു. അക്കാലത്ത് കൃത്യമായ വ്യവസ്ഥയും ഘടനയും അതിന് ഉണ്ടായിരുന്നില്ല. ബുഖാരി തന്റെ സ്വഹീഹില്‍ പറയുന്നു: ‘ഖൈസ് ബ്‌നു സഅദ് നബി(സ)യുടെ കാലത്ത് ഭരണാധികാരിയുടെ ഭാഗത്തുനിന്നുള്ള ശുര്‍ത്വി(നിയമപാലകന്‍)യുടെ റോള്‍ വഹിച്ചിരുന്നു.’ (കിതാബുല്‍ അഹ്കാം, ഹദീസ്: 6736)

ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും അറിയാനും, സംശയമുള്ളവരെകുറിച്ച് അന്വേഷണം നടത്താനും തെരുവുകളിലൂടെ രാത്രി ഇറങ്ങി നടക്കുന്ന നൈറ്റ് പെട്രോളിങ്ങിന് തുടക്കം കുറിച്ച്ത് ഉമര്‍(റ) ആണ്. ഇൗ വ്യവസ്ഥയുടെ ആരംഭത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ഇമാം ത്വബ്‌രി അദ്ദേഹത്തിന്റെ ചരിത്ര ഗന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

സച്ചരിതരായ ഖലീഫമാരുടെ കാലത്ത് തന്നെ പോലീസ് എന്ന വ്യവസ്ഥ പ്രാഥമിക രൂപത്തില്‍ തുടങ്ങിയിരുന്നു എന്നാണ് നമുക്ക് വ്യക്തമാകുന്നത്. പിന്നീട് അമവീ-അബ്ബാസി കാലഘട്ടങ്ങളില്‍ ഈ നിയമപാലന വ്യവസ്ഥ വികസിക്കുകയും ഘടന കുറ്റമറ്റതാകുകയും ചെയ്തു. പ്രാരംഭത്തില്‍ പോലീസ് എന്നത് കോടതിയുടെ തന്നെ ഭാഗമായിരുന്നു. എന്നാല്‍ നിയമപാലനത്തിന്റെ ഘടന വിപുലീകരിക്കപ്പെട്ടപ്പോള്‍ പോലീസ് എന്നത് കോടതിയില്‍ നിന്ന് വേറിട്ട ഒരു പ്രത്യേക വകുപ്പായി മാറി. രാജ്യത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തലും കുറ്റകൃത്യങ്ങള്‍ തടയലും പോലീസിന്റെ കടമയായി. കോടതിയെ വിധിപ്രസ്താവിക്കാന്‍ സഹായിക്കലും അവര്‍ക്ക് വേണ്ട വിവരങ്ങളും തെളിവുകളും ശേഖരിക്കലും പോലീസ് വകുപ്പിന് കീഴിലായി. ഇസ്‌ലാമിക രാഷ്ട്രം വികസിച്ചതോടെ ഓരോ പട്ടണത്തിനും വ്യത്യസ്ത നിയമപാലന മേധാവികളും അവര്‍ക്ക് കീഴില്‍ സഹായികളും നിയമിക്കപ്പെടാന്‍ തുടങ്ങി. നഗരങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക കാവല്‍ക്കാരെ നിയോഗിക്കാനും തുടങ്ങി. ഓരോ പദവിയിലുള്ള ഉദ്യോഗസ്ഥരെയും തിരിച്ചറിയാന്‍ പ്രത്യേക അടയാളങ്ങളും യൂണിഫോമും നടപ്പിലാക്കപ്പെട്ടു. പേരെഴുതിവെക്കാന്‍ ഭംഗിയുള്ള ചെറിയ ബോര്‍ഡുകളും വസ്ത്രത്തില്‍ ഉണ്ടായിരുന്നു. ലാത്തിയും കുന്തങ്ങളുമടക്കം ആയുധങ്ങളും കാലക്രമത്തില്‍ വന്നുചേര്‍ന്നു. കാലക്രമത്തില്‍ ടോര്‍ച്ചുകളും കാവല്‍ നായകളും പോലീസിന്റെ ഭാഗമായിത്തീര്‍ന്നു.

അമവീ കാലഘട്ടത്തിലെ പോലീസ് വ്യവസ്ഥ
പോലീസ് വ്യവസ്ഥയെ മുആവിയത്തു ബിന്‍ അബീസുഫ്‌യാന്‍ കൂടുതല്‍ വികസിപ്പിച്ചു. കാവല്‍ പോലീസ് എന്ന പുതിയ വ്യവസ്ഥ അദ്ദേഹം ആവിഷ്‌കരിച്ചു. നേതാക്കള്‍ക്ക് സെക്യൂരിറ്റി നല്‍കുന്ന സംവിധാനവും ഇസ്‌ലാമിക ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് മുആവിയയാണ്. അദ്ദേഹത്തിന് മുമ്പ് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളായിരുന്ന ഉമറും ഉസ്മാനും അലിയും(റ) കൊല്ലപ്പെട്ടതു കാരണമാണ് വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പെടുത്താന്‍ നിര്‍ബന്ധിതനായത്.

അമവീ കാലത്ത് പോലീസ് എന്നത് ഖലീഫയുടെ ആജ്ഞകള്‍ നടപ്പിലാക്കാനുള്ള ഉപകരണമായിരുന്നു. ചില പോലീസ് മേധാവികള്‍ പ്രവിശ്യകളുടെ ഭരണാധികാരികളും ഗവര്‍ണര്‍മാരുമായി നിയമിതരാകാന്‍ മാത്രം സ്ഥാനമുള്ളവരായിരുന്നു. ഹി: 110-ല്‍ ബസ്വറയില്‍ ഗവര്‍ണറായ ഖാലിദ് ബിന്‍ അബ്ദുല്ല അതുവരെ പോലീസ് മേധാവിയായിരുന്നു. അതില്‍ കഴിവ് തെളിയിച്ചാണ് അദ്ദേഹം ഗവര്‍ണറായത്.

അമവി ഭരണകൂടം പോലീസിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പോലീസില്‍ നിയമിതനാവണമെങ്കില്‍ അവര്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ നിശ്ചയിക്കുകയുണ്ടായി. അമവീ ഭരണകൂടത്തിലെ ഒരു ഗവര്‍ണറായിരുന്ന സിയാദുബ്‌നു അബീഹി പറയുന്നു: ‘പോലീസ് മേധാവി ധീരനും അശ്രദ്ധയില്ലാത്തവനുമാകണം. അതുപോലെ അദ്ദേഹം പ്രായവും പക്വതയുമുള്ളവനും പരിശുദ്ധനും ആരോപണത്തിന് വിധേയനാകാത്തവനുമാകണം.’

അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്ത് ഹിജാസിലെയും ഇറാഖിലെയും ഭരണാധികാരിയായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫ് അസ്സഖഫി കൂഫയിലെ പോലീസ് മേധാവിയാകാന്‍ പറ്റിയ ആളെ തെരഞ്ഞു. അദ്ദേഹം തന്റെ കൂടിയാലോചനാ സമിതിയോട് അഭിപ്രായമാരാഞ്ഞു. എങ്ങനെയുള്ള ആളെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന അവരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:  ‘നല്ല ക്ഷമയും ശക്തമായ സുരക്ഷാബോധവും ചതിയെ തിരിച്ചറിയാനുള്ള കഴിവും അവകാശത്തില്‍ നിന്നും സത്യത്തില്‍ നിന്നും നിസ്സാരമായതിനെപ്പോലും അവഗണിക്കാത്തവനും, ഉന്നതരുടെയും അല്ലാത്തവരുടെയും ശിപാര്‍ശ സ്വീകരിക്കാത്തവനുമാവണം അയാള്‍.’ അവര്‍ പറഞ്ഞു: ‘അബ്ദുറഹ്മാനുബ്‌നു ഉബൈദ് തമീമിയെ തെരെഞ്ഞെടുക്കാം’. അപ്പോള്‍ ഹജ്ജാജ് അദ്ദേഹത്തെ വിളിപ്പിച്ച് ആ സ്ഥാനത്ത് നിയോഗിച്ചു. പിന്നീട് അബ്ദുറഹ്മാന്റെ കഴിവ് മനസ്സിലാക്കിയ ഹജ്ജാജ് ബസ്വറയുടെ കൂടി ഉത്തരവാദിത്വം അദ്ദേഹത്തിന് നല്‍കി.

അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ നിയമപരിപാലന വ്യവസ്ഥ നന്നായി വികസിച്ചു. ഇതിനെ കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു: ‘അമവികളുടെയും അബ്ബാസികളുടെയും ഈജിപ്തിലെയും മൊറോക്കോയിലെയും ഭരണകാലത്ത് പോലീസ് എന്നത് കുറ്റകൃത്യങ്ങളെ തടയാനും അതിര്‍ത്തി സംരക്ഷണത്തിനുമായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. കോടതിവിധികളുമായി ബന്ധപ്പെട്ട് അതിന്റെ നടത്തിപ്പുകൂടി പിന്നീട് നിയമപാലകരുടെ ഉത്തരവാദിത്വമാക്കപ്പെട്ടു. കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയെന്നതും ഇവരുടെ കടമയായിരുന്നു. പ്രതിക്രിയാ നിയമങ്ങള്‍ നടപ്പിലാക്കലും ഇവരുടെ ഉത്തവാദിത്വമായിരുന്നു. കുറ്റകൃത്യങ്ങളില്‍ നിന്ന് വിമുക്തരാകാന്‍ സന്നദ്ധരാകാത്തവരെ നല്ലനടപ്പിന് ശിക്ഷിക്കുന്നതും നിയമപാലകരായിരുന്നു.’

നബിയുടെയും സ്വഹാബത്തിന്റെയും കാലം മുതല്‍ പോലീസ് സേന എന്നത് ഇസ്‌ലാമിക ലോകത്ത് വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കലും അവക്കുള്ള ശിക്ഷകള്‍ നടപ്പാക്കലും അവരുടെ ജോലിയായിരുന്നു. അമവികളുടെ കാലമായപ്പോഴേക്കും ജയിലുകളും നിലവില്‍ വന്നു. പ്രശ്‌നങ്ങളും കലാപങ്ങളുമുണ്ടാക്കുന്നവരെയും അവരുടെ നേതാക്കളെയും അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി. സിയാദ് ബിന്‍ അബീഹി ധാരാളം കലാപകാരികളെ തടവില്‍ പാര്‍പ്പിച്ചിരുന്നതായി ഇമാം ത്വബ്‌രി അദ്ദേഹത്തിന്റെ ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അബ്ബാസീ കാലഘട്ടത്തിലെ പോലീസ് വ്യവസ്ഥ
അബ്ബാസീ കാലഘട്ടമായപ്പോഴേക്കും ജയിലുകളുടെ നിര്‍മാണത്തിന് ബൈത്തുല്‍ മാലില്‍ നിന്ന് പണം ചെലവഴിക്കാന്‍ തുടങ്ങി. അധര്‍മികളുടെയും അക്രമികളുടെയും തിന്മകളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇത് അനിവാര്യമായിത്തീര്‍ന്നു. രാജ്യം ജയില്‍വാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ ആരോഗ്യ കാര്യങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കിയിരുന്നു. വേനല്‍കാലത്ത് അവര്‍ക്ക് പരുത്തി വസ്ത്രവും ശൈത്യകാലത്ത് രോമവസ്ത്രവും നല്‍കണമെന്ന് ഖലീഫാ ഹാറൂണ്‍ റശീദിനോട് ഖാദി അബൂ യൂസുഫ് നിര്‍ദ്ദേശിക്കുകയുണ്ടായി.

അറിവും തഖ്‌വയും ഫിഖ്ഹുമുള്ളവരെയാണ് അബ്ബാസികള്‍ പോലീസ് മേധാവികളാക്കിയിരുന്നത്. ന്യായവും നീതിയും നടപ്പാക്കുന്നതില്‍ ആരെയും ഭയപ്പെടുന്നവനാകരുത് അവന്‍. ഇബ്‌നു ഫര്‍ഹൂന്‍ തന്റെ ‘ഭരണാധികാരികളുടെ ഉള്‍ക്കാഴ്ച’ (തബ്‌സിറത്തുല്‍ ഹുക്കാം) എന്ന ഗ്രന്ഥത്തില്‍ പറയുന്നു:  ‘ഇബ്രാഹീം ബിന്‍ ഹുസൈന്‍ എന്ന പോലീസ് മേധാവി കള്ളസാക്ഷി പറഞ്ഞ ഒരാളെ പിടികൂടി. കുറ്റവാളിയെ അദ്ദേഹം 40 അടി നല്‍കിയ ശേഷം മൊട്ടയടിച്ച് കരിതേച്ച് അങ്ങാടിയിലൂടെ ചുറ്റിച്ചു. ഇവന്‍ കള്ളസാക്ഷിയാണെന്ന് വിളിച്ചുപറയുകയും ചെയ്തു. ഈ പോലീസ് മേധാവി നല്ല പണ്ഡിതനും തഫ്‌സീറും ഫിഖ്ഹും അറിയുന്നയാളുമായിരുന്നു. ഇമാം മാലികിന്റെ ശിഷ്യനായിരുന്ന മുത്വ്‌റഫ് ബിന്‍ അബ്ദുല്ലയായിരുന്നു ഖലീഫ അമീനിന്റെ കാലത്ത് പോലീസ് മേധാവി.’

ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുന്ന പോലീസ് മേധാവികളെ പുറത്താക്കുന്നതില്‍ ഖലീഫമാര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ശിക്ഷയില്‍ അതിര് കടക്കുകയോ, തെളിവനുസരിച്ച് ശിക്ഷ നടപ്പാക്കാതിരിക്കുകയോ ചെയ്താല്‍ അവരെ ഉടനെ പുറത്താക്കാറുണ്ടായിരുന്നു. ഖലീഫ മുഖ്തദിര്‍ ബില്ലാഹിയുടെ കാലത്ത് ബഗ്ദാദ് പോലീസ് മേധാവിയായിരുന്ന മുഹമ്മദ് ബിന്‍ യാഖൂത്തിനെ അദ്ദേഹം ഒഴിവാക്കി. അദ്ദേഹത്തിന്റെ ചീത്ത പ്രവര്‍ത്തികളും സേവനത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ലെന്ന തോന്നലുമായിരുന്നു അതിന് കാരണം.(ബിദായ വന്നിഹായ, ഇബ്‌നു കസീര്‍)

ഇക്കാലത്ത് പോലീസിന്റെ ചുമതല വ്യത്യസ്തവും വിവിധവുമായിരുന്നു. രാജ്യത്ത് നിര്‍ഭയത്വം നിലനിര്‍ത്തുക, കൊള്ളക്കാരെയും അധര്‍മികളെയും തടയുക, പൊതുമര്യാദകള്‍ നടപ്പിലാക്കുക എന്നിവയെല്ലാം ഇവരുടെ ചുമതലയായിരുന്നു. സ്ത്രീകളെ അഴിഞ്ഞാട്ടത്തില്‍ നിന്നും അങ്ങാടിയില്‍ ചുറ്റിനടക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നതും ഇവരായിരുന്നു. മദ്യവും മറ്റ് നിഷിദ്ധ വിഭവങ്ങളും ഉപയോഗിക്കുന്നത് വിലക്കിയിരുന്നതും അവരായിരുന്നു.

പോലീസ് മേധാവികളോ മറ്റ് ഉദ്യോഗസ്ഥരോ അവരുടെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തുന്നത് വലിയ ഗൗരവത്തിലാണ് ഖലീഫമാര്‍ കണ്ടിരുന്നത്. രാജ്യത്ത് വല്ല കളവോ കൊള്ളയോ നടന്നാല്‍ ആ ഭാഗത്തിന്റെ ചുമതലയിലുള്ള നിയമപാലകനെ അവര്‍ ശിക്ഷിക്കുമായിരുന്നു. അല്ലെങ്കില്‍ അവരില്‍ നിന്ന് പിഴ ഈടാക്കുമായിരുന്നു. അതുകൊണ്ടുതന്നെ പോലീസുദ്യോഗസ്ഥര്‍ രാത്രി റോന്ത് ചുറ്റല്‍ അവരുടെ കടമയായി കണ്ടിരുന്നു. ഇല്ലെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നതായിരുന്നു കാരണം.

പോലീസ് മേധാവികള്‍ക്ക് ഉണ്ടാവേണ്ട നിബന്ധനകള്‍
നല്ല ബൂദ്ധിയും തന്ത്രവും നിപുണതയുമുള്ളവരെയായിരുന്നു പോലീസ് മേധാവി എന്ന സ്ഥാനത്തേക്ക് ഭരണാധികാരികള്‍ തെരെഞ്ഞെടുത്തിരുന്നത്. നല്ല ശക്തനും ആരോഗ്യവാനും മാത്രമായാല്‍ പോര പോലീസ് മേധാവി. മറിച്ച് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നവനാകണം. ഇബ്‌നുല്‍ ഖയ്യിം തന്റെ ‘അത്തുറുഖുല്‍ ഹികമിയ്യ’ എന്ന ഗ്രന്ഥത്തില്‍ അബ്ബാസി കാലത്ത് നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. ‘കളവുകേസുമായി ബന്ധപ്പെട്ട് രണ്ടാളുകള്‍ പോലീസ് മേധാവിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ആരാണ് കുറ്റവാളിയെന്ന് തര്‍ക്കമായി. വെള്ളം നിറച്ച ഒരു മണ്‍കുടം കൊണ്ടുവരാന്‍ പോലീസ് മേധാവി കല്‍പിച്ചു. മണ്‍കുടം പോലീസ് മേധാവി നിലത്തിട്ട് പെട്ടിച്ചു.

ആ സന്ദര്‍ഭത്തില്‍ രണ്ടാളുടെയും പ്രതികരണം ശ്രദ്ധിച്ചു. ഒരാള്‍ നെട്ടിയപ്പോള്‍ മറ്റൊരാള്‍ ഒരു പ്രതികരണവുമില്ലാതെ നിന്നു. ഒന്നാമനെ മേധാവി വെറുതെ വിട്ടു. രണ്ടാമനോട് പറഞ്ഞു കളവുനടത്തി പരിചയമുള്ളവന് എന്ത് സംഭവിച്ചാലും നെട്ടില്ല. എന്നാല്‍ അല്ലാത്തവന് എലി ഇളകിയാലും ഉറക്കം ഞെട്ടിയുണരും. അതുകൊണ്ടവന്‍ രാത്രി മറ്റൊരു വീട്ടില്‍ കയറി കളവ് നടത്താന്‍ ധൈര്യപ്പെടില്ല.

പോലീസ് മേധാവികള്‍ക്ക് വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത പേരുകളായിരുന്നു നല്‍കപ്പെട്ടിരുന്നത്. ആഫ്രിക്കയില്‍ ഹാകിം എന്നാണ് അറിയപ്പെട്ടത്. മമാലിക്കുകളുടെ കാലത്ത് വാലി എന്നായിരുന്നു അവരെ വിളിച്ചത്. ഈജിപ്തില്‍ പോലീസ് മേധാവി ഖലീഫയുടെ നേരെ താഴെയുള്ള തസ്തികയിലായിരുന്നു. ഖലീഫ ഇല്ലാത്ത സമയത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നതും സമ്മാന വിതരണം നടത്തിയിരുന്നതും അവരായിരുന്നു. ഇവരുടെ ഓഫീസ് കൊട്ടാരത്തോട് ചേര്‍ന്നാണ് ഉണ്ടായിരുന്നത്.

പോലീസ് വ്യവസ്ഥ ഇസ്‌ലാമിക സ്‌പെയിനില്‍
സ്‌പെയിനിലെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ നിയമ പാലന വ്യവസ്ഥ എന്നത് വളരെ വിപുലമായിരുന്നു. പ്രധാനമായും രണ്ട് ഭാഗമായി പോലീസിനെ വിഭജിച്ചിരുന്നു. ഒന്ന്, വലിയ പോലീസ്: രാജ്യത്തെ ഭരണാധികാരികളെയും അവരുമായി ബന്ധപ്പെട്ടവരെയും വിചാരണചെയ്യലും ശിക്ഷാ വിധികള്‍ നടപ്പിലാക്കലും ഇവരുടെ ചുമതലയായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാതിരിക്കാനാണ് ഈ വ്യവസ്ഥ സ്ഥാപിച്ചിരുന്നത്. രണ്ട്: ചെറിയ പോലീസ്: സാധാരണക്കാരെയും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെയും വിചാരണ ചെയ്യലും അവര്‍ക്കിടയില്‍ ക്രമസമാധാനം നിലനിര്‍ത്തലും അവരുടെ ചുമതലയായിരുന്നു.

ചുരുക്കത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ തുടക്കം മുതല്‍ തന്നെ നിയമപാലന വ്യവസ്ഥ കുറ്റമറ്റതായിരുന്നു. രാഷ്ട്രത്തിലെ വളരെ പ്രധാനപ്പെട്ട തസ്തികയായിരുന്നു പോലീസ് മേധാവിയുടേത്. എന്നാല്‍ മറ്റ് സംസ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക മര്യാദകളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക നിയമപാലന വ്യവസ്ഥ വികസിച്ചു വന്നത്.

വിവ: ജുമൈല്‍ കൊടിഞ്ഞി

          

      

Related Articles