Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്

ibnkhaldun.jpg

വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, വികസന പ്രക്രിയകളില്‍ സാമൂഹിക ശാസ്ത്ര വിജ്ഞാനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ സമകാലിക ലോകത്ത് ധാരാളമായി വികസിച്ചു വരികയാണ്. നിലവിലെ സാമൂഹിക ശാസ്ത്ര വിജ്ഞാനീയങ്ങളുടെ വിശകലനോപാധികളെ പരിശോധിക്കുകയാണെങ്കില്‍ അതില്‍ അധികവും യൂറോ കേന്ദ്രീകൃതവും, വംശീയവും, ജാതീയവുമായ അടിത്തറകളില്‍ നിന്ന് രൂപപ്പെട്ടതാണ് എന്ന് കാണാന്‍ സാധിക്കും. സമകാലിക സാമൂഹിക ചിന്തകളെയും, വിശകലന മാതൃകകളെയും വിമര്‍ശനാത്മകമായി നോക്കിക്കാണുകയും, സാമൂഹിക ശാസ്ത്ര വിജ്ഞാന ശാഖയെ ഗൗരവത്തില്‍ സമീപിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സംരഭം എന്ന നിലയിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിട്യൂട് ഓഫ് സോഷ്യല്‍ സയന്‍സ് പ്രവര്‍ത്തിച്ച് വരുന്നത്.

സാമൂഹിക ശാസ്ത്രം എന്ന വിജ്ഞാനശാഖയുടെ ആദ്യപാഠങ്ങള്‍ ലോകത്തിന് പകര്‍ന്ന് നല്‍കിയ അറബ് മുസ്‌ലിം പണ്ഡിതനായ ഇബ്‌നു ഖല്‍ദൂന്റെ നാമം തന്നെയാണ് ഈ സംരഭത്തിന് അനുയോജ്യം എന്ന തിരിച്ചറിവില്‍ നിന്നാണ് കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിലെ റിലീജ്യസ് എജ്യൂക്കേഷന്‍ ട്രസ്റ്റ് തങ്ങളുടെ സ്ഥാപനത്തിന് ആ പേര് സ്വീകരിച്ചത്. സമൂഹത്തെ കുറിച്ചുള്ള ഇസ്‌ലാമിക പ്രമാണങ്ങളുടെ വായനയും, സമകാലിക സാമൂഹിക ചിന്തകളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ വികാസക്ഷമതയുടെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളെ ഉപയോഗപ്പെടുത്തികൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കുക എന്നതാണ് ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ലക്ഷ്യം വെക്കുന്നത്. സാമൂഹിക ശാസ്ത്ര മേഖലയിലും, വിമര്‍ശനാത്മക സാമൂഹിക വിജ്ഞാനീയങ്ങളിലും അവഗാഹമുള്ളതോടൊപ്പം ധാര്‍മിക പ്രതിബദ്ധതയും ഇസ്‌ലാമിന്റെ നൈതിക ബോധവുമുള്ള ഒരു തലമുറയെ വളര്‍ത്തുകയെന്നതും ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിട്യൂട്ട് അതിന്റെ ഉത്തരവാദിത്വമായി മനസിലാക്കുന്നു.

നിലവിലെ പാഠ്യ പദ്ധതിയില്‍ മുഖ്യധാരാ സാമൂഹിക സിദ്ധാന്തങ്ങള്‍, ഇസ്‌ലാമിക സാമൂഹിക വിജ്ഞാനങ്ങള്‍, വിമര്‍ശനാത്മക സാമൂഹിക ശാസ്ത്രം, ഭാഷാ പരിശീലനം എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള സിലബസും ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഖുര്‍ആന്‍, ഖുര്‍ആനിന്റെ സാമൂഹിക ദര്‍ശനം, ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യം, വൈജ്ഞാനിക സ്രോതസ്സുകള്‍, വിശകലന രീതി ശാസ്ത്രം, രാഷ്ട്രീയ ദര്‍ശനം, തത്വശാസ്ത്രം, സാമൂഹിക വിജ്ഞാനീയത്തിന്റെ അടിത്തറകള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന സിലബസുമാണ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ എന്‍.ജി.ഒ മാനേജ്‌മെന്റ്, ന്യൂ മീഡിയാ മാനേജ്‌മെന്റ്, Transactional Analysisതുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, സിവില്‍ സര്‍വീസ് പരിശീലനം, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ്, അറബി  ഇംഗ്ലീഷ് ഭാഷാ പഠനം മുതലായവയും പാഠ്യ പദ്ധതിയുടെ ഭാഗമാണ്. വിവിധ സാമൂഹിക സന്നദ്ധ സംഘടനകളില്‍ കേരളത്തിനകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കുന്ന പദ്ധതിയും നടത്തിവരുന്നു.

ഇന്ത്യയില്‍ വളരെ ശക്തമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഡെവലപ്‌മെന്റ് സെക്ടര്‍, എന്‍.ജി.ഒ കള്‍, വിവിധ സാമൂഹിക സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ നയരൂപീകരണ സമിതികള്‍, മാധ്യമ മേഖല, ഗവേഷണ സ്ഥാപനങ്ങള്‍, കൗണ്‍സിലിംഗ് സ്ഥാപനങ്ങള്‍ തുടങ്ങി സാമൂഹിക രംഗത്തെ അനവധി മേഖലകളിലെ തൊഴില്‍, സേവന സാധ്യതകളിലേക്ക് പ്രസ്തുത കോഴ്‌സ് വഴിയൊരുക്കും. സിവില്‍ സര്‍വീസ് പരിശീലനം, ഭാഷാ പഠനം, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് തുടങ്ങിയവ ഏത് തൊഴില്‍ മേഖലയിലേക്കും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. കേരളത്തിന്റെ സാമൂഹിക നിര്‍മിതിയിലും വികസന പ്രകൃയകളിലും ക്രിയാത്മകമായി ഇടപെടുന്ന ബൗദ്ധിക കേന്ദ്രമായി ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിട്യുട് ഓഫ് സോഷ്യല്‍ സയന്‍സ് മാറുമെന്ന സ്വപ്നവും പ്രത്യാശയുമാണ് ഇത് മുന്നോട്ട് നയിക്കാന്‍ റിലീജ്യസ് എജ്യൂക്കേഷന്‍ ട്രസ്റ്റ്(RET) ഭാരവാഹികള്‍ക്ക് പ്രചോദനമേകുന്നത്.

വിജ്ഞാനീയങ്ങളെ വംശീയമായി വ്യാഖ്യാനിക്കാനുള്ള ആഗോള വ്യാപകമായ ശ്രമങ്ങളുടെയും, ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സാമൂഹിക വിജ്ഞാനീയങ്ങളെയും ചരിത്രത്തെയും തിരുത്തിയെഴുതാനുള്ള ശ്രമങ്ങളെയും വൈജ്ഞാനികമായി ചെറുത്ത് തോല്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ വ്യാപകമായി ഒരുക്കേണ്ടതുണ്ട്. പ്രസ്തുത ദൗത്യത്തിന് നിര്‍ണായകമായ സംഭാവനകള്‍ സമര്‍പ്പിക്കുവാന്‍ നമ്മുടെ സംരഭത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

(ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)

Related Articles