രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടിക്ക് വേണ്ടി നമസ്കാരം ജംഅ് ആക്കുന്നതിന്റെ വിധി എന്താണ്?
മറുപടി: കാരണങ്ങള്‍ ഉണ്ടെങ്കില്‍ ള്വുഹ്ര് – അസ്വര്‍ നമസ്കാരങ്ങളും മഗ്രിബ് – ഇശാഅ് നമസ്കാരങ്ങളും ഒരുമിച്ച് ജംഅ് ചെയ്ത് നമസ്കരിക്കുന്നത് അനുവദനീയമാണെന്നാണ് ഹമ്പലി മദ്ഹബിലെ ഇമാമുമാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ന്യായമായ കാരണങ്ങളുള്ളവരെ സംബന്ധിച്ചടത്തോളം വലിയ ആശ്വാസമാണിത്. യാത്ര, മഴ എന്നീ കാരണങ്ങല്‍ ഇല്ലാതെ പ്രവാചകന്(സ) നമസ്കാരം ജംഅ് ചെയ്തിട്ടുണ്ടെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനെ കുറിച്ച് ഇബ്നു അബ്ബാസ്(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തന്റെ ഉമ്മത്ത് പ്രയാസപ്പെടരുത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ്.
നമസ്കാരം അതാതിന്റെ സമയത്ത് നിര്‍വഹിക്കാന്‍ ഒരാള്‍ക്ക് പ്രയാസമുണ്ടാകുമ്പോള്‍ ജംഅ് ആക്കാവുന്നതാണ്. എന്നാല്‍ അതൊരു ശീലമാക്കാവതല്ല. അതാതിന്റെ സമയത്ത് നിര്‍വഹിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് ഈ അനുവാദം. മഗ്രിബിന് ആരംഭിച്ച് ഇശാഇന് ശേഷവും പട്രോളിംഗ് ജോലി ചെയ്യേണ്ടി വരുന്ന ട്രാഫിക് പോലീസുകാരന്റെ അവസ്ഥ ഇതിനുദാഹരണമാണ്. അയാള്‍ക്ക് മുന്തിച്ചോ പിന്തിച്ചോ മഗ്രിബും ഇശാഉം ജംആക്കി നമസ്കരിക്കാവുന്നതാണ്. അതുപോലെ ശസ്ത്രക്രിയ ചെയ്തു കൊണ്ടിരിക്കുന്ന ഡോക്ടര്‍ക്കും നമസ്കാരം ജംഅ് ആക്കാവുന്നതാണ്. ആളുകളുടെ പ്രയാസം ഇല്ലാതാക്കാന്‍ ഇസ്ലാം അനുവദിച്ചിട്ടുള്ള ഇളവാണിത്.
എന്നാല്‍ ഏതെങ്കിലും ആഘോഷ പരിപാടിക്ക് പോകുമ്പോള്‍ അവിടെ നമസ്കരിക്കാനുള്ള സന്ദര്‍ഭം ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍ പങ്കെടുക്കാന്‍ നമസ്കാരം ജംഅ് ആക്കേണ്ടത് ഒരു അനിവാര്യതയോ ന്യായമായ കാരണമോ ആണെന്ന് എനിക്കഭിപ്രായമില്ല. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നമസ്കാരം നിര്‍വഹിക്കുന്നതിന് ലജ്ജ ഒരിക്കലും തടസ്സമാവരുത്. എവിടെ വെച്ചാണെങ്കിലും നമസ്കാരം നിര്‍വഹിക്കുന്നതില്‍ നിന്നും ലജ്ജ വിശ്വാസിയെ തടയരുത്. മാത്രമല്ല, നമസ്കാരം നിര്‍വഹിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു നല്ല മാതൃക കാണിച്ചു കൊടുക്കുകയെന്നതാണ് അവന്റെ കടമ. ഒരു മുസ്ലിം പ്രകടമാക്കേണ്ട അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണത്. മുസ്ലിംകള് അത് പ്രകടമാക്കുകയും അതിന്റെ മഹത്വമുള്ക്കൊള്ളുകയുമാണ് വേണ്ടത്. അല്ലാഹു പറയുന്നു: ”അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെവല്ലവരും ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളുടെ ഭക്തിയാലത്രെ.” (അല്‍ഹജ്ജ്: 32)
അല്ലാഹുവിന്റെ അവകാശത്തിനും നമസ്കാരങ്ങള്‍ അതാതിന്റെ സമയത്ത് നിര്‍വഹിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന വിശ്വാസികളുടെ മനസാക്ഷിക്കും യാതൊരു പരിഗണനയും കല്പിക്കാതെ നമസ്കാര സമയങ്ങളെ കവര്‍ന്നെടുത്തു കൊണ്ട് പല ഇസ്ലാമിക രാഷ്ട്രങ്ങളും ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിക്കുന്നു എന്നത് ആക്ഷേപാര്‍ഹമായ കാര്യമാണ്. അത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന നമസ്കാരത്തില്‍ നിഷ്ഠയുള്ളവര്‍ നമസ്കാര സമയമാകുമ്പോള്‍ ഒരുമിച്ച് നമസ്കരിക്കുന്നത് സംഘാടകരുടെ കണ്ണുതുറപ്പിക്കാന്‍ സഹായകമാകും.
ചുരുക്കത്തില്‍ നമസ്കാരം അതിന്റെ സമയത്ത് നിര്‍വഹിക്കാന്‍ പ്രയാസമുണ്ടാകുമ്പോള്‍ ഒരാള്‍ക്ക് നമസ്കാരങ്ങള്‍ ജംഅ് ആക്കാവുന്നതാണ്.
വിവ: നസീഫ്
യോഗങ്ങള്‍ക്ക് വേണ്ടി ജംഉം ഖസ്റും