1971 സെപ്റ്റംബര്‍ 10, വെള്ളിയാഴ്ച്ച. ഫാറൂഖ് കോളേജ് ക്യാമ്പസിലെ മസ്ജിദുല്‍ അസ്ഹറിന് മുന്‍വശത്ത് തയ്യാറാക്കിയ ഖബറില്‍ മൗലാനാ അബുസ്സബാഹ് മൗലവിയുടെ ജനാസ ഖബറടക്കിയ ഉടനെ ജുമുഅയുടെ ബാങ്കുവിളി ഉയര്‍ന്നു. പലയിടങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ വന്‍ ജനാവലി സംബന്ധിച്ച ജുമുഅ നയിച്ചതു മര്‍ഹൂം കെ സി അബ്ദുല്ല മൗലവി. ‘മൗലവി സാഹിബിന്റെ ഖബറില്‍വെച്ചു അല്ലാഹുവിന്റെ മലക്കുകള്‍ ഇപ്പം ചോദിക്കും’ എന്ന ഘനഗംഭീര ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങും പോലെ.
1906 ചാവക്കാടിനു അടുത്ത വെമ്പേനാടു ഗ്രാമത്തില്‍ ജനിച്ച അബുസ്സബാഹ് ഈജിപ്തിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. അറബ് ലോകത്തെ ഉലമാക്കളുമായും ഇന്ത്യന്‍ നേതാക്കളായ മൗലാനാ മുഹമ്മദ് അലി, അല്ലാമാ ഇഖ്ബാല്‍, മൗലാനാ ആസാദ് എന്നിവരുമായും ബന്ധപെട്ടു. പത്തു വര്‍ഷം ഈജിപ്തില്‍ ജീവിച്ചു മടങ്ങി വന്ന അദ്ദേഹം വനാന്തരങ്ങളില്‍ സന്യാസ ജീവിതവും നയിച്ചിരുന്നു. മഞ്ചേരിക്കടുത്ത ആനക്കയത്ത് ജീവിക്കുമ്പോള്‍ മലബാറിലെ സമുദായ നേതാക്കളുമായി ബന്ധപെട്ടു. 1942 ല്‍ അവിടെ റൗദത്തുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. 1948 ല്‍ ഫറോക്കിലെ കരിങ്ങല്ലായി കുന്ന് വെട്ടിതെളിയിച്ചു കോളേജ് അങ്ങോട്ടേക്ക് മാറ്റി. പിന്നെ തെക്കേ ഇന്ത്യയിലെ അലിഗര്‍ ആയി കീര്‍ത്തി നേടിയ ഫാറൂഖ് കോളേജ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു. മുഹമ്മദ് ഇസ്മായില്‍ സാഹിബ്, സീതി സാഹിബ്, ബാഫഖി തങ്ങള്‍, രാജാ അബ്ദുല്‍ ഖാദര്‍ ഹാജി, അവറാന്‍കുട്ടി ഹാജി, എ കെ കുഞ്ഞിമായന്ഹാജി, അഡ്വക്കറ്റ് ഹൈദ്രോസ് തുടങ്ങി അനേകം അനേകം പ്രഗല്ഭന്മാര് പിന്തുണ നല്കി. ഒറ്റ കോമ്പൗണ്ടിനുള്ളില്‍ നിരവധി കലാലയങ്ങള്‍ ഉയര്‍ന്നു വന്നു.
മഹാപണ്ഡിതനായ മൗലാന മുപ്പതു വര്‍ഷത്തോളം റൗദത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം അലങ്കരിച്ചു. ഒരു ഈജിപ്ഷന്‍ പണ്ഡിതന് ഫറൂക്ക് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞത് ഇങ്ങനെ: ‘സബാഹന് ലാ മസാഹല’ (അസ്തമിക്കാത്ത പ്രഭാതമാണ് അദ്ദേഹം).