Current Date

Search
Close this search box.
Search
Close this search box.

അത്വാഅ് ബിന്‍ അബീ റബാഹ് ഭാഗം-1

ഹിജ്‌റഃ 97-ാം വര്‍ഷം ദുല്‍ഹിജ്ജ മാസം. പരിശുദ്ധ കഅ്ബാലയം സന്ദര്‍ശകരാല്‍ നിബിഢമാണ്. വാഹനപ്പുറത്തേറിയും കാല്‍നടയായും അവര്‍ എത്തിക്കൊണ്ടിരിക്കുന്നു. വൃദ്ധന്‍മാരും യുവാക്കളുമുണ്ട് അവരില്‍. പുരുഷന്‍മാരും സ്ത്രീകളും കറുത്തവരും വെളുത്തവരും ഒന്നിച്ചാണവിടെ ഉള്ളത്. അറബികളും അജമികളും ഭരണാധികാരികളും ഭരണീയരും അവിടെയുണ്ട്. 

ലോക രക്ഷിതാവിന്റെ അതിഥികളാണവര്‍. അവന്റെ വിളിക്കുത്തരം നല്‍കി വിനയത്തോടെ വിധേയത്വത്തോടെ അവര്‍ വന്നിരിക്കുന്നു. അവരുടെ മുഖങ്ങളില്‍ പ്രതീക്ഷയും ആകാംക്ഷയുമുണ്ട്.
മുസ്്‌ലിംകളുടെ ഖലീഫ സുലൈമാനു ബിന്‍ അബ്ദില്‍ മലികിനെയും അവിടെ കാണാം. ഭൂമിയിലെ വലിയ രാജാക്കന്മാരില്‍ ഒരാളായ അദ്ദേഹം കഅ്ബയെ വലംവെച്ച് കൊണ്ടിരിക്കുകയാണ്. തലയില്‍ കിരീടമില്ല. പാദങ്ങളില്‍ ചെരിപ്പുകളുമില്ല. ആകെ ഒരു മേല്‍മുണ്ടും താഴ്മുണ്ടുമാണ് വേഷം. തീര്‍ത്തും സാധാരണക്കാരനായി അദ്ദേഹം അല്ലാഹുവിന്റെ മുന്നില്‍ നില്‍ക്കുകയാണ്. തൊട്ടു പിന്നില്‍ അദ്ദേഹത്തിന്റെ രണ്ട് സന്താനങ്ങളുമുണ്ട്. അവരുടെ മുഖങ്ങള്‍ പ്രശോഭിതമാണ്. പൂര്‍ണചന്ദ്രനെപ്പോലെയുണ്ട് അവ. പനിനീര്‍ പോലെ തുടുത്ത, നൈര്‍മല്യമുള്ള സുന്ദരമായ കവിളുകള്‍ അവരുടെ അഴക് വര്‍ദ്ധിപ്പിക്കുന്നു.
ത്വവാഫ് പൂര്‍ത്തിയാക്കിയ ഖലീഫ കൂടെയുള്ളവരോട് ചോദിച്ചു ‘എവിടെ നിങ്ങളെ കൂട്ടുകാരന്‍?’
‘അദ്ദേഹമവിടെ നമസ്‌കരിക്കുകയാണ്’ അവര്‍ ഹറമിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ച് കൊടുത്തു. ഖലീഫ പതിയെ അങ്ങോട്ട് നടന്നു. അനുഗമിച്ച് മക്കളും’
മുന്നില്‍ നടന്ന് ഖലീഫക്ക് വഴിയൊരുക്കാനൊരുങ്ങി പരിവാരങ്ങള്‍. പക്ഷേ അദ്ദേഹമവരെ തടഞ്ഞു. എന്നിട്ടവരോട് പറഞ്ഞു ‘ഇത് ദൈവസന്നിധിയാണ്. ഇവിടെ രാജാക്കന്മാരും, തെരുവ് പിള്ളേരും സമന്‍മാരാണ്. ദൈവബോധം കൊണ്ടല്ലാതെ ആര്‍ക്കും ആരേക്കാളും മഹത്വമില്ല. ജഢപിടിച്ച് പൊടിപുരണ്ട മുടിയുമായി വന്ന് സ്വീകാര്യമായ കര്‍മമനുഷ്ടിച്ച ശേഷം മടങ്ങിപ്പോയ എത്ര ആളുകളുണ്ട്!’
അദ്ദേഹം തന്റെ നടത്തം തുടര്‍ന്നു. അയാള്‍ നമസ്‌കരിക്കുകയാണ്. സുജൂദില്‍ മുഴുകി പ്രാര്‍ത്ഥിക്കുന്നു. പിന്നില്‍ ധാരാളം പേര്‍ ഇരിക്കുന്നുണ്ട്. ഇടത്തും വലത്തും അത്രതന്നെ ആളുകളുണ്ട്. സദസ്സിന്റെ ഏറ്റവും ഒടുവിലായി ഖലീഫ ഇരുന്നു. ഇരുവശത്തും സന്താനങ്ങളെയും ഇരുത്തി.

കുട്ടികള്‍ രണ്ട് പേരും ഗാഢമായ ആലോചനയിലാണ്. തങ്ങളുടെ ഉപ്പ അഥവാ മുസ്്‌ലിംകളുടെ ഖലീഫ കാത്തിരിക്കുന്ന ഇയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? പൊതു ജനങ്ങളുടെ കൂടെ പ്രതീക്ഷിച്ചിരിക്കാന്‍ മാത്രം എന്ത് മഹത്വമാണ് ഇയാള്‍ക്കുള്ളത്?

അങ്ങേയറ്റത്ത് ഒരാള്‍ നമസ്‌കരിക്കുന്നതായി അവര്‍ കണ്ടു. ജനങ്ങള്‍ അദ്ദേഹത്തെയാണല്ലോ നോക്കുന്നത്. അബ്‌സീനിയക്കാരനാണെന്ന് തോന്നുന്നു. തൊലി കറുത്ത, കുരുമുളക് കൂട്ടിയിട്ടത് പോലെ ചുരുണ്ട മുടിയുള്ള, പതിഞ്ഞ മൂക്കുള്ള ഒരു മനുഷ്യന്‍. ശരിക്കും ഒരു കറുത്ത കാക്കയെപ്പോലുണ്ട് നിറം.

നമസ്‌കാരം പൂര്‍ത്തീകരിച്ച അയാള്‍ ഖലീഫ ഇരിക്കുന്ന ഭാഗത്തേക്ക് ചെരിഞ്ഞ് അഭിവാദ്യം ചെയ്തു. ഖലീഫ പ്രത്യഭിവാദ്യം നല്‍കി. ശേഷം മെല്ലെ എഴുന്നേറ്റ്, അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. ഹജ്ജ് കര്‍മത്തെക്കുറിച്ച തന്റെ സംശയങ്ങള്‍ ഓരോന്നോരോന്നായി ചോദിച്ചറിഞ്ഞു. ഓരോ ചോദ്യത്തിനും അയാള്‍ വാചാലമായി മറുപടി നല്‍കി. വളരെ വിശദമായിത്തന്നെ പറഞ്ഞുകൊടുത്തു. മറുപടികള്‍ തീര്‍ത്തും പ്രാമാണികമായിരുന്നു. തന്റെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞ ഖലീഫ അദ്ദേഹത്തിന് നന്മകളാശംസിച്ച് എഴുന്നേറ്റു. കൂടെ സന്താനങ്ങളും. അവര്‍ മൂവരും നടക്കാന്‍ തുടങ്ങി. സഫാ മര്‍വായിലേക്കുള്ള വഴിയിലാണവര്‍. അപ്പോഴുണ്ട് ചിലര്‍ ഉറക്കെ വിളിച്ച് പറയുന്നു ‘ അല്ലയോ മുസ്്‌ലിം സമൂഹമേ, ഇവിടെ നിങ്ങള്‍ക്ക് ഫത്‌വ നല്‍കുക അത്വാഅ് ബിന്‍ അബീ റബാഹ് മാത്രമാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ അബ്്ദുല്ലാഹ് ബിന്‍ അബൂ നജീഹ് ഫത്‌വ നല്‍കും.’
ഇതു കേട്ട മക്കളിലൊരുവന്‍ ഉപ്പയോട് ചോദിച്ചു ‘അതാഅ് ബിന്‍ അബീ റബാഹിനോട് മാത്രമെ ഫത്‌വ ചോദിക്കാവൂ എന്ന് പറയാന്‍ ഇയാളാരാണ്? ഖലീഫയെ ആദരിക്കാത്ത ഒരു മനുഷ്യനോട് നമ്മള്‍ ഇപ്പോള്‍ ഫത്‌വ ചോദിച്ചതേയുള്ളൂ.’ ഇത് കേട്ട സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് അവരോട് പറഞ്ഞു ‘ഞാന്‍ വിധേയത്വത്തോട് കൂടി മുന്നില്‍ നിന്ന ആ മനുഷ്യന്‍ തന്നെയാണ് അതാഅ് ബിന്‍ അബീ റബാഹ്. അബ്്ദുല്ലാഹ് ബിന്‍ അബ്ബാസിന്റെ പിന്‍ഗാമിയാണദ്ദേഹം.’ ഖലീഫ തുടര്‍ന്നു ‘എന്റെ മക്കളെ, വിജ്ഞാനം പരമാവധി ആര്‍ജിക്കണം. അധകൃതന് മഹത്വം ലഭിക്കുന്നത് വിജ്ഞാനം മുഖേനയാണ്. മടിയന്‍ ഉണരുന്നതും, അടിമകള്‍ രാജാക്കന്‍മാരാവുന്നതും വിജ്ഞാനം കൊണ്ട് മാത്രമാണ്.’

സുലൈമാന്‍ തന്റെ മക്കളോട് അതിശയോക്തി പറഞ്ഞതായിരുന്നില്ല. അതാഅ് ബിന്‍ അബീ റബാഹ് മക്കയിലെ ഒരു സ്ത്രീയുടെ അടിമയായിരുന്നു. അബ്‌സീനിയക്കാരനായ അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ വിജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ കാലെടുത്ത് വെച്ചു. തന്റെ സമയത്തെ മൂന്നായി വീതിച്ചു. യജമാനത്തിയെ നല്ല വിധത്തില്‍ പരിചരിക്കാനും, സേവിക്കാനും, അവരോടുള്ള അവകാശങ്ങള്‍ പൂര്‍ത്തീകരിക്കാനും വേണ്ടിയായിരുന്നു ആദ്യഭാഗം. ദൈവത്തിന്റെ മുന്നില്‍ ആരാധനയര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു രണ്ടാമത്തെ സമയം. മൂന്നാത്തെ ഭാഗം വിജ്ഞാനമാര്‍ജിക്കുന്നതിന് വേണ്ടി അവന്‍ മാറ്റിവെച്ചു. അക്കാലത്തുണ്ടായിരുന്ന പ്രമുഖരായ പ്രവാചക സഖാക്കളുടെ സദസ്സുകളില്‍ പങ്കെടുത്തു. അവരുടെ സംശുദ്ധമായ ഉറവയില്‍ നിന്നും വിജ്ഞാനം മതിവരോളം നുകര്‍ന്നു. അബൂ ഹുറൈറ, അബ്്ദുല്ലാഹ് ബിന്‍ ഉമര്‍, അബ്്ദുല്ലാ ബിന്‍ അബ്ബാസ്, അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) തുടങ്ങിയവരില്‍ നിന്നും അദ്ദേഹം പഠിച്ചു. ഹൃദയത്തില്‍ വിജ്ഞാനവും, ഫിഖ്ഹും നിറച്ചു.

തന്റെ അടിമ സ്വയം ദൈവത്തിന് സമര്‍പ്പിതനായിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ യജമാനത്തി ദൈവപ്രീതി കാംക്ഷിച്ച് അവനെ മോചിപ്പിച്ചു. ഒരു പക്ഷേ അല്ലാഹു അവന്‍ മുഖേന ഇസ്്‌ലാമിനും മുസ്്‌ലിങ്ങള്‍ക്കും പ്രയോജനം ചെയ്താക്കാമല്ലോ.
അന്ന് മുതല്‍ മസ്ജിദുല്‍ ഹറാമിലാണ് അദ്ദേഹത്തിന്റെ താമസം. അത് തന്നെയാണ് അദ്ദേഹത്തിന്റെ വീടും പാഠശാലയും എല്ലാം. അവിടെ വെച്ച് തന്നെ നമസ്‌കാരം നിര്‍വഹിക്കും. ചരിത്രകാരന്‍മാര്‍ പറയുന്നത് നോക്കൂ ‘ഇരുപത് വര്‍ഷത്തോളം പള്ളി തന്നെയായിരുന്നു അതാഇന്റെ വിരിപ്പ്’.

വിജ്ഞാനത്തില്‍ അതാഅ് ബിന്‍ അബീ റബാഹ് മറ്റുള്ളവരെ കവച്ച് വെച്ചു. വളരെ അപൂര്‍വം ചിലര്‍ മാത്രമെ അക്കാലത്ത് വിജ്ഞാനത്തില്‍ അദ്ദേഹത്തിന്റെ നിലവാരത്തിലുണ്ടായിരുന്നുള്ളൂ. അബ്്ദുല്ലാഹ് ബിന്‍ ഉമര്‍(റ) ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി. ഫത്‌വ ചോദിച്ച് കൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ പൊതിഞ്ഞു. ഇത് കണ്ട് അദ്ദേഹമവരോട് ചോദിച്ചുവത്രെ ‘അല്ലയോ, മക്കാവാസികളെ, നിങ്ങളുടെ കാര്യം അല്‍ഭുതകരം തന്നെ. അതാഅ് ബിന്‍ അബീ റബാഹ് നിങ്ങളിലുണ്ടായിരിക്കെ, എന്നോട് ഫത്‌വ ചോദിക്കുകയോ?’

അതാഅ് ബിന്‍ അബീ റബാഹ്- ഭാഗം 2

വിവ: അബ്്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles