Views

കൊലയാളിയും കൊല്ലപ്പെട്ടവനും ഒരേ പോലെയാകുന്ന സാമൂഹികാവസ്ഥ

  മോഡിയുടെ അടുത്തിടെ നടന്ന അമേരിക്കന്‍ യാത്രയെ കുറിച്ച് ബി ബി സി ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധിജിയെ അനുകരിച്ചു കയ്യില്‍ ഒരു വടിയും പിടിച്ചു ഒരു കഷണ്ടിക്കാരന്‍ പരിപാടിക്ക് വരികയുണ്ടായി. അദ്ദേഹത്തെ ബി ബി സി ഇന്റര്‍വ്യൂ ചെയ്തു. അതില്‍ അദ്ദേഹം പറയാന്‍ ശ്രമിച്ചത് മോഡിയും ഗാന്ധിജിയും തമ്മിലുള്ള സാദൃശ്യമായിരുന്നു. രണ്ടു പേരും “ ഫഖീര്‍” “സന്യാസി” എന്നീ ഗുണങ്ങളില്‍ ഒന്നിക്കുന്നു എന്നാണു അദ്ദേഹം പറയാന്‍ ശ്രമിച്ചത്.

ഗാന്ധിജിയും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ത്? ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നു എന്നത് കൊണ്ട് മാത്രം അത് തീരില്ല. എന്ത് കൊണ്ട് ഗാന്ധി ഇന്നും ഇന്ത്യയില്‍ ചര്‍ച്ചയാകുന്നു എന്നത് കൗതുകത്തോടെയാണ് പലരും നോക്കുന്നത്. ഗാന്ധിജിയെ പല രീതിയിലും എതിര്‍ത്തവര്‍ ഉണ്ടായിട്ടുണ്ട്. സമര കാലത്ത് തന്നെ ഗാന്ധിജിയുടെ സമര രീതിയെ എതിര്‍ത്താണ് സുഭാഷ്‌ചന്ദ്രബോസ് വിഘടിച്ചു പോയത്. ഗാന്ധിജിയും നെഹ്‌റുവും തമ്മിലും ആശയങ്ങളുടെ തലത്തില്‍ ഭിന്നത നില നിന്നിരുന്നു. അതൊന്നും പരസ്പരം അംഗീകരിക്കാതിരിക്കാന്‍ മാത്രം അവരെ കൊണ്ടെതിച്ചില്ല.

ഗാന്ധിജിയും സംഘപരിവാറും തമ്മില്‍ എന്താണ് അഭിപ്രായ ഭിന്നത? അത് മനസ്സിലാകുന്നില്ല എന്നിടത്താണ് മുകളില്‍ പറഞ്ഞ താരതമ്യം രൂപപ്പെടുന്നത്. എന്ത് കൊണ്ട് ഗാന്ധിജിയെ കൊന്നു എന്നതിനെ ഗോഡ്സെ ന്യായീകരിച്ചത് ഇങ്ങിനെയാണ്‌ “ ‘I do say that my shots were fired at the person whose policy and action had brought rack and ruin and destruction to millions of Hindus. I bear no ill will towards anyone individually, but I do say that I had no respect for the present government owing to their policy, which was unfairly favourable, which was unfairly favourable towards the Muslims. But at the same time I could clearly see that the policy was entirely due to the presence of Gandhi.’. ഗാന്ധിജിയുടെ നിലപാടുകള്‍ മുസ്ലിം അനുകൂലമായിരുന്നു. അത് ഇന്ത്യയിലെ കോടിക്കണക്കിനു ഹിന്ദുക്കളെ അപമാനിക്കുന്നതായിരുന്നു എന്നതാണ് കൊലയുടെ അടിസ്ഥാനമായി ഗോഡ്സെ പറഞ്ഞു വെച്ചത്.

ഈ അടുത്ത കാലത്തായി ഗാന്ധി ജയന്തി ദിനത്തിലും ഗാന്ധി കൊല്ലപ്പെട്ട ദിനത്തിലും ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. അത് വെറുതെ ഉണ്ടാകുന്നു എന്നാരും കരുതുന്നില്ല. അവിടെയാണു സംഘ പരിവാറും ഗോഡ്സെയും തമ്മിലുള്ള അടുത്ത ബന്ധം നമുക്ക് മനസ്സിലാവുന്നതും. ഇന്ത്യന്‍ ന്യൂനപക്ഷങ്ങലുമായി ബന്ധപ്പെട്ടു സംഘ പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണവും ഗാന്ധിയെ കൊല്ലാന്‍ ഗോഡ്സെ പറഞ്ഞ ന്യായീകരണവും ഒന്ന് തന്നെയാണ്. ഗാന്ധി കൊലയിലൂടെ ഗോഡ്സെ  എന്താണോ ലക്‌ഷ്യം വെച്ചത് അത് തന്നെയാണ് പുതിയ നിലപാടുകളിലൂടെ ആധുനിക ഇന്ത്യയില്‍ സംഘ പരിവാര്‍ ആഗ്രഹിക്കുന്നതും. അപ്പോള്‍ സംഘ പരിവാറിന്റെ ഗോഡ്സെ പ്രേമം ഒരു താല്‍ക്കാലിക പ്രതിഭാസമല്ല എന്ന് വേണം മനസ്സിലാക്കാന്‍.

ഗാന്ധി ഘാതകര്‍ എത്ര തന്നെ സ്വയം വെള്ള പൂശിയാലും മനസ്സില്‍ ഒളിപ്പിച്ചു വെച്ച വെറുപ്പ് അവര്‍ അറിയാതെ തന്നെ പുറത്തു വരും. മുസ്ലിംകളെ ഒന്നാം ശത്രുവായി കണ്ടു കൊണ്ടാണ് സംഘ പരിവര്‍ അവരുടെ അടിസ്ഥാന ആശയങ്ങള്‍ വികസിപ്പിക്കുന്നത്. വിചാരധാരയെയും ഗോള്‍വള്‍ക്കറെയും മനസ്സില്‍ പ്രതിഷ്ടിച്ച ഒരു വിഭാഗത്തില്‍ നിന്നും ഗോഡ്സെ ഉണ്ടാകുക എന്നത് ഒരു പുതിയ കാര്യമല്ല. മുസ്ലിം പ്രീണനത്തിന്റെ പേരില്‍ അന്ന് ഗാന്ധിജിയെ കൊന്ന ഗോഡ്സെമാര്‍ ഇന്ന് പശുവിന്റെയും രാമന്റെയും പേരില്‍ കലാപമുണ്ടാക്കുന്നു എന്നത് ഒരു ആകസ്മികതയല്ല എന്ന് കൂടി പറയണം.

അത് കൊണ്ട് തന്നെ ഗോഡ്സെ ആരാധിക്കപ്പെടുക എന്നതും നമ്മില്‍ അലഭുതം നിറക്കെണ്ടതില്ല. അതൊരു അനിവാര്യതയാണ്. ഗാന്ധിജി ഗോഡ്സെ എന്നത് രണ്ടു വ്യക്തികള്‍ എന്നതിനേക്കാള്‍ സംഘ പരിവാരിനു രണ്ടു ആശയങ്ങളാണ്. മോഡി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ വഴികള്‍ നമുക്കറിയാം. ഗാന്ധി കൊല്ലപ്പെട്ട കാരണങ്ങളും. അതെ സമയം ഗാന്ധിജിയും മോഡിയും ഒരേപോലെ എന്ന് തോന്നുന്നത് തെറ്റായ ചരിത്ര ബോധത്തിന്റെ ഭാഗമാണ്. കൊലയാളിയും കൊല്ലപ്പെട്ടവനും ഒരേ പോലെയാകുന്ന സാമൂഹിക അവസ്ഥയാണ്‌ നമ്മെ ഭയപ്പെടുത്തെണ്ടത്.

Facebook Comments
Related Articles
Close
Close