Views

പരിസ്ഥിതിയെപ്പറ്റി എന്തിന് മിണ്ടാതിരിക്കണം?

ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് അല്‍പം ദൈര്‍ഘ്യം കൂടിയേക്കാം. നിവൃത്തിയില്ലാത്തത് കൊണ്ടാണ്. താല്‍പര്യമുണ്ടെങ്കില്‍ മാത്രം വായിച്ചാല്‍ മതി. അതിജീവനത്തിന്റെ പ്രശ്‌നമാണ് എന്ന് മാത്രം മനസ്സിലാക്കുക.

ഒന്ന്.
കമ്യൂനിസ്റ്റുകാരായ അധ്യാപകരും സുഹൃത്തുക്കളുമാണ് ഈ കുറിപ്പുകാരനിലേക്ക് പാരിസ്ഥിതിക ബോധം പകര്‍ന്നത്. അക്കാലത്തെ ചിന്തകള്‍, അന്ന് വായിച്ച പുസ്തകങ്ങള്‍, കണ്ട സിനിമകളും നാടകങ്ങളും ഇവയെല്ലാം ആ അവബോധത്തെ ദൃഢീകരിക്കുകയും ചെയ്തു. സൈലന്റ് വാലി സൃഷ്ടിച്ച ഭാവുകത്വമാണ് അന്നത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നത്. സി.പി.എം സഹയാത്രികനായ നാടകാചാര്യന്‍ കെയെമ്മാര്‍ എന്ന കെ.എം രാഘവന്‍ നമ്പ്യാരുടെ ചില കഥാപാത്രങ്ങള്‍ക്ക് വേദിയില്‍ ഞാന്‍ ജീവന്‍ പകര്‍ന്നിട്ടുണ്ട്. ഒരു മല്‍സരവേദിയില്‍ അവതരിപ്പിച്ച, കാളിയന്‍ എന്ന ഏകാങ്കനാടകം അതില്‍ എന്നുമോര്‍മിക്കുന്നതാണ്.

യമുനാനദിയെയും നദീതടത്തെയും വിഷമയമാക്കിയ കാളിയന്‍ എന്ന വിഷസര്‍പ്പത്തെക്കുറിച്ച പുരാണത്തെ ആധുനിക വ്യവസായയുഗത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടതാണ് കെയെമ്മാറിന്റെ നാടകം. പുരാണത്തില്‍ കാളിയനെ കൃഷ്ണന്‍ അതിജയിക്കുന്നുവെങ്കില്‍ ആധുനിക കാളിയന് മുന്നില്‍ കൃഷ്ണനും തളര്‍ന്ന് നിസ്സഹായനായിപ്പോകുന്നു. കാളിയ സര്‍പ്പത്തിന് മകുടിയൂതുന്ന ഭരണത്തിന്റെയും സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്ന ശാസ്ത്രത്തിന്റെയും ഇരട്ട വേഷമാണ് ഞാന്‍ വേദിയിലാടിയത്. (ബെസ്റ്റ് ആക്ടര്‍ക്കുള്ള സമ്മാനവും കിട്ടി. സന്തോഷം).

രണ്ട്.
നന്നായി മഴ പെയ്തിരുന്ന ഒരു സമയത്ത് മുഹമ്മദ് നബി ചെയ്തിരുന്ന ഒരു പ്രാര്‍ത്ഥനയിലെ ആശയങ്ങളോര്‍ക്കുന്നു. ഈ ജലവര്‍ഷത്തെ ഒരു ദുരന്തമായി ഞങ്ങള്‍ക്കു മേല്‍ പതിപ്പിക്കാതെ ചുറ്റിലുമായി വ്യാപിപ്പിക്കേണമേ എന്നാണ് അതിന്റെ തുടക്കം.

വെള്ളത്തിന് ഒരു സഞ്ചാരപഥമുണ്ട്. നമ്മുടെ നാട്ടില്‍ മഴവെള്ളം മലവെള്ളമായി പിന്നെയത് പുഴവെള്ളമായി കടലില്‍ ചെന്നു ചേരുന്നു. അതിനിടയില്‍ ജലം കയറി നില്‍ക്കുന്ന ധാരാളം തണ്ണീര്‍ത്തടങ്ങള്‍, നീര്‍ച്ചാലുകള്‍ അങ്ങനെ പലതും. ഇപ്രകാരം വ്യാപിക്കാനുള്ളതാണ് ജലം എന്ന അവബോധത്തില്‍ നിന്നാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ഒരു കവിതപോലെ സാന്ദ്രസൗന്ദര്യത്തോടെയും ആശയഗാംഭീര്യത്തോടെയും ശാസ്ത്രീയാവബോധത്തോടെയും പ്രവാചകന്‍ സഹജര്‍ക്കും സഹജീവികള്‍ക്കും വേണ്ടിയുള്ള തന്റെ അര്‍ത്ഥന തുടരുന്നു.

പുല്‍മേടുകളില്‍,
മലകളില്‍,
താഴ്‌വാരങ്ങളുടെ ഗര്‍ഭങ്ങളില്‍,
വൃക്ഷങ്ങളുടെ വേരുകളിലും.
ജലം ശേഖരിക്കപ്പെടുന്ന ഇടങ്ങളാണിവ.

അനന്തരം.
ജലം ശേഖരിക്കപ്പെടാന്‍ പുല്‍മേടുകളെവിടെ?
മലകളെവിടെ?
താഴ്‌വാരങ്ങളുടെ ഗര്‍ഭത്തിലേക്കുള്ള ജലകണങ്ങളുടെ പ്രവേശനം നാം നിഷേധിച്ചിരിക്കുകയല്ലേ?
വേരുകളില്‍ ജലം ശേഖരിക്കുന്ന, മണ്ണിനെ ആര്‍ദ്രമാക്കുന്ന വൃക്ഷങ്ങളിന്നെവിടെ?
പ്രാര്‍ത്ഥിക്കാനുള്ള അര്‍ഹത പോലും ആരാണ് നഷ്ടപ്പെടുത്തിയത്?

ഇപ്പോള്‍ ചിലര്‍ നടത്തുന്ന വിചിത്രമായ ചില വിശകലനങ്ങളുണ്ട്. പ്രളയകാലത്തെ ഭൂലോക പിന്തിരിപ്പന്മാരുടെ ലിസ്റ്റാണതില്‍ മുഖ്യം. കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘികള്‍, മുഖ്യമന്ത്രിയുടെ ദുതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്ന ദുഷ്ടശക്തികള്‍, പരിസരബോധമില്ലാത്ത പരിസ്ഥിതിവാദികള്‍ എന്ന് ഒറ്റയടിക്കങ്ങോട്ട് ചേര്‍ത്തു പറഞ്ഞു കളയും.

സത്യത്തില്‍ ഈ സമീകരണമാണ് ഏറ്റവും വലിയ പിന്തിരിപ്പത്തം. മൂലധനശക്തികള്‍ക്ക് വേണ്ടിയുള്ള കുഴലൂത്തല്ലാതെ മറ്റൊന്നുമല്ലത്. പരിസ്ഥിതിവാദികളെ സംഘിസത്തോട് ചേര്‍ക്കുമ്പോള്‍ സംഘികള്‍ പ്രകൃതി സ്‌നേഹികളാണെന്ന വ്യാജബോധം സൃഷ്ടിക്കപ്പെടുന്നുവെന്നത് ഇതിന്റെ മറുവശം. സംഘിസം എന്നുവെച്ചാല്‍ പരിസ്ഥിതിവാദം പോലെ എന്തോ ആണെന്ന മനോഭാവം ഇതിന്റെ അനുബന്ധവും.

ഫലത്തില്‍ ഇത് സംഘികള്‍ക്ക് വേണ്ടിയുള്ള കുഴലൂത്തും കൂടിയാണ്. ഇവിടെയാണ് ഒന്നാമത് പറഞ്ഞ കാര്യം പ്രസക്തമാവുന്നത്. ഞാനും പ്രകൃതിയും കമ്യൂനിസവും എന്ന ചരിത്രം. ഇപ്പോഴും വ്യക്തിപരമായി ഇടത് രാഷ്ട്രീയത്തോടാണെന്റെ ചായ്‌വ്. എന്നാല്‍ പാരിസ്ഥിതിക ബോധത്തെ ഇന്ന് ഏറ്റവും ആക്രാമകമായി അപഹസിക്കുന്നത് ദൗര്‍ഭാഗ്യവശാല്‍ അവരാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവും ശക്തമായി രംഗത്ത് വന്നത് രണ്ടു കൂട്ടരാണ്.
പ്രകൃതിയെക്കുറിച്ച ക്രിസ്തു സന്ദേശത്തെ അരമനയിലെ തടവു മുറിയില്‍ ബന്ധിച്ച രൂപതകളും ബിഷപ്പുമാരും, പിന്നെ ഡയലക്ടിക്‌സ് ഒഫ് നേച്ചറിനെക്കുറിച്ച സിദ്ധാന്തങ്ങളെ ചവുട്ടിത്തേച്ച മുഖ്യധാരാ കമ്യൂനിസ്റ്റുകാരും.

ജനം ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് മര്യാദയില്ലായ്മയാണത്രേ. ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകനാണ്. എന്നെക്കൊണ്ടാവുന്ന വിധത്തില്‍ ദുരിതാശ്വാസത്തിലും പങ്കാളിയായ ശേഷമാണ് ഇത് പറയുന്നതും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെയും ആവും വിധം പ്രചരിപ്പിച്ചിട്ടുണ്ട്. അതിനെതിരായ പ്രചാരണങ്ങള്‍ നടത്തിയവരെ സൌഹൃദപ്പട്ടികയില്‍ നിന്ന് വലിച്ചെറിഞ്ഞിട്ടുമുണ്ട്.

പലരെയും പരിഹസിക്കാറുള്ളത് ജനം പ്രയാസപ്പെടുമ്പോള്‍ ദന്തഗോപുരത്തിലിരുന്ന് കീബോഡ് വിപ്ലവമുണ്ടാക്കുന്നു എന്ന് പറഞ്ഞാണല്ലോ. അല്ലെങ്കില്‍ പറയൂ. കഴിഞ്ഞ പ്രളയക്കാലത്തും നിങ്ങളിത് തന്നെ പറഞ്ഞില്ലേ? എന്നിട്ട് പ്രളയാനന്തരം ഇത്തരം ചിന്തകള്‍ ഉയര്‍ത്തിയതിനെ എത്രമാത്രം അസഹിഷ്ണുതയോടെയാണ് നിങ്ങള്‍ നേരിട്ടത്?

ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍.
ദുരന്തത്തില്‍ മേപ്പാടിയിലെ പുത്തുമല എന്ന ഗ്രാമം തന്നെ ഇല്ലാതായി. അഞ്ച് ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്ക് ഗ്രാമത്തിന് മേല്‍ ഇടിച്ചിറങ്ങിയത്. അവിടെ സംഭവിച്ചത് പക്ഷേ ഉരുള്‍പൊട്ടലല്ല. സോയില്‍ പൈപ്പിങ് നിമിത്തമുള്ള മണ്ണിടിച്ചില്‍. 1980കളില്‍ നടന്ന വ്യാപകമായ മരംമുറിയുടെ പ്രത്യാഘാതം. നോക്കൂ., മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ഇത് സൃഷ്ടിച്ച എല്ലാ സമ്മര്‍ദ്ദങ്ങളെയും താങ്ങി നിര്‍ത്തുകയാണ് ഭൂമി ചെയ്തത്! ഒട്ടും താങ്ങാനാവാത്ത ഒരു ഘട്ടത്തില്‍ മാത്രമാണ് മണ്ണ് ഇടിച്ചിറങ്ങുന്നത്.

പരിസ്ഥിതി ലോല പ്രദേശം എന്ന് മാര്‍ക് ചെയ്യുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പേരെടുത്ത് പറഞ്ഞ സ്ഥലങ്ങളുണ്ടായിരുന്നു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉരുള്‍ പൊട്ടല്‍ നടന്ന മേഖലകളില്‍. റിപ്പോര്‍ട്ടിനോടുള്ള അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും നിലപാടുകള്‍ അവരെ തീറ്റിപ്പോറ്റുന്ന മാഫിയകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാം. എന്നാല്‍ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടില്‍ ഇതുപോലെ പേരെടുത്ത് പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ അപകടം സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തിയോ?

കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തിന് ശേഷമെങ്കിലും, പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികപ്രാധാന്യത്തെയും അവിടുത്തെ ജൈവവൈവിധ്യത്തെയും പറ്റി ആഴത്തില്‍ പഠിച്ച ഗാഡ്ഗിലിനോട് എന്തെങ്കിലും തരത്തിലുള്ള ഉപദേശങ്ങള്‍ തേടിയിരുന്നോ? ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ വേണ്ടി രംഗത്ത് വന്ന തട്ടിക്കൂട്ട് കമ്മിറ്റിക്കാരോടെങ്കിലും യാതൊരുപദേശവും തേടിയില്ലല്ലോ? പോട്ടെ, ദുരന്തത്തെപ്പറ്റിയുള്ള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനങ്ങളെയെങ്കിലും മുഖവിലക്കെടുക്കാമായിരുന്നില്ലേ?

2018ലെ ദുരന്തത്തെപ്പറ്റിയുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് (Post Disaster Need Assessment) കേരള മന്ത്രിസഭയും അംഗീകരിച്ചതാണ്. ഒരു ഭൂവിനിയോഗനയം (Land Use Policy) ഇല്ലാത്തതാണ് കേരളത്തിന്റെ പാരിസ്ഥിതിക അസന്തുലിതത്വത്തിന്റെ മുഖ്യകാരണം എന്നതായിരുന്നു അതിലെ പ്രധാന വിശകലനം. റീബില്‍ഡ് കേരളയില്‍ പക്ഷേ, ഇത്തരമൊരു പോളിസി രൂപപ്പെടുത്താനുള്ള പരിശ്രമം ഒട്ടും കണ്ടില്ല. പാരിസ്ഥിതികമോ സാമൂഹ്യനീതിപരമോ ആയ ഒരു വിധത്തിലുള്ള നിര്‍ദ്ദേശങ്ങളെയും ഒട്ടും പരിഗണിച്ചതായും കാണുന്നില്ല.

ഒടുക്കം.
ഇപ്പറയുന്നവരും വീടുണ്ടാക്കുന്നില്ലേ, അങ്ങനെയില്ലേ, ഇങ്ങനെയില്ലേ എന്നെല്ലാം ചോദിക്കാന്‍ വരട്ടെ. വീടുണ്ടാക്കണ്ടെന്നോ റോഡുണ്ടാക്കണ്ടെന്നോ ഇവിടാരും പറയുന്നില്ല. വിശകലനങ്ങളെ വൈകാരികമായി നേരിടരുത്. ക്വാറി മാഫിയയും മൂലധനശക്തികളുമൊക്കെ ഗാഡ്ഗിലിനെ കുടിയേറ്റ കര്‍ഷകര്‍ക്കെതിരായി നിര്‍ത്തുന്നതും ഇതുപോലെ ഉപരിപ്ലവമോ കപടമോ ആണ്. പണ്ട് നടന്ന വെള്ളപ്പൊക്കം വികസനത്തിന്റെ ഫലമാണോ എന്ന് ചോദിക്കുന്നതും ഇതുപോലൊരു തന്ത്രം മാത്രം.

തുടങ്ങിവെച്ചതിലേക്ക് തന്നെ വരാം.
ക്രോണി കാപിറ്റലിസത്തിന്റെ ഏറ്റവും പിടിവാശിയുള്ള വക്താക്കളായി കമ്യൂനിസ്റ്റുകാര്‍ മാറുന്നതും സാമൂഹികമോ പാരിസ്ഥിതികമോ ആയ ബോധവും പ്രതിബദ്ധതയും തൊട്ടുതീണ്ടാതെ, അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍ വെച്ച് പ്രാര്‍ത്ഥന നടത്തുന്നതുമൊക്കെത്തന്നെയാണ് ഇക്കാലത്തെ ഏറ്റവും വലിയ ദുരന്തം. മാധവ് ഗാഡ്ഗിലിനെ അറിയാന്‍ നാം ഇനിയുമിനിയും ശ്രമിച്ചേ മതിയാവൂ. ബാക്കിയുള്ള മലകളെയും മരങ്ങളെയുമെങ്കിലും ആരും അപഹരിക്കാതിരിക്കാനുള്ള ജാഗ്രത നമ്മുടെ ജനാധിപത്യബോധത്തിന്റെ അടയാളമായി മാറേണ്ടതുമുണ്ട്.

Facebook Comments
Show More

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Close
Close