Views

ഹമാസിനെതിരെയുള്ള സൗദി ക്യാംപയിനിങ്ങിന്റെ പിന്നില്‍ ?

സെപ്റ്റംബര്‍ 9ന് ഹമാസ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടു. സൗദിയില്‍ വെച്ച് തങ്ങളുടെ അനുയായികളെ അറസ്റ്റ് ചെയ്തതിനെ അപലപിച്ചായിരുന്നു പ്രസ്താവന. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഹമാസിനെ പിന്തുണക്കുന്നെന്നും അവര്‍ക്കായി ഫണ്ട് ശേഖരിക്കുന്നെന്നും ആരോപിച്ച് നിരവധി ഫലസ്തീന്‍,ജോര്‍ദാനിയന്‍,സൗദി പൗരന്മാരെ ഭരണകൂടം അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ചിലര്‍ അന്യായമായി പീഡിപ്പിക്കപ്പെട്ടു,ചിലരെ നാടുകടത്തി,ചിലരുടെ സ്വത്തുവകകള്‍ മരവിപ്പിച്ചു,ചിലയാളുകളുടെ സാമ്പത്തിക ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. മാത്രവുമല്ല, ഫലസ്തീന്‍ മേഖലയിലേക്ക് പണം അയക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മാസങ്ങളോളം വിഷയത്തില്‍ ഹമാസ് മൗനം പാലിച്ചു. രാഷ്ട്രീയ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഹമാസ്. വിഷയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥര്‍ നിരന്തരം സൗദി അധികാരികളെയും വിവിധ അറബ് ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹമാസിനെതിരെയുള്ള സൗദിയുടെ ക്യാംപയിനെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയതും മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞതും. സൗദിയുടെ അമേരിക്കയുമായുള്ള ഇടപാടും നൂറ്റാണ്ടിലെ കരാറുമായി ട്രംപ് മുന്നോട്ടു പോകുന്നതും ഇറാനെതിരെയുള്ള ക്യാംപയിനുമെല്ലാം ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് തടസ്സമായി എന്നാണ് കണക്കുകൂട്ടല്‍.

സൗദി- ഹമാസ് ബന്ധം

1980ല്‍ ഹമാസ് രൂപീകരിച്ച ശേഷം വര്‍ഷങ്ങളായി സൗദി അധികൃതരുമായി മികച്ച ബന്ധമാണ് സംഘടനക്കുണ്ടായിരുന്നത്. എങ്കിലും സംഘടനക്ക് സൗദി നേരിട്ട് ഫണ്ടിങ് നല്‍കിയിയിരുന്നില്ല. അവരുടെ രാജ്യത്ത് നിന്ന് ഹമാസിനായി ഫണ്ട് നല്‍കാന്‍ അവര്‍ അനുവദിച്ചിരുന്നു. 2000ത്തിന്റെ തുടക്കത്തില്‍ ഹമാസ് ഇറാനുമായി അടുക്കാന്‍ തുടങ്ങി. ഇതാണ് സൗദിയുമായുള്ള ബന്ധത്തെ ബാധിച്ചത്. 2007ല്‍ ഹമാസ് ഫലസ്തീന്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഗസ്സയിലെ ഫതഹ് മുന്നണിയുമായി ഭിന്നത ഉടലെടുക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഇരുവര്‍ക്കുമിടയില്‍ സൗദി മധ്യസ്ഥ വഹിക്കുകയും എന്നാല്‍ അത് പരാജയപ്പെടുകയും ചെയ്തു. ഇതും ഹമാസിനോടുള്ള മനോഭാവം മാറ്റാന്‍ സൗദിയെ പ്രേരിപ്പിച്ചു.

2011ലെ അറബ് വസന്തത്തെത്തുടര്‍ന്ന് സിറിയയിലുടനീളം അസദ് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ ഇറാനുമായി ഹമാസ് കൂടുതല്‍ അകന്നു. പ്രക്ഷോഭം പിന്നീട് സിവില്‍ യുദ്ധമായി മാറുകയായിരുന്നു. ഇതോടെ ഹമാസ് സിറിയയിലെ പ്രതിപക്ഷത്തെ പിന്തുണക്കാന്‍ തീരുമാനിച്ചു. ഇറാനാകട്ടെ സിറിയന്‍ ഭരണകൂടത്തിനൊപ്പമായിരുന്നു. തല്‍ഫലമായി ഇറാനുമായുള്ള ബന്ധം തകരാന്‍ തുടങ്ങി.

2013ല്‍ ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ പട്ടാളം അട്ടിമറിച്ചതിനെ സൗദി പിന്തുണച്ചു. ഹമാസിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്കൊപ്പമായിരുന്നു സൗദി. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇതോടെ ഹമാസ് പ്രതിനിധികളുടെ സൗദിയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം നിലച്ചു. പുതിയ ഈജിപത് ഭരണകൂടം ഹമാസിനു മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയും ഫതഹുമായുള്ള ബന്ധത്തില്‍ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. തല്‍ഫലമായി കൂടുതല്‍ ഒറ്റപ്പെട്ട ഹമാസ് 2017ല്‍ ഇറാനോട് വീണ്ടും അടുക്കാന്‍ തുടങ്ങി.

പിന്നീട് ഇറാനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു. എത്രത്തോളമെന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ ഹമാസ് പ്രതിനിധി സംഘം ഇറാന്‍ സന്ദര്‍ശിക്കുകയും പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പുതിയ പ്രതിസന്ധി

ഇറാന്‍-ഹമാസ് അനുരഞ്ജനത്തിന്റെ തുടക്കത്തോടെ യു.എസ്-ഇറാന്‍ അകല്‍ച്ചയുടെയും ആരംഭമായിരുന്നു. ട്രംപ് ഭരണകൂടം ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറുകയും ഇറാനു മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിനെ സൗദിയും ഇസ്രായേലും പിന്തുണക്കുകയും ചെയ്തു.

അതേസമയം, ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമവുമായി യു.എസ് മുന്നോട്ടു പോകുകയും ഇതില്‍ ഇറാന്‍ നിലപാടിനെ ഫലപ്രദമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇത് അറബ് രാജ്യങ്ങള്‍ക്ക് ഇസ്രായേലിനോട് മൃദു നിലപാട് കൈകൊള്ളാന്‍ ഇടയാക്കും. പദ്ധതിക്ക് സൗദി വ്യക്തമായ പിന്തുണ നല്‍കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഫലസ്തീനോടുള്ള ഔദ്യോഗിക സമീപനം മാറാനും തുടങ്ങി. 2017 തുടക്കത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയുടെ കരാറുകള്‍ സ്വീകരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഇതിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫലസ്തീന്‍ അതോറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്‌തെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ 2018ല്‍ പുറത്തു വന്നിരുന്നു.

തുടര്‍ന്ന് ഈ വര്‍ഷം ആരംഭത്തില്‍ സൗദി ഹമാസിനെ സൂക്ഷ്മമായി നിരീക്ഷിക്കാനും വേട്ടയാടാനും തുടങ്ങി. ഏപ്രിലില്‍ ഹമാസ് അനുകൂലികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ 20 വര്‍ഷമായി ഉഭയകക്ഷി ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ ഡോ. മുഹമ്മദ് അല്‍ കോദരിയെയാണ് ആദ്യമായി അറസ്റ്റു ചെയ്തത്. മേയില്‍ സൗദി ദിനപത്രമായ ‘മെക്ക’ മുസ്ലിം ബ്രദര്‍ഹുഡ് ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് ലോകമെമ്പാടുമുള്ള 40 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതില്‍ ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീന്‍,മുന്‍ നേതാവ് ഖാലിദ് മിഷ്അല്‍,നിലവിലെ നേതാവ് ഇസ്മാഈല്‍ ഹനിയ്യ എന്നിവരുമുണ്ടായിരുന്നു.

ഇതേ മാസം തന്നെ ഗസ്സക്കെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളും നടന്നിരുന്നു. തുടര്‍ന്ന് സൗദിയിലെ ആക്റ്റിവിസ്റ്റുകളും ബ്ലോഗര്‍മാരും ഇസ്രായേലിന്റെ ഹമാസിനു നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും ഹമാസിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ തുര്‍ക്കിക്കും ഇറാനും വേണ്ടി ഇസ്രായേലിനെതിരെ ജോലിയെടുക്കുകയാണെന്നും ഇസ്രായേലിനെ ഭീകരര്‍ എന്നു വിളിക്കുന്നതിനെ എതിര്‍ത്തും സൗദി രംഗത്തെത്തി. ഹമാസ് ആണ് ഭീകരര്‍ എന്നും സൗദി ആരോപിച്ചു.

ഹമാസ് അവരുടെ പ്രശ്‌നങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കട്ടെ എന്ന നിലപാടാണ് സൗദി കൈകൊണ്ടതെന്ന് ഹമാസ് അധികൃതര്‍ പറഞ്ഞു. അത് കൊണ്ട് സൗദി എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ലെങ്കിലും ട്രംപ് ഭരണകൂടത്തെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സൗദിയുടെ ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്നാണ് ഹമാസ് നേതൃത്വം വിശ്വസിക്കുന്നത്. അതായത്, അമേരിക്കയുടെ നൂറ്റാണ്ടിലെ കരാര്‍ അംഗീകരിക്കുകയും ഇസ്രായേലിനെതിരെയുള്ള തങ്ങളുടെ സായുധ പോരാട്ടം അവസാനിപ്പിക്കണമെന്നുമാണ് സൗദിയുടെ ഉദ്ദേശം.

ഹമാസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും അവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായ സ്രോതസ്സുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നതിലൂടെ അമേരിക്കയുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനാണ് സൗദി ശ്രമിക്കുന്നത്. ഇറാനുമായുള്ള ഹമാസിന്റെ അനുരഞ്ജനം തടയുക എന്നതു കൂടി ഹമാസിനെതിരെയുള്ള സൗദിയുടെ ക്യാംപയിന് പിന്നിലുണ്ട്.

അവലംബം: അല്‍ജസീറ
വിവ: പി.കെ സഹീര്‍ അഹ്മദ്‌

Facebook Comments
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker