Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂര്‍ മുസ്‌ലിം: കമ്യൂണിസ്റ്റ് ചൈനയിലെ സാംസ്‌കാരിക വംശഹത്യ

ചൈനയിലെ ദശലക്ഷണക്കിനു വരുന്ന ഉയിഗൂര്‍ മുസ്‌ലിംകള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അന്യായ തടങ്കലിനും ഇരയായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഈ വിഷയം ഗൗരവത്തിലെടുക്കുക എന്ന ധാര്‍മിക ഉത്തരവാദിത്തം ലോക നേതാക്കളില്‍ ഭൂരിഭാഗവും മറന്ന മട്ടാണുള്ളത്.

ഒരു ജനതയെ സാംസ്‌കാരിക വംശഹത്യക്ക് ഇരയാക്കുന്ന ഈ അനീതിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഒരക്ഷരം പോലും ഉരിയാടാതെ നിശബ്ദത പാലിക്കുന്നത് ചൈനയുടെ രാഷ്ട്രീയ സാമ്പത്തിക ശക്തി കാരണമല്ല എന്ന് ഞാന്‍ ഒരുപാടു തവണ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളെയും അന്യായങ്ങളെയും ലോകമൊന്നടങ്കം അപലപിക്കുമ്പോള്‍, ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചു കൊണ്ടും അതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ആരെങ്കിലും ഒരു പ്രസ്താവനയെങ്കിലും ഇറക്കിയോ ?

ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കഴിയുന്ന തങ്ങളുടെ ഉമ്മയെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന മക്കളായ ഐശയുടെയും (9) അബ്ദുല്‍ അസീസിന്റെയും (5) കരളലിയിക്കുന്ന വീഡിയോ ഞാന്‍ അടുത്തിടെ കാണുകയുണ്ടായി. സിന്‍ജിയാങ് ഉയിഗൂര്‍ സ്വയംഭരണ പ്രവിശ്യയില്‍ (XUAR) നിന്നും വരുന്ന 32 വയസ്സുകാരിയായ ആമിന അല്ലാഹ്ബര്‍ദി, 2010-ല്‍ സൗദി അറേബ്യന്‍ പൗരനായ സൈദ് ബിന്‍ അബൂദ് ശഹ്‌റാനിയെ വിവാഹം കഴിക്കുകയും സൗദി അറേബ്യയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

RFA (Radio Free Asia) റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലേക്കു പോയ തന്റെ ഭാര്യയെ കുറിച്ചു വിവരമൊന്നും ലഭിക്കാതായപ്പോള്‍ ശഹ്‌റാനി ചൈനയിലെത്തി ഒരു മാസത്തോളം അന്വേഷണം നടത്തിയിരുന്നെങ്കിലും മക്കള്‍ രണ്ടു പേരും സൗദിയില്‍ തന്നെയായതിനാല്‍ തിരിച്ചു പോവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തന്റെ പ്രിയപത്‌നി ചൈനയിലെ രാഷ്ട്രീയ ‘പുനഃവിദ്യഭ്യാസ ക്യാമ്പുകളില്‍’ ഒന്നില്‍ തടവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചതായി ശഹ്‌റാനി അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. ഏകദേശം 1.1 മില്ല്യണ്‍ ഉയിഗൂറുകള്‍ പുനഃവിദ്യഭ്യാസ ക്യാമ്പുകളില്‍ തടവിലടക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

‘കിഴക്കന്‍ തുര്‍ക്കിസ്ഥാനാണ് എന്റെ ഉമ്മയുടെ സ്ഥലം. നാട്ടില്‍ പോയ ഉമ്മ പിന്നെ തിരിച്ചുവന്നിട്ടില്ല. ചൈനീസ് ഗവണ്‍മെന്റ് അവരെ തടവിലാക്കിയിരിക്കുകയാണ്. അതിനു ശേഷം ഉമ്മയുടെ യാതൊരു വിവരവുമില്ല.’ എന്നു പറഞ്ഞ് മകന്‍ അബ്ദുല്‍ അസീസ് തേങ്ങിക്കരയാന്‍ തുടങ്ങിയോടെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാനുമൊരു മാതാവാണ്, തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നും അകറ്റപ്പെടുന്നതിന്റെ വേദന കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണ്. സൗദി അറേബ്യ അടക്കമുള്ള ഒരു രാഷ്ട്രവും ആ കുട്ടികളുടെ മാതാവിനെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയോ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ശബ്ദിക്കുകയോ ചെയ്തിട്ടില്ല.

ഈ രണ്ടു ഇളംപൈതങ്ങളുടെയും അതുപോലെ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ തന്നെ അനാഥാലയങ്ങളിലാക്കപ്പെട്ട മറ്റനേകം ഉയിഗൂര്‍ ബാല്യങ്ങളുടെയും മാനസികാവസ്ഥ എനിക്കു സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയുന്നില്ല. ഉയിഗൂര്‍ കുടുംബങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അനീതിയുടെ ഒരു ഉദാഹരണം മാത്രമാണിത്. ചൈനീസ് ഗവണ്‍മെന്റിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ അനവധിയാണ്.

തങ്ങളുടെ മതവിശ്വാസത്തെ തള്ളിക്കളഞ്ഞു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വീകരിക്കുന്ന തരത്തിലേക്ക് ഉയിഗൂര്‍ മുസ്‌ലിംകളെ നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയയാണു നടന്നുകൊണ്ടിരിക്കുന്നത്. സിന്‍ജിയാങിലെ മസ്ജിദുകളില്‍ ഭൂരിഭാഗവും ആളൊഴിഞ്ഞ അവസ്ഥയിലാണ്, റമദാന്‍ മാസത്തില്‍ വ്രതമെടുക്കുന്നതും ഇസ്‌ലാമിക വിദ്യഭ്യാസവും കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു, ജനപിന്തുണ നേടാന്‍ പാര്‍ട്ടി അതോറിറ്റികളാല്‍ തന്നെ ഇസ്‌ലാമോഫോബിയ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിഭീകരമായ തടങ്കല്‍ പാളയങ്ങളിലെ മരണസംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ തടവുകാര്‍ നിരന്തരമായി നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയാണ് അവിടങ്ങളില്‍ നിലനില്‍ക്കുന്നത്.

ഉയിഗൂര്‍ മുസ്‌ലിംകളുടെ മേലുള്ള മനുഷ്യത്വരഹിതമായ കിരാത വാഴ്ച്ച അവസാനിപ്പിക്കണമെന്നു ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് ആവശ്യപ്പെടാന്‍ എന്തുകൊണ്ടാണു മുസ്‌ലിം ലോകത്തെ ഒരു രാഷ്ട്രത്തലവനും ധൈര്യം കാണിക്കാത്തത്? ചൈനയില്‍ നിന്നും വരുന്ന സാമ്പത്തിക നിക്ഷേപത്തിന്റെ പേരിലാണോ ദശലക്ഷക്കണക്കിനു വരുന്ന ഉയിഗൂര്‍ മുസ്‌ലിംകളുടെ യാതന അവര്‍ കണ്ടില്ലെന്ന് നടിക്കുന്നത്? അങ്ങേയറ്റം നിരാശയുളവാക്കുന്നതും അപലപനീയവുമായ മറ്റൊരു കാര്യമെന്താണെന്നാല്‍, ഈജിപ്ത് പോലെയുള്ള രാജ്യങ്ങള്‍, എന്തിനധികം പറയുന്നു സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍, ചൈനയില്‍ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു വന്ന ഉയിഗൂര്‍ മുസ്‌ലിംകളെ തിരിച്ചു ചൈനയിലേക്കു തന്നെ നാടുകടത്തുന്ന സ്ഥിതിവിശേഷമാണു നിലവിലുള്ളത് എന്നാണ്.

ചൈനീസ് ഗവണ്‍മെന്റില്‍ നിന്നുള്ള ബോധപൂര്‍വ്വമുള്ള വിവേചനത്തിന്റെ നീണ്ട ചരിത്രമാണ് ഉയിഗൂറുകളുടെ ദുരിതജീവിതം. ‘ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ്’ ഒരു ഭീകരവാദ സംഘടനയാണെന്നു കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ രേഖകള്‍ സമര്‍പ്പിച്ചു കൊണ്ടായിരുന്നു ചൈനീസ് സര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പു നല്‍കിയത്.

ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍, ഒരു മാതാവെന്ന നിലയില്‍, ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ വീണ്ടും ചോദിക്കുകയാണ്: ലോകരാഷ്ട്രങ്ങള്‍ക്ക് എത്രകാലം മൗനംപാലിക്കാന്‍ കഴിയും, ആരാണു ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കു വേണ്ടി നിലപാടെടുത്തു കൊണ്ട് മുന്നിട്ടിറങ്ങുക? എനിക്ക് ശക്തിയും അധികാരവുമുണ്ടായിരുന്നെങ്കില്‍ ഇതിനോടകം തന്നെ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടാകുമായിരുന്നു, പക്ഷേ ഒരു ജനവിഭാഗത്തിനു മേല്‍ കിരാത വാഴ്ച്ച നടത്തുന്ന ഒരു രാഷ്ട്രത്തിനെതിരെ നടപടിയെടുക്കാനും അനുകൂല മാറ്റം ഉണ്ടാക്കാനുമുള്ള ധാര്‍മികമായ ഉത്തരവാദിത്തമുള്ളത് അധികാരവും ശക്തിയും ഉള്ള ലോക നേതാക്കള്‍ക്കാണ്. അവര്‍ എപ്പോഴാണ് അതിനു തയ്യാറാവുക എന്നതാണ് ചോദ്യം?

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles