Current Date

Search
Close this search box.
Search
Close this search box.

കുടുംബത്തിന്റെ ഭദ്രത സമൂഹത്തിന്റെ ഭദ്രത

ഒരാള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അയാളിലെ കടുത്ത വൈകാരിക പ്രക്ഷോഭത്തിന് മുന്നില്‍ അയാള്‍ക്ക് ആത്മനിയന്ത്രണം കൈവിട്ടുപോയിട്ടാകാം. രണ്ട് സ്വാര്‍ത്ഥതയാവാം അല്ലെങ്കില്‍ പണത്തോടും സമ്പത്തിനോടും ആഡംബരജീവിതത്തോടുമുള്ള അത്യാഗ്രഹം. മൂന്ന് കാലങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പകയോ വൈരാഗ്യമോ തീര്‍ക്കലാവാം.

കൂടത്തായി സീരിയല്‍ കൊലപാതകം നമ്മള്‍ കേള്‍ക്കുന്നതെ ഇടിവെട്ടേറ്റ പോലെ ഒരുതരം ഞെട്ടലോടെയാണ്. ഒരു കൊച്ചുകുഞ്ഞടക്കം അഞ്ചാറു പേരുടെ ജീവന്‍ വളരെ അസൂത്രിതമായ നീക്കങ്ങളിലൂടെ നിര്‍ദാക്ഷിണ്യം അപഹരിച്ചെടുത്തിട്ട് വര്‍ഷങ്ങളായി ഒന്നുമറിയാത്ത പോലെ ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിക്കുന്ന ഒരു പെണ്ണ്. എന്നാല്‍ ചെയ്ത ക്രൂരകൃത്യം തെല്ലും അവളില്‍ മനസ്താപമേല്‍പ്പിച്ചിട്ടില്ല, അവളുടെയുള്ളില്‍ അല്പം പോലും പശ്ചാത്താപം ജനിപ്പിച്ചില്ല എന്നത് അങ്ങേയറ്റം ആശ്ചര്യജനകവും അവിശ്വസനീയവും തന്നെ.

ഇത്തരത്തില്‍ ദുരൂഹത നിറഞ്ഞ അരഡസന്‍ കൊലപാതകങ്ങള്‍ നടന്നിട്ട് ലോകം അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ നമ്മള്‍ ഓര്‍ത്ത് നോക്കണം, ചുറ്റുപാടുകളെക്കുറിച്ചും അയല്‍വാസികളെകുറിച്ചും നമുക്കുണ്ടായിരുന്ന ജാഗ്രത അല്ലെങ്കില്‍ പ്രതിബദ്ധതയും ഉത്കണ്ഠയും നമ്മളില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയണോ എന്ന്. ഗൗരവപരമായി ചിന്തിക്കുന്നവര്‍ക്ക് ഇതൊക്കെ അപായ സൂചനയായിട്ട് തന്നെയാണ് കാണാന്‍ കഴിയൂ..

സ്ത്രീകള്‍ ഇന്ന് വിദ്യാസമ്പന്നരാണ്, തനിക്ക് എന്താണ് വേണ്ടത് എന്ന് വ്യക്തമായ ബോധം അവള്‍ക്കുണ്ട്. താന്‍ എന്താണ് അര്‍ഹിക്കുന്നതെന്നും തനിക്ക് ലഭിക്കാതെ പോകുന്നതിനെക്കുറിച്ചും നിശ്ചയമുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയാറല്ല അവര്‍. പഴയപോലെ ത്യാഗമനോഭാവവും സഹനശക്തിയും ഇന്ന് സ്ത്രീകളില്‍ കാണുന്നില്ല എന്നത് പകല്‍ പോലെ ഒരു സത്യമാണ്. പൊതുവെ പുരുഷന്മാരില്‍ കണ്ടിരുന്ന പണത്തോടും സമ്പത്തിനോടുമുള്ള അധിയായ മോഹവും അധികാരമോഹവും വെട്ടിപ്പിടിക്കാനുള്ള ദാഹവും ഇന്ന് ചില സ്ത്രീകളിലും കണ്ട് തുടങ്ങിയിരിക്കുന്നു.

കുടുംബിനിയുടെ റോള്‍ വിട്ട് ധാര്‍മ്മികബോധം വെടിഞ്ഞ് ജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞപോലെ ചിന്തിക്കുന്ന സ്ത്രീകളില്‍ കുടിലചിന്തകള്‍ക്കും ക്രിമിനല്‍ വാസനയ്ക്കും വഴിതെളിയിക്കുന്നു. ഇതാണ് ജോളിയുടെ കേസ് എടുത്ത് വെച്ചു പഠിക്കുമ്പോള്‍ ഒരാള്‍ക്ക് മനസ്സിലാവുന്നത്. സ്ത്രീകള്‍ പൊതുവെ കൂട്ടകൊലപാതകങ്ങള്‍ ചെയ്യാറില്ല എന്നതാണ് വാസ്തവം.

ജീവിതത്തില്‍ വ്യക്തിസ്വാതന്ത്ര്യവും ഒരു സ്പേസും ആഗ്രഹിക്കുന്നവര്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നത് ആധുനിക സമൂഹത്തിന്റെ ഭാഗമായി കാണാം. ദാരിദ്ര്യവും പരാശ്രയ മനോഭാവവും നമ്മളില്‍ നിന്ന് വിട്ടകന്നതും ഇന്ന് വിദ്യാഭ്യാസവും യോഗ്യതയും സ്വന്തമായ നല്ലൊരു വരുമാനവും വ്യക്തിത്വബോധവുമെല്ലാം തന്നെ തന്റെ സ്വകാര്യതയിലേക്കുള്ള അന്ന്യരുടെ കടന്നു കയറ്റത്തോടുള്ള പ്രതിഷേധം ആളുകളില്‍ ഈ അടുത്ത കാലം തൊട്ട് ഇത്രയും പ്രകടമായി തന്നെ കാണാന്‍ തുടങ്ങിയതിന്റെ ഹേതുവായിരിക്കാം. ഇതിനെ പക്ഷെ പൊസിറ്റിവ് ആയി കാണുമ്പോള്‍ പ്രശ്‌നമില്ല.

പക്ഷെ നെഗറ്റിവ് ആയി വായിക്കുന്നതും നെഗറ്റിവ് ആയി പ്രയോഗിക്കുന്നിടത്തുമാണ് നമുക്ക് പിഴക്കുന്നത്. അന്യരുടെ ജീവിതത്തില്‍ തനിയ്ക്ക് എവിടെ വരെ കടന്ന് ചെല്ലാം എന്നുള്ള ബോധം നമുക്ക് ഉണ്ടായാല്‍ മതി. അല്ലാതെ അവര്‍ക്ക് അത് ഇഷ്ടമല്ല എന്നറിഞ്ഞാല്‍ അവരെയങ്ങ് പൂര്‍ണ്ണമായി കയ്യൊഴിയല്‍ അല്ല. ചിലര്‍ക്ക് അവരുടെ സ്വകാര്യത വളരെ വലുതാണ്. അതിനെ മാനിക്കാന്‍ നമുക്ക് കഴിയണം അത് അഹങ്കാരമല്ല അങ്ങനെ തോന്നിയാല്‍ അത് നെഗേറ്റിവ് റിസള്‍ട്ട് തരും. അത് അംഗീകരിച്ച് അവരുമായി സൗഹൃദം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാവുന്നതെ ഉള്ളൂ.

സ്ത്രീകളില്‍ കണ്ടുവരുന്ന അസഹിഷ്ണുതയും ക്രിമിനല്‍ വാസനയും അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. വീട്ടിലെ സ്ത്രീകളില്‍ പുരുഷന്മാര്‍ക്കും നേരെ തിരിച്ചും വിശ്വാസത്യ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രവണത കുടുംബങ്ങളില്‍ സംജാതമാകുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എന്തെല്ലാം ഭവിഷ്യത്തുകളാണ് വന്നുചേരുക എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. സ്ത്രീയെന്നാല്‍ ഒരു കുടുംബത്തിന്റെ നെടുംതൂണാണ്. സ്‌നേഹംകൊണ്ടും അവളിലെ കരുണ, ദയ, ത്യാഗമനോഭാവം, സഹിഷ്ണുത, ക്ഷമ എന്നിവ കൊണ്ടും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിലും മുറുകെ പിടിക്കുന്നതിലും ചുക്കാന്‍ പിടിക്കേണ്ട അവളില്‍ തന്നെ വിശ്വാസം നഷ്ടമാവുന്നത് ആ കുടുംബത്തെ അരക്ഷിതവസ്ഥയില്‍ എത്തിക്കും.

കുടുംബങ്ങളിലായാലും സമൂഹത്തിലായാലും നല്ലൊരു സംസ്‌ക്കാരം വാര്‍ത്തെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്ന പോലെ ഒരുപക്ഷേ ചിലപ്പോള്‍ പുരുഷന്മാര്‍ക്ക് കഴിയില്ല. കാരണം പുരുഷന്‍ സ്‌നേഹമെന്തെന്നും കാരുണ്യം, ദയ ഇവയൊക്കെ എന്തെന്നും തിരിച്ചറിയുന്നത് ഒരു സ്ത്രീയില്‍ നിന്നാണ്. അത് ചിലപ്പോള്‍ അമ്മയാവാം, പെങ്ങളാവാം, ജീവിത പങ്കാളിയാവാം, കാമുകിയാവാം, മകളാവാം. സ്ത്രീയില്‍ മേല്‍പ്പറഞ്ഞവയെല്ലാം ഡീഫോള്‍ട് ആയിട്ട് തന്നെയുണ്ട്. പ്രകൃതി തന്നെ നിക്ഷേപിച്ചു വെച്ചിട്ടുണ്ട്. ജീവിതത്തില്‍ ഏതെങ്കിലും ഒരു പെണ്ണില്‍ നിന്ന് സത്യസന്ധമായ സ്‌നേഹവും പ്രണയവും പരിചരണവും പുരുഷന്‍ അനുഭവിച്ചറിയുന്നുമുണ്ട്.

അതിന് ഉത്തമ ഉദാഹരണം അമ്മ തന്നെയെന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക. അടുത്തകാലത്തായി അമ്മമാര്‍ മക്കളുടെ ജീവനെടുത്ത കഥകള്‍ വരെ നമ്മള്‍ കേട്ടു. ചില ഒറ്റപ്പെട്ട സംഭവസങ്ങള്‍ ആണെങ്കിലും സ്‌നേഹത്തിന്റെയും മമതയുടെയും അക്ഷയപാത്രം എന്ന് വിശേഷിപ്പിക്കുന്ന അമ്മ മനം, മുലപ്പാലൂട്ടിയ കരങ്ങള്‍കൊണ്ട് തന്റെ ആത്മാവിന്റെ ഭാഗമായ പിഞ്ചുജീവന്‍ കവര്‍ന്നെടുക്കുന്നതും കുടുംബിനിയായ, അമ്മയായ ഒരു സ്ത്രീ കാണിക്കുന്ന മുന്‍പിന്‍ ചിന്ത വെടിഞ്ഞുള്ള എടുത്ത് ചാട്ടവുമൊക്കെ അവളില്‍ കാരുണ്യത്തിന്റെയും കനിവിന്റെയും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും തെളിനീര്‍ച്ചോല വറ്റിവരണ്ട് പോയോ എന്ന ഭീതി ഇണര്‍ത്തുന്നു.

എപ്പോഴും മറുകണ്ടം ചാടാനായുള്ള ത്വരയുമായി ജീവിക്കുന്ന സ്ത്രീകളും ഇല്ലാതില്ല. അവരിലേക്ക് അധിക്ഷേപവര്‍ഷം തുടങ്ങും മുമ്പേ കാരണങ്ങളെക്കുറിച്ചും അല്പം വേവലാതിപ്പെടാം. പെണ്ണ് ഇത്തരം കടുംകൈ ചെയ്യുന്നത് അപൂര്‍വ്വമാണ്. അതിനാല്‍ അവള്‍ വഴിവിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രേരണ, അതിന് പിന്നിലെ ചോദന എന്താണെന്ന് കണ്ടെത്തണം ആദ്യം. കുടുംബത്തിലെ പുരുഷന്മാര്‍ കളിക്കുമ്പോള്‍ ഉണ്ടാവുന്നതില്‍ നിന്നും ഒന്നുകൂടെ ആഴത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നാവും പെണ്ണ് കളിച്ചാല്‍ അവളുടെ കരുതലില്‍ കഴിയുന്ന മക്കള്‍, അച്ഛനമ്മമാര്‍, ഭര്‍ത്താവ് ചേര്‍ന്ന മൊത്തത്തില്‍ ഒരു കുടുംബത്തിന്റെ ആണിക്കല്ലാണ് ഇളകുന്നത്.

പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുമ്പോള്‍ തന്നെ മറ്റൊരാളിലെ പള്‍സ് തിരിച്ചറിയാന്‍ നമുക്ക് കഴിയും മനസ്സിന്റെ ഗതി വായിച്ചെടുക്കാന്‍ അത് കൂടിയെ തീരൂ. മക്കളോടും ജീവിതപങ്കാളിയോടും സംസാരിക്കാതെ ഇരുന്നാല്‍ ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വരും. റോയിയുടെ കുടുംബത്തില്‍ ഒരുപക്ഷേ അതിന്റെ സാധ്യതകള്‍ കാണുന്നു.. അതല്ലായിരുന്നെങ്കില്‍ ജോളിയുടെ ഉള്ളിലിരിപ്പ് ഏറെക്കുറെ തിരിച്ചറിയാന്‍ കഴിഞ്ഞേനെ. ഈ മരണങ്ങളിലെ ദുരൂഹതയും മുമ്പേ പുറത്തു വരുമായിരുന്നു. മരിച്ചവരില്‍ ചിലരെങ്കിലും രക്ഷപെടുമായിരുന്നു.

സൈക്കോളജിക്കലി നോക്കുമ്പോള്‍ ഒരൊറ്റ മറുമരുന്നെ ഇതിനൊക്കെ ഉള്ളൂ. ജീവിതപങ്കാളിക്കും മക്കള്‍ക്കും വീട്ടിനകത്ത് അവര്‍ അര്‍ഹിക്കുന്ന സ്‌നേഹവും പരിഗണനയും കെയറും റെസ്‌പെക്ടും നല്‍കുക. അവരെ അറിയാന്‍ സമയം കണ്ടെത്തുക. അത് ലഭിക്കുമ്പോള്‍ തന്നെ പെണ്മനസ്സ് ഒന്നടങ്ങും. മക്കള്‍ അച്ഛനമ്മമാര്‍ക്കും അവരുടെ വാക്കുകള്‍ക്കും വിലകല്‍പിക്കുകയും ചെയ്യും. സ്ത്രീകളെയും ഇതില്‍ വേണ്ടപോലെ ബോധവല്‍ക്കരിക്കണം. അതല്ലെങ്കില്‍ സമൂഹത്തില്‍ നടക്കുന്ന ഏത് അനീതിയോടും അക്രമങ്ങളോടും സമരസപ്പെടുന്ന വിധം നിസ്സംഗത കലര്‍ന്ന ഒരു മനോഭാവത്തെ നിസ്സഹായതയോടെ പിന്തുടരേണ്ട ദയനീയമായ ഒരു അവസ്ഥയിലേക്ക് നമ്മള്‍ കൂപ്പ്കുത്തും.

 

Related Articles