Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പണ്ഡിതന്മാരുടെ ഇടപെടൽ

മുസ്‌ലിം പണ്ഡിതന്മാരുടെ അന്താരാഷ്ട്ര സംഘടന സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള ഒരു സംഘടനയല്ല, മറിച്ച് സാംസ്‌കാരികവും വൈജ്ഞാനികവുമാണ് ഈ സംഘടനയുടെ ഉള്ളടക്കമെന്ന് ആദ്യമേ ഉണർത്തട്ടെ. വൈജ്ഞാനികവും ബൗദ്ധികവുമായ പ്രവർത്തനങ്ങളാണ് അതിന്റെ ലക്ഷ്യം. അതിനാൽതന്നെ അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഞാനിവിടെ വിശദീകരിക്കുന്നത്.

സംഘടനയുടെ ഐഡന്റിറ്റിയും ലക്ഷ്യവും

സംഘടന സ്വയം നിർവചിക്കുന്നത് ഇങ്ങനെയാണ്: ഇസ്‌ലാമിന്റെ ദിവ്യസന്ദേശം ലോകം മുഴുവൻ എത്തിക്കാനും മുസ്‌ലിംകളെ മതവിധികളെക്കുറിച്ച് ശരിയായ ധാരണയിലേക്ക് നയിച്ച് ഉമ്മത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള നിയമാനുസൃതവും സ്വതന്ത്രവുമായ സ്ഥാപനമാണ് ഇത്. ഉമ്മത്തിന്റെ ഐക്യത്തിനായി പ്രവർത്തിക്കുക, ദൈവികോദ്ദേശ്യത്തെ ഭൂമിയിൽ നടപ്പിൽ വരുത്തുക, അക്രമത്തെ നിരാകരിച്ച് സമാധാനപരമായ സഹവർത്തിത്വം സാധ്യമാകുന്ന തരത്തിൽ ഭൂമിയെ മാറ്റിയെടുക്കുക, മാനുഷികതയും നാഗരികതയും ഉൾചേർന്ന സഹിഷ്ണുതാ മനോഭാവമുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക തുടങ്ങിയവയെല്ലാമാണ് അതിന്റെ ലക്ഷ്യങ്ങളിൽ ചിലത്. ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി, സുധാര്യമായ വിദ്യഭ്യാസ വ്യവഹാരങ്ങൾക്കിടയിലും നിരന്തരമായ അവബോധങ്ങൾക്കും മാർഗനിർദേശങ്ങൾക്കിടയിലും വൈവിധ്യമായ സാധ്യതകളെ സംഘടന പിന്തുടരുന്നുണ്ട്. മാത്രമല്ല, ഈ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചർച്ചചെയ്ത് അവിടെയും അനിവാര്യമായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

സംഘടനയുടെ ലക്ഷ്യങ്ങളുടെ നേർരേഖ:

1- ഉമ്മത്തിന്റെ സ്വത്വ സംരക്ഷണത്തിനാവശ്യമായ സംഭാവനകൾ നൽകുക.
2- ഇസ് ലാമിക ചിന്തക്ക് പ്രചാരം നൽകുക. ആശയങ്ങളിലെ തെറ്റിദ്ധാരണകൾ തിരുത്തുക.
3- ഇസ്‌ലാമിക ചൈതന്യം ശക്തിപ്പെടുത്താൻ വൈയക്തികതവും സാമൂഹികവുമായി പ്രവർത്തിക്കുക. നേതൃപാടവമുള്ളവരും ഭൂമിയിലെ നിയുക്തരുടെ ഉത്തരവാദിത്വം ആത്മാർത്തമായി നിറവേറ്റുന്നവരുമായി മുസ്‌ലിം ഉമ്മത്തിനെ മാറ്റിയെടുക്കുക. ശക്തമായ ധാർമ്മികതയും ഉപകാരപ്രദമായ പരിഷ്‌കരണവും ചിന്തയിലെ ദൃഢമായ യുക്തിബോധവും മാതൃകാപരമായ ധാർമ്മികതയുമായിരിക്കും അതിന്റെ ഫലം.
4- മുസ്‌ലിം ഉമ്മത്തിന്റെ ശക്തികളെയും അവർക്കിടയിലെ ധാരണകളെയും പരസ്പരം ഏകീകരിക്കാൻ ശ്രമിക്കുക. മുസ്‌ലിം സമൂഹങ്ങൾക്കിടയിലെ സാഹോദര്യം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുക.
5- ഉമ്മത്തിനെതിരെ വരുന്ന വെല്ലുവിളികളെ നേരിടുന്നതിനായി സുപ്രധാന വിഷയങ്ങളിൽ പണ്ഡിതന്മാരുടെ ബൗദ്ധികവും വൈജ്ഞാനികവുമായ നിലപാടുകളെ ഏകീകരിക്കുക.
6- മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിക്കുക. അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിസംബോധന ചെയ്യുക.
7- വികസിച്ചുകൊണ്ടിരിക്കുന്ന വൈയക്തികവും സാമൂഹികവുമായ വികാസത്തിന് അനുസൃതമായി ഇസ്‌ലാമിന്റെ കഴിവ്, ലക്ഷ്യങ്ങൾ, നിയമങ്ങൾ എന്നിവയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുക.
8- സമാധാനപരമായ സഹവർത്തിത്വത്തിന് വേണ്ടി നിലകൊള്ളുക. അനീതിയെയും അക്രമത്തെയും, അതേത് ഉറവിടത്തിൽ നിന്നായാലും, ശക്തിയുക്തം എതിർക്കുക. വൈവിധ്യമാർന്ന സംസ്‌കാരങ്ങൾക്കും മതങ്ങൾക്കും ജനങ്ങൾക്കുമിടയിൽ സഹിഷ്ണുതയിലൂന്നിയ സംസ്‌കാരത്തെ പ്രചരിപ്പിക്കുക.
9- കുടുംബത്തെ സംരക്ഷിക്കുന്നതിനും ഐക്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുക.

പണ്ഡിതന്മാരെ സക്രിയരാക്കാനും അവരുടെ ദൗത്യത്തെ സജീവമാക്കാനുമുള്ള ശ്രമം

സംഘടന ലക്ഷ്യങ്ങളിൽ പ്രധാനം: ഇസ്‌ലാമിക പണ്ഡിതന്മാർ അവർ സ്വയം അഭിസംബോധന നടത്തുക, സാമൂഹിക അവബോധം, മാർഗ്ഗനിർദേശം, നന്മകൊണ്ടുള്ള കൽപന, തിന്മകളെത്തൊട്ടുള്ള വിലക്ക്, ഗവേഷണം എന്നീ കാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക. പണ്ഡിതന്മാർക്ക് അവരുടെ ചുമതലകൾ നിറവേറ്റുന്നതിന് ആവശ്യമായ സഹയാവും സഹകരണവും ധൈര്യവും പകർന്നുനൽകുന്നതോടൊപ്പം തന്നെ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുകയെന്നത് തന്നെയാണ് ഈ സംഘടനയുടെ സ്ഥാപിത ലക്ഷ്യം.

വാസ്തവത്തിൽ, പണ്ഡിതന്മാർക്ക് ജോലി നൽകുന്ന ഫലപ്രദമായ ഒരു ഉപകരണമായി സംഘടന മാറിയിട്ടുണ്ട്. അതിലെ അംഗങ്ങൾക്കെല്ലാം പ്രാദേശിക തലങ്ങളിലായാലും ആഗോള തലത്തിലായാലും സംഘടനയുടെ ജനറൽ ബോഡികളെയും കേന്ദ്ര കമ്മിറ്റികളെയും നയിക്കാനുള്ള ഉത്തമ നേതൃത്വത്തെ വാർത്തെടുക്കുന്ന ഒരു വിശാലമായ മേഖല കൂടിയായി മാറിയിട്ടുണ്ട് ഇത്. സംഘടനയുടെ സംസ്ഥാപനത്തിന്റെ ഫലമെന്നോണം നിരവധി പണ്ഡിതന്മാരെ ഒരുമിച്ചുകൂട്ടാനും നിരവധി രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള കീഴ്ഘടകങ്ങളിൽ അവരെ പ്രവേശിപ്പിക്കാനും അവിടങ്ങളിൽ പ്രവർത്തിപ്പിക്കാനും സഹായകമായിട്ടുണ്ട്. അതിലൂടെ പ്രാദേശികവും ദേശീയവുമായ നിരവധി പണ്ഡിത യൂണിയനുകളെ സ്ഥാപിക്കാനായി എന്നതും നേട്ടമാണ്.

2004ൽ ഫെഡറേഷൻ സ്ഥാപിതമായതു മുതൽ പൊതുവേ പണ്ഡിതന്മാരുടെയും ഇതര അംഗങ്ങളുടെയും പ്രവർത്തന സന്നദ്ധതയും ആവേശവും വർധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഓരോ രാജ്യങ്ങളിലുമത് വിത്യസ്ത രീതിയിലാണെങ്കിൽ പോലും ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിലത് സജീവമായിട്ടുണ്ടെന്നതാണ് വാസ്തവം. എന്നാൽ, ചില അറബ് രാജ്യങ്ങളിൽ പണ്ഡിതന്മാരുടെ നിലപാടുകളും പദവികളും അവർ തന്നെയും പൂർണമായും അട്ടിമറിക്കപ്പെട്ടു. ഫെഡറേഷനുകൾ നിരോധിക്കപ്പെട്ടു. അതിന്റെ എല്ലാ വിധ അടയാളങ്ങളെയും മായ്ച്ചുകളഞ്ഞു. ചിലത് തീവ്രവാദ സംഘടനയായി വരെ വർഗ്ഗീകരിക്കപ്പെട്ടു.

ഫെഡറേഷനും മുസ്‌ലിംകളുടെയും അബലരുടെയും അവസ്ഥയും

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ ആശങ്കകളിലൊന്ന് മുസ്‌ലിംകളുടെ മതപരവും രാഷ്ട്രീയവും സാമൂഹകിവുമായ അവസ്ഥയാണ്. ഈ രംഗത്ത് ഫെഡറേഷൻ നടത്തുന്ന പ്രസ്തവാനകൾ, കുറിപ്പുകൾ, കത്തിടപാടുകൾ, സമ്മേളനങ്ങൾ, സിമ്പോസിയങ്ങൾ എന്നിവയിൽ ഭൂരിഭാഗവും ഒരു അഗ്നിപരീക്ഷയാണ്. ഫലസ്ഥീൻ പ്രശ്‌നത്തിലുള്ള പ്രസ്താവനയും ഫലസ്ഥീൻ ജനതയ്ക്ക് നൽകിയ പിന്തുണയും അതിൽ പെട്ടതാണ്. ഫെഡറേഷൻ അതിന്റെ പ്രാരംഭം തൊട്ടേ ഫലസ്ഥീന് ജനതത്ത് വേണ്ടി എണ്ണമറ്റ സംരംഭങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിച്ചിരുന്നു. മറ്റേത് പ്രശ്‌നത്തിലുമില്ലാത്ത ഒരു ഐക്യവും പിന്തുണയുമാണ് ഫലസ്ഥീൻ വിഷയങ്ങളിൽ ഫെഡറേഷൻ അംഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതിനോട് ചേർന്നാണ് അടിച്ചമർത്തലും സ്വേച്ഛാധിപത്യ പീഢനവും നേരിടുന്ന ഇതര മുസ്‌ലിം സമൂഹങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളിലും ശക്തമായ പ്രതികരണങ്ങൾ നടത്തുന്നത്.
ചൈന, ഇന്ത്യ, കശ്മീർ, ബർമ, ബംഗ്ലാദേശ്, ശ്രീലങ്ക, കോക്കസസ്, സുഡാൻ എന്നിവിടങ്ങളിലും യൂറോപ്പിലെയും ആഫ്രിക്കയിലെയും അറബ് നാടുകളിലെയും ചിലയിടങ്ങളിലും മുസ്‌ലിംങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഫെഡറേഷൻ ഇടപെട്ടിട്ടുണ്ട്. ന്യൂസിലന്റിലെ മുസ്‌ലിംങ്ങൾക്കിടയിൽ നടന്ന തീവ്രവാദ കൂട്ടക്കൊലയെത്തുടർന്ന് ഫെഡറേഷൻ നടത്തിയ ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും വലിയ സ്വാധീനവും അഭിനന്ദനവും നേടിക്കൊടുത്തിട്ടുണ്ട്.

കറുത്തവർഗക്കാരനായ മനുഷ്യനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുഎസ് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വംശീയവും വർഗീയവുമായ പ്രസ്താവനക്കെതിരെ പ്രതികരിക്കുന്നതിലും ഫെഡറേഷൻ ഒട്ടും പിറകിലായിരുന്നില്ല. ‘വംശീയവും പ്രാദേശികവും വർഗീയവുമായ അസഹിഷ്ണുത നിരസിക്കുക, ലോക രാഷ്ട്രങ്ങളും നാഗരികതകളും തമ്മിലുള്ള പൊതു മൂല്യങ്ങളായ നീതി, ന്യായബോധം, നിഷ്പക്ഷത എന്നിവ ഉൾപ്പെടെ ഇസ്‌ലാം അംഗീകരിച്ച മൂല്യങ്ങൾക്കൊപ്പം നിലകൊള്ളുക’ എന്ന പ്രസ്താവന(12/20/2020) ഇവ്വിഷകമായി പുറപ്പെടുവിച്ചതാണ്.

ഫെഡറേഷൻ -അതിന്റെ പല രേഖകളിലും പ്രസ്താവനകളിലും- മുസ്‌ലിം ന്യൂനപക്ഷങ്ങളെ അവരുടെ സമൂഹങ്ങിലും അവർ താമസിക്കുന്ന രാജ്യങ്ങളിലും ക്രിയാത്മകമായ ഐക്യത്തിനും അവിടങ്ങളിൽ പ്രാബല്യത്തിലുള്ള നിയമങ്ങളെ മാനിക്കാനും പ്രേരിപ്പിക്കുന്നതോടൊപ്പം തന്നെ അവരുടെ മതം, ആചാരം, നിയമാനുസൃതമായ അവകാശങ്ങൾ എന്നിവ പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ‘ഇതര സമൂഹങ്ങളുമായി നല്ല ബന്ധവും സഹകരണ മനോഭാവവും പുലർത്തുക, ലോകത്ത് നടക്കുന്ന മാനുഷികമായ പൊതുകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മാനുഷിക പരിഗണന നേടിയെടുക്കാനുള്ള പോരാട്ടങ്ങളിൽ പങ്കാളികളാവുക’ എന്നിവയെല്ലാം മുസ്‌ലിംകൾക്ക് പൊതുവേ നൽകപ്പെടുന്ന ഉപദേശമാണ്.

കുടുംബ പ്രശ്‌നമാണ് ഫെഡറേഷന്റെ വെല്ലുവിളികളിലൊന്ന്

ഫെഡറേഷന് മുൻഗണന നൽകേണ്ടിവരുന്ന സാമൂഹിക പ്രശ്‌നങ്ങളിൽ പ്രധാനം കുടുംബ കലഹങ്ങളാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായ ഘടനയിൽ അതിനുള്ള പ്രാധാന്യം, ഓരോ വ്യക്തിയിലും അതുണ്ടാക്കിത്തീർക്കുന്ന മാനസിക പിരിമുറുക്കങ്ങൾ, അതിന്റെ വിനാശകരമായ അപകടങ്ങൾ എന്നിവ തന്നെയാണ് അതിന് മുൻഗണന നൽകാനുള്ള കാരണം. നിർഭാഗ്യവശാൽ, ചില അന്താരാഷ്ട്ര സംഘടനകൾ ഈ സാഹചര്യം മുതലെടുക്കുന്നുണ്ട്. അതിനായി അവർ പ്രത്യേക അജണ്ടയും തയ്യാറാക്കുന്നു. സ്വവർഗരതി, സ്വവർഗ വിവാഹം, ഗർഭച്ഛിദ്ര പ്രതിരോധം, നിയമപരമായ വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധം, പ്രസവത്തിന്റെയും പുനരുൽപാദനത്തിന്റെയും പ്രാധാന്യം കുറച്ചുകാണുക, കുടുംബ വ്യവസ്ഥയോടും അതിന്റെ സൃഷ്ടിപരമായ മൂല്യങ്ങളോടുമുള്ള എതിർപ്പ് എന്നിവയെല്ലാം ഇതിനായി അവർ സൃഷ്ടിച്ചെടുത്ത അജണ്ടകളാണ്. ഇത്തരം അപകടങ്ങൾ കണക്കിലെത്താണ് കുടുംബങ്ങളാണ് നിശ്ചിത രീതി ഉപയോഗിച്ച് സംരക്ഷിക്കാൻ ഫെഡറേഷൻ തീരുമാനിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി പ്ലാൻ ചെയ്ത നിരവധി സംരംഭങ്ങളിൽ പെട്ട ഒന്നാണ് ഫാമില ചാർട്ടർ. പത്തോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് അത് പ്രസിദ്ധീകരിച്ചിരുന്നു. ഫെഡറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അത് ലഭ്യമാണ്.

കൊറോണ മഹാമാരിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഫെഡറേഷൻ വിലയിരുത്തിയിരുന്നു. ഇവ്വിഷയകവുമായി പുറപ്പെടുവിച്ച മൊമ്മോറണ്ടത്തിൽ കുടുംബ സാഹചര്യങ്ങളെക്കുറിച്ചും മഹാമാരി മൂലമുണ്ടായ അധിക നഷ്ടങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്:

‘ഈ മഹാമാരിയാണ് സമകാലിക സാമൂഹിക വ്യവസ്ഥിതികളിലുള്ള അടിസ്ഥാന പ്രശ്‌നങ്ങളെ, പ്രത്യേകിച്ചും കുടുംബ മൂല്യങ്ങൾ കൈകാര്യ ചെയ്യുന്ന വിഷയങ്ങളിൽ, കൂടുതൽ തുറന്നുകാട്ടിയത്. ഈ പ്രതിസന്ധിയുടെ സാഹചര്യത്തിലും സ്ത്രീക്കെതിരായ ഗാർഹിക അതിക്രമങ്ങൾ കുറയ്ക്കുന്നതിൽ പലരും പരാജയപ്പെട്ടിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകൾ പറയുന്നത് പോലെ ചില രാജ്യങ്ങളിൽ അക്രമത്തിന് ഇരയായ സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പ്രായമായവരുടെ പരിചരണത്തിലും അവകാശ സംരക്ഷണത്തിലും, പ്രത്യേകിച്ചും മരണസംഖ്യ അധികരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വയോധികരുടെ കാര്യത്തിൽ, മനുഷ്യർക്ക് വന്ന വീഴ്ചകളെയും ഈ മഹാമാരി തുറന്നുകാട്ടി. ചില സമൂഹങ്ങളിൽ വംശീയ പ്രവണതകൾ ഉയർന്നുവരാനും ഈ മഹാമാരി കാരണമായിട്ടുണ്ട്. സമൂഹത്തിൽ മഹാമാരിയുടെ വ്യാപനം നടത്തിയത് ന്യൂനപക്ഷമാണെന്ന് ആരോപിച്ച് അവരെ ആക്രമിക്കാൻ വരെ പലരും ഭൂരിപക്ഷ സമൂഹവും മുതിർന്നിട്ടുണ്ട്. ചില അധാർമ്മിക പദ്ധതികളുടെ സാക്ഷാൽകാരത്തിനായി ഭരണൂടങ്ങൾ ഈ പ്രതിസന്ധിയെ മറയാക്കി പിടിച്ചതും നാം കണ്ടു. എന്നിരുന്നാലും, സമകാലിക സമൂഹങ്ങളിൽ ചില വിഭാഗങ്ങൾ കുടുംബ മൂല്യങ്ങൾ, മാതാപിതാക്കളോടുള്ള നീതി, പ്രായമായവരോടുള്ള അനുകമ്പ, വൈകല്യമുള്ളവർക്കും പാവപ്പെട്ടവർക്കുമായുള്ള ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ നന്നായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. ആ മൂല്യങ്ങൾക്ക് ജീവനുണ്ടായിരുന്നു. സുപ്രധാന മനുഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സന്നദ്ധത പല രാജ്യങ്ങളിലുമുള്ള മെഡിക്കൽ സ്റ്റാഫുകളും തൊഴിലാളികളും പ്രകടമാക്കി. അവരതിന് സന്നദ്ധരായിരുന്നില്ലെങ്കിൽ മനുഷ്യരാശിയെ മുഴുവൻ പിടിച്ചുകുലുക്കിയ ഈ മഹാമാരിയുടെ ഭാവി മറ്റൊന്നാകുമായിരുന്നു’.

ഫെഡറേഷനും കൊറോണയും

ഫെഡറേഷൻ കൊറോണക്കെതിരായ അവബോധം വളർത്തൽ, മാർഗ്ഗനിർദേശം, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ സജീവമാക്കിയിട്ടുണ്ട്. പലയിടത്തും പല രീതിയിലാണ് ഇതിന്റെ ആഘാതങ്ങൾ. ഓരോയിടത്തും ഫെഡറേഷൻ സ്ഥിരതയാർന്ന പ്രവർത്തനവുമായി മുന്നോട്ട് പോയിട്ടുണ്ട്. വിവരണാതീതമാണ് അതെല്ലാം. എന്നിരുന്നാലും, ഈ വിഷയത്തിൽ ഫെഡറേഷൻ ചെയ്ത രണ്ട് കാര്യങ്ങളെക്കുറിച്ച് ഞാൻ ഹ്രസ്വമായി പറയാം:

1- വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിൽ ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ഒരു കൂട്ടം ഫത്‌വകൾ, കർമ്മശാസ്ത്ര നിർദ്ദേശങ്ങൾ എന്നിവ നേരത്തെ പുറപ്പെടുവിച്ചു.
2- 7/26/2020ന് കൊറോണ പകർച്ചവ്യാധിയെക്കുറിച്ച് ‘കൊറോണ: പ്രത്യാഘാതങ്ങളും ഉൾകൊള്ളേണ്ട പാഠങ്ങളും’ എന്ന ശീർഷകത്തിൽ സമഗ്രമായ ഒരു വിശകലന കുറിപ്പ് പുറത്തിറക്കി. രോഗികൾക്കെല്ലാം അന്താരഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും ഐക്യദാർഢ്യം നടത്താൻ പ്രോത്സാഹിപ്പിക്കുകയും ധാർമ്മികതയും മൂല്യവും മുറുകെപ്പിടിക്കാൻ കൽപിക്കുകയും ഈ പ്രതിസന്ധി ഘട്ടത്തിൽ അതെത്രമാത്രം അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.

കൊറോണയുടെ സാമൂഹിക വശങ്ങളെക്കുറിച്ച് കുറിപ്പിൽ പറഞ്ഞത്: ‘അനിവാര്യമായ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു നൽകാനും ജനാധിപത്യ നടപടികളുടെ പരിധി വർദ്ധിപ്പിക്കാനും ഐക്യദാർഢ്യം ഉണ്ടാകാൻ ജനങ്ങളുമായി പസ്പരം സമഗ്രമായ അനുരജ്ഞനത്തിലേക്കെത്താനും അറബ്, ഇസ്‌ലാമിക ഭരണകൂടങ്ങളോട് ഫെഡറേഷൻ ആവശ്യപ്പെടുന്നു. സമ്പന്നരും ദരിദ്രരും വികസിത രാജ്യങ്ങളും വികസ്വര രാജ്യവും തമ്മലുള്ള ഭൂമി ഉപയോഗത്തിലെ അസമത്വം കുറയ്ക്കാനും ഫെഡറേഷൻ ആവശ്യപ്പെടുന്നു. ഇത് ലോകത്ത് അധികരിച്ച കുടിയേറ്റത്തിനും അഭയാർത്തിത്വത്തിനു കാരണമാവുകയും അത് ലോകത്ത് സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കാൻ ഹേതുവാകുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങളുടെ ആവശ്യത്തിന് ചെലവഴിക്കുന്നതിനും അവരുടെ ജീവൻ സംരക്ഷിക്കുന്നതിനും പകരം യുദ്ധത്തിനായി വൻതോതിലുള്ള ബജറ്റുകൾ പാഴാക്കേണ്ടി വരും’.

ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസത്തെ കൈകാര്യം ചെയ്യുന്നതിൽ, എല്ലാ തീവ്രവാദി പാർട്ടികളും നടത്തുന്ന വർഗീയ, വിദ്വേഷ ഭാഷണങ്ങളെ എതിർക്കണമെന്നും ഫെഡറേഷൻ അഭ്യർത്ഥിക്കുന്നു. അവസാനമായി, പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കരുതെന്നും ദേശീയതാവാദത്തോടും വർഗീയതയോടും പ്രതികരിക്കരുതെന്നും ആവശ്യപ്പെടുന്നു.

ശാസ്ത്രീയവും കൃത്യവുമായ രീതിശാസ്ത്രവും അടിസ്ഥാനമാക്കി സകാത്ത്, എൻഡോവ്‌മെന്റ്, വായ്പാ സ്ഥാപനങ്ങൾ, ചെറുകിട, ഇടത്തര സംരംഭങ്ങൾ, സമഗ്രമായ വികസനം എന്നിവ സജീവമാക്കാനും ഫെഡറേഷൻ മുന്നിട്ടിറങ്ങുന്നു. മഹാമാരി വരുത്തിവെച്ച സാമ്പത്തിക ഇടിവുകളെ ഒരു പരിധ വരെയെങ്കിലും അതുവഴി നികത്താം. അവസാനമായി, കൊറോണ സാഹചര്യത്തിൽ, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിലും അതിനോടൊപ്പം സാമൂഹിക പ്രതിഭാസങ്ങളിലും വന്ന പ്രത്യാഘാതങ്ങൾക്കിടയിലും ദേശീയ ഐക്യം സൃഷ്ടിക്കുന്നതിനായി ശ്രമിച്ചവരെ തടവറകളിൽ നിന്ന് മോചിപ്പിക്കാനും ഭരണകൂടങ്ങളോട് ഫെഡറേഷൻ ആവശ്യപ്പെടുന്നു.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles