Views

സംഘ് പരിവാര്‍ ആഗ്രഹിക്കുന്നത് സി പി എമ്മും ആഗ്രഹിക്കുന്നു

ദാസനും വിജയനും കിരീടം കണ്ടു പിടിക്കാന്‍ അമേരിക്കയിലേക്ക് പോകുകയാണ്. കേസിന് തുമ്പുണ്ടാക്കാന്‍ പറ്റുന്ന വലിയ തെളിവാണ് മേലുദ്യോഗസ്ഥന്‍ നല്‍കിയിട്ടുള്ളത്. ഒരു കറുത്ത തുണിയുടെ കഷ്ണം. പക്ഷെ ഇന്നാണു ആ കഥ പറയുന്നതെങ്കില്‍ സംവിധായകന്‍ അത് സി പി എമ്മിനെ എല്പ്പിക്കുമായിരുന്നു. കാരണം അവരെക്കാള്‍ സൂക്ഷമായ തെളിവ് നല്‍കാന്‍ കഴിയുന്നവര്‍ ലോകത്ത് ജീവിച്ചിരിപ്പില്ല എന്നതു തന്നെ. സി പി എം അണികള്‍ മാവോ വാദത്തിലേക്ക് പോകുന്നു എന്നതിന്റെ കാരണം എന്തായിരിക്കും. കേഡര്‍ പാര്‍ട്ടി ആദര്‍ശ സമൂഹം എന്നൊക്കെയാണ് അവരെ കുറിച്ച് അവര്‍ തന്നെ പറയാറ്. ആദര്‍ശ സമൂഹത്തിനു ജീര്‍ണത സംഭവിക്കുമ്പോള്‍ പ്രതിഷേധം എന്ന നിലയില്‍ അണികള്‍ മാറിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയാനാണ് മാര്‍ക്സും എംഗല്‍സും ആഹ്വാനം ചെയ്തത്. അധികാരം കിട്ടിയപ്പോള്‍ അണികള്‍ക്ക് തന്നെ ചങ്ങലകള്‍ സമ്മാനം നല്‍കിയാണ്‌ പാര്‍ട്ടിയും സര്‍ക്കാറും പോകുന്നത്. അപ്പോള്‍ അണികള്‍ മാറി ചിന്തിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചെഗുവരയുടെ കുപ്പായം മാത്രം പോര മനസ്സും വേണമെന്ന് അണികള്‍ വാശി പിടിച്ചാല്‍ ഇനിയും വളഞ്ഞ വാദം അധികരിക്കാനാണ് സാധ്യത.

അപ്പോഴാണ്‌ ഉണ്ടിരുന്ന നായര്‍ക്കു വിളി വരുന്നത്. പോയത് രണ്ടു “ മാപ്ലാവുകളാണ്” എന്നതിനാല്‍ അത് ഇസ്ലാമിന്റെ പേരില്‍ കെടക്കട്ടെ എന്നൊരു ഉള്‍വിളി. തെളിവ് ചോദിച്ചാല്‍ കൈ രേഖ കാണിച്ചു കൊടുക്കാന്‍ മാത്രമായി അവരുടെ വിധി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നതു ഒരു പക്ഷെ മാവോവാദമാകം. അത് ഇസ്ലാമിന്റെ രൂപ ഭേദമല്ല. കമ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വകഭേദമാണ്. ഇസ്ലാമിന്‍റെ പേരിലും ലോകത്ത് തീവ്രവാദമുണ്ട്. പക്ഷെ അവര്‍ മാവോയിസ്റ്റുകളെ പോലെ പൊതു രംഗത്തില്ല. അവരില്‍ അധികവും ഇന്നും അദൃശ്യമായി നിലകൊള്ളുന്നു. അതുണ്ടാക്കിയവര്‍ തന്നെ ഇടയ്ക്കു അവരെ കൊന്നു കടലില്‍ കുഴിച്ചിട്ടു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാം വായിക്കുന്നു. പക്ഷെ ഇന്നുവരെ ഇന്ത്യയില്‍ നടന്ന ഒറ്റ മാവോ കുരുതിയിലും സാക്ഷാല്‍ സംഘ് പരിവാര്‍ സര്‍ക്കാര്‍ പോലും ഒരു മുസ്ലിം സാന്നിധ്യം കണ്ടില്ല. എന്നിട്ടും നമ്മുടെ ഇടതു സര്‍ക്കാര്‍ അവിടെ ഒരു മുസ്ലിം സാന്നിധ്യം കാണുന്നു എന്നത് നാം തള്ളിക്കളയേണ്ട കാര്യമല്ല.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്ലിം സംഘടനകളും സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. ഒരു സംഘടനയോ പ്രസ്ഥാനമോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അടിസ്ഥാനമായി വേണ്ടത് അവര്‍ക്ക് ഇന്ത്യന്‍ ഭരണ ഘടനയോടുള്ള വിദേയത്വമാണ്. ഇന്ത്യ എന്ന രാജ്യത്തിനും ജനതക്കും എതിരായി തീരുക എന്നതാണു സംഘടനകളുടെ അനുമതി ഇല്ലാതാകാന്‍ ഒന്നാമത്തെ കാരണം. നാട്ടിലെ വിഷയങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് രഹസ്യ വിഭാഗങ്ങളുണ്ട്. എന്നിരിക്കെയാണ് ഒരു ഉണ്ടയില്ല വെടിയുമായി ഉത്തരവാദിത്തപ്പെട്ട ആളുകള്‍ രംഗത്ത്‌ വരുന്നത്.

കേരളത്തില്‍ ഒരു മുസ്ലിം തീവ്രവാദം ഉണ്ടെന്നു വരുത്തിക്കാന്‍ സംഘ പരിവാര്‍ കാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ മതേതര സമൂഹം ആ ആരോപണത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേറ്റെടുത്താണു ഇപ്പോള്‍ സി പി എം രംഗത്ത്‌ വരുന്നത്. അതായത് സംഘ പരിവാറിന്റെ ജോലി അവര്‍ക്ക് വേണ്ടി സി പി എം ചെയ്തു കൊടുക്കുന്നു എന്ന് സാരം. സംഘ പരിവാര്‍ മുസ്ലിംകളെ പണ്ട് മുതലേ ശത്രു പക്ഷത്തു നിര്‍ത്തിയ കാരണം അവര്‍ എന്ത് പറഞ്ഞാലും അത് ആ രീതിയിലെ ജനം സ്വീകരിക്കൂ. അതെ സമയം കേരളത്തിലെ ഭരണ പക്ഷം തന്നെ അത് പറയുമ്പോള്‍ അതിനൂ കൂടുതല്‍ സ്വീകാര്യത ലഭിക്കും. അതായത് മറ്റു പലയിടത്തും പയറ്റി വിജയിച്ച ഇസ്ലാമോഫോബിയ കേരള മണ്ണിലും നട്ടു വളര്‍ത്തുക എന്ന സംഘ പരിവാര്‍ ജോലി ഇടതു പക്ഷം തന്നെ ഏറ്റെടുക്കുന്നു.

മാധ്യമം പത്രം മാവോവാദികളെ പിന്തുണയ്ക്കുന്നു എന്നതാണ് മറ്റൊരു വാദം. കേരളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും പിണറായി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്ന മാവോ വേട്ടകളെ ചോദ്യം ചെയ്തിട്ടുണ്ട്. ഭരണ കക്ഷിയിലെ തന്നെ പ്രബല കക്ഷിയായ സി പി ഐ തന്നെ അതൊരു വിഷയമായി എടുത്തിരിക്കുന്നു. കേരളത്തില്‍ അതിന്റെ പേരില്‍ അവര്‍ പല പരിപാടികളും നടത്തിക്കൊണ്ടിരിക്കുന്നു. അത് മാധ്യമം മാത്രമാണ് എന്ന് വരുത്തി തീര്‍ക്കലും മറ്റൊരു കുബുദ്ധിയുടെ ഭാഗമാണ്. ഒറ്റപ്പെടുത്തി സമൂഹത്തില്‍ ഭിന്നിപ്പിനു ശ്രമിക്കുക എന്നത് കൂടി അവര്‍ മുന്നില്‍ കാണുന്നു.

മുസ്ലിം സമുദായത്തില്‍ ഒരു ഭിന്നിപ്പ് ആഗ്രഹിക്കുന്നത് സംഘ് പരിവാരാണ്. അവര്‍ക്കതിനുള്ള കാരണമുണ്ട്. അബ്ദുള്ളക്കുട്ടി വെറുതെ ഉണ്ടായ ആശയമല്ല എന്ന് കൂടി ചേര്‍ത്ത് വായിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇടതിനെയാണ്. അത് കൊണ്ട് തന്നെ ആ ഏകീകരണം അവര്‍ വീണ്ടും ഭയക്കുന്നു. മറ്റൊരു വിഭാഗത്തിന്റെ വീഴ്ചയില്‍ സന്തോഷിക്കുന്ന മനസ്സുള്ള പലരും പല സംഘടനയിലുമുണ്ട് എന്നിരിക്കെ അത്തരം ആളുകളെ ഉന്നം വെച്ചാണ്‌ ജില്ലാ സിക്രട്ടറി വെടി പൊട്ടിച്ചത്. കൂട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മുസ്ലിംകള്‍ ഭയപ്പെണ്ടേവരാണ് എന്നൊരു സന്ദേശവും. ഒരു പുകമറ സൃഷ്ടിച്ചു കാര്യം നേടാനായിരുന്നു പാര്‍ട്ടി ലൈന്‍. അതിലെ അപകടം മനസ്സിലാക്കാന്‍ മുസ്ലിം സംഘനകള്‍ക്ക് കഴിഞ്ഞു എന്നത് വലിയ ആശ്വാസമാണ്.
കമ്യുണിസ്റ്റ് തീവ്രവാദികള്‍ എന്നതിന്റെ പേരാണ് മാവോയിസ്റ്റ്. കേരള മണ്ണില്‍ അതൊരു സത്യമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ ഉറപ്പിക്കുന്നു. അവരെ തുടരെ തുടരെ വെടി വെച്ചു കൊല്ലുകയും ചെയ്യുന്നു . പക്ഷെ അങ്ങിനെ ഒന്ന് വിളിക്കപ്പെടുന്ന ഇസ്ലാമിക തീവ്രവാദത്തില്‍ നാം കണ്ടില്ല. ആരൊക്കെയോ എവിടേക്കോ പോയി എന്നത് ശരിയാണ്. അത് തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. ഇടയ്ക്കു കേള്‍ക്കുന്ന കിംവദന്തികള്‍ എന്നതിലപ്പുറം മറ്റൊന്നും ആരും ഇപ്പോഴും പറഞ്ഞില്ല.
സി പി എം തീ കൊണ്ട് തല ചൊറിയുന്നു. തീവ്രവാദികള്‍ ആരായാലും അതിനെ ഒറ്റപ്പെടുത്തണം. അത് സമൂഹത്തെ ബാധിച്ച കാന്‍സരാണ്. അസുഖത്തെ കൃത്യമായി കണ്ടെത്തിയാല്‍ മാത്രമേ ചികിത്സ സാധ്യമാകൂ. കാടടച്ച്‌ വെടി വെച്ചാല്‍ പുകമറ ഉണ്ടാക്കാം എന്നല്ലാതെ കൊള്ളേണ്ടടത്തു കൊള്ളണമെന്നില്ല.

Author
AS
Facebook Comments
Related Articles
Show More
Close
Close