Views

പുതുവര്‍ഷത്തെ പുതുവസന്തം

ഉല്ലാസങ്ങളും കരിമരുന്ന് പ്രയോഗത്തിന്റെ കൗണ്ട് ഡൗണുമെല്ലാമടങ്ങിയ ആഹ്ലാദതിമിര്‍പ്പുകളാണ് മിക്ക പുതുവത്സരാഘോഷങ്ങളുടെയും സവിശേഷതകള്‍. എന്നാല്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന പൗരത്വ ബില്ലിനെതിരെയുള്ള സമരം 2020ന്റെ പുലര്‍ച്ചെ ദേശീയ ഗാനമാലപിച്ചാണ് ആരംഭിച്ചത്. തണുത്തുറഞ്ഞ് ശരീരം കോച്ചുന്ന തണുപ്പിനിടെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ കൈകുഞ്ഞുങ്ങളെയുമേന്തി അവര്‍ തെരുവില്‍ സമരം ചെയ്യുന്നത്.

ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പുള്ള ശൈത്യകാലമാണിത്. മാത്രമവുമല്ല ഏതു നിമിഷവും പൊലിസ് നടപടിയും ഇവര്‍ക്കെതിരെ ഉണ്ടാകാം. മതേതരത്വ കാഴ്ചപ്പാടിനെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് നൂറുകണക്കിന് പേര്‍ ഇന്ത്യന്‍ പതാകയുമേന്തി ഇവിടെ പ്രക്ഷോഭം തുടരുന്നത്. അമിത് ഷാ കൊണ്ടുവന്ന സി.എ.എയും എന്‍.ആര്‍.സിയും ഇന്ത്യയിലെ മുസ്ലിംകളെ ഉപദ്രവിക്കാനുള്ള ഉപകരണങ്ങളായാണ് ഇവിടുത്തെ പ്രക്ഷോഭകര്‍ കാണുന്നത്. ഈ നയങ്ങള്‍ ആര്‍ക്കുമെതിരെയല്ലെന്ന് മോദി പറഞ്ഞിട്ടും അവര്‍ സമരം തുടരുകയാണ്.

‘മോദി ഉറങ്ങുകയാണ് എനിക്ക് അദ്ദേഹത്തെ ഉണര്‍ത്തണം’ ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥി കൂടിയായ സമരരംഗത്തുള്ള ദാവൂദ് പറയുന്നു. നരേന്ദ്ര മോദിക്ക് ഇക്കാര്യങ്ങള്‍ അറിയിച്ചുള്ള സന്ദേശങ്ങള്‍ അയക്കുകയാണ് ദാവൂദും സുഹൃത്തുക്കളും. ‘മോദീ, ഈ വിപ്ലവ സമരത്തിന്റെ ആത്മാവ് ആകാശത്തില്‍ നിന്നും നിങ്ങളുടെ തലക്കുമുകളില്‍ വീഴുക തന്നെ ചെയ്യം’. മറ്റൊരു പ്ലക്കാര്‍ഡില്‍ കാണാം.

പൗരത്വ ബില്ലിനെതിരെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട സമരത്തില്‍ ഏറെ ശ്രദ്ധേയമാണ് ശഹീന്‍ ബാഗിലെ സമരം. അതിന് പ്രത്യേക നേതാക്കളില്ല. സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ അല്ല നയിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ള ഈ നിയമം തങ്ങളുടെ പൗരത്വത്തെ ബാധിക്കുമെന്ന് ഭയപ്പെടുന്ന മുസ്ലിംകളാണ് സമരത്തിന് ഊര്‍ജം നല്‍കുന്നത്. മാത്രമല്ല, ഇതിന്റെ മുന്‍നിരയിലുള്ളത് സ്ത്രീകളാണ്.

ചൊവ്വാഴ്ച വൈകുന്നേരം പുതുവത്സര പ്രതിഷേധത്തിന് ജനങ്ങള്‍ ഇവിടെ തിങ്ങിക്കൂടി. സമീപവാസികള്‍ ഇവരെ സഹായിക്കാനെത്തിയിരുന്നു. പ്രതിഷേധത്തിനായി ഒരുക്കിയ ടെന്റിലേക്ക് സ്ത്രീകള്‍ക്ക് പോകാനായി അവര്‍ തിരക്കിനിടെ വഴിയൊരുക്കി. മറ്റു ചിലര്‍ തണുപ്പ് ശമിപ്പിക്കാനായി ചായയും ബിരിയാണിയും ഉണ്ടാക്കി. ‘എന്നോട് ആരും ഇവിടെ വരാന്‍ ആവശ്യപ്പെട്ടിട്ടില്ല’. ഞങ്ങള്‍ ഇവിടെയുണ്ടാകും, കാരണം ഞങ്ങള്‍ ഷഹീന്‍ ബാഗിലുള്ളവരാണ്. ഞങ്ങള്‍ക്ക് ആരുടെയും നിര്‍ദേശം ലഭിച്ചിട്ടില്ല-സി.എ പരീക്ഷക്കായി തയാറെടുക്കുന്ന ഫൈസാന്‍ പറയുന്നു.

പുതുവത്സര രാവിലെ പ്രതിഷേധം യഥാര്‍ത്ഥത്തില്‍ നിരവധി പ്രകടനങ്ങളുടെ സംയോജനമായിരുന്നു. ടെന്റിന്റെ മുന്നില്‍ ഡോ. കഫീല്‍ ഖാന്‍,ഹര്‍ഷ് മന്ദര്‍,യോഗേന്ദ്ര യാദവ് എന്നിവരുണ്ടായിരുന്നു. കൊടുംതണുപ്പിലും പൊലിസില്‍ നിന്നുള്ള സമ്മര്‍ദ്ദം വകവെക്കാതെയും ജീവനില്‍ ഭയമില്ലാതെയും ശഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുടെ ആത്മാര്‍ത്ഥതയെയും ദൃഢനിശ്ചയത്തെയും അവര്‍ പ്രശംസിച്ചു.

സമരത്തില്‍ ഒരു കവി സംഘ്പരിവാര്‍ സേവ നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് ആക്ഷേപഹാസ്യ കവിത ചൊല്ലുകയും തുടര്‍ന്ന് ‘ഹിന്ദു മുസ്ലിം ഐക്യം’ ഉയര്‍ത്തിയുള്ള മുദ്രാവാക്യങ്ങളും വിളിച്ചു. ഇത്തരം പ്രതിഷേധങ്ങളെ ഇസ്ലാമിക മൗലികവാദ പ്രവര്‍ത്തനമായി ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള വ്യക്തമായ മറുപടിയായിരുന്നു അത്. കൂടാരത്തിനപ്പുറത്തും ജനങ്ങള്‍ റോഡ് മുഴുവന്‍ കൈയേറി തിങ്ങിനിറഞ്ഞു. അവര്‍ സി.എ.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി കത്തിക്കയറി. ‘ഇതൊരു സാധാരണ പുതുവത്സര ദിനമായിരുന്നെങ്കില്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ കൂടെയായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇത് സാധാരണ പുതുവര്‍ഷത്തെപോലെയല്ല-‘ ഷഹീന്‍ ബാഗിലെ ആവേശത്തിനിടെ ഒരു യുവതി പറഞ്ഞു.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: scroll.in

Facebook Comments
Related Articles
Close
Close