Views

‘ഞാന്‍ കണ്ടത് പറയാന്‍ എനിക്കാവുന്നില്ല’

റഷ്യയുടെ പിന്തുണയോടെ സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ സിറിയന്‍ സൈന്യം നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 15 സിവിലിയന്മാരാണ് കഴിഞ്ഞയാഴ്ചകളില്‍ കൊല്ലപ്പെട്ടത്. വിമത സാന്നിധ്യമുള്ള അവസാന ഇടങ്ങളാണിതെന്നാണ് ആക്റ്റിവിസ്റ്റുകളും പാരമെഡിക് വളന്റിയര്‍മാരും പറയുന്നത്.

ചൊവ്വാഴ്ച നടന്ന ഇദ്‌ലിബ് പ്രവിശ്യയിലെ റാസ അല്‍ ഐനിലെ പച്ചക്കറി മാര്‍ക്കറ്റിലും ഗ്രാമത്തിലും നടന്ന ബോംബിങില്‍ മൂന്ന് കുട്ടികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

‘തന്റെ മൂന്ന് സഹോദരന്മാരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. അതില്‍ ഏറ്റവും ഇളയയാള്‍ക്ക് അഞ്ച് വയസ്സായിരുന്നു. ഞാന്‍ വീടിന്റെ മുന്നില്‍ നിന്ന് കുട്ടികള്‍ കളിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് ഘോരമായ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അത് ഞങ്ങള്‍ക്ക് വളരെ അടുത്തായിരുന്നു’-ഹുസൈന്‍ അല്‍ ഷെയ്ഖ് പറയുന്നു. പെട്ടെന്ന് ആ കെട്ടിടം തകരുകയും കുട്ടികള്‍ കവാടത്തിലേക്ക് ഓടുകയും ചെയ്തു. എന്നാല്‍ പിന്നീട് അവരെ കെട്ടിടത്തിന് അടിയില്‍ നിന്നാണ് കണ്ടെത്തിയത്. ആ കാഴ്ച വളരെ ഭീകരമായിരുന്നു. ഞാന്‍ എന്താണ് കണ്ടതെന്ന് വിശദീകരിക്കാന്‍ എനിക്കാവുന്നില്ല’- നാല്‍പതുകാരനായ ഹുസൈന്‍ പറഞ്ഞു.

ചൊവ്വാഴ്ച നടത്തിയ ഷെല്ലാക്രമണത്തിലും ബോംബിങിലും മറ്റൊരു വിമത കേന്ദ്രമായ ജിസ്ര്‍ അല്‍ ഷുഗൂറില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇത് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദ് ഭരണകൂടത്തിനും സഖ്യകക്ഷിയായ റഷ്യന്‍ സേനക്കും ഏറെ പ്രാധാന്യമുള്ള വ്യാവസായ ഹൈവേക്ക് സമീപമുള്ള പ്രദേശമാണ്.

ഇദ്‌ലിബ് പ്രവിശ്യയിലൂടെയുള്ള ഈ ദേശീയ പാത തുറന്നു നല്‍കുന്നത് വര്‍ഷങ്ങളായി സംഘര്‍ഷം മൂലം സാമ്പത്തിക തകര്‍ച്ചയിലകപ്പെട്ട സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ സഹായിക്കും എന്നാണ് കണക്ക് കൂട്ടല്‍. അതേസമയം, ഹയാതെ തഹ്‌രീര്‍ അല്‍ ഷാം എന്ന അല്‍ഖ്വായിദയുമായി ബന്ധമുള്ള സായുധ സംഘം സിറിയന്‍ സൈനിക പോസ്റ്റിനു നേരെ നടത്തിയ ആക്രമണമാണ് ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നാണ് സിറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘സന’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആയിരക്കണക്കിന് പേരാണ് പുറന്തള്ളപ്പെട്ടത്

ഏപ്രില്‍ 26ന് അസദ് സൈന്യം നടത്തിയ തീവ്രവായ വ്യോമ റെയ്ഡുകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. യു.എന്നിന്റെ കണക്കുപ്രകാരം കഴിഞ്ഞ ആഴ്ച മാത്രം ഒന്നര ലക്ഷത്തോളം പേരാണ് വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നും മാറിത്താമസിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ജനങ്ങളുടെ അടിസ്ഥാന കേന്ദ്രങ്ങളിലും വ്യോമാക്രമണങ്ങള്‍ നടത്തുന്നതും നൂറുകണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതും പരുക്കേല്‍ക്കുകയും ചെയ്യുന്നതും നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് യു.എന്‍ ഉദ്യോഗസ്ഥനായ ഡേവിഡ് സ്വാന്‍സണ്‍ പറഞ്ഞു.

152000ലധികം സ്ത്രീകളും കുട്ടികളുമാണ് അലപ്പോയില്‍ നിന്നും ഇദ്‌ലിബില്‍ നിന്നും കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ മാത്രം മാറിത്താമസിച്ചത്. ആക്രമണം ആരംഭിച്ചത് മുതല്‍ കിഴക്കന്‍ ഇദ്‌ലിബില്‍ മാത്രം 65 പേര്‍ കൊല്ലപ്പെടുകയും. 146ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് ഗ്രൂപ് അറിയിച്ചു.

സിറിയയിലെ ജനസാന്ദ്രത കൂടിയ പ്രവിശ്യയാണ് ഇദ്‌ലിബ്. മൂന്ന് മില്യണ്‍ ആളുകളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും ഇതിനകം ഇവിടെ നിന്നും പുറന്തള്ളപ്പെട്ടു. മേഖല ഇപ്പോള്‍ വിവിധ സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ഇതില്‍ പ്രതിപക്ഷത്തുള്ളവരും തുര്‍ക്കിയുടെ പിന്തുണയുള്ള സൈന്യവും വരെയുണ്ട്.

ഇദ്‌ലിബിലെ ഏറ്റവും വലിയ വിഭാഗം ഹയാതെ തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) ആണ്. ഇവര്‍ മേഖലയിലെ തുര്‍ക്കിയടക്കമുള്ള പ്രതിപക്ഷ കക്ഷികളില്‍ നിന്നും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എച്ച്.ടി.എസിനെ ഭീകര സംഘടനയായാണ് പൊതുവെ കണക്കാക്കുന്നത്. ഈ പേരു പറഞ്ഞാണ് ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നത്. എന്നാല്‍ ഇദ്‌ലിബില്‍ ആക്രമണം പൂര്‍ണമായി ഒഴിവാക്കാനുള്ള ഒരു കരാര്‍ രൂപീകരിച്ചിട്ടുണ്ട്. കരാറില്‍ റഷ്യയും തുര്‍ക്കിയും ഒപ്പു വെച്ചിട്ടുണ്ട്. മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുക എന്ന ഉദ്ദേശ്യത്തിലാണ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്.

കരാര്‍ അനുസരിച്ച് എല്ലാ വശങ്ങളും അംഗീകരിക്കണമെന്നാണ് യു.എന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒപ്പു വെച്ച കരാര്‍ പ്രകാരം മാനുഷിക പരിഗണനകള്‍ ഇരു വിഭാഗവും ഇദ്‌ലിബിലെ ജനങ്ങളോട് പുലര്‍ത്തണമെന്നും അഭയാര്‍ത്ഥികള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയണമെന്നും കരാറില്‍ ഉണ്ട്.

അവലംബം: അല്‍ജസീറ
വിവ: പി.കെ സഹീര്‍

Facebook Comments
Related Articles
Show More
Close
Close