Current Date

Search
Close this search box.
Search
Close this search box.

ബി ജെ പി യിലേക്ക് ചേക്കേറാന്‍ മുസ്‌ലിംകളും?

മുസ്ലിംകള്‍ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ഒരു പാര്‍ട്ടിയായി ബി ജെ പി മാറിയതിന്റെ കാരണമെന്താവും?

ബി ജെ പി നാട്ടിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയും ഭരണ കക്ഷിയുമാണ്. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പോലെയുമല്ല ബി ജെ പി. അത് ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനവുമല്ല. സംഘ് പരിവാര്‍ കുടുബതിന്റെ രാഷ്ട്രീയ പാര്‍ട്ടിയാണ്. അവരുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ആര്‍ എസ് എസുമാണല്ലോ. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ മുസ്ലിംകള്‍ കമ്യുണിസ്റ്റുകള്‍ കൃസ്ത്യാനികള്‍ എന്നിവരെ ശത്രുക്കളായി കണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ മുന്നോട്ടു പോകുന്നത്.

അതിന്റെ തെളിവാണ് ചെറുതും വലുതുമായ നേതാക്കള്‍ ഇടയ്ക്കിടയ്ക്ക് മുസ്ലിംകള്‍ ഇന്ത്യ വിട്ടുപോകണമെന്ന് ആക്രോശിച്ചു കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ മേല്‍ താങ്കളുടെ വിശ്വാസവും ആചാരവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നതും. ഹിന്ദു എന്നത് അവര്‍ ഒരു മതമായി അംഗീകരിക്കുന്നില്ല. അതൊരു ജീവിത രീതിയാണ്. ഇന്ത്യയില്‍ ജനിച്ചവര്‍ ഹിന്ദുക്കള്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും ഇന്ത്യന്‍ പുരാതന ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈക്കൊള്ളണം. മുസ്ലിംകളെ ഉന്നം വെച്ച് കൊണ്ട് തന്നെ നാട്ടില്‍ പല കലാപങ്ങളും അവര്‍ അഴിച്ചു വിടുന്നു. ഭരണം ഉപയോഗപ്പെടുത്തി മുസ്ലിംകളെ ഉന്നം വെച്ച് നിയമങ്ങള്‍ ചുട്ടെടുക്കുന്നു. മൊത്തത്തില്‍ മുസ്ലിംകളോട് അവര്‍ക്കുള്ള നിലപാട് വെറുപ്പിന്റേതാണ്. അത് കൊണ്ട് തന്നെ സംഘ പരിവാറിനോട് മറ്റുള്ളവരില്‍ നിന്നും ഭിന്നമായ നിലപാടുകള്‍ മുസ്ലിംകള്‍ സ്വീകരിക്കുന്നു.

എന്നിട്ടും എന്ത് കൊണ്ട് മുസ്ലിംകള്‍ അതും വിവരവും വിദ്യാഭ്യാസവും പാരമ്പര്യവുമുള്ളവര്‍ സംഘ് പരിവാര്‍ കൂട്ടത്തിലേക്കു പോകുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി അത് അവര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തന്നെ. സംഘ്പരിവാറിനോടുള്ള നിലപാടില്‍ എല്ലാവരിലും മാറ്റം വന്നിട്ടുണ്ട്. ശുദ്ധ മതേതര പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കള്‍ തന്നെ കൂട്ടത്തോടെ സംഘ പരിവാര്‍ ക്യാംപിലെത്തുന്ന ചിത്രം നാം നേരില്‍ കാണുന്നു. അതില്‍ കോണ്‍ഗ്രസ്സും കമ്യുണിസ്റ്റും സോഷ്യലിസ്റ്റും ഉള്‍പ്പെടുന്നു. അതായത് സംഘ് പരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തോട് സമൂഹത്തിനിപ്പോള്‍ മൃദു സമീപനമാണ്. അത് മുസ്ലിംകളെയും ബാധിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്നും സാധാരണക്കാര്‍ കാര്യമായി ബി ജെ പിയുടെ കൂടെയില്ല. കേരളത്തില്‍ അടുത്തിടെ ഒരിടത്തും ഗതി പിടിക്കാത്ത ചില നേതാക്കള്‍ ബി ജെ പിയില്‍ എത്തിയിട്ടുണ്ട്.

ഒരാളെയും ശത്രുവായി കാണുക എന്ന നിലപാട് മുസ്ലിംകള്‍ക്കില്ല. ഒരു പ്രബോധക സംഘം എന്ന നിലയില്‍ എല്ലാവരോടും ഗുണകാംക്ഷാ പരമായ നിലപാട് മാത്രമേ മുസ്ലിംകള്‍ക്ക് സ്വീകരിക്കാന്‍ കഴിയൂ. ഇങ്ങോട്ടു ശത്രുത വെച്ച് പുലര്‍ത്തുന്നവരെ പോലും അങ്ങോട്ട് സ്‌നേഹിക്കണം എന്നതാണ് ഇസ്ലാമിക മാനം. അതെ സമയത്തു സംഘ് പരിവാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധവും മാനുഷിക വിരുദ്ധവുമായ നിലപാടുകളെ വിശ്വാസത്തിന്റെ പേരില്‍ എതിര്‍ക്കുക എന്നത് വിശ്വാസികളുടെ കടമയാണ്.

Related Articles