Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങളെ മ്യാന്മറിലേക്കു അയക്കുന്നതിനേക്കാള്‍ നല്ലത് ഇവിടെ വെച്ച് കൊല്ലുന്നതാണ്’

‘ഞങ്ങളെ മ്യാന്‍മറിലേക്കു അയക്കുന്നതിനേക്കാള്‍ നല്ലതു ഇന്ത്യയില്‍ വെച്ച് തന്നെ കൊന്നു കളയുന്നതാണ്’ . റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ രോദനം ഇങ്ങിനെയാണ്.’അവടെ എത്തിയാലും ഞങ്ങള്‍ വീടുകളിലേക്ക് എത്തുമെന്ന് ഉറപ്പില്ല. സൈന്യം ഞങ്ങളെ കൊന്നു കളയുക എന്നതാണ് അവസാനമായി സംഭവിക്കുക’ അത് പറയുമ്പോള്‍ ഖാസിമിന്റെ ചുണ്ടുകള്‍ വിറച്ചിരുന്നു. ഏതു സമയത്തും അതിര്‍ത്തിക്കപ്പുറത്തേക്ക് നാട് കടത്തപ്പെടാന്‍ സാധ്യതയുമായാണ് ഒരു ജനത ജീവിക്കുന്നത്.

എല്ലാം നഷ്ടമായപ്പോഴും ജീവന്‍ തിരിച്ചു കിട്ടിയ സമാധാനത്തിലായിരുന്നു ഇതുവരെ റോഹിങ്ക്യര്‍. ‘തങ്ങള്‍ ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടിട്ടില്ലെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. പക്ഷെ പലരുടെയും പിറകെ പോലീസ് കൂടിയിരിക്കുകയാണ്. ‘അവരുടെ രാജ്യം അവരെ സ്വീകരിക്കാന്‍ തയ്യാറായി എന്നത് കൊണ്ട് തന്നെ അവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതില്‍ തടസ്സമില്ല’ എന്നാണു സുപ്രീം കോടതി പറഞ്ഞതും. പ്രസ്തുത വിധിക്കു ശേഷം തിരിച്ചയക്കപ്പെട്ട ഏഴു പേരും ഇന്ന് ജയിലിലാണ്. ചരിത്രത്തിലെ ദുരന്ത പൂര്‍ണമായ ഒരു പലായനമാണ് റോഹിങ്ക്യന്‍ ജനത നടത്തിയത്. അവര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്നത് ലോകം അംഗീകരിച്ചതും.

ആവശ്യപ്പെടുമ്പോഴെല്ലാം സ്റ്റാറ്റസ് പുതുക്കിയാണ് റോഹിങ്ക്യന്‍ ജനത ജീവിക്കുന്നത്. അവര്‍ക്കു ശരിയായ കുടിയേറ്റ രേഖകളില്ല എന്നതാണ് തിരിച്ചയക്കാന്‍ കാരണമായി പറയുന്നത്. ‘എന്ത് കൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത് എന്ന കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ മനസ്സിലാക്കണം’ എന്നതാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പറയുന്നതും.

കൂടുതല്‍ കാലം ഇന്ത്യയില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം നാട്ടിലേക്കു തിരിച്ചു പോകണം എന്നത് തന്നെയാണ് ആഗ്രഹം എന്ന് പറയുമ്പോഴും ഖാസിമിന്റെ കണ്ണില്‍ നാം പ്രതീക്ഷ കാണുന്നില്ല. ‘എന്റെ കുടുംബത്തിലെ പലരെയും സൈന്യം കൊന്നു കളഞ്ഞു. കിട്ടിയ ജീവനും കൊണ്ടാണ് ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടത്’ എന്ന് പറയുമ്പോള്‍ അവന്റെ മുഖത്ത് നിന്നും ഭയവിഹ്വലതകള്‍ വായിച്ചെടുക്കാം.

പുറത്താക്കേണ്ട പുതിയ ആളുകളുടെ ലിസ്റ്റ് തയാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. ലോകം കണ്ട വലിയ വംശഹത്യ എന്നാണു റോഹിങ്ക്യന്‍ വിഷയത്തെ വിലയിരുത്തുന്നത്. എന്തുകൊണ്ടാണ് റോഹിങ്ക്യരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇത്രമാത്രം ഉത്സാഹം കാണിക്കുന്നു എന്നതിനുള്ള മറുപടി അവരുടെ മതവും വിശ്വാസവും തന്നെ. ഏതു സമയത്തും പുലിയുടെ മടയിലേക്കു വലിച്ചെറിയപ്പെടും എന്ന ഭീതിയിലാണ് റോഹിങ്ക്യന്‍ ജനത എന്നത് ഒരു സത്യമാണ്. അതുകൊണ്ടാണ് തങ്ങളെ കൊല്ലാന്‍ കൊടുക്കുന്നെങ്കില്‍ നിങ്ങള്‍ തന്നെ കൊന്നു കൊള്ളൂ എന്ന് റോഹിങ്ക്യന്‍ ജനത ഇന്ത്യന്‍ സര്‍ക്കാരിനോട് പറയുന്നതും.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: എ.എസ്

Related Articles