Views

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്ത നടപടി ഒരു ബൂമറാങ് ആണ്

2019 ആഗസ്റ്റ് 5ന്, ജമ്മു കശ്മീരിന് സ്വയംഭരണാധികാരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 370 മോദി സര്‍ക്കാര്‍ റദ്ദു ചെയ്യുകയുണ്ടായി. സമിശ്രവികാരമാണ് പ്രസ്തുത നീക്കത്തിനു നേരെ ഉണ്ടായത്. മുസ്ലിംകള്‍ക്കു മേലുള്ള ഹിന്ദുക്കളുടെ വിജയമായിട്ടാണ് ഹിന്ദുത്വവാദികള്‍ സര്‍ക്കാര്‍ നടപടിയെ നോക്കിക്കാണുന്നത്.

കശ്മീര്‍ ഒരു സ്വതന്ത്രരാഷ്ട്രമാണെന്നും, അതൊരിക്കലും ഇന്ത്യയുടെയോ പാകിസ്ഥാന്‍റെയോ ഭാഗമല്ലെന്നും, കശ്മീര്‍ ജനതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് പ്രമുഖ സാമൂഹികപ്രവര്‍ത്തക അരുന്ധതി റോയ് പ്രതികരിച്ചത്. കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന്‍റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യമടക്കമുള്ള ഭീഷണികള്‍ മുന്‍പ് അരുന്ധതി റോയ് അഭിമുഖീകരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യപ്പെടുന്നതു വരെ, ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിനു ചില പ്രത്യേകാധികാരങ്ങള്‍ ഉണ്ടായിരുന്നു. പ്രസ്തുത വകുപ്പ് അവരുടെ സ്വത്തും സംസ്കാരവും അന്യാധീനപ്പെട്ടുപോകാതെയും കളങ്കപ്പെടാതെയും കാത്തുസൂക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതോടെ, കശ്മീരികള്‍ അല്ലാത്ത ആളുകള്‍ക്ക് കശ്മീരിലേക്ക് വരുവാനും സംസ്ഥാനത്ത് താമസമാക്കാനും ഭൂമി വാങ്ങാനും സാധ്യമായിരിക്കുകയാണ്. ഇതു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം എന്ന നിലയില്‍ നിന്നും മുസ്ലിം ന്യൂനപക്ഷ സംസ്ഥാനം എന്ന നിലയിലേക്കായിരിക്കും കശ്മീരിനെ എത്തിക്കുക.

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതിലൂടെ ഇന്ത്യയെ ‘ഐക്യപ്പെടുത്തി’ എന്നാണ് സര്‍ക്കാര്‍ ന്യായീകരണം. കൂടാതെ കശ്മീരിന്‍റെ ‘വികസനം’, ‘ഐശ്വര്യം’ തുടങ്ങിയ വാക്കുകളും ഉപയോഗിച്ചുകാണുന്നുണ്ട്. കശ്മീരികളുടെ അനുവാദം കൂടാതെയാണ് കശ്മീരികള്‍ക്കു വേണ്ടിയുള്ള ‘വികസനവും’ ‘ഐശ്വര്യവും’ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അനുവാദം ചോദിക്കുന്നത് പോകട്ടെ, കശ്മീരി നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലില്‍ തടവിലാക്കുകയും, കര്‍ഫ്യൂ പ്രഖ്യാപിച്ച് സാധാരണക്കാരായ കശ്മീരികളെ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ ലാന്‍ഡ് ഫോണ്‍ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ മുഴുവനുംവിച്ഛേദിക്കപ്പെട്ടിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. വികസനം, ഐശ്വര്യം, ഭീകരവാദം തുടങ്ങിയ വാക്കുകള്‍ തന്നെയാണ് മോദി സര്‍ക്കാര്‍ ഉപയോഗിക്കുക, പക്ഷേ കശ്മീരിന്‍റെ കാര്യത്തിലെ യാഥാര്‍ഥ്യമെന്താണെന്നാല്‍, അടുത്തകാലം വരെ ചില സ്വയംഭരണാധികാര അവകാശങ്ങള്‍ അനുഭവിച്ചിരുന്ന ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീര്‍, ഭരണപാര്‍ട്ടിയായ ബി.ജെ.പിയുടെ ഇന്ത്യയെ ഹിന്ദുവത്കരിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തിന്‍റെ ഇരയായിരിക്കുകയാണ്.

ഇന്ത്യയില്‍ മുസ്ലിം അധികാരത്തിന്‍റെ അവസാനകണികയും ഇല്ലാതാക്കി ഇന്ത്യയെ പൂര്‍ണമായും ഹിന്ദുവത്കരിക്കുക എന്നതിലേക്ക് മുന്നേറുക എന്നു തന്നെയായിരിക്കും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിലൂടെ മോദിയും കൂട്ടരും ലക്ഷ്യം വെച്ചത്. പക്ഷേ കാര്യങ്ങള്‍ ഉദ്ദേശിച്ചതു പോലെ നടക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയങ്ങളുണ്ട്.

ഉദാഹരണത്തിന്, ഈ ‘ഭരണഘടനാവിരുദ്ധ’ നടപടി സ്വീകരിച്ചതിലൂടെ, കശ്മീരിലെ പ്രശ്നകാലുഷ്യം ഏറ്റുക മാത്രമാണ് മോദി ചെയ്തിരിക്കുന്നത്. സംഘര്‍ഷാവസ്ഥ കനക്കാന്‍ മാത്രമേ അതുകാരണമാകൂ, തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങള്‍ 6 ലക്ഷത്തില്‍ പരം വരുന്ന സൈനികരെ കൊണ്ട് അമര്‍ച്ച ചെയ്യാമെന്ന അദ്ദേഹത്തിന്‍റെ ഉദ്ദേശം എത്രകണ്ട് ഫലിക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. അവശേഷിച്ചിരുന്ന കുറച്ച് അവകാശങ്ങള്‍ കൂടി ബി.ജെ.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്, കശ്മീരികളുടെ രോഷം ഇരട്ടിയാക്കാന്‍ മാത്രമേ ഉപകരിക്കൂ. തദ്ഫലമായി, കശ്മീരി ചെറുത്തുനില്‍പ്പിന്‍റെ അടുത്തഘട്ടത്തെ ഒന്നിനും തടുക്കാനാവില്ല. അതൊരുപക്ഷേ മുന്‍കാലങ്ങളിലേതിനേക്കാള്‍ ശക്തവും ഹിംസാത്മകവും രക്തരൂക്ഷിതവും ആയിരിക്കും. ജിഹാദിസ്റ്റ് മേമ്പൊടിയുള്ള ഒരു സ്വാതന്ത്രസമര പോരാട്ടമായിട്ടായിരിക്കുംഅതിനു തുടക്കം കുറിക്കുക, വിദേശസായുധപോരാളികള്‍ അതിലേക്ക് വ്യാപകമായി ആകര്‍ഷിക്കപ്പെടും, ഇതു ഇന്ത്യക്കും മേഖലക്കും വലിയ അളവിലുള്ള സുരക്ഷാഭീഷണി ഉയര്‍ത്തുകയും ചെയ്യും.

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തത് കശ്മീരിന് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.

കശ്മീരിന് ഉണ്ടായിരുന്നതു പോലെയുള്ള അല്ലെങ്കില്‍ അതിനോടടുത്തു നില്‍ക്കുന്ന സ്വയംഭരണാധികാര പദവിയുള്ള മറ്റു ചില സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. ഈ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. കശ്മീരിനോട് സ്വീകരിച്ചിരിക്കുന്ന നയം അവര്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ്.

സംഘര്‍ഷവും സാമ്പത്തികവളര്‍ച്ചയും ഒരുമിച്ചുപോകില്ലെന്ന വസ്തുത മോദിയും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാക്കളും മറന്നമട്ടാണ്. കശ്മീരിലെ സര്‍ക്കാര്‍ നടപടിയുടെ അനിവാര്യഫലമായ സംഘര്‍ഷാവസ്ഥയും, ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതിനോട് അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള പ്രതികരണങ്ങളും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വമ്പിച്ച സൈനികവിന്യാസത്തിനും, വരാന്‍ സാധ്യതയുള്ള അത്യന്തം തീവ്രമായ സംഘര്‍ഷാവസ്ഥ നേരിടുന്നതിനും വേണ്ടിയുള്ള സാമ്പത്തിക ചെലവ് പൊതുഖജനാവിനെയും സാമ്പത്തിക വളര്‍ച്ചയെയും സാരമായി തന്നെ ബാധിക്കും. ഇതു ജനരോഷം കശ്മീരിനു പുറത്ത്, ഇന്ത്യയൊട്ടാകെ പടരാന്‍ കാരണമാവുകയും ചെയ്യും.

ഇന്ത്യയെ ഹിന്ദുവത്കരിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള നീക്കമാണെങ്കിലും, ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്ത നടപടി ഹിന്ദുത്വവാദികള്‍ക്കു നേരെതന്നെ തിരിച്ചടിക്കാനാണ് സാധ്യത.

ഐക്യരാഷ്ട്രസഭയില്‍ പോളിസി മാനേജറായിരുന്നു ലേഖകന്‍.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: countercurrents

Facebook Comments
Related Articles
Show More
Close
Close