Views

ജയിലില്‍ പോവാന്‍ തയ്യാറാണോ ?

1918ല്‍ ജനിച്ച് 2013ല്‍ അന്തരിച്ച നെല്‍സണ്‍ മണ്ടേല ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗാന്ധിയുടെ മുമ്പില്‍ വന്നു നിന്നിട്ടില്ല. എങ്കിലും നെല്‍സണ്‍ മണ്ടേല ഒരിക്കല്‍ മഹാത്മാ ഗാന്ധിയുടെ മുമ്പില്‍ വന്നു നിന്നതായി ഒരു സങ്കല്‍പമുണ്ട്. കണ്ട ഉടനെ നെല്‍സണ്‍ മണ്ടേല ഗാന്ധിയോട് തന്നെ കൂടെ കൂട്ടണമെന്നു അഭ്യര്‍ത്ഥിച്ചു. ഗാന്ധി മണ്ടേലയോടു ചോദിച്ചു. ‘ജയിലില്‍ പോകാന്‍ തയ്യാറാണോ ?’ മണ്ടേല ചിരിച്ചു കൊണ്ട് തലയാട്ടി. 20 വര്‍ഷം ജയിലില്‍ കിടന്ന വ്യക്തിയാണ് മണ്ടേല. കാരാഗ്രഹ വാസം കഴിഞ്ഞിറങ്ങി വന്നു ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡന്റായി.

‘ജയിലില്‍ പോവാന്‍ തയാറാണോ’ എന്നത് മഹാത്മാ ഗാന്ധിയുടെ ഒരു സ്ഥിരം ചോദ്യമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ജീവിതം വഴിമുട്ടിയെന്നു പരാതിപ്പെട്ടവരോട് ചോദിക്കാന്‍ ഗാന്ധിക്ക് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. ‘ജയിലില്‍ പോവാന്‍ തയ്യാറാണോ ?’.
ആഫ്രിക്കയില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ 1906 മുതല്‍ 1914 വരെ എട്ടു വര്‍ഷം നീണ്ടുനിന്ന സത്യാഗ്രഹ സമരത്തിന്റെ തുടക്കത്തില്‍ ജനങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് ഗാന്ധി ഇപ്രകാരം സംസാരിച്ചു.
‘നാം കോപിച്ചിട്ടോ, ക്ഷമയില്ലാതെ പെരുമാറിയിട്ടോ കാര്യമില്ല. ഈ ആക്രമണത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ അവയ്‌ക്കൊന്നിനും സാധ്യമല്ല. കഷ്ടതകള്‍ ഏറ്റെടുത്തു സര്‍വവും സഹിച്ചു ധീരതയോടെ മുന്നോട്ടു പോവുക. ഈശ്വരന്‍ സഹായിക്കാതിരിക്കില്ല’
നമ്മള്‍ അപമാനിക്കപ്പെട്ടേക്കാം
ജയിലില്‍ പോകേണ്ടി വന്നേക്കാം
കഠിനമായ തണുപ്പിലും ചൂടിലും അകപ്പെട്ടേക്കാം
പട്ടിണി കിടക്കേണ്ടി വന്നേക്കാം
ജയിലില്‍ വെച്ച് മര്‍നങ്ങള്‍ക്കിരയായേക്കാം
പിഴ ചുമത്തപ്പെടുകയും നമ്മുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്‌തേക്കാം.
അതോടെ ഇന്ന് ധനികരായ പലരും ദരിദ്രരായി തീര്‍ന്നേക്കാം
നമ്മുടെ കച്ചവടം കുളംതോണ്ടിയെക്കാം
ജയിലില്‍ കിടന്നു മരിക്കേണ്ടി വന്നേക്കാം
എന്തൊക്കെ സംഭവിച്ചാലും സഹന ധീരതയോടെ അഹിംസയെ അടിസ്ഥാനമാക്കി പോരാടണമെന്ന് ഗാന്ധി ആഫ്രിക്കയിലെ ഇന്ത്യക്കാരെ ഉണര്‍ത്തി. അനവധി കഷ്ടനഷ്ടങ്ങള്‍ സഹിച്ചെങ്കിലും അവസാനം ഗാന്ധി നയിച്ച സമരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ വിജയം കണ്ടു.
സത്യാഗ്രഹത്തെ ഗാന്ധി ഇപ്രകാരം സിദ്ധാന്തിച്ചു. സത്യാഗ്രഹം ദുര്‍ബലരുടെ സമരമാര്‍ഗ്ഗമല്ല. അത് ധീരമായ സഹന മാര്‍ഗമാണ്. ആത്മ ശക്തിയാണ് സത്യാഗ്രഹത്തെ നയിക്കുന്നത്. സത്യാഗ്രഹത്തിന്റെ പരമമായ ലക്ഷ്യം സഹതാപം നേടലല്ല. മറിച്ച് സത്യത്തിലേക്ക് അടഞ്ഞു കിടക്കുന്ന ആത്മ ജാലങ്ങള്‍ കൊട്ടിത്തുറക്കലാണ്. അപ്പോള്‍ വെളിപ്പെടുന്ന പ്രാപഞ്ചികമായ പൊരുളില്‍ സത്യാഗ്രഹിയുടെ ബലി സഹതാപത്തിനു പകരം അവകാശമായി പരിണമിക്കും. സത്യാഗ്രഹത്തില്‍ മൃഗീയ ശക്തിക്കു സ്ഥാനമില്ല. പ്രകോപനവും പോര്‍വിളിയും പോരും പകയുമില്ല. ആയുധ ശക്തി, കായിക ശക്തി, മൃഗീയ ശക്തി, ഇവയൊന്നിനെയും സത്യഗ്രഹം സ്പര്‍ശിക്കുകയില്ല. അതിനെല്ലാം അതീതമായ ആത്മ ശക്തിയാണ് സത്യഗ്രഹത്തിന്റെ കാതല്‍. സത്യഗ്രഹം എതിര്‍മുഖത്തു നില്‍ക്കുന്നവരുടെ അന്തസ്സിനേയും ആത്മ വിചാരങ്ങളെയും ശരീര സുരക്ഷിതത്വത്തെയും മാനിക്കുന്നു. സത്യഗ്രഹത്തില്‍ ശത്രുക്കളില്ല.

ദക്ഷിണാഫ്രിക്കയിലെ ജീവിതം മതിയാക്കി 1915 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധി ഒരിക്കല്‍ പൂനെയില്‍ നിന്നും പോര്‍ബന്ദറിലേക്കുള്ള യാത്രയിലായിരുന്നു. വാഡ്ഡുവാ റയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊതുപ്രവര്‍ത്തകനായ മോത്തിലാല്‍ ഗാന്ധിയെ കണ്ടുമുട്ടി. വീരാചുങ്കം പരിശോധനയെ പറ്റിയും അതുമൂലം തീവണ്ടി യാത്രികര്‍ അനുഭവിക്കേണ്ടി വന്നിരുന്ന ദുരിതത്തെ പറ്റിയും മഹാത്മാ ഗാന്ധിയോട് മോത്തിലാല്‍ പരാതിപ്പെട്ടു. ഗാന്ധിക്കപ്പോള്‍ നന്നായി പനിക്കുന്നുണ്ടായിരുന്നു. അധികം സംസാരിക്കാന്‍ പറ്റാത്തത് കൊണ്ട് ഗാന്ധി ഒറ്റവാക്കില്‍ മോത്തിലാലിനോട് ചോദിച്ചു.
‘നിങ്ങള്‍ ജയിലില്‍ പോവാന്‍ തയ്യാറാണോ? ‘ഗാന്ധി ഞങ്ങളെ നയിക്കാന്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ജയിലില്‍ പോവാന്‍ തയ്യാറാണ്.’ മോത്തിലാല്‍ മറുപടി പറഞ്ഞു. സത്യത്തിനു വേണ്ടി സമരം ചെയ്യുക. അഹിംസ മുറുകെ പിടിക്കുക. ശത്രുക്കളെ മാത്രമല്ല സ്വന്തം സംഘത്തിലെ ഒറ്റുകാര്‍ക്ക് പോലും യാതൊരു വിധ ഉപദ്രവവും ഏല്‍പ്പിക്കാതിരിക്കുക തുടങ്ങിയവയായിരുന്നു ഗാന്ധിയുടെ ഉറച്ച സമര മുറകള്‍.

ജീവിക്കാനുള്ള അവകാശമടക്കം സകലതിനും നിലനില്‍പ് ഭീഷണി നേരിടുന്ന ജന സമൂഹങ്ങള്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ട ആവശ്യം ഇനിയില്ല. ഗാന്ധി സമര മുറകള്‍ അവരെ രക്ഷിക്കും. ശത്രുക്കളെന്നു മനസ്സിലാക്കപ്പെടുന്നവര്‍ക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള അസഭ്യ വര്‍ഷങ്ങള്‍ ചൊരിഞ്ഞോ അവരെ കായികമായി നേരിട്ടോ ഫസിസ്റ്റുകള്‍ തുടങ്ങി അവര്‍ ഇഷ്ടപെടാത്ത പദപ്രയോഗങ്ങള്‍ നടത്തുന്നതോ ഉദ്ദേശിച്ച ഫലം ചെയ്യുകയില്ല. മറിച്ച് ശത്രുക്കളെ കൂടുതല്‍ വലിയ ശത്രുക്കളാക്കുന്നതിനെ അതുപകരിക്കൂ.

ഒരു ഭാഗത്തു സ്വാതന്ത്ര്യ സമരം നയിക്കുമ്പോഴും വെള്ളക്കാരെ സഹോദരന്മാര്‍ എന്ന് മാത്രമേ ഗാന്ധി അഭിസംബോധനം ചെയ്തിരുന്നുള്ളു. സത്യാഗ്രഹത്തിലൂടെ ശത്രുവിന്റെ മനസ്സില്‍ മനുഷ്യത്വം ഉല്പാദിപ്പിക്കുക മാത്രമാണ് ഒരു ഒറ്റമൂലി. ഉപ്പു സത്യാഗ്രഹ മടക്കം താന്‍ നയിച്ച മുഴുവന്‍ സമരങ്ങളിലും വെള്ളക്കാരുടെ തല്ലു കൊണ്ട് അവരുടെ മനസ്സലിയിപ്പിക്കാനും ലോകത്തിന്റെ അനുകമ്പ നേടുകയുമായിരുന്നു ഗാന്ധിയുടെ ലക്ഷ്യം.

അവസാനമായി ഒരു ഖുര്‍ആന്‍ വാക്യം ഉദ്ധരിക്കട്ടെ. ‘പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മ കൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ആത്മ മിത്രമായി മാറുന്നത് നിനക്ക് കാണാം. ക്ഷമ അവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവ ഗുണം ലഭിക്കുന്നതല്ല. നിനക്ക് പൈശാചികമായ വല്ല പ്രേരണയും അനുഭവപ്പെട്ടാല്‍, അല്ലാഹുവില്‍ ശരണം തേടികൊള്ളുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു”. (ഖുര്‍ആന്‍ അധ്യായം 41, സൂക്തം 14 – 36)

Facebook Comments
Related Articles
Show More
Close
Close