Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍-തുര്‍ക്കി അച്ചുതണ്ട് മിഡില്‍ ഈസ്റ്റിന് വഴി തെളിക്കുകയാണ്

2017 ജൂണ്‍ 15, റമദാനിലെ പ്രഭാതം പുലര്‍ന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളെ വേദനിപ്പിക്കുന്ന വര്‍ത്തയുമായിട്ടാണ്. സൗദി, യു എ ഇ, ബഹ്റൈന്‍, ഈജിപ്ത്, തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ കര, വായു, ജല മാര്‍ഗ്ഗങ്ങള്‍ അടച്ചു ഉപരോധമേര്‍പ്പെടുത്തിയത് അറബ് സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്. പതിറ്റാണ്ടുകളായി രാഷ്ട്രീയ അരക്ഷിതാവസ്ഥ കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും പൊറുതി മുട്ടുന്ന മിഡില്‍ ഈസ്റ്റില്‍ സ്വസ്ഥമായ ജീവിതം സാധ്യമായിരുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഗള്‍ഫില്‍ ഭരണകൂടങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പൊതു ജനങ്ങളെ സ്വാധീനിച്ചിരുന്നില്ല. രാജ്യാതിര്‍ത്തികള്‍ കടന്ന് വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പല ഗോത്രങ്ങളുടെയും വേരുകള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ പരന്നു കിടക്കുന്നു. വിവാഹം പോലുള്ള കുടുംബ സംഗമങ്ങളില്‍ അവര്‍ ഒരുമിച്ച് പങ്കെടുത്തു പോന്നിരുന്നു. തങ്ങള്‍ ഒരൊറ്റ ജനതയാണെന്ന ഗള്‍ഫ് സമൂഹത്തിന്റെചിന്താഗതിക്കാണ് ഉപരോധം വിള്ളലേല്‍പിച്ചത്. രാഷ്ട്രങ്ങള്‍ തമ്മില്‍ സാമാന്യ നിലയില്‍ പാലിക്കപ്പെടേണ്ടുന്ന നയതന്ത്ര നടപടിക്രമങ്ങള്‍ ലംഘിച്ചു കൊണ്ട് പ്രഖ്യാപിക്കപ്പെട്ട ഉപരോധം, മേഖലയിലെ ജനങ്ങളില്‍ ചെറുതല്ലാത്ത ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പല കുടുംബങ്ങളും ശിഥിലമാക്കപ്പെട്ടു. ഉപരോധത്തിന്റെ ആരംഭത്തില്‍ തന്നെ ഉപരോധ രാജ്യങ്ങളില്‍ നിന്നും പോലും ഉപരോധത്തെ എതിര്‍ത്തും ഖത്തറിനെ പിന്തുണച്ചും ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരുന്നു. ഗള്‍ഫിനു പുറമെ ഇതര അറബ് രാജ്യങ്ങളിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ഭൂരിപക്ഷം അറബ് ജനതയും ഉപരോധത്തെ എതിര്‍ക്കുന്നുവെന്നത് അവരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

ഉപരോധം ഒന്നര വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ രചിച്ച് ഖത്തറും ആ രാജ്യത്തെ ഭരണാധികാരിയും തലയുയര്‍ത്തി നില്‍ക്കുകയാണ്. അവധാനതയോടെയും ഉജ്വലമായ നയതന്ത്ര നീക്കങ്ങളിലൂടെയും പ്രതിസന്ധിയെ സാധ്യതയാക്കി മാറ്റുന്നതില്‍ ഖത്തര്‍ വിജയിച്ചു. എങ്കിലും ഉപരോധം മൂലം മിഡില്‍ ഈസ്റ്റില്‍ രൂപപ്പെട്ട അരക്ഷിതാവസ്ഥ ഇപ്പോഴും ചോദ്യചിഹ്നമായി തന്നെ തുടരുകയാണ്.

പതിറ്റാണ്ടുകളായി അറബ് മേഖലയില്‍ പ്രത്യക്ഷ ഇടപെടലുകള്‍ നടത്താതിരുന്ന തുര്‍ക്കിയെന്ന നാറ്റോയിലെ വന്‍ശക്തി രാജ്യം പരസ്യമായി ഖത്തറിനെ പിന്തുണച്ച് രംഗത്ത് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഖത്തറിലേക്കുള്ള ഭക്ഷ്യ ഇറക്കുമതിയുടെ വലിയൊരു ശതമാനവും നടത്തിയിരുന്ന ഏക കര അതിര്‍ത്തി സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ പ്രതിസന്ധിയിലാവുമെന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഖത്തറിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ അവശ്യ സാധനങ്ങളും പാലുല്പന്നങ്ങളുമെത്തിച്ചത് തുര്‍ക്കിയാണ്. അങ്കാറയില്‍ നിന്നും ഇസ്താംബുളില്‍ നിന്നും ചരക്കുകളുമായി വിമാനങ്ങള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പറന്നു. അത്‌വരെ സൗദി,യു എ ഇ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്ന ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഷെല്‍ഫുകളില്‍ തുര്‍ക്കിഷ് ഉല്‍പ്പന്നങ്ങള്‍ സ്ഥാനം പിടിച്ചു. 2014ലെ കരാര്‍ പ്രകാരം തുര്‍ക്കിയുടെ പട്ടാളം മണിക്കൂറുകള്‍ക്കുള്ളില്‍ ഖത്തറിന്റെ മണ്ണില്‍ കാലുകുത്തി. ഖത്തറിന്റെ തെരുവുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഖത്തര്‍ അമീറിന്റെ ‘തമീം അല്‍ മജീദ്’ ചിത്രത്തോടൊപ്പം പ്രതിസന്ധി ഘട്ടത്തില്‍ ഓടിയെത്തിയ തുര്‍ക്കിയുടെ ഭരണാധികാരി ഉര്‍ദുഗാന്റെ ചിത്രവും ജനങ്ങള്‍ പ്രതിഷ്ഠിച്ചു. ഏറെക്കുറെ സമാന പോളിസിയുള്ള രണ്ടു രാജ്യങ്ങളുടെ സൗഹാര്‍ദം പുതിയ തലങ്ങളിലേക്ക് വികസിക്കുന്നതിന് ഉപരോധം കാരണമായി.

1871 ല്‍ ശൈഖ് ജാസ്സിം ബിന്‍ മുഹമ്മദ് അല്‍ഥാനിയുടെ ക്ഷണപ്രകാരം അന്നത്തെ തുര്‍ക്കി ഉസ്മാനിയ ഖിലാഫത്തിന്റെ അമരക്കാരന്‍ ആയിരുന്ന സുല്‍ത്താന്‍ അബ്ദുല്‍ അസീസ് ദോഹയില്‍ വന്നിരുന്നതായി ചരിത്രം പറയുന്നു.. ദോഹയും ഇസ്തംബൂളുമായി ഒരു പുതിയ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പക്ഷെ ബ്രിട്ടീഷ് ആധിപത്യത്തിലെ പല കഥകളെയും പോലെ അത് പിന്നീട് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറി മറിഞ്ഞു.

ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിനു ശേഷം രൂപം കൊണ്ട മോഡേണ്‍ രാജ്യങ്ങള്‍ അറബ് ലോകത്തിന്റെ രാഷ്ട്രീയ സവിശേഷതകളെ ക്രൂരമായി ഉടച്ചു വാര്‍ത്തു. സാമ്രാജ്യത്വ താല്പര്യങ്ങളാല്‍ വരക്കപ്പെട്ട ഭൂപടത്തിനനുസൃതമായി രാജ്യാതിര്‍ത്തികള്‍ നിശ്ചയിക്കപ്പെട്ടു. പക്ഷെ ദശാബ്ദങ്ങള്‍ പിന്നിട്ട ശേഷവും നിയോ കൊളോണിയല്‍ മേല്‍ക്കോയ്മയെ വകവെച്ചു കൊടുക്കാന്‍ തയ്യാറല്ലാത്ത സ്വതന്ത്ര ചിന്താഗതികള്‍ സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമാണ് മുല്ലപ്പൂ വിപ്ലവ സമയത്ത് ദശലക്ഷങ്ങള്‍ അണിനിരന്ന അറബ് തെരുവുകളെ പ്രകമ്പനം കൊള്ളിച്ചത്.

മിഡില്‍ ഈസ്റ്റില്‍ ഇന്ന് കേവല സുന്നി-ശിയാ സംഘട്ടനം മാത്രമല്ല നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് പൊളിറ്റിക്കല്‍ ചേരികള്‍ തമ്മിലെ മേല്‍ക്കോയ്മയ്ക്ക് വേണ്ടിയുള്ള വടം വലി കൂടിയുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും അവരുടെ സഖ്യങ്ങളും നയിക്കുന്ന ഒരു ചേരിയും തുര്‍ക്കി, ഖത്തര്‍ നയിക്കുന്ന മറു ചേരിയും തമ്മിലാണത്. മിഡില്‍ ഈസ്റ്റിന്റെ ഭാവിയെ സംബന്ധിച്ച് ഇരു ചേരികളും വെച്ചു പുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ നേര്‍ വിപരീതങ്ങളാണ്. പതിറ്റാണ്ടുകളായി സ്വേഛാധിപതികളാല്‍ അടിച്ചമര്‍ത്തപ്പെട്ട അറബ് സമൂഹത്തിനു ജനാധിപത്യത്തിന്റെ മാധുര്യം നുണയാനുള്ള തേട്ടമായിരുന്നു മുല്ലപ്പൂ വിപ്ലവമായി പരിണമിച്ചത്. തുര്‍ക്കി ഖത്തര്‍ ചേരി ജനങ്ങളുടെ അഭിലാഷങ്ങളെ പിന്തുണച്ചപ്പോള്‍ വിപ്ലവത്തിന്റെ സ്വാധീനം തങ്ങളുടെ അധികാര സിംഹാസനങ്ങള്‍ ഇളകാന്‍ കാരണമാകുമെന്ന് ഭയന്ന സൗദി,യു.എ. ഇ ഉള്‍പ്പെടുന്ന മറു ചേരി പ്രതി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

ഇതിന്റെ ഫലമായിട്ടാണ് ഈജിപ്തില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റിനെ പട്ടാള അട്ടിമറിയിലൂടെ തുറങ്കിലടച്ചത്. സൗദിയുടെ പ്രതി വിപ്ലവ പ്രവര്‍ത്തനത്തിന്റെ റിസല്‍ട്ടാണ് യെമനില്‍ കണ്ടു കൊണ്ടിരിക്കുന്ന ക്രൂരമായ മനുഷ്യക്കുരുതി. യുദ്ധം നാശം വിതച്ച യമനില്‍ ലക്ഷങ്ങളാണ് ഭക്ഷണമില്ലാതെ അലയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം യമനില്‍ പത്തു ലക്ഷത്തോളം ആളുകള്‍ക്ക് കോളറ ബാധിച്ചത് ആധുനിക മനുഷ്യ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രി, ഇപ്പോഴത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ (എം ബി എസ്) ‘ഭ്രാന്തന്‍ നയങ്ങളാണ്’ യമനെ തകര്‍ത്തതെന്ന് ലോകം ഒന്നടങ്കം വിശ്വസിച്ചിട്ടും വ്യക്തമായ അന്താരാഷ്ട്ര ഇടപെടലുകളില്ലാതെ യമനില്‍ കൂട്ടക്കുരുതി തുടരുകയാണ്. എം.ബി.എസിന്റെ രംഗപ്രവേശത്തോടെ അറബ് വസന്തത്തിന്റെ എല്ലാ ഘടകങ്ങളെയും പിഴുതെറിയാന്‍ സൗദി അറേബ്യ അത് വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശരവേഗത്തിലായി. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും വനിതാ ആക്ടിവിസ്റ്റുകളെയും എം.ബി.എസ് തുറങ്കിലടച്ചു. സൗദി രാജ കുടുംബത്തിലെ തന്നെ അതി സമ്പന്നരെ പിടിച്ചു വെച്ചു. അവരുടെ സ്വതന്ത്രമായ സാമ്പത്തിക ഇടപാടുകള്‍ നിരോധിച്ചു. മോഡറേറ്റ് നിലപാടുകളുള്ള എന്നാല്‍ എം.ബി.എസിന്റെ നിലപാടുകളെ വിയോജിക്കുന്ന പല മത പണ്ഡിതന്മാരും ജയിലിലാണ്. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സൗദി പൗരനും പരിഷ്‌കരണവാദിയുമായ ജമാല്‍ ഖശോഗിയെന്ന ലോകമറിയുന്ന മാധ്യമപ്രവര്‍ത്തകനെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തി. അറബ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ജനാധിപത്യമാണെന്ന് പ്രചരിപ്പിച്ച, ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

യു.എ.ഇ യും അവര്‍ക്കാവും വിധം എല്ലാ മേഖലയിലും സൗദിയോടൊപ്പം നിന്നു. തുര്‍ക്കിയില്‍ ഉര്‍ദുഗാനെതിരെ 2016 ല്‍ പരാജയപ്പെട്ട അട്ടിമറിക്കു എല്ലാ പിന്തുണയും അവര്‍ നല്‍കി. ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമം ടുണീഷ്യയില്‍ പരാജയപ്പെട്ടപ്പോള്‍ ഈജിപ്തില്‍ വിജയിച്ചു. പട്ടിണി പാവങ്ങളായ സൊമാലിയയെ കൈ പിടിച്ചുയര്‍ത്തേണ്ടതിനു പകരം അവരുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്ന ഇടപെടലുകള്‍ യു.എ.ഇ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. യു.എ. ഇ യില്‍ നിന്നും സൊമാലിയയിലേക്കുള്ള വിമാനത്തില്‍ 10 ദശലക്ഷം ഡോളര്‍ കറന്‍സിയാണ് പിടിക്കപ്പെട്ടത്. അറബ് സമൂഹ ത്തിന്റെ ജനാധിപത്യ മോഹത്തെ മുളയിലേ നുള്ളാന്‍ വ്യഗ്രത കൂട്ടുന്നതിനിടയില്‍ ഈജിപ്തിലും ലിബിയയിലും യമനിലും സിറിയയിലുമെല്ലാം പൊലിഞ്ഞത് നിരവധി മനുഷ്യ ജീവനുകളാണ്.

ചുരുക്കത്തില്‍, ജനാധിപത്യ മോഹങ്ങളേ പിന്തുണക്കുന്നവരുടെ ചേരിയും കാലങ്ങളായി തങ്ങള്‍ അനുഭവിച്ചു വരുന്ന അധികാരം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ജനാധിപത്യ ശ്രമങ്ങളെ എതിര്‍ക്കുന്നവരുടെ ചേരിയും തമ്മിലുള്ള മത്സരമാണ് മിഡില്‍ ഈസ്റ്റില്‍ നടക്കുന്നത്. പ്രതി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ക്കൈ ലഭിച്ച രാജ്യങ്ങളില്‍ നിന്നും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും മത പണ്ഡിതന്മാരും ഖത്തറിലും തുര്‍ക്കിയിലും അഭയം തേടിയത് യാദൃശ്ചികമല്ല. മാത്രവുമല്ല തുര്‍ക്കി-ഖത്തര്‍ സഖ്യം ഫലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായി തന്നെ പിന്തുണ നല്‍കി വരുന്നു. ഗസ്സയുടെ പുനരധിവാസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദശലക്ഷക്കണക്കിനു ഡോളറാണ് ഖത്തര്‍ ചെലവഴിക്കുന്നത്.

കഴിഞ്ഞ പതിറ്റാണ്ടില്‍ അറബ് രാജ്യങ്ങളില്‍ സ്വതന്ത്രമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ അധികാരത്തില്‍ വന്നവരില്‍ ഭൂരിഭാഗവും കിഴക്കിന്റെ സംസ്‌കാരവും പടിഞ്ഞാറിന്റെ ജനാധിപത്യവും സ്വീകരിച്ചവരാണ്. മിഡില്‍ ഈസ്റ്റിലെ അത്തരം പരിശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോരുന്നതിനാണ് തുര്‍ക്കി -ഖത്തര്‍ സഖ്യം പിന്തുണച്ചത്. ഇവരുടെ ശ്രമങ്ങളില്‍ വിറളിപൂണ്ടാണ് ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയത്.

ഉപരോധത്തിലൂടെ ഖത്തര്‍ തുര്‍ക്കി ബന്ധത്തിന് മറ്റൊരു മാനം കൈവന്നു. മിഡിലീസ്റ്റില്‍ മാത്രമല്ല ലോകത്ത് തന്നെ രാജ്യാന്തര സൗഹൃദങ്ങളിലെ വിരളമായ ഒരു മാതൃകയായി ചരിത്രത്തിലിടം പിടിക്കാനുതകുന്ന തലത്തില്‍ ഗാഢമായി വളര്‍ന്നു അത്. ഗവേഷണ, ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് സഹകരണം വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പങ്കാളിത്ത സംരംഭങ്ങള്‍ക്കും യൂണിവേഴ്സിറ്റി തലത്തിലെ സഹകരണങ്ങള്‍ക്കും തുടക്കമിട്ടു. ഭാവിയില്‍ ലോകത്തിനു മുതല്‍ക്കൂട്ടായേക്കാവുന്ന ‘തിങ്ക് ടാങ്കുകളെ’ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ക്ക് രൂപം കൊടുത്തു. ടൂറിസം വാര്‍ത്താ വിനിമയ മേഖലകളിലും ഒന്നിച്ചു പ്രവര്‍ത്തിച്ചു.

ഖത്തറിലും തുര്‍ക്കിയും സംയുക്തമായി മിലിട്ടറി പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. 1923 ലെ ഒട്ടോമന്‍ ഭരണത്തിന്റെ പതനത്തിനു ശേഷം അറബ് മേഖലയിലെ ആദ്യത്തെ തുര്‍ക്കിഷ് മിലിട്ടറി ക്യാമ്പ് ഖത്തറിലെ താരിഖ് ബിന്‍ സിയാദ് ബേസാണ്. അമേരിക്കന്‍ നീക്കങ്ങളെ തുടര്‍ന്ന് ‘തുര്‍ക്കിഷ് ലിറ’ യുടെ മൂല്യം ഇടിഞ്ഞ് വന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ തുര്‍ക്കിയില്‍ വമ്പിച്ച നിക്ഷേപമിറക്കി ഖത്തര്‍ തിരിച്ചും സഹായത്തിനെത്തി. ജമാല്‍ ഖശോഗി വധത്തിനു രണ്ടു മാസങ്ങള്‍ക്ക് ശേഷ വും മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം രൂക്ഷമാക്കി നിര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ മാധ്യമ മേഖലയിലെ ‘സോഫ്റ്റ് പവര്‍’ സ്വാധീനം കാരണമായി. അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സത്യസന്ധമായി ഇടപെട്ടു.
തുര്‍ക്കിയും ഖത്തറും മിഡില്‍ ഈസ്റ്റിനെ വഴി തെളിക്കുകയാണ്. പരിഷ്‌കൃത സമൂഹത്തിനു വേണ്ട എല്ലാ ഗുണങ്ങളുമുള്ള ഒരു ജനതയെ കെട്ടിപ്പടുക്കാനുള്ള യാത്രയിലാണവര്‍. അറബ് സമൂഹത്തിന്റെ രാഷ്ട്രീയ സ്വപ്നങ്ങള്‍ പൂവണിയിക്കാനുള്ള യാത്ര. വഴി മുടക്കി എതിര്‍ചേരി മുന്നില്‍ ചാടുമ്പോള്‍ ജയപരാജയങ്ങള്‍ ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല. പക്ഷെ ഒന്നുറപ്പാണ്, അതായിരിക്കും മിഡില്‍ ഈസ്റ്റിന്റെ ഭാവിയെ നിര്‍ണയിക്കുക.

Related Articles