Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോ

പ്രതീക്ഷിച്ചതുപോലെ അധികാരമേറ്റയുടൻ മുൻഗാമിയുടെ മനുഷ്യത്വവിരുദ്ധമായ ഉത്തരവുകൾ ഒന്നൊന്നായി റദ്ദാക്കി ലോകത്തിന് മികച്ച സന്ദേശം നൽകിയിരിക്കുകയാണ് ജോ ബൈഡൻ. ട്രംപിന്റെ മുസ്‌ലിം ബാൻ അവസാനിപ്പിച്ചതും പാരീസ് കാലാവസ്ഥ ഉടമ്പടിയിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും പിന്മാറിയ നടപടികൾ റദ്ദാക്കിയതുമാണ് ബൈഡൻ ആദ്യദിവസം തന്നെ ഒപ്പിട്ട 15 എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഏറെ പ്രധാനമായത്. ഇതിലൂടെ അന്താരാഷ് ട്ര സമൂഹത്തിന്റെ വിശ്വാസവും അദ്ദേഹം നേടിയിരിക്കുന്നു.

വംശീയവാദിയായ ട്രംപിനെ ജയിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ മോദിക്കുള്ള കൃത്യമായ സന്ദേശമാണ് ചില മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് എതിരായ നിരോധനം റദ്ദാക്കിയ നടപടി. പൗരത്വ നിയമത്തിലൂടെ ഇന്ത്യൻ മുസ്ലിംകളുടെ അസ്തിത്വം ചോദ്യം ചെയ്യുന്ന മോദിയുടെയും സംഘത്തിന്റെയും നയങ്ങൾ അംഗീകരിക്കാൻ ബൈഡൻ തയ്യാറല്ല.

അടുത്തതായി ബൈഡനിൽനിന്ന് ലോകം പ്രതീക്ഷിക്കുന്നത് ഇറാൻ ആണവ ഉടമ്പടിയിലേക്കുള്ള അമേരിക്കയുടെ മടക്കമാണ്. അതും ഉടൻ ഉണ്ടാകുമെന്ന് ന്യായമായും കരുതാം.

എന്നാൽ, അന്താരാഷ് ട്ര നിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ചും യു.എന്നിനെ നോക്കുകുത്തിയാക്കിയും ഫലസ്ത്വീൻ വിഷയത്തിൽ ട്രംപ് നടത്തിയ ഏകപക്ഷീയമായ നീക്കങ്ങളിൽനിന്ന് അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോയെന്ന ഏറ്റവും നിർണായകമായ ചോദ്യത്തിനും വരുംനാളിൽ ഉത്തരം വരേണ്ടതുണ്ട്. ഇസ്രായിലുമായുള്ള ബാന്ധവത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ ഭരണകൂടം നടത്തിയത് അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട നടപടികളാണ്. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ച് അധിനിവേശ ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് യു.എസ് എംബസി തെൽ അവീവിൽനിന്ന് അവിടേക്ക് മാറ്റിയത്, 1967ലെ യുദ്ധത്തിൽ സിറിയയിൽനിന്ന് പിടിച്ചെടുത്ത ജൂലാൻ കുന്നുകൾ ഇസ്രായിലിന് പതിച്ചുനൽകിയത്, വെസ്റ്റ്ബാങ്കിന്റെ ഫലസ്ത്വീൻ സ്വഭാവം മാറ്റുന്നതിന്റെ ഭാഗമായി അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങൾ പണിയുന്നതിനെ പിന്തുണച്ചത്, സർവോപരി ട്രംപും അയാളുടെ മരുമകൻ കുശ്‌നറും ചേർന്ന് ഫലസ്ത്വീനിനെ അമ്മാനമാടിയ ‘നൂറ്റാണ്ടിന്റെ ഡീൽ’ എന്ന കൊടും വഞ്ചന തുടങ്ങിയ വിഷയങ്ങളിലൊക്കെ ബൈഡൻ എന്തു നിലപാട് സ്വീകരിക്കുമെന്നതും ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.

Related Articles