Current Date

Search
Close this search box.
Search
Close this search box.

പാകിസ്താന്‍ തെരഞ്ഞെടുപ്പ്: പട്ടാളം സ്ഥാനമുറപ്പിക്കുമോ

അബുദാബിയില്‍ നിന്നും പോന്നതിനു ശേഷം സിയയെ കണ്ടിട്ടില്ല. ഓഫീസില്‍ തൊട്ടടുത്ത സീറ്റിലായിരുന്നു അവന്‍ ഇരുന്നിരുന്നത്. വാഗ അതിര്‍ത്തിയിലാണ് അവന്റെ വീട്. എന്നും കാലത്ത് ഇന്ത്യയും പാകിസ്ഥാനും കാണാന്‍ കഴിയും എന്നവന്‍ പറയാറുണ്ട്. അതിര്‍ത്തിയില്‍ വെടിവെപ്പും യുദ്ധവും എന്ന് കേള്‍ക്കുമ്പോള്‍ അവന്‍ അത്ഭുതപെടാറുണ്ട്. പല ദിവസങ്ങളിലും അവന്‍ ഇന്ത്യന്‍ മണ്ണില്‍ വരാറുണ്ട്. ഇന്ത്യന്‍ പട്ടാളക്കാരുമായി അവന്‍ സംസാരിക്കാറുണ്ട്. തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ കടുത്ത അനുഭാവിയാണ് അവന്‍. ഇന്നലെ അവന്റെ ഒരു മെയില്‍ വന്നു. പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്ന ചോദ്യത്തിന് അവനു ഒരു മറുപടിയെ ഉണ്ടായുള്ളൂ ‘യുവാക്കള്‍ ഇമ്രാന്റെ പിന്നില്‍ ശക്തമായി ഉറച്ചു നില്‍ക്കുന്നു. അടുത്ത സര്‍ക്കാര്‍ ഞങ്ങളുടേത് തന്നെ’

പാകിസ്ഥാന്‍ നാളെ (25-7-18) മറ്റൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നു. എല്ലാ കണ്ണുകളും ഇപ്രാവശ്യം ഇമ്രാന്‍ ഖാനിലേക്കാണ്. ഭരണ കക്ഷിക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുന്നതും അവരില്‍ നിന്ന് തന്നെ. യുവാക്കളുടെ പിന്തുണ എന്നതിലപ്പുറം പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായ പട്ടാളവും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ പിന്തുണക്കുന്നു എന്നാണ് അകത്തു കേള്‍ക്കുന്ന വിവരം. ഒരു ശക്തനല്ലാത്ത ഭരണ കൂടമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഷെരീഫിനെ പോലെ ഒരാളെ മറികടക്കാന്‍ സൈന്യത്തിനുള്ള ബുദ്ധിമുട്ടു ഭരണ കാര്യങ്ങളില്‍ അത്ര ശക്തനല്ലാത്ത ഇമ്രാന്‍ ഖാന്റെ കാര്യത്തില്‍ ഉണ്ടാവില്ല എന്നതാണത്രേ പട്ടാളത്തിന്റെ നിലപാട്.

പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇപ്രാവശ്യം മറ്റൊരു ഗുണ വശവും കൂടി ഇമ്രാന്‍ ഖാന് അനുകൂലമാണ്. ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് – നവാസ് വിഭാഗം ശക്തമായ അഴിമതി ആരോപണം നേരിടുന്നു. കൂടാതെ നേതാവ് ജയിലിലുമാണ്. തിരഞ്ഞെടുപ്പ് കഴിയാതെ അദ്ദേഹം പുറത്തു വരില്ല. അതെ സമയം പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും അതെ അവസ്ഥ നേരിടുന്നു. പാര്‍ട്ടി ലീഡര്‍ ആസിഫ് അലി പാകിസ്ഥാനില്‍ കാലു കുത്തിയാല്‍ അറസ്റ്റു ചെയ്യപ്പെടും എന്നാണു അധികാരികള്‍ പറയുന്നതും. മുപ്പതു വയസ്സുകാരന്‍ ബിലാവല്‍ ഭൂട്ടോയാണ് ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പിന് നേതൃത്ത്വം നല്‍കുന്നത്. കൂടാതെ പ്രാദേശിക പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്.

പൊതുവെ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന് കാര്യമായ വേരില്ല എന്ന് വേണം മനസ്സിലാക്കാന്‍. യഹ്‌യാ ഖാന്റെ കാലം മുതല്‍ പട്ടാളം ശകത്മായ സ്ഥാനം കയ്യാളുന്നു. പട്ടാളത്തെ മറികടന്നു ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാന്‍ പലപ്പോഴും അവിടെ ബുദ്ധിമുട്ടാണ്. ഇന്ത്യന്‍ വിരുദ്ധമാണ് എന്നും പാകിസ്ഥാന്‍ പട്ടാളം. സര്‍ക്കാരുകള്‍ ഇന്ത്യയോട് മാന്യമായ ഇടപെടല്‍ ആഗ്രഹിക്കുമ്പോള്‍ പലപ്പോഴും അതിനു തടസ്സം നില്‍ക്കുന്നത് പട്ടാളമാണ്. ഇന്ത്യക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടു മടക്കുന്നു എന്ന രീതിയില്‍ പട്ടാളം ഇത്തരം വിഷയങ്ങളെ ചിത്രീകരിക്കുന്നു എന്നത് നാം കണ്ടു കൊണ്ടിരിക്കുന്ന സത്യവും. പാകിസ്താനിലെ ശക്തനായ രാഷ്ട്രീയ നേതാവാണ് ശരീഫ്. അദ്ദേഹം ഇന്ന് അഴികള്‍ക്കുള്ളിലാണ്. അത്ര മാത്രം ശക്തനായ മറ്റൊരാള്‍ ഇപ്പോള്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇല്ല എന്നതും പട്ടാളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കും എന്ന് നിരീക്ഷകര്‍ കരുതുന്നു. ഒരു പട്ടാള അട്ടിമറി ഉണ്ടായില്ലെങ്കിലും പട്ടാളത്തിന്റെ ഇച്ഛക്ക് പൂര്‍ണമായി കീഴൊതുങ്ങുന്ന ഭരണകൂടമാകും പാകിസ്ഥാനില്‍ ഉണ്ടാവാന്‍ സാധ്യത. അത് കൊണ്ട് തന്നെയാണ് അടുത്ത ഭരണാധികാരി എന്നത് ഇമ്രാനിലേക്കു ചുരുങ്ങുന്നുവെന്ന സൂചന നല്‍കുന്നത്.

അവാമി നാഷണല്‍ പാര്‍ട്ടി(ANP), MQM,MMA എന്നീ പാര്‍ട്ടികള്‍ രംഗത്തുണ്ടെങ്കിലും പ്രാദേശികമായി മാത്രമാണ് അവര്‍ക്കു ശക്തിയുള്ളത്. അതില്‍ MQM ന് കറാച്ചിയില്‍ ശക്തമായ സാന്നിധ്യമാണുള്ളത്. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് അവാമി പാര്‍ട്ടിയുടെ ശക്തി. ഒരു കൂട്ട് മന്ത്രി സഭയില്‍ അവരുടെ സ്ഥാനം വലുതാകും. ഭരണ കക്ഷിയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പി.പി.പി പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ജനം ഒരു ബദല്‍ അന്വേഷിക്കും എന്നതാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ പ്രതീക്ഷ. യുവാക്കള്‍ അധികവും അവരുടെ പിറകിലാണ്. പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഡോളറിനു 125 എന്ന നിലയിലാണ്. അതെ സമയം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു ജി ഡി പി 5.7 ആയി ഉയര്‍ന്നത് ഷെരീഫിന്റെ കാലത്താണ്. വിലക്കയറ്റവും പണപ്പെരുപ്പവും സാമ്പത്തിക രംഗം നേരിടുന്ന പ്രശ്‌നങ്ങളാണ്. പാകിസ്ഥാന്റെ സഹായികളായിരുന്ന അമേരിക്ക,സഊദി എന്നിവര്‍ ഇപ്പോള്‍ ആ കാര്യത്തില്‍ പിറകിലാണ്. അവര്‍ക്കു ഇപ്പോള്‍ എല്ലാ വിഷയത്തിലും ശക്തമായ പിന്തുണ ലഭിക്കുന്നത് ചൈനയില്‍ നിന്നാണ്. ഇന്ത്യാ വിരുദ്ധത എന്നത് കൂടി വേണമെങ്കില്‍ ചേര്‍ത്ത് വായിക്കാം.

ഭരണ ഘടന പ്രകാരം ഒരു ഇസ്ലാമിക് റിപ്പബ്ലിക് ആയാണ് പാകിസ്ഥാന്‍ അറിയപ്പെടുന്നത്. ഭരണ രംഗത്തും പൊതു രംഗത്തും ഇസ്ലാമിന്റെ പ്രതിഫലനം തീര്‍ത്തും കുറവാണ്. ഇസ്ലാം പാകിസ്ഥാന്‍ ജനതയുടെ ഒരു വിശ്വാസം എന്നതിനേക്കാള്‍ ഒരു വികാരമാണ് എന്നതാണ് നമ്മുടെ അനുഭവം. പ്രായോഗിക ഇസ്ലാം എന്നതിനേക്കാള്‍ വൈകാരിക ഇസ്ലാമിനെയാണ് ഭരണകൂടവും പ്രോത്സാഹിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ പൊതു സമൂഹത്തില്‍ ഇസ്ലാമിക സംസ്‌കാരം അത്രയൊന്നും കണ്ടെന്നു വരില്ല. മതത്തിന്റെ പേരില്‍ രൂപം കൊള്ളുകയും വളരുകയും ചെയ്തിട്ടും മതം എന്നും അവരുടെ പ്രായോഗികതയില്‍ നിന്ന് എന്നും പുറത്തായിരുന്നു.

സിയാ പൂര്‍ണ ഉറപ്പിലാണ്. അവന്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നു. ppp,pml,പട്ടാളം എന്നതില്‍ നിന്നും ഒരു മാറ്റം പാകിസ്ഥാന്‍ ജനത ആഗ്രഹിക്കുന്നു എന്ന് അന്താരാഷ്ട്ര നിരീക്ഷകരും പറയുന്നു. കുറച്ചു മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ചിത്രം വ്യക്തമാകും. അയല്‍ വീട്ടിലെ സമാധാനം സ്വന്തം വീട്ടിലെ സമാധാനത്തിന്റെയും ഭാഗമാണ് എന്ന പൊതു ബോധമാണ് നമ്മെ ഈ വിഷയത്തില്‍ നയിക്കുന്നത്.

Related Articles