Current Date

Search
Close this search box.
Search
Close this search box.

‘ഈ ഫ്രിഡ്ജില്‍ ഇത്തവണ ഭക്ഷണമൊന്നുമില്ല’

കഴിഞ്ഞ അനവധി വര്‍ഷങ്ങളായി നാലായിരത്തോളം കുടുംബങ്ങള്‍ക്ക് നോമ്പ് തുറക്കാനുള്ള ഇഫ്താര്‍ കിറ്റുകളാണ് ‘സവ’ ജീവകാരുണ്യ സംഘടന ലെബനാനിലെ കിഴക്കന്‍ താഴ്‌വരയായ ബെക്ക വാലിയില്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ എന്‍.ജി.ഒയുടെ അടുക്കള 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. 7000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും ലെബനീസ് കുടുംബങ്ങള്‍ക്കുമാണ് അവര്‍ ദിവസവും ഭക്ഷണം വിതരണം ചെയ്യുന്നത്. ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്, ഞങ്ങളുടെ അടുക്കളയില്‍ നിന്നും വളരെ ദൂരെ പ്രദേശങ്ങളിലേക്ക് വരെ ഞങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ബെയ്‌റൂതിലും ട്രിപ്പോളിയിലും വരെ ഇത് എത്തുന്നുണ്ട്- എന്‍.ജി.ഒ വളണ്ടിയര്‍ ദോഹ ആദി പറഞ്ഞു.

ഈ റമദാനില്‍ സിറിയന്‍ അഭയാര്‍ഥികളും രാജ്യത്തുടനീളമുള്ള ദുര്‍ബലരായ ലെബനന്‍സും മാത്രമല്ല സവയോട് സഹായമാവശ്യപ്പെടുന്നത്. മുനിസിപ്പാലിറ്റി ഞങ്ങളെ ബന്ധപ്പെട്ട് പാവപ്പെട്ടവരുടെ ലിസ്റ്റ് അയച്ചു തന്നിട്ട് ഇവരെ സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുകയാണ്- ആദി പറഞ്ഞു. 2019ന് ശേഷം തകര്‍ച്ചയിലായ ലെബനീസ് പൗണ്ട് ഏകദേശം 90 ശതമാനവും മൂല്യം ഇടിഞ്ഞ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ ലെബനാന്‍ ജനസംഖ്യയിലെ പകുതിയും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. മാത്രമല്ല, അവശ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. ചെറിയ വീട്ടു സാധനങ്ങള്‍ക്ക് പോലും വില കൂടി.

രാജ്യത്തെ ചരക്കുകളില്‍ ഭൂരിഭാഗവും ലെബനാന്‍ ഇറക്കുമതി ചെയ്യുന്നവയാണ്. ലോകത്തെ തന്നെ ഏറ്റവും ഭക്ഷ്യ വിലക്കയറ്റം നേരിടുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ന് ലെബനാന്‍. യു.എന്നിന്റെ കണക്കനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ വില 400 ശതമാനത്തിനും മുകളിലാണ് വര്‍ധിച്ചത്. ഇത് ഞെട്ടിക്കുന്ന വസ്തുതയാണ്.

ലെബനാനില്‍ ഒരാളുടെ കൈയില്‍ 10,000 ലെബനീസ് പൗണ്ട് ഉണ്ടായാല്‍ എന്തെല്ലാം വാങ്ങാമെന്ന് ചിത്രസഹിതം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിത്യജീവിതത്തിലെ അവശ്യവസ്തുക്കള്‍ ഒന്നും തന്നെ വാങ്ങാന്‍ ഇത് തികയാതെ വരികയാണ്. 2019ല്‍ ഒരു ലിറ്റര്‍ പാലിന് 3000 പൗണ്ട് ഉണ്ടായിരുന്നത് 2021ല്‍ 10,000 പൗണ്ട് ആയി വര്‍ധിച്ചിരിക്കുകയാണ്. കേവലം രണ്ട് വര്‍ഷംകൊണ്ടുണ്ടായ മാറ്റം ഭീതിപ്പെടുത്തുന്നതാണ്.

അതേസമയം, ലെബനാന്‍ അടുത്ത് തന്നെ കടുത്ത പട്ടിണിയിലേക്ക് പോകുമെന്ന പത്ര റിപ്പോര്‍ട്ടിനെ തള്ളുകയാണ് ബെയ്‌റൂത് സര്‍വകലാശാല പ്രൊഫസര്‍ നാസര്‍ യാസീന്‍. എന്നാല്‍ രാജ്യത്തെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയെക്കുറിച്ച് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ലെബനാനില്‍ പോഷകാഹാരങ്ങളുടെ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 1.5 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെയും ഇത് ബാധിക്കും. ദിവസേന മൂന്ന് നേരം കഴിക്കുന്ന ഭക്ഷണം രണ്ട് നേരമായി ചുരുങ്ങും. മിക്കപ്പോഴും അവര്‍ വിലകുറഞ്ഞ ഭക്ഷണ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കേണ്ടി വരും. അതിനാല്‍ മാംസം, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണം കുറയും- യാസീന്‍ പറയുന്നു.

‘സവ’ ഇതുവരെ റമദാന്‍ ഭക്ഷണ സേവനങ്ങള്‍ക്കായി 12,000 ഡോളറിലധികം സംഭാവന നേടി. എന്നാല്‍ കുത്തനെയുള്ള ഭക്ഷ്യവിലക്കയറ്റം ഇവരെ നന്നായി ബാധിച്ചു. ഒരു കുടുംബത്തിന് ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ ഒരു കുടുംബത്തിന് ഒരു മാസം ഒരു ലക്ഷം പൗണ്ടാണ് ചിലവ് വരുന്നത്. അതായത് 66 ഡോളര്‍. മുന്‍പത്തെ ഭക്ഷണ സാധനങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യാന്‍ ആറിരട്ടിയിലധികമാണ് ചിലവ് വരുന്നത്. ഈ വര്‍ഷം ഞങ്ങളുടെ ധനസമാഹരണ പദ്ധതിയില്‍ ഞങ്ങള്‍ ഭക്ഷണ വിതരണത്തിന്റെ പട്ടികയും ചേര്‍ത്തു. നിങ്ങള്‍ക്ക് ഒരു വീട്ടില്‍ പോയി ഫ്രിഡ്ജിലോ അവരുടെ സ്റ്റോര്‍ റൂമിലോ പരിശോധിച്ചാല്‍ ഭക്ഷണം കണ്ടെത്താനാവില്ല-ആദി പറയുന്നു.

ഭക്ഷണത്തിനു പുറമെ മരുന്ന്, വസ്ത്രം, പാല്‍ എന്നിവക്കെല്ലാം വില വര്‍ധിച്ചു. കടകളില്‍ ഉപഭോക്തക്കള്‍ സബ്‌സിഡി ആവശ്യപ്പെട്ട് കടയുടമസ്ഥരോട് കലഹിക്കുന്നത് നിത്യകാഴ്ചയയാണ്. ആളുകള്‍ കൂട്ടമായി വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കാന്‍ കടക്കാര്‍ റേഷനിങ് സമ്പ്രദായം ഏര്‍പ്പെടുത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും പരിഹാരം ആകാതെ പ്രശ്‌നത്തില്‍ സുരക്ഷ സേനക്ക് ഇടപെടേണ്ടി വന്നു. ലെബനാനില്‍ വര്‍ദ്ധിച്ചുവരുന്ന ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം സുരക്ഷിതമാക്കാന്‍ കഴിയില്ലെന്നാണ് യു.എന്‍ വക്താവ് പറഞ്ഞത്. യു.എന്‍ ഏജന്‍സി 1.5 ദശലക്ഷം ജനങ്ങളെ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് മൊത്തം ജനങ്ങളുടെ ആറില്‍ ഒരാള്‍ക്കേ എത്തുന്നുള്ളൂ.

ഭക്ഷ്യവിലക്കയറ്റ പ്രതിസന്ധി പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ലെബനീസ് ധനകാര്യ മന്ത്രാലയം പറയുന്നത്.
സൂപ്പര്‍മാര്‍ക്കറ്റുകളിലെയും കടകളിലെയും അമിത വിലക്കയറ്റം നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. പക്ഷേ ഞങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് മതിയായ ഇന്‍സ്‌പെക്ടര്‍മാര്‍ ഞങ്ങളുടെ പക്കലില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കുത്തകകളെ തടയുന്നതിനും കൂടുതല്‍ വൈവിധ്യമാര്‍ന്ന വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവച്ചതിനുശേഷം ലെബനന്‍ സര്‍ക്കാര്‍ നിലവില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റ് മൈക്കല്‍ ഔനും ഇടക്കാല പ്രധാനമന്ത്രി സഅദ് ഹരീരിയും തമ്മില്‍ അഭിപ്രായ വ്യത്യാസവും നിലനില്‍ക്കുന്നുണ്ട്. അവശ്യ വസ്തുക്കള്‍ സര്‍ക്കാര്‍ കഴിഞ്ഞ സബ്‌സിഡി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് ഉടന്‍ അവസാനിച്ചേക്കാം. പെട്രോള്‍, ധാന്യപ്പൊടി, മരുന്ന് എന്നിവക്ക് ഏര്‍പ്പെടുത്തിയ സബ്‌സിഡി ഉടന്‍ ഒഴിവാക്കിയേക്കും. സബ്‌സിഡി ഒരു പരിഹാരമല്ലെന്നും പ്രശ്‌നത്തിന് സമഗ്രമായ പരിഹാരമാണ് വേണ്ടതതെന്നുമാണ് ധനകാര്യ മന്ത്രാലയം പറയുന്നത്.

ലെബനാന്റെ വിനാശകരമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, പ്രത്യേകിച്ചും കുപ്രസിദ്ധമായ അഴിമതിക്കാരായ ഭരണവര്‍ഗം ഭരിക്കുന്ന രാജ്യത്ത്. എന്നാല്‍ സാമ്പത്തിക നാശത്തിന് മുമ്പുള്ള ജീവിതത്തെ നന്നാക്കാന്‍ ഇഫ്താര്‍ ഭക്ഷണം നല്‍കി കുടുംബങ്ങളെ ആശ്വസിപ്പിക്കാനാവുമെന്നാണ് സവ പോലുള്ള സംഘടനകള്‍ പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിനും ഐക്യത്തിനും സംസ്‌കാരത്തിനും അനുസൃതമായി റമദാനിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്‌

Related Articles