Views

കുറ്റവിമുക്തനായ മുബാറക് വിപ്ലവത്തെയാണ് പരിഹസിക്കുന്നത്

മൂന്ന് പതിറ്റാണ്ടിലേറെ കാലം ഈജിപ്ഷ്യന്‍ ജനതക്ക് മേല്‍ കടുത്ത സ്വേച്ഛാധിപത്യ ഭരണം കയ്യാളിയ ഹുസ്‌നി മുബാറക് കുറ്റവിമുക്തനാക്കപ്പെട്ട് തന്റെ വീട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. 850 പ്രകടനക്കാരെ കൊലപ്പെടുത്തിയ കേസില്‍ പരമോന്നത കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് ഈ മോചനം. അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന ഈജിപ്ഷ്യന്‍ ജനകീയ വിപ്ലവത്തിന്റെ ദുരന്തസമാനമായ അന്ത്യത്തെ കുറിക്കുന്നതു കൂടിയാണ് ഈ കുറ്റവിമുക്തി.

ഫൈവ് സ്റ്റാര്‍ നിലവാരത്തേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വിചാരണയാണ് കഴിഞ്ഞ ആറ് വര്‍ഷം മുബാറക് നേരിട്ടത്. അദ്ദേഹം മിലിറ്ററി ഹോസ്പിറ്റലില്‍ കഴിയുന്നു. അദ്ദേഹത്തിന്റെ മക്കളും അടിച്ചമര്‍ത്തല്‍ ഭരണകൂടത്തില്‍ ഒപ്പമുണ്ടായിരുന്നവരും പുറത്ത് സ്വസ്ഥമായി വിഹരിക്കുന്നു. അതേസമയം ഈജിപ്തിന്റെ ജനാധിപത്യരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അടക്കമുള്ള വിപ്ലവകാരികള്‍ അഴികള്‍ക്ക് പിന്നില്‍ അടക്കപ്പെട്ടിരിക്കുന്നു. ജീവിതകാലം മുഴുവന്‍ അനുഭവിക്കാനുള്ള തടവാണ് അവര്‍ക്ക് മേല്‍ വിധിക്കപ്പെട്ടിരിക്കുന്നത്. അവരില്‍ പലരും തങ്ങള്‍ക്ക് മേലുള്ള വധശിക്ഷ നടപ്പാക്കുന്നതും കാത്ത് ഓറഞ്ച് നിറമുള്ള ജയില്‍ വസ്ത്രം അണിയിക്കപ്പെട്ടവരാണ്.

മുബാറകിനെതിരെ വിപ്ലവം നയിച്ച ലക്ഷക്കണക്കിനാളുകളെ വേദനിപ്പിക്കുന്ന കാര്യമാണ് ഈ കുറ്റവിമുക്തനാക്കല്‍. അദ്ദേഹത്തിന്റെയും ആഭ്യന്തര മന്ത്രി ഹബീബ് അല്‍ആദിലിയുടെയും കല്‍പന കേട്ടാണ് സുരക്ഷാ വിഭാഗം അന്ന് പ്രകടനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. നീതിയും സ്വാതന്ത്ര്യവും അന്തസ്സോടെ ജീവിക്കാനുള്ള മാര്‍ഗവും ആവശ്യപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്ക് നേരെയാണ് അന്ന് വെടിയുതിര്‍ത്തത്.

അടിച്ചമര്‍ത്തലിന്റെയും അഴിമതിയുടെയും പ്രതീകമായ ഒരാളെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധിക്കെതിരെ പ്രതിഷേധിച്ച് കെയ്‌റോയുടെ ഹൃദയഭാഗത്തുള്ള തഹ്‌രീര്‍ സക്വയര്‍ ഒരിക്കല്‍ കൂടി ജനനിബിഢമാവില്ല. കാരണം, കഴിഞ്ഞ കാലത്ത് അനുവദിക്കപ്പെട്ടിരുന്ന ആ പ്രവര്‍ത്തനം പുതിയ ഭരണത്തില്‍ നിരോധിക്കപ്പെട്ട കാര്യങ്ങളുടെ കൂട്ടത്തിലാണുള്ളത്.

പ്രത്യക്ഷത്തില്‍ രംഗത്തില്ലെങ്കിലും പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ ഭരണകൂടം അധികാരം വിട്ടുപോയിട്ടില്ല. ഈജിപ്ഷ്യന്‍ ജനത പട്ടിണി കൊണ്ട് പൊറുതിമുട്ടുമ്പോഴും അവരുടെ ചോരയും നീരും കവര്‍ന്നെടുത്ത്, അത് വിപണനം ചെയ്ത് വലിയ അളവില്‍ സമ്പാദിച്ച അദ്ദേഹത്തിന്റെ കാലത്തെ നേതാക്കളും ജോലിക്കാരും വരെ ഇപ്പോഴുമുണ്ട്. ജനതയുടെ രക്തം ഊറ്റിക്കുടിക്കാനാനും അവരുടെ സമ്പത്ത് കവര്‍ന്നെടുക്കാനും കൂടുതല്‍ കരുത്തോടെയും തീവ്രതയോടെയും മടങ്ങിയെത്തിയിരിക്കുകയാണവര്‍.

മഹത്തായ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്ന ‘ആഹാരം, സ്വാതന്ത്ര്യം, സാമൂഹ്യനീതി’ ആവിയായിരിക്കുന്നു. ഇന്നത് മുഴക്കാന്‍ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അവനെ കാത്തിരിക്കുന്നത് ജയിലറയാണ്. അവനെതിരെയുള്ള കുറ്റപ്പത്രം വരെ തയ്യാറാണ്. വിപ്ലവത്തിന്റെ ഓര്‍മകള്‍ മടക്കി കൊണ്ടുവരുന്നവര്‍ക്ക് ഇരുമ്പഴികള്‍ സമ്മാനിക്കാനുള്ള വിചാരണയും വിധിയും വരെ ഒരുക്കിവെച്ചിരിക്കുകയാണ്.

അഴിമതിയുടെയും അടിച്ചമര്‍ത്തലിന്റെയും അവകാശങ്ങള്‍ കണ്ടുകെട്ടലിന്റെയും പ്രതീകങ്ങളെ കുറ്റവിമുക്തരാക്കിയതിലൂടെ ഈജിപ്തിന്റെ ചരിത്രത്തിലെ ശോഭനമായ ഒരേടാണ് ചുരുട്ടിവെക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനെതിരെ വിപ്ലവം നയിച്ച സഹനശീലരും നല്ലമനസ്സിന്റെ ഉടമകളുമായ ഈജിപ്ഷ്യന്‍ ജനതയെ നിന്ദിക്കുകയാണതിലൂടെ. മറിച്ച് അദ്ദേഹവും കൂട്ടാളികളും ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍, അന്തസ്സിന്റെയും മാന്യതയുടെയും സാമൂഹ്യനീതിയുടെയും പുതിയൊരു പ്രഭാതത്തെ കുറിച്ച പ്രതീക്ഷകള്‍ അത് നല്‍കുമായിരുന്നു.
ഈജിപ്ഷ്യന്‍ വിപ്ലവമേ നിനക്ക് വിട… രക്തസാക്ഷികളേ നിങ്ങള്‍ക്ക് നിത്യശാന്തി…

അവലംബം: raialyoum.com
വിവ: നസീഫ്‌

Facebook Comments
Related Articles
Show More
Close
Close