Views

പ്രസിഡന്റ് മുര്‍സിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍

വിടപറഞ്ഞ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയോട് എനിക്കേറെ പ്രിയമായിരുന്നുവെന്ന് തുറന്നു പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ആ ഇഷ്ടം ഇപ്പോഴും തുടരുന്നു. കോടതിമുറിയില്‍ അദ്ദേഹം മരണപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. നീല ജയില്‍ വസ്ത്രം ധരിച്ച് ഇരുപത് മിനുറ്റോളം നീണ്ട കോടതി വ്യവഹാരത്തിനിടെയായിരുന്നു അത്. എതിരാളികളും പബ്ലിക് പ്രോസിക്യൂട്ടറും അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളെല്ലാം അവിടെ ഉയര്‍ത്തിയിരുന്നു.

പ്രസിഡന്റ് മുര്‍സിയുമായി രണ്ട് തവണ കൂടിക്കാഴ്ച്ചക്ക് എനിക്ക് അവസരം ലഭിച്ചിരുന്നു. അതില്‍ ഒന്നാമത്തേത് തീര്‍ത്തും യാദൃശ്ചികമായിരുന്നു. 2012 സെപ്റ്റംബറില്‍ അങ്കാറയില്‍ ചേര്‍ന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി സമ്മേളത്തിലേക്ക് ക്ഷണിക്കപ്പെട്ടതായിരുന്നു ഞാന്‍. തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാനായിരുന്നു പ്രസ്തുത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത്. കെയ്‌റോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് 2013 ജൂണ്‍ മൂന്നിനായിരുന്നു അദ്ദേഹവുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച്ച. അദ്ദേഹം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് ഏകദേശം ഒരു മാസം മുമ്പായിരുന്നു അത്.

തുര്‍ക്കി തലസ്ഥാന നഗരിയിലെ മാരിയറ്റ് ഹോട്ടലില്‍ കഫേയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ക്ഷണിക്കപ്പെട്ട നിരവധി പേര്‍ എനിക്കൊപ്പം അവിടെയുണ്ടായിരുന്നു. പ്രസിഡന്റ് മുര്‍സി അവരില്‍ പ്രധാനിയായിരുന്നു. തുര്‍ക്കി പ്രസിഡന്റ് അവിടെ പ്രത്യേകം വിരുന്നൊരുക്കിയിരുന്നു. അവിടെ വെച്ചാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മധ്യേ പ്രസിഡന്റ് മുര്‍സിയെ ഞാന്‍ കാണുന്നത്. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു. അപ്പോഴദ്ദേഹം എന്റെ നേരെ നടന്നുവന്ന് എന്നെ ആലിംഗനം ചെയ്ത് തമാശ രൂപേണ ശകാരിച്ചു. അദ്ദേഹം പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ ഈജിപ്തില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിക്കുകയോ അഭിനന്ദനം അറിയിക്കുകയോ ചെയ്തിരുന്നില്ല. കെയ്‌റോയിലേക്ക് മടങ്ങുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഒരുങ്ങുകകായിരുന്ന അദ്ദേഹത്തിനൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ എനിക്ക് സാധിച്ചു. കേവലം ഏഴ് മണിക്കൂര്‍ മാത്രമായിരുന്നു അദ്ദേഹം അങ്കാറയില്‍ ചെലവഴിച്ചത്.

കെയ്‌റോ സന്ദര്‍ശിക്കാത്തതിന്റെ കാരണം പ്രസിഡന്റ് മുര്‍സി എന്നോട് ചോദിച്ചിരുന്നു. അതിന്റെ കാരണം വളരെ ലളിതമാണെന്ന് ഞാന്‍ മറുപടി നല്‍കി. ഈജിപ്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ കരിമ്പട്ടികയില്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് എനിക്ക് ഇടം നല്‍കി ആദരിച്ചിരുന്നു എന്നതാണത്. ആ കരിമ്പട്ടിക നാം കീറിക്കളയുമെന്നാണ് ചിരിച്ചുകൊണ്ടദ്ദേഹം അപ്പോള്‍ പറഞ്ഞത്. താങ്കളെ ഞാന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കും, അപ്പോള്‍ ഈജിപ്ത് താങ്കളുടെ നാടായി മാറും. താങ്കളെ സ്‌നേഹിക്കുന്ന നിരവധിയാളുകള്‍ അവിടെയുണ്ട്, അറബിക്കും മുസ്‌ലിമിനും പ്രവേശനം നിഷേധിക്കുന്ന ഒരു ലിസ്റ്റും അവിടെയുണ്ടാവില്ല. പുതിയൊരു ഘട്ടത്തിന്റെ മുന്നിലാണ് ഞങ്ങളുള്ളത്. എന്നും അദ്ദേഹം പറഞ്ഞു. കാനാന്‍ ദേശത്ത് വെച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഞാന്‍ യാത്രയയച്ചു.

ഈജിപ്തിലെ സമാധാനപരമായ അവസ്ഥയുടെ അഭാവം കാരണം ഞാന്‍ ക്ഷണം സ്വീകരിക്കാന്‍ വൈകി. പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ജൂണ്‍ ആദ്യത്തില്‍ കെയ്‌റോയിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. അറബ് പ്രദേശങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ കൊണ്ട് നിബിഡമായിരുന്നു അവിടെ. ഈജിപ്തിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത മാധ്യമങ്ങളുടെ ഉണര്‍വിനാണ് അവിടം സാക്ഷ്യം വഹിച്ചിരുന്നത്. മണിക്കൂറുകളോളം നീണ്ടുനിന്ന ടോക് ഷോകള്‍ അഭിപ്രായപ്രകടനത്തിനും മാധ്യമങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്. മറ്റൊരു അറബ് നാട്ടിലും മുമ്പ് ഈജിപ്തില്‍ തന്നെയും കാണാനാവാത്ത ഒരു കാഴ്ച്ചയായിരുന്നു അത്.

ഞാന്‍ ‘അല്‍ഖുദ്‌സുല്‍ അറബി’യില്‍ പത്രാധിപരായിരുന്നപ്പോള്‍ അതിന്റെ ബ്യൂറോ ചീഫ് ആയിരുന്ന എന്റെ സുഹൃത്ത് ഹസനൈന്‍ കറൂമിനോട് പ്രസിഡന്റ് മുര്‍സിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനെ കുറിച്ച് പറഞ്ഞു. സുഹൃത്തിന്റെ മുഖത്ത് അത് അനിഷ്ടം പ്രകടമാക്കി. എന്റെ ആഗ്രഹത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. മുസ്‌ലിം ബ്രദര്‍ഹുഡിനോട് യാതൊരു അനുഭാവവും ഇല്ലാത്ത ആളായിരുന്നു ആ സുഹൃത്ത്. അദ്ദേഹം തന്റെ നിലപാട് തുറന്നു പറഞ്ഞെങ്കിലും പ്രസിഡന്റിന്റെ ഓഫീസില്‍ ബന്ധപ്പെട്ട് ആവശ്യം അറിയിക്കാമെന്ന് പറഞ്ഞു. ഏകദേശം ഒരു മണിക്കൂറിനകം മറുപടി വന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഉച്ചക്ക് 12 മണിക്കാണ് സമയം തന്നിരിക്കുന്നതെന്നും പ്രസിഡന്റ് നമ്മെ കാത്തിരിക്കുമെന്നും ഞാന്‍ കറൂമിനെ അറിയിച്ചു. സുഹൃത്ത് കറൂം എന്നോടൊപ്പം കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. എന്നോട് ഒറ്റക്ക് പോകാന്‍ പറഞ്ഞ അദ്ദേഹം താന്‍ പ്രസിഡന്റിനെ കാണാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള എതിര്‍പ്പ് ആവര്‍ത്തിച്ച അദ്ദേഹം എന്നെയും പരിഹസിച്ചു.

പ്രോട്ടോകോള്‍ പ്രകാരം അയച്ച കാറില്‍ ഞാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്തി. മെറ്റല്‍ ഡിറ്റക്ടറുകള്‍ വഴികളിലുണ്ടായിരുന്നു എന്നതും അനുഗമിക്കാന്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു എന്നതുമൊഴിച്ചാല്‍ മറ്റ് യാതൊരുവിധ പരിശോധനയും എനിക്കുണ്ടായിരുന്നില്ല. പെട്ടന്ന് നിറയെ ഫയലുകളടങ്ങിയ ബാഗുമായി അതികായനായ ഒരാള്‍ എന്നെ തടഞ്ഞു നിര്‍ത്തി. എന്നെ പരിചയപ്പെട്ട അദ്ദേഹം താന്‍ ജനറല്‍ മുറാദ് മുവാഫിയാണെന്ന് സ്വയം പരിചയപ്പെടുത്തി. ഉമര്‍ സുലൈമാന് ശേഷം ഈജ്പ്ത് ഇന്റലിജന്‍സ് മേധാവിയായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയാണദ്ദേഹം. സ്വതസിദ്ധമായ ഈജിപ്ഷ്യന്‍ ശൈലിയില്‍ അദ്ദേഹമെന്നെ സ്വാഗതം ചെയ്തു. പ്രസിഡന്റിനെ കാണാനാണ് വന്നിട്ടുള്ളതെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു, എനിക്കതറിയാം. ഞാന്‍ തമാശയായി അദ്ദേഹത്തോട് പറഞ്ഞു: എനിക്ക് ഒരൊറ്റ അപേക്ഷയേ ഉള്ളൂ, തിരിച്ച് പോകുമ്പോള്‍ കെയ്‌റോ എയര്‍പോര്‍ട്ടില്‍ നിങ്ങളുടെ സംഘം എനിക്ക് തടസ്സമുണ്ടാക്കരുത്. താങ്കള്‍ക്ക് മുമ്പില്‍ യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അങ്ങേയറ്റം ലളിതമായിരുന്നു പ്രസിഡന്റ് മുര്‍സിയുടെ ഓഫീസ്. അദ്ദേഹത്തിന് അഭിമുഖമായി സോഫയില്‍ ഞാനിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് ചുമതല വഹിച്ചിരുന്ന ഡോ. യാസില്‍ അലിയല്ലാതെ മറ്റാരും കൂടിക്കാഴ്ച്ചക്കുണ്ടായിരുന്നില്ല. മിക്ക ഈജിപ്തുകാരെയും പോലെ സ്‌നേഹസമ്പന്നനും നല്ലമനസ്സിനുടമയുമായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. സംസാരത്തിലുടനീളം ഈജിപ്തിന്റെ സാമ്പത്തിക പരിഷ്‌കരണത്തെയും വ്യവസായങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനെയും സ്വയം പര്യാപ്തത കൈവരിക്കുന്നതിനെയും കുറിച്ച തന്റെ മോഹങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഒരു ടണിന് അഞ്ച് ഡോളര്‍ പോലും കൊടുക്കാതെ അമേരിക്കയില്‍ നിന്നും വാങ്ങിയിരുന്ന ഗോതമ്പിന് പകരം 300 ഡോളര്‍ കൊടുത്ത് ഈജിപ്തിലെ കര്‍ഷകരില്‍ നിന്ന് ഗോതമ്പ് വാങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ പരിമിതമായ ആ സമയം കൊണ്ട് വേറെയും വിഷയങ്ങള്‍ അദ്ദേഹം സംസാരിച്ചു.

കൊട്ടാരത്തില്‍ നിന്നിറങ്ങിയതും എന്റെ മൊബൈല്‍ നിര്‍ത്താതെ റിംഗ് ചെയ്യാന്‍ തുടങ്ങി. പരിചയമില്ലാത്ത നമ്പറായതിനാല്‍ ഞാന്‍ സ്വീകരിച്ചില്ല. പിന്നീട് ലണ്ടനില്‍ ഒന്ന് ഒരു സുഹൃത്ത് വിളിച്ച് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ അസീസ് സൈഫുദ്ദീന്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് പറഞ്ഞു. മിലിറ്ററി കൗണ്‍സില്‍ അംഗവും സൈനിക വ്യവസായ മേധാവിയുമായിരുന്ന അദ്ദേഹം എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആ അപരിചിതമായ നമ്പര്‍ അദ്ദേഹത്തില്‍ നിന്ന് തന്നെയായിരിക്കണം. ഓഫീസര്‍മാരുടെ ക്ലബ്ബിലേക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ അദ്ദേഹമെന്നെ ക്ഷണിച്ചു. ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി അവിടെയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അന്നഹ്ദ അണക്കെട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് വിളിച്ച അടിയന്തരി യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം പോയതാണെന്നാണ് എന്നോട് പറയപ്പെട്ടത്. അടുത്ത ദിവസം ഞാന്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചു. എന്റെ വിദ്യാര്‍ഥി ജീവിതത്തിന്റെ സുവര്‍ണകാലം ഞാന്‍ ചെലവഴിച്ച് ഈജിപ്ഷ്യന്‍ തലസ്ഥാനത്തേക്ക് പിന്നീട് ഞാന്‍ പോയിട്ടില്ല.

അങ്ങേയറ്റത്തെ ആതിഥ്യമര്യാദയോടെയും സ്‌നേഹത്തിലും സൗഹൃദത്തിലുമാണ് ജനറല്‍ സൈഫുദ്ദീനും കൂട്ടുകാരും പെരുമാറിയത്. മുന്‍ വാര്‍ത്താവിനിമയ മന്ത്രി ഡോ. ഹുസൈന്‍ ഹൈകല്‍ ഒഴികെ അവിടെയുണ്ടായിരുന്നവരെല്ലാം സൈനികരായിരുന്നു. പ്രസിഡന്റ് മുര്‍സിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള പദ്ധതിയുണ്ടെന്നും അതിന്നുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അവിടത്തെ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. മറ്റൊരു കഥയാണത്.

ഞാന്‍ ഒരിക്കലും മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമായിരുന്നില്ല. എന്നാല്‍ മുര്‍സിയും അദ്ദേഹത്തിന്റെ നിരവധി അനുയായികളും അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെയും ജയില്‍ വസ്ത്രം അണിയിക്കപ്പെട്ടതിലൂടെയും കടുത്ത അതിക്രമത്തിനും അനീതിക്കുമാണ് വിധേയമാക്കപ്പെട്ടിരിക്കുന്നതെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. അതേസമയം ഈജിപ്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും കൊടുംകുറ്റകൃത്യങ്ങള്‍ നടമാടുകയും ചെയ്തവര്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തവര്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. മുര്‍സിയുടെ പല നയങ്ങളോടും ഞാന്‍ വിയോജിക്കുന്നുണ്ട്. നീതിയുടെയും മനുഷ്യവകാശങ്ങളുടെയും മൂല്യങ്ങള്‍ക്ക് വിരുദ്ധമായി അദ്ദേഹത്തിന് നേര്‍ക്ക് നടത്തുന്ന ക്രൂരമായ പെരുമാറ്റത്തിന് ഇതൊരിക്കലും ന്യായമല്ല.

എന്റെ ഈ വാക്കുകള്‍ പലരിലും അതൃപ്തിയുണ്ടാക്കുമെന്നെനിക്കറിയാം. ഒരുപക്ഷേ ഈജിപ്തിന്റെ കരിമ്പട്ടികയില്‍ എന്റെ പേര് കൂടുതല്‍ ശക്തമായി ഇടംനേടിയേക്കും. എന്നാല്‍ എന്തുവില കൊടുത്തിട്ടാണെങ്കിലും സത്യം പറയാതിരിക്കാനാവില്ല. വിടപറഞ്ഞ മുര്‍സിക്ക് അല്ലാഹു കാരുണ്യം ചൊരിഞ്ഞു നല്‍കുകയും സ്വര്‍ഗപൂന്തോപ്പില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും എല്ലാവിധ അനുശോചനവും അറിയിക്കുകയും ചെയ്യുന്നു.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles
Show More

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Close
Close