Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകള്‍

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ക്രൂരമായ കൊലപാതകത്തിന്റെ അലയൊലികള്‍ ലോകത്ത് ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്. കൊലപാതകം തങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയതല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗദി ഭരണകൂടം. എന്നാല്‍ ഖഷോഗി സൗദി ഭരണകൂടത്തിന്റെ ശക്തമായ വിമര്‍ശകനും നിരന്തരം സൗദിക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്നയാളായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം സൗദി ഭരണാധികാരികളുടെ ശിക്ഷാ നടപടിക്കിരയാണ് എന്ന് ഉറപ്പാണ്. ഖഷോഗിയുടെ കൊലപാതകം അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചു. എന്നാല്‍ മധ്യേഷ്യയുടെ അടിച്ചമര്‍ത്തലിന്റെ ഇര അദ്ദേഹം മാത്രമല്ല.

പ്രധാന ഉന്നം മാധ്യമപ്രവര്‍ത്തകര്‍

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിരവധി സമരങ്ങളാണ് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയത്. ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്തിയതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിലേറെ ആളുകളാണ് ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും ചൂഷണങ്ങള്‍ക്കും തടവു ശിക്ഷക്കും ഇരയായത്. ഇതിലെല്ലാം പ്രധാന ഇരകള്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു.

ഈ വര്‍ഷം മാത്രം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് മുന്‍കൂട്ടിയുള്ള ആക്രമണങ്ങളുണ്ടായത്. സൗദിയിലും യെമനിലും തുടങ്ങി ഈജിപ്തിലും അതിനുമപ്പുറത്തും വരെ ദിനേന നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണങ്ങളുണ്ടാകുന്നത്.

ഈ വര്‍ഷം മാത്രം ജോലിക്കിടെ 45 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 13 എണ്ണം സിറിയ,യെമന്‍,ഫലസ്തീന്‍,ഇസ്രായേല്‍,ലിബിയ,സൗദി എന്നിവിടങ്ങളിലാണ്.
എന്നാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ മറ്റു കേസിനേക്കാള്‍ ഭയാനകമാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെല്ലാം ഇങ്ങനെയാകും സ്ഥിതി എന്ന മുന്നറിയിപ്പാണ് ഈ സംഭവം നല്‍കുന്നത്. ഈ മേഖലകളില്‍ ബദല്‍ വീക്ഷണങ്ങള്‍ക്കൊന്നും സ്ഥാനമില്ല.

2017 ഡിസംബറില്‍ സൗദി മാധ്യമപ്രവര്‍ത്തകനായ സാലിഹ് അല്‍ ഷെഹിയെ അറസ്റ്റു ചെയ്തതിനെക്കുറിച്ച് ജനുവരിയില്‍ ജമാല്‍ ഖഷോഗി വാഷിങ്ടണ്‍ പോസ്റ്റില്‍ ഒരു കോളമെഴുതിയിരുന്നു. ഇതേസമയം തന്നെ ഏകദേശം 15ഓളം മാധ്യമപ്രവര്‍ത്തകര്‍ സൗദിയില്‍ തടവില്‍ കഴിയുന്നുണ്ടായിരുന്നു.

ജനുവരിക്കു ശേഷം ബഗ്ദാദില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. ദിജ്‌ല എന്ന ചാനലിന് ആക്രമികള്‍ തീയിട്ടു. യെമനില്‍ അല്‍ജസീറയുടെ ഓഫീസ് പട്ടാളം പൂട്ടിച്ചു. സുഡാനില്‍ ഏഴു മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഈജിപ്തില്‍ മഹ്മൂദ് അബൂ സെയ്ദ് എന്ന മാധ്യമ ഫോട്ടോഗ്രാഫറെ അഞ്ചു വര്‍ഷം ജയിലിലടച്ചു.

2018ലെ സംഭവങ്ങള്‍ മാത്രമെടുത്ത് പരിശോധിച്ചാല്‍ പല കേസുകളും തമ്മില്‍ താരതമ്യം ഉള്ളതായി കാണാം. മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും ആണ് സിവില്‍ യുദ്ധങ്ങളുടെ പ്രധാന ഇരകള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ യെമനി ജേര്‍ണലിസ്റ്റായ അവാദ് ഷമീമിനെ അറസ്റ്റു ചെയ്തത് സര്‍ക്കാരിനെ വിമര്‍ശിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനായിരുന്നു. കഴിഞ്ഞ ജൂണില്‍ സൈനിക ക്യാംപയിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഹൂതികള്‍ തടവിലാക്കിയ അന്‍വര്‍ അല്‍ റകന്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ ഭരണ-വിമത വിഭാഗങ്ങളില്‍ നിന്നും വലിയ ഭീഷണിയാണ് ഈ കൂട്ടര്‍ നേരിടുന്നത്. നിരവധി ജേര്‍ണലിസ്റ്റുകളാണ് റഷ്യയുടെ ഉപരോധത്തില്‍ കൊല്ലപ്പെട്ടത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ വിലയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും നേരെ സര്‍ക്കാരുകളുടെ അടിച്ചമര്‍ത്തല്‍ നയം തുടരുകയാണ് ചെയ്യുന്നത്.

Related Articles