Current Date

Search
Close this search box.
Search
Close this search box.

പ്രേമവും സ്നേഹവും

ഒരു സൂഫിക്കഥയുണ്ട്, പണ്ട് ഏതോ ബുദ്ധിമാനോട് ആരോ ചോദിച്ചുവത്രെ! പ്രേമവും സ്നേഹവും തമ്മിലെന്താ വ്യത്യാസം? അദ്ദേഹം പ്രതിവചിച്ചു: പൂവിനോട് പ്രേമം തോന്നിയാൽ ഇലകൾ, കൊമ്പ് , മുള്ള് എന്നിവയിൽ നിന്നും അതിനെ പറിച്ചെടുത്ത് സ്വന്തമാക്കും. സ്നേഹം തോന്നിയാൽ അതിന് വെള്ളവും വളവും നല്കി സംരക്ഷിക്കും. ഈയൊയൊരറ്റക്കഥ മതി മാംസമാത്രമായ പ്രേമത്തേയും ഹൃദയാർജിത സ്നേഹത്തേയും വ്യവഛേദിച്ച് മനസ്സിലാക്കാൻ .

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത് എന്നാണ് വാലന്റൈൻ പ്രായോജകർ പറഞ്ഞു പരത്തുന്ന ഐതിഹ്യം. കഥയെന്തായാലും നിഷിദ്ധമായ ഒരു ബന്ധം ആത്മീയമായി താലോലിക്കാൻ ആഗ്രഹമുള്ള പടിഞ്ഞാറും പാശ്ചാത്യന്റെ മുട്ടിനൊത്ത് നൃത്തം ചെയ്യുന്ന പൗരസ്ത്യനും ഈ തെമ്മാടിപ്പെരുന്നാളിന്റെ ബ്രാന്റ് അമ്പാസിഡർമാരായതിൽ അത്ഭുതമില്ല !!

ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും പാശ്ചാത്യൻ ഓരോ പ്രത്യേകത കല്പിച്ചു നല്കുന്നു.ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആർമാദ ദിനങ്ങളുടെ ക്രമം.

കാതോരമിരുന്നു പ്രണയം പറയാനും സ്വൈരസല്ലാപത്തിനും റൊമാന്റിക് ഡെസ്റ്റിനേഷനുകളിലേക്ക് സ്പെഷൽ പാക്കേജ് തയാറാക്കുന്നു ചില എയർവെയ്സുകാരുടെ പോസ്റ്റ് കൊറോണ് കാലത്തെ ഒരു പരസ്യം.ഫെബ്രുവരി പതിനാലിനു വാലന്റൈൻ സ്മരണയിൽ ഹൃദയം പങ്കുവയ്ക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ ലിസ്റ്റ് വരെ ആ വിമാന കമ്പനികൾ തയാറാക്കിയിട്ടുണ്ടായിരുന്നു.രണ്ടു പേർക്കാണ് പാക്കേജ്. ഡെപ്പോസിറ്റ് സ്കീം പ്രകാരം കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും. പക്ഷേ 18 + വയസ്സായെന്ന് തെളിയിക്കണമെന്ന് മാത്രം.

മതദർശനങ്ങൾ പഠിപ്പിക്കുന്ന സ്നേഹം പരിശുദ്ധമാണ്, പുണ്യമാണ്. അതിന്റെ ഉറവിടം മനസ്സാവണമെന്നുമാത്രം. അത് വിവാഹമാവുന്ന പൂങ്കാവനത്തിലാണ് വിരിയുക. മനസ്സും മനസ്സും സ്നേഹിക്കുമ്പോൾ അവിടെ വസന്തം പൂത്തുലയുന്നു, സന്തോഷമുണ്ടാകുന്നു. പറഞ്ഞറിയാക്കാനാവാത്ത മന:സ്സുഖം ലഭിക്കുന്നു. പക്ഷെ പ്രേമം അഥവാ തൊലിപ്പുറമേയുള്ള സ്നേഹം അത് പാപമായതിനാലാണ് നിഷിദ്ധമാവുന്നത്.വിവാഹം സ്വപ്നം കാണുന്ന ആൺകുട്ടിയും പെൺകുട്ടിയും അത് അർഹിക്കുന്ന രൂപത്തിൽ നടത്തണം. അതിന് മാത്രമേ നിലനില്പുള്ളൂ. പ്രേമ വിവാഹം 90% വും ബാല്യത്തിലേ മരിക്കുകയോ കൗമാരത്തിലേ അസ്തമിക്കുകയോ ചെയ്യുന്നു.

പല സഹോദരന്മാർക്കുമൊരു ചോദ്യമുണ്ടാകും; സ്നേഹിച്ച് വിവാഹം കഴിച്ചുകൂടെയെന്ന് ? തിരിച്ചൊന്നു ചോദിക്കട്ടെ, വിവാഹം കഴിച്ചതിന് ശേഷം സ്നേഹിച്ചുകൂടെ ? വിവാഹത്തിന് മുമ്പ് പ്രേമമെന്ന ലേബലിൽ സംസാരങ്ങളും സല്ലാപങ്ങളും ഓൺലൈൻ / ഓഫ്‌ലൈൻ സംഗമങ്ങളും അത്യന്തം അപകടകരങ്ങളാണ്. അത്തരം കാര്യങ്ങളിലകപ്പെട്ടാൽ ജീവിതം തുലയുമെന്നതിന് സോഷ്യൽ മീഡിയ തന്നെ സാക്ഷി .

പ്രേമ വിവാഹത്തിന്റെ മുഖവുര തന്നെ ഇസ്ലാം നിരാകരിക്കുന്നുണ്ടെന്ന് നാം . നബി (സ)യുടെ വചനങ്ങൾ ശ്രദ്ധിക്കൂ :

നോട്ടം പിശാചിന്റെ വിഷലിപ്തമായ അസ്ത്രമത്രെ ….
കണ്ണുകൾ അവയുടെ വ്യഭിചാരം നോട്ടമാണ് …
അന്യ സ്ത്രീയും പുരുഷനും ഒരു സ്ഥലത്ത് ഒറ്റക്കായാൽ മൂന്നാമൻ പിശാചായിരിക്കും …

പ്രേമം തുടങ്ങുന്നത് പലപ്പോഴും കണ്ണുകൊണ്ടാണ് .പിന്നെ പുഞ്ചിരി , അൽപം സംസാരം,ശേഷം സംഗമം ,അവസാനം സല്ലാപം. പ്രേമത്തിന് തുടക്കമിടുന്ന പ്രഥമാസ്ത്രം നോട്ടമാണ് . അഹ്മദ് ശൗഖി പറഞ്ഞതുപോലെ:-

نَظرَةٌ فَابتِسامَةٌ فَسَلامٌ فَكَلامٌ فَمَوعِدٌ فَلِقاءُ
فَفِراقٌ يَكونُ فيهِ دَواءٌ أَو فِراقٌ يَكونُ مِنهُ الداءُ

ഒരു നോട്ടം, പിന്നെ പുഞ്ചിരി, തുടർന്നൊരു വാക്ക്, സമയ വാഗ്ദാനം , ശേഷം കൂടിക്കാഴ്ച
ഏറ്റവുമൊടുവിൽ വേർപിരിയലാവും മരുന്ന്, അതിനാലാവും തുടർന്ന് രോഗവും

വിവാഹം വരെ പ്രേമകലശൽ ,വിവാഹം കഴിഞ്ഞാൽ പ്രേമ കലഹം . ഇതാണ് പ്രേമവിവാഹങ്ങൾ നമ്മോടു പറയുന്നത്. കമിതാക്കൾ സ്വപ്ന ലോകത്ത് വിഹരിക്കുന്നവരാണ് .യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ അവരുടെ മനങ്ങൾ പാകമല്ല. അവിടെയിപ്പോൾമോഹങ്ങളേയുള്ളൂ ,മോഹഭംഗങ്ങളില്ല സങ്കൽപങ്ങളുടെ തേരിൽ പറന്നുല്ലസിക്കുന്ന കുമാരി-കുമാരന്മാർ ഒരിക്കൽ സ്വപ്നപ്പട്ടത്തിന്റെ നൂല് പൊട്ടി യാഥാർത്ഥ്യങ്ങളുടെ ലോകത്ത് പതിക്കുന്നു.

ഇവിടത്തെ ജീവിതം സുഖദുഃഖ മിശ്രിതമാണ്. കയ്പും മധുരവുമുണ്ട്.. പ്രേമാതുരർക്കിത് പലപ്പോഴും നൈരാശ്യത്തിന്റെ ലോകമാണ് .കൗമാര പ്രണയങ്ങൾ പലതും യൗവനം കാണാറില്ല ;പലതും വെളുക്കും മുമ്പെ വെളിയിലാകുന്നു . കുടുംബങ്ങളെ പറയിപ്പിക്കുന്നവർ , നിയമ വിരുദ്ധ ഗർഭം അലസിപ്പിക്കുന്നവർ ,ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുന്നവർ , ആത്മഹത്യ ചെയ്യുന്നവർ ,പ്രേമത്തിന്റെ ഭീഭത്സ മുഖങ്ങൾ ഇനിയുമേറെ.

ഖുർആൻ 30:21 ൽ നിർദ്ദേശിക്കുന്നത് പോലെ മവദ്ദത്തും റഹ്മത്തും (സ്നേഹം, കരുണ)എന്നിവയാണ് ഇസ്‌ലാമിൽ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ജീവാത്മാവ്‌ ആവേണ്ടത്. അതാവട്ടെ വൈവാഹിക ജീവിതത്തിൽ മാത്രം വിരിയുന്നതാണ്.മേൽപറഞ്ഞ സ്നേഹ-കാരുണ്യ വികാരങ്ങളാണ് അടുക്കളയിലും മണിയറയിലും കെയറിങിലേക്കും ഷെയറിങിലേക്കും കൊണ്ടു ചെന്നെത്തിക്കൂ . അതിന് പ്രേരിപ്പിക്കുന്നതാണ് ഇസ്ലാം നല്കുന്ന വിവഹാനന്തര പ്രണയാനുമതി. അതല്ലാത്ത ഏതും വാലന്റൈൻ പ്രണയവും റോസിൽ തുടങ്ങി ഹഗ്ഗിൽ തീരും.

Related Articles