Current Date

Search
Close this search box.
Search
Close this search box.

കോവിഡ് 19 മനുഷ്യനെ പഠിപ്പിച്ചത്

മനുഷ്യ ചരിത്രത്തിൽ അപൂർവങ്ങളായി മാത്രം സംഭവിക്കാറുള്ള ചരിത്ര നിമിഷമാണ് ഇപ്പോൾ നിലവിലുള്ളത്. ആഗോള തലത്തിൽ ഇത്രയേറെ ഭീതി പടർത്തിയ അവസരങ്ങൾ ചരിത്രത്തിൽ തന്നെ അപൂർവം. മരണത്തിന്റെ നിഴൽ എല്ലാ നാടുകളിലും പടർന്നു കയറിയ, മാനുഷിക നാഗരികതയുടെ ശോഭന ചിത്രങ്ങൾ ഉൾവലിഞ്ഞു പോയ നിമിഷങ്ങൾ. ഒരുപക്ഷേ ലോക ചരിത്രത്തിൽ കടന്നു പോയ മഹാമാരികളിൽ മരിച്ചു വീണത്ര ആളുകൾ ഈ അവസരത്തിൽ മരണപ്പെട്ടില്ല എങ്കിൽ പോലും, ലോകത്തെ മുഴുവൻ ഇത്രയേറെ ആശങ്കയുടെയും മരണ ഭീതിയുടെയും മുൾമുനയിൽ നിർത്തിയത് ഈ കൊറോണ വൈറസ് മാത്രമാവും. ഈ മഹാമാരിക്ക് ശേഷം നാം ജീവിക്കേണ്ടി വരിക അത്യധികം വ്യത്യസ്തമായ ഒരു ലോകത്താവും. ആ ലോകം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചുള്ള ആകാംക്ഷക്കു പകരം ആ ലോകം എങ്ങനെയായിരിക്കണം എന്നും ഈ ഭീതിയിൽ നിന്ന് നാം ഉൾക്കൊള്ളേണ്ട, ജനങ്ങളെ ബോധവാന്മാരാക്കേണ്ട പാഠങ്ങൾ എന്തൊക്കെയാ വണം എന്നതിനെ കുറിച്ചു മുള്ള ആലോചനകളാണ് നാം നടത്തേണ്ടത്.

Also read: വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

മുസ്‌ലിം ലോകത്തിന്റെ നിലപാട്

ഏകനായ അല്ലാഹുവിനോടുള്ള ശക്തമായ വിധേയത്വവും ദൈവിക നീതിയിലുള്ള അടിയുറച്ച വിശ്വാസവുമാണ് എല്ലാ സമയത്തുമെന്ന പോലെ ഈ പ്രതിസന്ധി ഘട്ടത്തിലും മുസ്‌ലിംകളുടെ കരുത്ത്. സ്വന്തം കാര്യങ്ങളിലെന്ന പോലെ സർവലോകരുടെയും ശാന്തിയും സമാധാനവും ഉറപ്പു വരുത്തുക തങ്ങളുടെ ബാധ്യതയാണെന്ന് വിശ്വസിക്കുന്നവരാണു മുസ്‌ലിം ലോകം. അവർക്ക് ഈ ലോകത്തെ പോലെ പരലോകത്തെ കുറിച്ചും ആശങ്കകൾ ഉണ്ട്. സ്വന്തം പ്രശ്നങ്ങളെ മാത്രം പരിഗണിക്കുമ്പോൾ അത് മനുഷ്യത്വരഹിതമായ നീക്കമാണെന്ന് അവർ തിരിച്ചറിയുന്നു. മനുഷ്യ കുലത്തിന്റെ പ്രശ്നങ്ങൾ നമ്മുടേതായി മനസ്സിലാക്കി പരിഹാര മാർഗങ്ങൾ തേടിയില്ലെങ്കിൽ ഓരോ വ്യക്തിയും നാളെ ദൈവത്തിന്റെ വിചാരണ കോടതിയിൽ പാപികളാകും എന്ന ബോധ്യമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അതിനു വേണ്ടി കഠിന പ്രയത്നങ്ങൾ നടത്താനും അവർ തയ്യാറാവും. ഇത്തരത്തിലുള്ള മഹാമാരികൾ ഏകനായ അല്ലാഹുവിന്റെ ശക്തിയും മനുഷ്യരായ നമ്മുടെ നിസ്സഹായതയും ഒരിക്കൽ കൂടി വിളിച്ചു പറയുന്നു.

ഒരു നിമിഷം ചിന്തിക്കുക; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്‌ നാമുള്ളത്. മനുഷ്യന്റെ വളർച്ച അത്യുന്നതികൾ കീഴടക്കി യിരിക്കുന്നു. പുതിയ കണ്ടുപടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലോകത്ത് മാനുഷിക നാഗരികതയുടെ ഉന്നതിയിലാണ് നാം. ഇന്ന് സാധാരണ ജനങ്ങൾ പോലും അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ മുൻകാലത്ത് രാജാക്കന്മാർക്ക് പോലും അന്യമായിരുന്നു. മുൻ കാലത്ത് സ്വപ്നേപി നിനച്ചിരിക്കാത്ത നിലയിൽ ശാസ്ത്ര സാങ്കേതിക ലോകം ഇന്നു വളർന്നു കഴിഞ്ഞു. ഈ വികസനങ്ങൾ എല്ലാം കണ്ട് അഭിനവൻ സ്വയം അഹങ്കരിച്ചു തുടങ്ങി. പ്രകൃതിക്ക് മേൽ മനുഷ്യൻ നേടിയ വിജയം എന്ന് അതിനെ അവർ പേരിട്ടു വിളിച്ചു. ഈ അറിവും പ്രാപ്തിയും മനുഷ്യനെ ദൈവത്തിൽ നിന്നും മതത്തിൽ നിന്നും അകറ്റി നിർത്താൻ തുടങ്ങി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ തന്റെ വേദ പുസ്തകമായി ഭൗതിക വളർച്ചയെ തെരഞ്ഞെടുത്തു. എങ്ങനെ കൂടുതൽ സമ്പാദിക്കാം എന്നത് അവരുടെ മനസ്സുകളിൽ നിറഞ്ഞു നിന്നു.

എങ്കിൽ നിലവിലെ സാഹചര്യത്തിൽ ഈ മഹാമാരി മനുഷ്യന്റെ അഹന്തയെ എത്ര നിസ്സാരമായാണ് ചോദ്യം ചെയ്തതെന്നു നാം കണ്ടല്ലോ. ദൈവത്തിന്റെ കരുത്തിനും ഇച്ഛാശക്തിക്കും മുന്നിൽ അവന്റെ ശക്തി ഒന്നുമല്ല എന്ന് മനുഷ്യനോട് വിളിച്ചു പറഞ്ഞു. ” ഹേ മനുഷ്യരേ, ഇതാ ഒരു ഉപമാവതരണം, സശ്രദ്ധം ശ്രവിക്കുക: അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്നവ -എല്ലാം സംഘടിച്ചാല്‍ തന്നെ-ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല തീര്‍ച്ച; അവയില്‍ നിന്ന് ഈച്ച എന്തെങ്കിലും തട്ടിയെടുത്താല്‍ അത് വീണ്ടെടുക്കാന്‍ പോലും അവക്കാവില്ല. സഹായം അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെട്ടവയും ദുര്‍ബലര്‍! ” ( സൂറത്തുൽ ഹജ്ജ്: 73)

Also read: മനുഷ്യരോട് ക്ഷമിക്കാതെ, ദൈവം പൊറുക്കുവതെങ്ങനെ?

വ്യാജ ദൈവങ്ങളുടെ നിസ്സഹായാവസ്ഥ

മുകളിൽ കൊടുത്ത ഖുർആനിക വചനം വ്യാജ ദൈവങ്ങളുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടുന്നുണ്ട്. നമ്മുടെ കാലത്തെ ജനങ്ങൾ തന്നെയാണ് ഈ വ്യാജ ദൈവങ്ങളെ പടച്ചതും പരിപാലിച്ചതും. വിവരം, ശാസ്ത്രം, സാങ്കേതിക വിദ്യ, ഭൗതിക ശക്തി എന്നിവയെ ദൈവമായി കണ്ടിടത്താണ് മനുഷ്യന് പിഴച്ചത്. ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസ് അവരുടെ വളർച്ചയുടെയും സാങ്കേതികതയുടെയും വിവരത്തിന്റെയും യഥാർത്ഥ മുഖം അവർക്കു കാണിച്ചു കൊടുത്തു. അല്ലാഹു ഉദ്ദേശിച്ചാൽ കണ്ണിൽ കാണാത്ത ഒരു വൈറസ് കൊണ്ട് ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തെ പിടിച്ചു കുലുക്കാനും നിസ്സഹായ മാക്കാനും, ലോകത്തെ മുഴുവൻ വിമാനങ്ങളും നിലത്തിറക്കാനും, എല്ലാ വ്യവസായശാലകളും അടച്ചു പൂട്ടാനും സാധിക്കും. വൻ കോർപറേറ്റ് കെട്ടിടങ്ങൾ, വിദ്യാഭ്യാസ ഗവേഷണ സമുച്ചയങ്ങൾ, എയർപോട്ടുകൾ, ആഡംബര ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയെല്ലാം അല്ലാഹുവിന്റെ ഒരു നിമിഷത്തെ നീക്കത്തിൽ നിശ്ചലമായി. ദൈവത്തിന്റെ വെറുമൊരു ഉദ്ദേശത്തിൽ നമ്മുടെ കാവൽ സൈന്യങ്ങൾ നിമിഷ നേരംകൊണ്ട് താരുമാറാകും. ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യലിൽ തുടങ്ങി നാം ടെക്നോളജിയുടെ വൻ നേട്ടങ്ങളായി അഹങ്കരിച്ചു വെച്ചതെല്ലം ഏതു നിമിഷവും നിയന്ത്രണ രഹിതമാകും.

മനുഷ്യൻ ദൈവിക നിയമങ്ങളോട് പുറം തിരിഞ്ഞു നടക്കുമ്പോൾ പതിയെ അവൻ തീവ്രവാദത്തിന്റെയും പിഴച്ച മാർഗങ്ങളുടെയും ഇരയാവുന്നു. ഒരു പക്ഷെ നമ്മുടെ കൂട്ടത്തിൽ ദൈവിക നിയമങ്ങൾ അനുസരിക്കാത്ത, വ്യക്തമായ ശാസ്ത്ര സത്യങ്ങൾ നിഷേധിക്കുന്ന, രോഗം വരുമ്പോൾ ചികിത്സ തേടാതെ സ്വന്തം വിശ്വാസത്തിൽ ആശ്രയിച്ച് കഴിയുന്ന വരുണ്ടാകാം. ഇസ്‌ലാം ഒരിക്കലും ഈ രീതി പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകൻ മുഹമ്മദ് നബി രോഗിയായപ്പോൾ ചികിത്സ നടത്തിയതും അന്ന് ലഭ്യമായിട്ടുള്ള രീതികൾ ഉപയോഗിച്ചൊക്കെ പ്രതിരോധം നടത്തിയതും കാണാം. രോഗം വരുന്നതിനു മുമ്പേ മുൻകരുതലുകൾ സ്വീകരിക്കാനും നബി (സ) അരുൾ ചെയ്തിട്ടുണ്ട്. യുദ്ധ സമയങ്ങളിൽ പോലും ആയുധ പരിശീലനമടക്കം എല്ലാം മുന്നൊരുക്കങ്ങളും നൽകിയായിരുന്നു പ്രവാചകൻ സൈന്യങ്ങളെ അയക്കാറുള്ളത്. ശേഷം മാത്രമേ അല്ലാഹുവിലേക്ക് തിരിഞ്ഞ് മനസ്സുരുകി വിജയം നൽകാൻ വേണ്ടി പ്രാർത്ഥിച്ചു ള്ളൂ.

ഇതാണ് ഇസ്‌ലാമിന്റെ അധ്യാപനവും അതിന്റെ ഫിലോസഫിയും. ഇസ്‌ലാം ഒരിക്കലും ശസ്ത്രത്തോടോ യുക്തിയോടോ എതിരായിരുന്നില്ല. മറിച്ച് ബുദ്ധിയും ലഭ്യമായ ഭൗതിക സൗകര്യങ്ങളും ഉപയോഗിച്ച് തന്നെ മുന്നോട്ടു പോകാനാണ് ഇസ്‌ലാം കല്പിച്ചത്.
മറ്റൊരു അപകടം ജനങ്ങൾ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഭൗതിക സൗകര്യങ്ങളെയും ജീവിതത്തിന്റെ എല്ലാമായി കണക്കാക്കി എന്നതാണ്. ദൈവത്തെ അവഗണിക്കുന്ന തരത്തിലേക്ക് ആ ശക്തികൾക്ക് അവർ അടിമകളായി. ഭൗതിക വിഭവങ്ങൾ നമ്മുടെ കൂടെയുണ്ടെങ്കിൽ വേറെ ഒരു ശക്തിയും നമുക്ക് ആവശ്യമില്ല എന്ന തരത്തിൽ അവരുടെ മനോനില വളർന്നു. അല്ലാഹുവാണെങ്കിൽ ഇതിനോട് ശക്തമായ വിരോധം വെച്ച് പുലർത്തുകയും ചെയ്യുന്നു.ഈ രണ്ട് അപകടകരമായ രീതികൾക്ക് മനുഷ്യൻ പലപ്പോഴും ഇരയാകുന്നു എന്നതാണ് സത്യം. ഒരു വശത്ത് നാം അന്ധ വിശ്വാസവും പിടിവാശിയും കൈകൊള്ളുമ്പോൾ മറ്റൊരു വശത്ത് കാപട്യവും അഹങ്കാരവും നമ്മുടെ അടയാളങ്ങളാകുന്നു. ലോകത്തെ ഏറ്റവും വലിയ പ്രാപഞ്ചിക സത്യമായ അല്ലാഹുവിന്റെ അസ്തിത്വം നമുക്ക് എന്നും അവഗണന മാത്രമാണ്.

ഇസ്‌ലാം എപ്പോഴും തെരഞ്ഞെടുക്കുന്നത് മധ്യമ നിലപാടാണ്. നമ്മുടെ വിഭവങ്ങളെ നാം യഥാവിധി ഉപയോഗിക്കണം. അല്ലാഹു തന്ന വിവരവും ബുദ്ധിയും പരമാവധി ഉപയോഗിക്കുക. അതിനെ ഒരു ശാസ്ത്രീയ സ്വഭാവം (scientific temperament) എന്നു വിളിക്കാനാണ് എനിക്ക് താൽപര്യം. നമ്മുടെ സൃഷ്ടാവിനെ കുറിച്ച് ആലോചിച്ച് അവനിലേക്ക് കൂടുതൽ അടുക്കാൻ സാധിക്കണം. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും അതിന്റെ ശാസ്ത്രീയ വശവും ഒപ്പം ആത്മീയ, മതകീയ വശവും ഒരുപോലെ നാം മനസ്സിലാക്കണം. അല്ലാഹുവിനോട് സഹായം തേടുന്നത് പോലെ തന്നെ ലഭ്യമായ ഭൗതിക സൗകര്യങ്ങളും ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മുടെ സ്വന്തം ചെയ്തികളെ ആത്മ വിചാരണ നടത്തി, തെറ്റുകളിൽ നിന്ന് മുക്തി നേടാൻ അല്ലാഹുവിന്റെ കാരുണ്യം തേടണം. ലോകത്തെ എത്ര വലിയ ശക്തിയും അല്ലാഹുവിന്റെ മുന്നിൽ ഒന്നുമല്ലല്ലോ. ലോകത്തെ എല്ലാ നിയമങ്ങളും ശക്തികളും അവന്ന് വിധേയമാണ്. ആയതിനാൽ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ യഥാർത്ഥ ശക്തിയായ അല്ലാഹുവിനോടാവണം നിന്റെ യഥാർത്ഥ ബന്ധം.

Also read: നാമെല്ലാവരും ഇപ്പോൾ നിഖാബികളാണ്

നമുക്ക് മഹത്തായ ഒരു അവസരമാണിത്

നിലവിലെ സാഹചര്യം വിശുദ്ധ ഇസ്‌ലാമിന്റെ രീതിശാസ്ത്രം ജനസമക്ഷം വെളിപ്പെടുത്തി കൊടുക്കാനുള്ള ഒരു സുവർണാവസരമാണ്. ഡോക്ടർമാർ ഒരിക്കലും രോഗിയെ സ്വന്തമായല്ലാ ചികിത്സിക്കുന്നത്. അവരുടേതായ ദൈവങ്ങളോട് അവർ പ്രാർഥിച്ചും തേടിയും കൊണ്ടിരിക്കും. നമ്മുടെ നിയമ നിർമാതാക്കൾ, സാമൂഹ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവരെല്ലാം തങ്ങളുടെ ശാസ്ത്രീയ ലോകത്ത് നിൽക്കുമ്പോഴും അവരുടേതായ ദൈവങ്ങളോട്‌ സഹായം തേടി കൊണ്ട് തന്നെയാണ് മറ്റുള്ളവരെ അവരിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നത്. അതേപ്രകരമാണ് നമ്മുടെ പണ്ഡിതന്മാരും മത നേതാക്കളും ഇസ്‌ലാമിക ആരാധനകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതും അവരെ അതിലേക്ക് ക്ഷണിക്കുന്നതും. അപ്പോഴും ആവശ്യമായ മുകരുതലുകൾ എടുക്കാനും ഭൗതിക വിഭവങ്ങൾ യഥാവിധി ഉപയോഗിക്കാനും അവർ തയ്യാറാവണം, അപ്പോൾ മാത്രമേ അത് യഥാർത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കൂ. നമ്മെയൊക്കെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു വിലേക്ക്‌ നാം മടങ്ങണമെന്നും അവന്റെ ആജ്ഞാനുവർത്തികൾ ആവണമെന്നും ഗൗരവപൂർവം നാം ലോകസമക്ഷം വിളിച്ചു പറയേണ്ടതുണ്ട്.

” ഏതൊരു നന്മ താങ്കള്‍ക്ക് വന്നുഭവിച്ചാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്; വല്ല തിന്മയും ബാധിക്കുന്നുവെങ്കില്‍ സ്വകര്‍മഫലമായുണ്ടാകുന്നതത്രേ” എന്ന ഖുർആനിക വചനം നമ്മിൽ പ്രകമ്പനം കൊള്ളണം. ഇതു തന്നെയാണ് ജനങ്ങളെ ഏകനായ ദൈവത്തിലേക്ക് ക്ഷണിക്കാനുള്ള മാർഗവും. ഈ മഹാമാരി ലോകത്ത് നാശം വിതച്ചതിന് പിന്നിൽ നമ്മുടെ ഏത് ദൂഷ്യ സ്വഭാവമാണ് പ്രവർത്തിച്ചത് എന്ന് ലോക ജനത മുഴുവൻ ആലോചിക്കേണ്ടതുണ്ട്. ഞാൻ മുൻപ് സൂചിപ്പിച്ച ഒരു അടിസ്ഥാന തത്വമാണ് അല്ലാഹുവിനെ അവഗണിച്ചും അവന്റെ കല്പനകളെ കാറ്റിൽ പറത്തിയും അടിമകൾ ചെയ്യുന്ന അനീതി. അനീതിയാണെങ്കിൽ അല്ലാഹുവിന് ഏറ്റവും കോപമുള്ള കാര്യവുമാണ്. ലോകത്തെ പ്രകൃതി ദുരന്തങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം സൃഷ്ടികൾ കാട്ടുന്ന അനീതിയുടെ രീതികൾ ആണെന്ന് ഖുർആൻ പറയുന്നുണ്ട്. ” വിവിധ നാട്ടുകാര്‍ അക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അവരെ പിടികൂടുന്ന സന്ദര്‍ഭം ഇങ്ങനെയാണ് താങ്കളുടെ രക്ഷിതാവ് ശിക്ഷിക്കുക. ആ ശിക്ഷാനടപടിയാകട്ടെ അതീവ വേദനാജനകവും ഏറെ കഠിനവുമത്രേ ” ( ഹൂദ് :102).

ഈ ഖുർആനിക വചനം വിശദീകരിച്ചു കൊണ്ട് നബി (സ) പറഞ്ഞു: ” അല്ലാഹു ഇഹലോകത്ത് മർദിതന് ഒരവസരം നൽകുന്നു. ഇനി അവൻ മറ്റൊരാളെ ആക്രമിക്കുന്ന പക്ഷം അവനെയും അല്ലാഹു പിടികൂടുന്നു”. വർത്തമാന സാഹചര്യം ഒന്നു പരിശോധിച്ചാൽ മുൻകാലങ്ങളിൽ നിന്ന് ഒത്തിരി വ്യത്യാസപ്പെട്ടു കിടക്കുന്നത് കാണാം. മുൻ കാലങ്ങളിൽ കണ്ടു ശീലമില്ലാത്ത അടിച്ചമർത്തൽ രീതികളും അവയുടെ എണ്ണത്തിലുള്ള വർധനവും ഇന്ന് കാണാം. കഴിഞ്ഞ നൂറു വർഷങ്ങളിൽ സ്വാതന്ത്ര്യം, തുല്യനീതി, മനുഷ്യാവകാശം എന്നിവയ്ക്ക് വേണ്ടിയുള്ള മുറവിളികൾ ഉയർന്നു വന്നിരുന്നെങ്കിലും ആ മൂല്യങ്ങൾ പ്രാവർത്തികമാക്കാനുള്ള നീക്കങ്ങൾ പാടെ കുറവായിരുന്നു. പലപ്പോഴും ഈ മൂല്യങ്ങൾ സമൂഹത്തിലെ ഉന്നത നിലാവാരക്കാർക്ക് മാത്രം പ്രാപ്യമായ ഒന്നായി. കഴിഞ്ഞ അൽപം വർഷങ്ങൾക്കിടയിൽ ഈ മൂല്യങ്ങൾ പലർക്കും സമ്പൂർണമായി അന്യമായിരുന്നു. അതിന്റെ അലഭ്യതയുടെ ഇരകളായി ജീവൻ ബലി നൽകേണ്ടി വന്നവരും കുറവായിരുന്നില്ല. അപ്പോഴും ‘മനുഷ്യാവകാശാനന്തര ലോകത്താണ്(post human rights era) നാം’ എന്നു വിളിച്ചു പറയുന്നതിലും വലിയ വൈരുധ്യം മറ്റെന്തുണ്ട്. ഇന്ന് നമ്മുടെ ലോകത്ത് അഭയാർത്ഥികളായി കഴിയുന്നവർ അഭയാർത്ഥി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന എണ്ണമാണ്. ഐക്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഭരണകൂട അടിച്ചമർത്തൽ ഫലമായി എഴുപത് മില്യൺ ജനങ്ങൾ ഇന്ന് ഭവന രഹിതരായ അഭയാർത്ഥികളായി കഴിയുന്നു. പത്തു മുതൽ പതിനഞ്ചു വരെ മില്യൺ ജനങ്ങൾ സ്വന്തം നാടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് സ്വപ്നത്തിന്റെ തടവുകാരായി കഴിയാൻ വിധിക്കപ്പെട്ടവരാണ്. ദൗർഭാഗ്യവശാൽ അവരുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

ചുരുക്കത്തിൽ പുരോഗതിയുടെയും വികസനത്തിന്റെയും നവ ലോകം എന്ന് നാം അഹന്ത നടിക്കുന്ന ഈ കാലത്ത് അനുഭവിച്ചയത്ര തീക്ഷ്ണത ചരിത്രത്തിൽ എവിടെയും അഭയാർഥികൾ അനുഭവിച്ചിട്ടില്ല എന്നത് സത്യം. ഉന്നത നിലവാരമുള്ള സമൂഹങ്ങളിൽ പോലും തരം താഴ്ന്ന വംശീയ വെറിക്ക്‌ സ്വീകാര്യത ലഭിക്കുന്നു എന്നതാണ് മറ്റൊരു സങ്കടം. വർഗ മത ന്യൂന്യപക്ഷങ്ങളുടെ മേൽ ജീവിതം ദുസസഹമാക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. സായുധരായ ഒരു കൂട്ടം നിരായുധരായ, നിരപരാധികളായ മറ്റൊരു കൂട്ടത്തെ ഇത്ര മൃഗീയമായി കൂട്ടക്കുരുതി നടത്തുന്നതിന് വാനലോകം സാക്ഷിയായത് ആദ്യമായാകും. അടിച്ചമർത്തലുകൾ മുൻകാലത്തും നടന്നിരുന്നു വെങ്കിലും ഇന്നത് നടക്കുമ്പോൾ എല്ലാ മനുഷ്യന്മാരും അതിനു ഉത്തരവാദികൾ ആവുന്നു എന്നൊരു ധാർമിക വശം കൂടി അതിനുണ്ട്. ഈ സംഭവങ്ങൾക്കും ആസന്നമായ മഹാമാരിക്കും ഇടയിൽ ഒരു ശാസ്ത്രീയമായ ബന്ധം സ്ഥാപിക്കുക സാധ്യമല്ല. ഇതാണെന്റെ കൃത്യമായ നിർദേശം: പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രകൃതിയുടെ നിയമത്തിനുമപ്പുറം ഈ ലോകത്തെ നിയന്ത്രിക്കുന്ന ഒരു ധാർമിക നിയമമുണ്ട്. ഇന്ന് ലോകത്ത് സർവവ്യപകമായ ഈ അടിച്ചമർത്തലുകളെ കുറിച്ച് ജനങ്ങളെ ബോധൽക്കരിക്കാനുള്ള ഒരു ദൈവിക മുന്നറിയിപ്പാണോ ഈ മഹാമാരി എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. പ്രതിസന്ധി സമയങ്ങൾ വിശ്വാസിക്ക് മുന്നറിയിപ്പാണ് എന്ന് വിശുദ്ധ ഖുർആൻ.

Also read: അല്ലാഹുവിനെ കാണണമെന്ന് പറയുന്ന കുട്ടിയോട് എന്തു പറയണം?

ശക്തമായ മുന്നറയിപ്പ്

ഇതിനെ ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള മുന്നറിയിപ്പായി കണക്കാക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. മനുഷ്യ കുലത്തിനു മുന്നറിയിപ്പു നൽകാൻ പ്രകൃതിയെ എന്തു രീതിയിലാണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് നാം ചിന്തിക്കേണ്ടതാണ്. അതിൽ നമുക്ക് വല്ല ഗുണപാഠവും ഉണ്ടോ? നാം എപ്പോഴെങ്കിലും ജയിൽ വാസം അനുഭവിച്ചിട്ടുണ്ടോ? നാം ജയിലിൽ അടച്ച നിരപരാധികളായ ആയിരക്കണക്കിന് മനസ്സുകളുടെ ഭാഗത്തു നിന്നുള്ള ഒരു മുന്നറിയിപ്പല്ലെ ഇത്? സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പടച്ചുവിടുന്ന യുദ്ധങ്ങളിൽ പെട്ട്‌ ഒത്തിരി നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു എന്നത് സത്യമല്ലേ? കഴിഞ്ഞ ഒരു ദശകം ലോകം ഒത്തിരി യുദ്ധങ്ങൾക്ക് സാക്ഷിയാവുകയും ഒത്തിരി പേര് ബന്ധികൾ ആക്കപ്പെടുകയും ചെയ്തു. പക്ഷേ ജീവിതത്തിന്റെ സുവർണ കാലഘട്ടം കാരാഗൃഹത്തിൽ കഴിഞ്ഞ് കാലങ്ങൾക്ക് ശേഷമാണ് അവർ നിരപരാധികൾ ആയിരുന്നുവെന്ന് ലോകം തിരിച്ചറിയുന്നത്. ഒരു പ്രദേശത്തെ ആളുകൾ മുഴുവൻ ഡിറ്റൻഷൻ ക്യാമ്പുകളിൽ നരകയാതന അനുഭവിച്ചു കഴിയേണ്ടി വരുന്ന എത്രയോ പ്രദേശങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം അടിമ ജീവിതം നയിക്കുന്ന മില്യൺ കണക്കിന് ജനങ്ങളുണ്ട്. ഒരു പ്രത്യേക സംഭവത്തെയോ ഒരു പ്രത്യേക രാജ്യത്തെയോ ചൂണ്ടിക്കാട്ടാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല. നമ്മൾ എല്ലാവരും ഒരുപോലെ ചിന്തിക്കേണ്ടതുണ്ട്. മത ആത്മീയ നേതാക്കളും ബുദ്ധി ജീവികളും എല്ലാം മുന്നോട്ടു വന്ന് മനുഷ്യകുലം മുഴുവൻ അനുഭവിക്കുന്ന ഈ പ്രതിസന്ധികളും പ്രയാസങ്ങളും പ്രകൃതിക്ക് വ്യക്തമായ ഒരു മുന്നറിയിപ്പ് നൽകുന്നു എന്ന് ജനങ്ങളെ ശക്തമായി ബോധിപ്പിക്കേണ്ടത്തുണ്ട്. ഇന്നത്തെ ഭീതിപ്പെടുത്തുന്ന നിശ്ശബ്ദതക്കിടയിൽ അടിച്ചമർത്തപ്പെട്ടവന്റെ നെടുവീർപ്പിന്റെയും വേദനയുടെയും നേർത്ത ശബ്ദം തെളിഞ്ഞു കേൾക്കാം. നമ്മുടെ മുന്നിലുള്ള ഏക മാർഗ്ഗം ജാഗ്രതയോടെ ഈ നെടുവീപ്പുകൾക്ക്‌ ചെവി കൊടുക്കുക എന്നതാണ്.

നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങളുടെ മറ്റൊരു വശം സാമ്പത്തിക വശമാണ്. എല്ലാ വിധ ഭൗതിക സാമ്പത്തിക സൗകര്യങ്ങൾ കൈവന്നിട്ടും ലോക സാമ്പത്തിക നില മരവിച്ചു തന്നെയാണ്. ഒരു ഉന്മൂലനാശം വിതക്കാൻ പോന്ന സാമ്പത്തിക പ്രതിസന്ധി നമ്മുടെയൊക്കെ വീട്ടുപടിക്കൽ എത്തിയിരിക്കുന്നു. ഒരു കാര്യം മനസ്സിലാക്കുക; സാമ്പത്തിക അസമത്വവും ചൂഷണവും ഒരു തരം അടിച്ചമർത്തൽ തന്നെയാണ്. മൈത്രി മുതലാളിത്തം (crony capitalism) നമ്മുടെ നാട്ടിൽ വ്യാപകമായ സാഹചര്യത്തിൽ, വളരുന്ന അസമത്വം അതിന്റെ മൂർധന്യത്തിൽ എത്തി നിൽക്കുന്നു. ലോക ചരിത്രത്തിൽ ആദ്യമായി ലോക സാമ്പത്തിക രംഗം മുഴുവൻ വെറും അൽപം വ്യക്തികളുടെ കൈകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തായി. കഴിഞ്ഞ നാൽപത് വർഷത്തോളം ലോക സാമ്പത്തിക നിലയുടെ പകുതിയോളം വെറും 0.1 ശതമാനം ആൾക്കാരാണ് കൈക്കലാക്കി വെച്ചിട്ടുള്ളത്. നമ്മുടെ ലോകക്രമത്തിന്റെ വർത്തമാന സ്വഭാവം അനുസരിച്ച് സമ്പന്നൻ എന്നും സമ്പന്നനും ദരിദ്രൻ എന്നും ദരിദ്രനുമായും തുടരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ലോകത്തിന്റെ സാമ്പത്തിക നയങ്ങൾ അനുസരിച്ച് പാവപ്പെട്ടവന്റെ തുച്ഛ വേതനവും പിടിച്ചു പറിച്ച് സമ്പന്നൻ കയ്യടക്കുന്ന അവസ്ഥയാണ്. ഇന്ന് മില്യൺ കണക്കിന് ജനങ്ങളാണ് ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയുന്നത്. നമ്മുടെ രാജ്യത്തു തന്നെ ഈ പ്രതിസന്ധിക്കിടയിൽ പാവങ്ങളെയും നിരാലംബരെയും നാം എങ്ങനെയാണ് അവഗണിച്ചതെന്ന് നാം നമ്മുടെ കണ്ണുകൾ കൊണ്ട് തന്നെ കണ്ടു.

Also read: മൂന്ന് നീതിയാണ് മനുഷ്യൻ്റെ ബാധ്യത

അത് നമ്മുടെ കാലത്തെ വരച്ചുകാട്ടുന്നില്ലേ?

“എന്നാല്‍ മനുഷ്യനെ നാഥന്‍ പരീക്ഷണ വിധേയനാക്കുകയും അങ്ങനെ അവന് ബഹുമാനമേകുകയും സുഖാഡംബരങ്ങള്‍ നല്‍കുകയും ചെയ്താല്‍ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന് അവന്‍ പ്രതികരിക്കും; ഇനിയവനെ പരീക്ഷണ വിധേയനാക്കി ഉപജീവന മാര്‍ഗങ്ങള്‍ ഇടുങ്ങിയതാക്കിയാല്‍ നാഥന്‍ എന്നെ അവഹേളിച്ചിരിക്കുന്നു എന്നാണവന്‍ പറയുക. അങ്ങനെയല്ല, നിങ്ങള്‍ അനാഥയെ ബഹുമാനിക്കുകയോ പാവപ്പെട്ടവന്ന് ഭക്ഷണം നല്‍കാന്‍ അന്യോന്യം പ്രേരണ നല്‍കുകയോ ചെയ്യുന്നില്ല, അനന്തരാവകാശ സ്വത്ത് നിങ്ങള്‍ കൂട്ടിക്കുഴച്ച് തിന്നുകയും ധനത്തെ അമിതമായി സ്‌നേഹിക്കുകയും ചെയ്യുന്നു” (സൂറത്തുൽ ഫജ്ർ 15-20).

ഈ ഖുർആനിക വചനങ്ങൾ നമ്മുടെ വർത്തമാന സാഹചര്യത്തെ വരച്ചു കാട്ടുന്നില്ലേ? ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് പറയുന്നത് സമ്പത്തിനുള്ള ദുരാഗ്രഹവും പാവങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെച്ച് പണക്കാരന് കൂടുതൽ സ്വരൂപിക്കാൻ അവസരം ഉണ്ടാകുന്നതുമാണ് ദുരന്തങ്ങൾക്കും ആപത്തുകൾക്കും വഴിയൊരുക്കുന്നത് എന്നാണ്. മാർച്ച് 15 ന് ന്യുയോർക്ക് ടൈംസിൽ ഒരു റിപ്പോർട്ട് അച്ചടിച്ചു വന്നിരുന്നു. ശാസ്ത്രീയമായി തെളിവുകൾ, കണക്കുകൾ അടിസ്ഥാനപ്പെടുത്തി ഈ മഹാമാരി ഇത്ര വ്യാപകമാകാൻ കാരണം ഇന്ന് നിലവിലുള്ള സാമ്പത്തിക അനീതിയാണെന്ന് ആ റിപ്പോർട്ട് സൂചിപ്പിക്കുന്നു. മനുഷ്യരായ നാം പ്രകൃതിക്ക് മേൽ ക്രൂരമായ അനീതിയും അതിക്രമവും കാട്ടിയിട്ടുള്ള വരാണ്. അല്ലാഹു നമുക്ക് മതിയായ വിഭവങ്ങൾ ഈ ഭൂമിയിൽ ഒരുക്കി വെച്ചിട്ടുണ്ട്. പക്ഷേ നാമാണെങ്കിൽ ആഡംബര, കച്ചവട കണ്ണുകളോടെ അവയെ ചൂഷണം ചെയ്യുകയും നമ്മുടെ വായുവും വെള്ളവും അന്തരീക്ഷം മുഴുവനും മലിനമാകുന്ന അവസ്ഥയിൽ ചെന്നെത്തിക്കുകയും ചെയ്തു. ഏറ്റവും അവസാനത്തെ ഉദാഹരണമായ കൊറോണ വൈറസ് അടക്കമുള്ള വൈറസുകൾ വായുവിലൂടെ അതിവേഗം പടരാൻ കാരണം നമ്മുടെ ജൈവ വൈവിധ്യങ്ങളുടെ അസന്തുലിതാവസ്ഥയാണെന്ന് സൂചിപ്പിക്കുന്ന ഒത്തിരി ഗവേഷണ പഠനങ്ങൾ നമുക്ക് മുന്നിലുണ്ട്. ചിലപ്പോൾ ജൈവ വൈവിധ്യങ്ങൾ ഉള്ള പ്രദേശങ്ങളിൽ നിന്നു തന്നെ ഇത്തരം വൈറസുകൾ ഉത്ഭവിക്കുന്ന സാഹചര്യം ഉണ്ടെങ്കിലും അതിനു പിന്നിലെ യഥർത്ഥ കാരണം ഇത്തരം പ്രദേശങ്ങളിലെ വ്യാപകമായ വ്യവസായിക പ്രവർത്തനങ്ങളും പ്രകൃതിയുടെ അസന്തുലിതാവസ്ഥയുമാണെന്നും പഠനങ്ങൾ പറയുന്നു. പരിസ്ഥിതിയിലെ അസന്തുലതാവസ്ഥ കാരണം മൃഗങ്ങളുമായി ബന്ധപ്പെട്ട സൂക്ഷ്മ ജീവികൾ മനുഷ്യ ശരീരത്തിൽ കടക്കാനും രോഗങ്ങൾ പടർത്താനും കാരണമായി എന്നതാണ് വസ്തുത.

” മനുഷ്യന്റെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. തങ്ങളുടെ ചില ചെയ്തികളുടെ ഫലം അവര്‍ക്കാസ്വദിപ്പിക്കാനത്രേ ഇത്; ഒരുവേള അവര്‍ മടങ്ങിയേക്കാമല്ലോ “( സൂറത്തു റൂം -41). നാം നേരിട്ട മഹാമാരിക്ക് പിന്നിൽ ഇത്തരം ഘടകങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്നത് ലോകസമക്ഷം വിളിച്ചു പറയുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ലോകം മുഴുവൻ അതീവ ജാഗ്രതയും കരുതലും പാലിച്ച് കൊണ്ടിരിക്കുകയാണ്. ഏകനായ അല്ലാഹുവിലും അവന്റെ മതത്തിലും വിശ്വസിക്കുന്നവൻ മനുഷ്യന്റെ ഉപബോധ മനസ്സിന്റെ വാതിലുകൾ മുട്ടണം. ഈ പരീക്ഷണങ്ങളും ദുരിതങ്ങളും ഒരുപാട് ജീവിതപാഠങ്ങൾ നമുക്ക് പകർന്നു നൽകി. ഈ ചുരുങ്ങിയ കാലം പല സൗകര്യങ്ങളും നമ്മിൽ നിന്ന് എടുത്തു കളഞ്ഞ് ഈ ലോകത്ത് വെറും പരിമിതമായ വിഭവങ്ങൾ മാത്രമേ നമുക്ക് അവകാശപ്പെട്ടതായി ഉള്ളൂ എന്ന് നമ്മെ പഠിപ്പിക്കുകയാണ് അല്ലാഹു. മഹാത്മാ ഗാന്ധി പറഞ്ഞ പോലെ: ” ഈ ലോകത്ത് എല്ലാവരുടെയും ആവശ്യത്തിനുള്ള വസ്തുക്കളുണ്ട്, ആരുടെയും അത്യാർത്തിക്കുള്ളത് ഇല്ലതന്നെ”. അല്ലാഹു തന്നെ പറയുന്നു: ” നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതവ്യയം അരുത്, നിശ്ചയം അത്തരക്കാരെ അല്ലാഹു പ്രിയം വെക്കുന്നില്ല” (അഅ്റാഫ് :31).

Also read: സ്ലീപ്പിംഗ് പാർട്ണർമാർ ഇതറിയണം

സാമ്പത്തിക അസമത്വം

ഈ ദുരിത കാലം ലോകത്തെ മുഴുവൻ പഠിപ്പിച്ച മറ്റൊരു പാഠം പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ നാം എല്ലാ വിധ പരിധികളും ലംഘിക്കുന്നു എന്നുള്ളതാണ്. നമ്മുടെ ആർത്തിയും ദുരാഗ്രഹവും സാമ്പത്തിക അസമത്വം സൃഷ്ടിച്ചു. ഇത് പതിയെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും അന്തരീക്ഷ മലിനീകരണത്തിനും കാരണമായി. ഞാൻ സൂചിപ്പിച്ച അനീതിക്കും അടിച്ചമർത്തലിനും കാരണമായി അത്. ഈ ലോക് ഡൗൺ കാലത്ത്, നമ്മുടെ ആവശ്യങ്ങൾക്ക് പരിധികൾ വെക്കണമെന്നും ലളിത ജീവിതം നയിക്കണമെന്നും തുടങ്ങി പ്രകൃതി നമ്മെ പഠിപ്പിച്ച പാഠങ്ങൾ നാം നിത്യ ജീവിതത്തിൽ പകർത്തുകയാണെങ്കിൽ മനുഷ്യ കുലത്തിന്റെ ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്ക് സാധിക്കും. പക്ഷേ ഈ പാഠം ഉൾക്കൊള്ളാൻ ഏറ്റവും ആദ്യമായി അനിവാര്യമായത്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവിനെ തിരിച്ചറിയലും സമ്പൂർണമായി അവനിലേക്ക് തിരിയലുമാണ്. ഇൗ ലോകത്തെ ഏഴു ബില്യൺ ജനങ്ങളുടെയും ജീവിതം മറ്റുള്ളവരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും നിരാശ്രയരായി സൃഷ്ടികളിൽ ആരുമില്ല എന്നുമുള്ള അതിമഹത്തായ പാഠം കൂടി ഇൗ ദുരിതം കാലം നമുക്ക് പകർന്നു നൽകുന്നുണ്ട്. നാമെല്ലാവരും ഒരേയൊരു മാതാവിന്റെയും പിതാവിന്റെയും സന്താനങ്ങളാണ്. നമ്മുടെയൊക്കെ ജീവിത ലക്ഷ്യവും ഒന്നു തന്നെ. ഏതെങ്കിലും ഒരു മനുഷ്യൻ രോഗിയായാൽ, അവൻ നമ്മുടെ മതക്കാരനോ മറ്റേതു മതക്കാരനോ ആകട്ടെ, സമ്പന്നനോ ദരിദ്രനോ ആവട്ടെ, അവന്റെ രോഗം അസ്വസ്ഥപ്പെടുത്തേണ്ടത് അവനെ മാത്രമല്ല, മറിച്ച് നമ്മെയൊക്കെയാണ്. ” ഒരാൾ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാച്ചാൽ സമൂഹത്തിന്റെ മുഴുവൻ ജീവൻ രക്ഷിച്ചത് പോലെയാണ് “( മാഇദ: 32) എന്ന ഖുർആനിക വചനം ഇതോടു ചേർത്തു വായിക്കേണ്ടതാണ്.

Also read: വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

ഈ പ്രാപഞ്ചിക സത്യം നമ്മോടു വിളിച്ചു പറയുന്നുണ്ട് ഈ മഹാമാരി. ദിനേന, ഓരോ മണിക്കൂറിലും ഈ രോഗം പടർന്നു പിടിക്കുമ്പോൾ നാം അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. പാവങ്ങളായ മനുഷ്യ ജീവൻ പോലും രക്ഷിക്കാൻ നാം ശ്രദ്ധ കാണിച്ചു. അവന്റെ ദേശമോ വർഗമോ ഒന്നും നാം അന്വേഷിച്ചില്ല. നാം ഒരുവേള ചിന്തിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ഇടപെടലുകളും ഇത്തരത്തിൽ ആണ്, അല്ലെങ്കിൽ ആകണമെന്ന് നമുക്ക് വ്യക്തമാകും. വലിയൊരു ഭൂരിപക്ഷത്തെ എപ്പോഴും പാവങ്ങളായി, അരികുവൽകരിക്കപ്പെട്ടവരായി നിർത്തി നമുക്ക് വിജയം നേടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ഒരു കൂട്ടരെ അടിമത്തത്തിൽ ഇട്ടിട്ട് നമുക്ക് ഒരിക്കലും സമാധാനവും സൗഹാർദവും അനുഭവിക്കാൻ സാധ്യമല്ല. സമാധാനവും സൗഹാർദവും എല്ലാവരും അനുഭവിക്കണം, എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റപ്പെടണം, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എല്ലാവർക്കും ബഹുമാനവും സ്വാതന്ത്ര്യവും ലഭ്യമാക്കണം. ഈ ദുരിത കാലം നമ്മെ പഠിപ്പിച്ച മറ്റൊരു കാര്യം ഇത്തരം പ്രതിസന്ധി ഘട്ടങ്ങളോട് പൊരുതാൻ നമ്മുടെ സ്വഭാവത്തിൽ പോലും ഒരുപാട് മാറ്റങ്ങൾ ആവശ്യമാണ് എന്നതാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം മുഴുവൻ അതിന്റെ സ്വഭാവത്തിലും ജീവിത രീതിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആഡംബര ജീവിതം മാറ്റി നിർത്തിയത്‌ അതിന്റെ ഒരു ഉദാഹരണം മാത്രം. ചുരുക്കത്തിൽ ലോക ചരിത്രത്തിലെ അത്യപൂർവമായ ഒരു സംഭവമാണ് ഈ മഹാമാരി. ഈ ലോകത്തെ മുഴുവൻ പ്രതിസന്ധികൾക്കും പരിഹാരം കാണാനും അടിച്ചമർത്തലുകൾക്ക്‌ അന്ത്യം കുറിക്കാനും വംശീയത, അഹിംസ, പട്ടിണി തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും സാമ്പത്തിക അസമത്വത്തിന് അവസാനമിട്ട് പ്രകൃതിയെ സംരക്ഷിച്ചു നിർത്താനും നമ്മുടെ ജീവിത രീതിയിലും ശൈലിയിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമാണ് എന്ന പാഠമാണ് അവസാനമായി കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്നത്. “ഹൃദയസാന്നിധ്യമുണ്ടാവുകയോ മനസ്സിരുത്തി ചെവികൊടുത്ത് ശ്രവിക്കുകയോ ചെയ്യുന്നവന്ന് ഇതില്‍ ഉദ്‌ബോധനമുണ്ടെന്ന കാര്യം തീര്‍ച്ച.” ( ഖാഫ് :37). പ്രതിസന്ധിയിൽ നിന്ന് പാഠമുൾക്കൊണ്ട് ശോഭനമായ ഒരു ഭാവിക്ക് വേണ്ടിയുള്ള ഒരുക്കം നമുക്ക് തുടങ്ങാം.

(ഏപ്രിൽ 11ന് ഡൽഹിയിലെ ജമാഅത്ത് ആസ്ഥാനത്ത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡൻറ് സയ്യിദ് സആദത്തുല്ല ഹുസൈനി നടത്തിയ പ്രഭാഷണം )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles